2010 ജനുവരി 11, തിങ്കളാഴ്‌ച

ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളനം സമാപിച്ചു

ഇന്ത്യന്‍ യുവത്വത്തിന്റെ വിപ്ലവപ്രസ്ഥാനവും സമരങ്ങളുടെ മുന്നണി പോരാളിയുമായ ഡി വൈ എഫ് ഐ യുടെ സംസ്ഥാന സമ്മേളനം തിരുവനന്തപുരത്ത് ഉജ്വല യുവജനറാലിയോടെ സമാപിച്ചു.ശംഖുമുഖം കടപ്പുറത്ത് മറ്റൊരു ശുഭ്രസാഗരം തീര്‍ത്ത മഹാസമ്മേളനം സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉല്‍ഘാടനം ചെയ്തു.സി പി ഐ (എം ) മതവിശ്വാസത്തിന് എതിരല്ലെന്നും ജീവന്‍ നല്‍കിയും മതവിശ്വാസികളെ സംരക്ഷിച്ച പാര്‍ട്ടിയാണെന്നും പിണറായി തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ പറഞ്ഞു. പാര്‍ട്ടി എതിര്‍ക്കുന്നത് മതവിശ്വാസത്തെയല്ല ,മറിച്ച്‌ മതമൌലികതാവാദത്തെയും വര്‍ഗ്ഗീയതയേയുമാണെന്ന് പിണറായി ഓര്‍മ്മിപ്പിച്ചു.ന്യൂനപക്ഷ വര്‍ഗീയതയേയും ഭൂരിപക്ഷ വര്‍ഗീയതയേയും ഒരുപോലെ എതിര്‍ത്ത് തോല്‍പ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.കോണ്‍ഗ്രസ് പലപ്പോഴും ഭൂരിപക്ഷ വര്‍ഗീയതയെ തുണച്ചിട്ടുണ്ടെന്നും എന്‍ ഡി എഫിനെ സംരക്ഷിക്കുന്നത് മുസ്ലിംലീഗാണെന്നും പിണറായി പറഞ്ഞു.സക്കറിയാ സംഭവത്തെ പരാമര്‍ശിക്കവെ കമ്മ്യൂണിസ്റ്റ്‌ നേതാക്കളെ അപകീര്‍ത്തിപെടുത്തുന്ന വാക്കുകള്‍ പയ്യന്നൂരില്‍ ഒഴിവാക്കപ്പെടേണ്ടതായിരുന്നുവെന്ന് പിണറായി അഭിപ്രായപ്പെട്ടു.പട്ടിക ജാതി പട്ടിക വര്‍ഗ മറ്റു പിന്നോക്ക വിഭാഗങ്ങള്‍ക്കുള്ള സംവരണത്തിന് കുറവ് വരുത്താതെ, മുന്നോക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കുന്നതില്‍ ഡി എഫ് ഐക്ക് എതിര്‍പ്പില്ലെന്നും,കോളേജ് അദ്ധ്യാപകരുടെ പെന്‍ഷന്‍ പ്രായം വര്‍ദ്ധിപ്പിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.റേഷന്‍ വിഹിതം വെട്ടിക്കുറച്ചും മറ്റും കേരളത്തോട് കേന്ദ്രസര്‍ക്കാര്‍ കാണിക്കുന്ന അവഗണനയ്ക്കെതിരെ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ സമ്മേളനം തീരുമാനിച്ചു.സംഘടനയുടെ സംസ്ഥാന പ്രസിഡന്‍റായി എം ബി രാജേഷ് എംപിയും, സെക്രട്ടറിയായി ടി വി രാജേഷും വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.






2010 ജനുവരി 10, ഞായറാഴ്‌ച

സ്കൂള്‍ കലോല്‍സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കം

ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമെന്ന ഖ്യാതി സമ്പാദിച്ച കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് തിളക്കമാര്‍ന്ന തുടക്കമായി.നിരവധി നിശ്ചല ദൃശ്യങ്ങളും കലാരൂപങ്ങളും മിഴിവേകിയ, ആയിരങ്ങള്‍ അണിനിരന്ന സാംസ്കാരിക ഘോഷയാത്രയോടെയായിരുന്നു കലോത്സവത്തിന് നാന്ദി കുറിച്ചത്.വൈകുന്നേരം നാലുമണിക്ക് ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് നഗരവീഥികളില്‍ വര്‍ണ്ണപ്പോലിമ വാരിവിതറി,റോഡിന്‍റെ ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ പതിനായിരങ്ങളുടെ ആശീര്‍വാദങ്ങളേറ്റുവാങ്ങി ഘോഷയാത്ര പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ എത്തിയപ്പോള്‍ അവിടം കോഴിക്കോട്ടെ കലാസ്നേഹികള്‍ കയ്യടക്കി കഴിഞ്ഞിരുന്നു.പ്രശസ്ത കവി പി കെ ഗോപി രചിച്ച് പ്രേംകുമാര്‍ വടകര ചിട്ടപ്പെടുത്തിയ സ്വാഗത ഗാനത്തോടെയും അതിന്‍റെ ദൃശ്യാവിഷ്ക്കാരതോടെയുമായിരുന്നു ഉല്‍ഘാടനചടങ്ങുകള്‍ ആരംഭിച്ചത്.തുടര്‍ന്ന് ആകാശത്ത് പൊട്ടിവിടര്‍ന്ന വര്‍ണ്ണവിസ്മയത്തെ സാക്ഷി നിര്‍ത്തി വിദ്യാഭ്യാസ മന്ത്രി എം എ ബേബി കലോത്സവത്തിന്റെ അമ്പതാം വാര്‍ഷികത്തിന് തിരി തെളിയിച്ചു.വേദിയില്‍ സന്നിഹിതരായിരുന്ന മന്ത്രി ബിനോയ്‌ വിശ്വം,എം കെ രാഘവന്‍ എംപി, മേയര്‍ എം ഭാസ്കരന്‍,പ്രശസ്ത കലാകാരനും ചടങ്ങിലെ മുഖ്യാതിഥിയുമായിരുന്ന ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍,പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് എന്നിവരും ദീപം തെളിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രധാന വേദിയായ വേദി ഒന്നില്‍ മോഹിനിയാട്ടവും മറ്റു വേദികളില്‍ മൂകാഭിനയം,കേരളനടനം,ദേശഭക്തിഗാനം,ഓടക്കുഴല്‍,വീണ എന്നീ ഇനങ്ങളും അരങ്ങേറി.

2010 ജനുവരി 9, ശനിയാഴ്‌ച

സ്കൂള്‍ കലോത്സവം അരങ്ങുകളുണരാന്‍ മണിക്കൂറുകള്‍ മാത്രം

സുവര്‍ണ്ണജൂബിലിയുടെ നിറവില്‍ കേരള സ്കൂള്‍ കലോത്സവത്തിന് കോഴിക്കോട്ട് അരങ്ങുകളുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.കോഴിക്കോടന്‍ ഹലുവയുടെ മാധുര്യമൂറും മിഠായിത്തെരുവില്‍ നിന്നും ഒരു വിളിപ്പാടകലെ ചരിത്രമുറങ്ങുന്ന മാനാഞ്ചിറ മൈതാനിയിലെ പ്രധാന പന്തലില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് ദീപം കൊളുത്തുന്നതോടെ ഏഴു ദിവസങ്ങള്‍ നീളുന്ന കലാമാമാങ്കത്തിന് തുടക്കമാവും.തുടര്‍ന്നുള്ള ഏഴു രാപ്പകലുകള്‍ കോഴിക്കോട്ടുകാരുടെ കണ്ണും കാതും മനസ്സും കുളിര്‍പ്പിക്കാന്‍ കലാവിരുന്ന്.ജനുവരി 9 മുതല്‍ 15 വരെ നഗരത്തിലെ 16 വേദികളില്‍ 8400 മത്സരാര്‍ത്ഥികള്‍ തങ്ങളുടെ കലാപരമായ കഴിവുകള്‍ മാറ്റുരയ്ക്കും.ഒമ്പതിന് രാവിലെ 9.30 ന് പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് പതാക ഉയര്‍ത്തും.തുടര്‍ന്ന് കലോത്സവത്തിന്റെ സുവര്‍ണജൂബിലി വര്‍ഷത്തെ അനുസ്മരിച്ചു കൊണ്ട് 49 പ്രശസ്ത വ്യക്തികള്‍ കൂടി പതാകകള്‍ ഉയര്‍ത്തുന്നതാണ്.10 മണിക്ക് ബി ഇ എം ഗേള്‍സ് സ്കൂളില്‍ രജിസ്ട്റേഷന്‍ ആരംഭിക്കും.ഉച്ചയ്ക്ക് 2.30 ന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഗ്രൗണ്ടില്‍ നിന്നും നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്ര പുറപ്പെടും.നിശ്ചല ദൃശ്യങ്ങള്‍,കലാപ്രകടനങ്ങള്‍, പെണ്‍കുട്ടികളുടെ കളരിപ്പയറ്റ് തുടങ്ങിയവ അകമ്പടി സേവിക്കുന്ന, ആയിരങ്ങള്‍ അണിനിരക്കുന്ന ഘോഷയാത്ര മാവൂര്‍ റോഡു വഴി പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്സിനു മുന്നിലൂടെ പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയില്‍ പ്രവേശിക്കും.തുടര്‍ന്ന് 5 മണിക്ക് പ്രൌഢഗംഭീരമായ ഉല്‍ഘാടന ചടങ്ങുകള്‍.ജില്ലയിലെ അമ്പതു സംഗീതാധ്യാപകര്‍ ചേര്‍ന്ന് ആലപിക്കുന്ന സ്വാഗത ഗാനത്തിന് ശേഷം വിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോല്‍സവത്തിന് തിരികൊളുത്തും.മന്ത്രി ബിനോയ്‌ വിശ്വം,മേയര്‍ എം ഭാസ്കരന്‍,എം കെ രാഘവന്‍ എം പി ,എം എല്‍ എ മാര്‍ തുടങ്ങിയവര്‍ സംസാരിക്കും.പ്രശസ്ത കലാകാരന്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍ മുഖ്യാതിഥിയായ ചടങ്ങില്‍ പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ്‌ വര്‍ഗീസ്‌ സ്വാഗതവും ഹയര്‍ സെക്കണ്ടറി ഡയരക്ടര്‍ സി പി ചിത്ര നന്ദിയും പറയും.ഉത്ഘാടനത്തിനു ശേഷം 6 മണിക്ക് മത്സരങ്ങള്‍ക്ക് തുടക്കമാവും.പ്രധാന വേദിയായ മാനാഞ്ചിറ മൈതാനിയിലെ വേദി 1 ല്‍ ഹൈസക്കൂള്‍ വിഭാഗം മോഹിനിയാട്ടം അരങ്ങേറും.ക്രിസ്ത്യന്‍ കോളേജ് ഗ്രൌണ്ടിലെ വേദി 2 ല്‍ കേരള നടനം വേദി 3 ല്‍ ദേശഭക്തിഗാനം എന്നിവയാണ് നടക്കുക.ടൌണ്‍ ഹാളില്‍ (വേദി 4 )മൂകാഭിനയം,സെന്‍റ് ജോസഫ് എച്ച് എസ് എസ് (വേദി 6 ) ഓടക്കുഴല്‍,ആംഗ്ലോ ഇന്ത്യന്‍ എച്ച് എസ് എസ് (വേദി 7 )വീണ എന്നിവയാണ് ഇന്ന് നടക്കുന്ന മറ്റു മത്സരങ്ങള്‍.

2010 ജനുവരി 7, വ്യാഴാഴ്‌ച

ശാസ്ത്രകോണ്ഗ്രസ്സിന് സമാപനമായി അടുത്ത കോണ്‍ഗ്രസ് ചെന്നൈയില്‍

തിരുവനന്തപുരത്ത് കഴിഞ്ഞ അഞ്ച് ദിവസമായി നടന്നുവരുന്ന ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിനു വിജയകരമായ പരിസമാപ്തി.ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 7000 പ്രതിനിധികളും നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരും പങ്കെടുത്ത ശാസ്ത്ര കോണ്‍ഗ്രസ്സില്‍ 'ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ശാസ്ത്ര സാങ്കേതിക രംഗം നേരിടുന്ന വെല്ലുവിളികള്‍ ദേശീയ കാഴ്ചപ്പാടില്‍ 'എന്ന മുഖ്യ വിഷയത്തെ ആധാരമാക്കി ആഴത്തിലുള്ള വിശകലനങ്ങള്‍ നടന്നു.കൂടാതെ വിവിധ ശാസ്ത്ര വിഷയങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്ലീനറി സെഷനുകളും 14 വേദികളില്‍ ഒരേ സമയം സംഘടിപ്പിക്കുകയ്ണ്ടായി.കോണ്‍ഗ്രസ്സിന്റെ ഭാഗമായി പൊതു പ്രഭാഷണങ്ങള്‍ , 3500 കുട്ടികള്‍ പങ്കെടുത്ത കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്,ശാസ്ത്ര തത്വങ്ങള്‍ അനാവരണം ചെയ്യുന്ന ശാസ്ത്ര പ്രദര്‍ശനം,കേരളീയ സമൂഹത്തെ പരിചയപ്പെടുത്തുന്ന 'കേരളഗ്രാമം' എന്നിവ അത്യന്തം ആകര്‍ഷകങ്ങളായി.കാര്യവട്ടത്തെ പ്രധാന പന്തലില്‍ നടന്ന സമാപന സമ്മേളനത്തില്‍ കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ.ജയകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.തൊണ്ണൂറ്റി ഏഴാം ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ പ്രസിഡന്‍റ് ഡോ. ജി.മാധവന്‍ നായര്‍ അവാര്‍ഡുകള്‍ വിതരണം ചെയ്തു.ഇന്ത്യന്‍ ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ പുതിയ പ്രസിഡന്‍റ് ഡോ.കെ.സി.പാണ്ഡെ പ്രസംഗിച്ചു.ശാസ്ത്ര കോണ്‍ഗ്രസ്സിന്റെ ജനറല്‍ സെക്രടറി അശോക്‌ കെ സക്സേന നന്ദി പറഞ്ഞു.അടുത്ത ശാസ്ത്ര കോണ്‍ഗ്രസ് 2011 ജനവരി 3 മുതല്‍ ചെന്നൈയിലെ എസ് ആര്‍ എം സര്‍വകലാശാലയില്‍ നടത്താന്‍ തീരുമാനമായി.

2010 ജനുവരി 6, ബുധനാഴ്‌ച

ബുര്‍ജ് ഖലീഫ ആകാശം മുട്ടിയുരുമ്മി അത്ഭുത കാഴ്ചയായി

ലോകത്തിലെ ഏറ്റവും ഉരം കൂടിയ കെട്ടിടമെന്ന ഖ്യാതി നേടിയെടുത്ത് ബുര്‍ജ് ഖലീഫ കഴിഞ്ഞ ദിവസം തുറക്കപ്പെട്ടു.ദുബായിലെ ഈ ആകാശ വിസ്മയത്തിനു 828 മീറ്റര്‍ ഉയരമുണ്ട്.ദുബായ് ഭരണാധികാരിയായ ഷെയ്ഖ്‌ മുഹമ്മദ്‌ ബിന്‍ റാഷിദ് അല്‍ മഖ്ദൂം ആണ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്‌. നേരത്തെ ബുര്‍ജ് ദുബായ് എന്നറിയപ്പെട്ടിരുന്ന ഈ ടവര്‍ ബുര്‍ജ് ഖലീഫ എന്ന് പുനര്‍നാമകരണം ചെയ്യപ്പെടുകയായിരുന്നു.2004 ല്‍ നിര്‍മ്മാണം ആരംഭിച്ച ബുര്‍ജിന്റെ പണി പൂര്‍ത്തിയായത് ഈ കഴിഞ്ഞ ഒക്ടോബറിലാണ്.100 കോടി ഡോളര്‍(5000 കോടി രൂപ ) ചെലവു ചെയ്തു നിര്‍മ്മിച്ച കെട്ടിടത്തിനു 56.7 ലക്ഷം ചതുരശ്രയടി വിസ്തീര്‍ണമുണ്ട്.തെക്കന്‍ കൊറിയയിലെ സാംസംങ്ങ് കോര്‍പറേഷന്‍ ആയിരുന്നു പ്രധാന കരാറുകാര്‍.അവരുടെ കീഴില്‍ 60 കരാറുകാരുടെ നേതൃത്വത്തില്‍ നൂറോളം രാജ്യങ്ങളില്‍ നിന്നുള്ള 12000 ത്തിലേറെ തൊഴിലാളികളാണ് കെട്ടിടത്തിന്റെ നിര്‍മ്മാണ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരുന്നത്.വ്യാപാര സമുച്ചയവും,ആഡംബര താമസ കേന്ദ്രങ്ങളും,ഓഫീസുകളും നീരീക്ഷണ കേന്ദ്രവും, നീന്തല്‍ കുളവും മറ്റും ഈ വിസ്മയ കാഴ്ചയുടെ ഭാഗം മാത്രം.

2010 ജനുവരി 5, ചൊവ്വാഴ്ച

കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസ് തുടങ്ങി

തിരുവനന്തപുരത്ത് നടക്കുന്ന തൊണ്ണൂറ്റിയേഴാം ശാസ്ത്രകോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള കുട്ടികളുടെ ശാസ്ത്രകോണ്‍ഗ്രസ്സിന് നിറപ്പകിട്ടാര്‍ന്ന തുടക്കം.ജമ്മു കാശ്മീര്‍ മുതല്‍ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 3500 ഓളം കുട്ടികള്‍ തിങ്ങി നിറഞ്ഞ പ്രധാന വേദിയില്‍ മുന്‍ രാഷ്ട്രപതിയും ലോകപ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ.എ പി ജെ അബ്ദുല്‍കലാം കോണ്ഗ്രസ് ഉല്‍ഘാടനം ചെയ്തു.തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ ശാസ്ത്രം രാഷ്ട്രത്തെ എങ്ങിനെ ശക്തിപ്പെടുത്തിയെന്നു കുട്ടികളെ ഓര്‍മ്മിപ്പിച്ചു.വിക്രം സാരാഭായി തുടങ്ങിയ പ്രശസ്ത ശാസ്ത്രജ്ഞരുമൊത്ത് പ്രവര്‍ത്തിച്ചത് തന്റെ ജീവിതത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കിയെന്നും അദ്ദേഹം എടുത്തു പറഞ്ഞു.തനിക്കെന്നും പ്രചോദനമായത് തന്റെ അമ്മയാണെന്നും ഡോ .കലാം കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കവേ പറഞ്ഞു.ഡോ.ജി മാധവന്‍ നായര്‍ തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ ശാസ്ത്രത്തോടുള്ള ആഭിമുഖ്യം കുട്ടിക്കാലത്ത് തന്നെ ആരംഭിക്കണമെന്ന് ഓര്‍മ്മിപ്പിച്ചു.വി എസ് എസ് സി ഡയരക്ടര്‍ പി എസ് വീരരാഘവന്‍,കേരള സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ പ്രൊ.എ ജയകൃഷ്ണന്‍ എന്നിവരും പ്രസംഗിച്ചു.

2010 ജനുവരി 4, തിങ്കളാഴ്‌ച

ശാസ്ത്രകോണ്‍ഗ്രസ് തിരുവനന്തപുരത്ത് തുടങ്ങി

ഇന്ത്യന്‍ ശാസ്ത്രകോണ്‍ഗ്രസ്സിന്റെ തൊണ്ണൂറ്റിയേഴാം സമ്മേളനം പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങ് തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്തു.ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ സ്വയം ഭരണാവകാശം നല്‍കണമെന്നും,രാഷ്ട്രീയ ഇടപെടലുകളും ചുവപ്പ് നാടയും കഴിഞ്ഞ കാലങ്ങളില്‍ ശാസ്ത്ര പുരോഗതിക്കു തസ്സമായെന്നും പ്രധാനമന്ത്രി ഉല്‍ഘാടന പ്രസംഗത്തില്‍ പറഞ്ഞു.രാജ്യത്തിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക് മേലില്‍ സൌരോര്‍ജ്ജം,ആണവോര്‍ജ്ജം എന്നിവയെ കൂടുതല്‍ ആശ്രയിക്കണമെന്നും, വിദേശത്ത് താമസമാക്കിയ ഇന്ത്യന്‍ ശാസ്ത്രജ്ഞരെ നാട്ടിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കേരള സര്‍വ്വകലാശാലയും ഐ എസ് ആറോയും സംയുക്തമായി സംഘാടനം നിര്‍വ്വഹിക്കുന്ന ശാസ്ത്ര കോണ്‍ഗ്രസ് സര്‍വ്വകലാശാലയുടെ കാര്യവട്ടം കാമ്പസ്സില്‍ ജനവരി 3 മുതല്‍ 7 വരെയാണ് സംഘടിപ്പിച്ചിരിക്കുന്നത്.നോബല്‍ സമ്മാന ജേതാക്കള്‍ ഉള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള ശാത്രജ്ഞര്‍,7000 ത്തില്‍ അധികം പ്രതിനിധികള്‍ തുടങ്ങിയവര്‍ കോണ്‍ഗ്രസ്സിന്റെ വിവിധ സെഷനുകളിലും സെമിനാറുകളിലും പങ്കെടുക്കുന്നു.3000 കുട്ടികള്‍ ഒത്തുചേരുന്ന കുട്ടികളുടെ ശാസ്ത്ര കോണ്‍ഗ്രസ്സും സംഘടിപ്പിച്ചിട്ടുണ്ട്.ഉല്‍ഘാടന ചടങ്ങില്‍ ഗവര്‍ണര്‍ ആര്‍ എസ് ഗവായ്,മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍,കേന്ദ്ര-സംസ്ഥാന മന്ത്രിമാര്‍,പ്രമുഖ ശാസ്ത്രജ്ഞര്‍ മുതലാവയര്‍ സന്നിഹിതരായിരുന്നു.ഉല്‍ഘാടന ചടങ്ങിനു ശേഷം പ്രഭാഷണങ്ങളും ചര്‍ച്ചകളും നടന്നു.