2012 മാർച്ച് 6, ചൊവ്വാഴ്ച

കോഴിക്കോട് വിളിക്കുന്നു,ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക്



അധിനിവേശത്തിന്റെ ഇരുളടഞ്ഞ നാളുകളിലേക്ക് ഇന്ത്യയെ തള്ളിവിട്ട്,പറങ്കി കപ്പിത്താന്‍ വാസ്കോ ഡി ഗാമ കപ്പലിറങ്ങിയ മണ്ണില്‍, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയൊരുക്കാന്‍,നഗരവീഥികളെ ചെമ്പട്ടണിയിച്ചുകൊണ്ട് മറ്റൊരു ചരിത്രദൌത്യം ഏറ്റെടുത്തിരിക്കുന്നു.കോഴിക്കോടിന്റെ,മലബാറിന്റെ,മലയാളനാട്ടിന്റെ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്ര സംഭവങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഒപ്പിയെടുത്ത്‌ നിറക്കാഴ്ചകളായി പുനരാവിഷ്ക്കരിച്ച ചരിത്രപ്രദര്‍ശനം,മാനാഞ്ചിറയില്‍ നിന്നും വിളിപ്പാടകലെ തുടക്കമിട്ടിരിക്കുന്നു.വരും നാളുകളില്‍ കാഴ്ചക്കാര്‍ക്ക് നൊമ്പരങ്ങളുടെയും പ്രതീക്ഷകളുടെയും അസുലഭനിമിഷങ്ങള്‍ സാമ്മാനിക്കാന്‍ അവസരമൊരുക്കി പ്രദര്‍ശനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.'സോഷ്യലിസമാണ് ഭാവി' എന്ന് പേരിട്ടിരിക്കുന്ന, ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനചടങ്ങുകള്‍ വീക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. പ്രദര്‍ശനകമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ച ഉല്‍ഘാടനസമ്മേളനത്തില്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രസംഗിച്ചു.

2012 ഫെബ്രുവരി 10, വെള്ളിയാഴ്‌ച

അനന്തപുരിയെ ചെങ്കടലാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു



തൊഴിലാളി വര്‍ഗ്ഗം ചുടുചോര നല്‍കി ചുവപ്പിച്ച ചെങ്കൊടികള്‍ തോളിലേന്തി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍-അവര്‍ക്ക് മുന്നിലായി ബാന്‍ഡ് മേളത്തിന്റെ താളത്തില്‍ ചുവടു വെച്ച് പട്ടാളച്ചിട്ടയില്‍ നടന്നുനീങ്ങിയ ചുവപ്പ് സേന-അനന്തപുരിയെ ചെങ്കടലാക്കി,വലതുപക്ഷ മാധ്യമങ്ങളുടെ മനക്കോട്ടകള്‍ തകര്‍ത്തു തരിപ്പണമാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു.നേരത്തെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും കള്ളവാര്‍ത്തകളും മറികടന്നു നാലാം തവണയും പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായും,84 അംഗ സംസ്ഥാനസമിതിയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.ഒരുലക്ഷം വനിതാസഖാക്കള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യമഹാസമുദ്രം പോലെ പൊതുസമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ ഒഴുകിയെത്തുകയായിരുന്നു.തുടര്‍ന്ന് 25000 റെഡ് വളണ്ടിയര്‍മാരില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അദ്ധ്യക്ഷനായി.പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,വൃന്ദാ കാരാട്ട്,കോടിയേരി ബാലകൃഷ്ണന്‍,കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.പൊതുസമ്മേളനത്തിനു ശേഷം കലാഭവന്‍ മണിയുടെയും സംഘത്തിന്റെയും മെഗാഷോ 'മണികിലുക്കം' അരങ്ങേറി.

2012 ഫെബ്രുവരി 8, ബുധനാഴ്‌ച

ത്യാഗരാജോല്‍സവത്തിന് കോഴിക്കോട്ട് തുടക്കമായി





കോഴിക്കോട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ത്യാഗരാജാരാധനോല്സവത്തിനു തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറില്‍ തുടക്കമായി.ഫിബ്രവരി 8 മുതല്‍ 12 വരെ അഞ്ച് നാളുകള്‍ നീണ്ടു നില്‍ക്കുന്ന സംഗീതോത്സവം സീനിയര്‍ വീണ വിദ്വാന്‍ എ അനന്തപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എം ഡി ചന്ദ്രശേഖരന്‍,കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് കെ എന്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ വിക്രമന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.മാനേജിംഗ് ട്രസ്റ്റി എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞ ഉത്ഘാടന സമ്മേളനത്തില്‍ കുമാരി ദീപ്തി ദാസ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം ത്യാഗരാജ ദിവ്യനാമ കൃതികളുടെ ആലാപനം,ഭക്തഗായകരുടെ സംഗീതാര്‍ച്ചന,കേരളത്തിനകത്തും പുറത്തുമുള്ള സംഗീതജ്ഞരുടെ കച്ചേരികള്‍ മുതലായവ അരങ്ങേറി.സംഗീതോത്സവം ഞായറാഴ്ച സമാപിക്കും.

2012 ഫെബ്രുവരി 6, തിങ്കളാഴ്‌ച

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു



ഏപ്രിലില്‍ കോഴിക്കോട്ട് നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ മുന്നോടിയായി സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് കൊടിയുയര്‍ന്നു.കേന്ദ്രകമ്മറ്റിയംഗങ്ങളായ ഇ പി ജയാരാജന്റെയും,എം എ ബേബിയുടെയും നേതൃത്വത്തില്‍ കയ്യൂര്‍,വയലാര്‍ സമരഭൂമികളില്‍ നിന്ന് പുറപ്പെട്ട പതാക-കൊടിമര ജാഥകള്‍ ഇന്ന് ജില്ലയില്‍ പ്രവേശിച്ചു.ചുവപ്പ് സേനയുടെയും ബഹുജനങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ വരവേല്‍പ്പാണ് ഇരു ജാഥകള്‍ക്കും ലഭിച്ചത്.ഇന്ന് വൈകീട്ട് പൊതുസമ്മേളനവേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റേറഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ പതാക ഉയര്‍ത്തി.പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ചുവപ്പ് സേന അഭിവാദ്യം അര്‍പ്പിച്ചു.നാളെ രാവിലെ പ്രതിനിധി സമ്മേളന വേദിയായ എകെജി ഹാളിലെ സ.ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നഗറില്‍ ദീപശിഖ തെളിയുന്നതോടെ സമ്മേളനനടപടികള്‍ക്ക് തുടക്കമാവും.കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,കെ വരദരാജന്‍,വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാനത്തെ 370000 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ചു സംസ്ഥാനസമിതി അംഗങ്ങള്‍ ഉള്‍പ്പടെ 565 പേര്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.കോട്ടയം സമ്മേളനത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.ചരിത്രമുറങ്ങുന്ന അനന്തപുരി സമ്മേളനത്തെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.

2011 ഡിസംബർ 8, വ്യാഴാഴ്‌ച

മുല്ലപ്പെരിയാറില്‍ മനുഷ്യമതില്‍ മനുഷ്യക്കോട്ടയായി..!





പെരിയാറിന്റെ തീരത്ത് പേടിയോടെ നാളുകള്‍ എണ്ണിക്കഴിയുന്ന ജനലക്ഷങ്ങളുടെ പോരാട്ടങ്ങള്‍ക്ക് കരുത്ത് പകര്‍ന്നു കൊണ്ട് ഇന്ന് എല്‍ഡിഎഫിന്റെ ആഭിമുഖ്യത്തില്‍ വണ്ടിപെരിയാര്‍ മുതല്‍ മറൈന്‍ഡ്രൈവ് വരെ തീര്‍ത്ത മനുഷ്യമതില്‍ വന്‍പിച്ച ജനപങ്കാളിത്തം കൊണ്ട് മനുഷ്യക്കോട്ടയായി മാറി.'തമിഴ് നാടിനു വെള്ളം,കേരളത്തിന്‌ സുരക്ഷ' എന്ന് ഒറ്റ സ്വരത്തില്‍ പ്രഖ്യാപിച്ചു കൊണ്ട് എല്‍ഡിഎഫിന്റെ സമുന്നത നേതാക്കള്‍,മത-സാംസ്ക്കാരിക നായകന്മാര്‍,ചലച്ചിത്ര പ്രവര്‍ത്തകര്‍ തുടങ്ങി ജീവിതത്തിന്റെ നാനാതുറകളില്‍ പെട്ട ലക്ഷങ്ങളുടെ സജീവ പങ്കാളിത്തം കൊണ്ട് ചരിത്രസംഭവമായി മാറി.തെക്ക് വള്ളക്കടവ് മുതല്‍ വടക്ക് എറണാകുളം ടൌണ്‍ വരെ 208 കിലോമീറ്റര്‍ ദൂരത്തില്‍ അണിനിരന്ന ജനലക്ഷങ്ങള്‍ കേരള മനസ്സാക്ഷിയുടെ കാവല്‍ ഭടന്‍മാരായി മാറുകയായിരുന്നു.മുല്ലപ്പെരിയാര്‍ വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മെല്ലെപ്പോക്ക് നയത്തിനും,തമിഴ് നാട് സര്‍ക്കാരിന്റെ നിസ്സഹകരണ മനോഭാവത്തിനും എതിരായുള്ള പ്രതിഷേധവും താക്കീതുമായി മനുഷ്യമതില്‍ മാറുകയായിരുന്നു.

2011 നവംബർ 16, ബുധനാഴ്‌ച

സി പി ഐ എം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ് സ്വാഗതസംഘം രൂപീകരിച്ചു





ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തെ മാറോട് ചേര്‍ത്തുവെച്ച കോഴിക്കോട് നഗരം മറ്റൊരു ചരിത്രസംഭവത്തിന് സാക്ഷ്യം വഹിക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങി.സഖാക്കള്‍ കൃഷ്ണപിള്ളയും ഇ എം എസും എ കെ ജിയും വളര്‍ത്തിയെടുത്ത കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ സ്വാഗതസംഘം രൂപീകരണയോഗം ഇന്നലെ നടന്നു.ടാഗോര്‍ ഹാളിലും പുറത്തും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് പാര്‍ടിപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് ആദ്യമായി നടക്കുന്ന സി പി ഐ എം പാര്‍ടികോണ്‍ഗ്രസ് വിജയപ്പിക്കുന്നതിനു 5001 അംഗ സ്വാഗതസംഘം രൂപീകരിച്ചു.പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ചെയര്‍മാനും, പാര്‍ട്ടി ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ ജനറല്‍ സെക്രട്ടറിയുമായ സ്വാഗതസംഘത്തിന്റെ ഖജാന്‍ജി എളമരം കരീമാണ്.പി ബി മെമ്പര്‍ കോടിയേരി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ച സ്വാഗതസംഘം രൂപീകരണയോഗം പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി സതീദേവി നന്ദിയും പറഞ്ഞു.എളമരം കരീം പരിപാടികളുടെ രൂപരേഖ അവതരിപ്പിച്ചു.2012 ഏപ്രില്‍ 4 മുതല്‍ 9 വരെ നടക്കുന്ന പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ ഭാഗമായി വൈവിധ്യമാര്‍ന്ന അനുബന്ധ പരിപാടികളും നടത്തപ്പെടും.സെമിനാറുകള്‍,പ്രദര്‍ശനങ്ങള്‍,കുടുംബസംഗമങ്ങള്‍,കലാ-കായിക മത്സരങ്ങള്‍ എന്നിവയും ഉണ്ടാവും.സമാപന ദിവസമായ ഏപ്രില്‍ 9 നു കാല്‍ലക്ഷം ചുവപ്പ് വളണ്ടിയര്‍മാരുടെ പരേഡും,ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത് ലക്ഷങ്ങള്‍ പങ്കെടുക്കുന്ന ബഹുജനറാലിയും ആസൂത്രണം ചെയ്തിട്ടുണ്ട്.ജില്ലയിയിലെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒന്നടങ്കം പാര്‍ട്ടികോണ്‍ഗ്രസ് ചരിത്രസംഭാവമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഇതിനകം തുടങ്ങിക്കഴിഞ്ഞു.

2011 ജൂലൈ 3, ഞായറാഴ്‌ച

പാര്‍ടി കോണ്‍ഗ്രസ്സിനു കോഴിക്കോട് വേദിയാകും

സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്ട് വെച്ച് നടത്താന്‍ സംസ്ഥാനസമിതി യോഗം തീരുമാനിച്ചു.വിപ്ലവാചാര്യന്‍ ഇ എം എസ്സിന്റെയും പാവങ്ങളുടെ പടത്തലവന്‍ എ കെ ജി യുടെയും തട്ടകമായിരുന്ന കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയാകുന്നത്‌ ഇത് ആദ്യമായാണ്‌.സംസ്ഥാന സമ്മേളനം ഫിബ്രവരി ആദ്യവാരത്തില്‍ തിരുവനന്തപുരത്ത് നടത്താനും തീരുമാനമായി.പാര്‍ടി ബ്രാഞ്ച് സമ്മേളനങ്ങള്‍ സപ്തംബറിലും,ലോക്കല്‍ സമ്മേളനങ്ങള്‍ ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 15 വരെയും,ഏരിയാ സമ്മേളനങ്ങള്‍ നവംബര്‍ 15 നും ഡിസംബര്‍ 15 നും ഇടയിലും,ജില്ലാ സമ്മേളനങ്ങള്‍ ഡിസംബര്‍ 15 നും ജനുവരി 15 നും മധ്യേയും നടത്തപ്പെടുന്നതാണ്.