2014 ഫെബ്രുവരി 20, വ്യാഴാഴ്‌ച

ത്യാഗരാജോൽസവം സമാപിച്ചു



ഫിബ്രവരി 15 മുതൽ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ നടന്നുവന്ന മുപ്പത്തിനാലാമത് ത്യാഗരാജോൽസവം ഭക്തി നിർഭരമായ പരിപാടികളോടെ ഇന്നലെ സമാപിച്ചു.ത്യാഗരാജാരാധനാ ട്രസ്റ്റ് മാതൃഭൂമിയുമായി സഹകരിച്ചാണ് അഞ്ച് നാൾ നീണ്ടുനിന്ന സംഗീതോത്സവം സംഘടിപ്പിച്ചിരുന്നത്.സമാപന ദിവസമായ ഇന്നലെ രാവിലെ 6.30 ന് നഗര വീഥികളിലൂടെയുള്ള ഊഞ്ചാവൃതിയ്ക്ക് ശേഷം സ്വാതി ദാസും സംഘവും നാദസ്വരമേളം  അവതരിപ്പിച്ചു.തുടർന്ന് പ്രശസ്ത സംഗീതജ്ഞരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള തുടങ്ങിയവർ നയിച്ച  ത്യാഗരാജ സ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനമായിരുന്നു.അതിനു ശേഷം സംഗീതാരാധാകർ ഗാനാർച്ചനകൾ നടത്തി.തുടർന്ന് കുമാരി മഞ്ജിമ ഉണ്ണികൃഷ്ണൻ വായ്പ്പാട്ടും കുമാരി ആരതി വി ജി വയലിനും (സോളോ)അവതരിപ്പിച്ചു. പിന്നീട് വിവേക് ആറ്റുവാശ്ശേരി,എം വി സുരേഷ് ബാബു,കലക്കത്ത കെ വിജയരാഘവൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ കച്ചേരികൾ നടന്നു.തുടർന്ന് രാത്രി 9.30 ന് ആഞ്ജനേയോത്സവ ത്തിന് ശേഷം മംഗളം പാടി പിരിഞ്ഞു.

2014 ഫെബ്രുവരി 16, ഞായറാഴ്‌ച

ത്യാഗരാജോത്സവത്തിന് കോഴിക്കോട്ട്‌ തുടക്കമായി


കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ്‌ 'മാതൃഭൂമി'യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന മുപ്പത്തിനാലാമത് ത്യാഗരാജാരാധനോൽസവത്തിന് തളി  പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറിൽ ഇന്നലെ തുടക്കമായി.ഫിബ്രവരി 15 മുതൽ 19 വരെയാണ്,500 ൽ പരം സംഗീത പ്രതിഭകളുടെ ആരാധനാലാപനങ്ങൾ കൂടാതെ കേരളത്തിനകത്തും പുറത്തുമുള്ള ഇരുപത്തഞ്ചോളം പ്രശസ്ത സംഗീതജ്ഞരുടെ കച്ചേരികളുമായി കോഴിക്കോട്ടെ സംഗീതാസ്വാദകർക്ക് ഈ സംഗീതവിരുന്ന് ഒരുക്കിയിരിക്കുന്നത്. സുപ്രസിദ്ധ സംഗീതജ്ഞൻ തിരുച്ചിറപ്പള്ളി എസ് ഗണേശൻ സംഗീതോത്സവം ഉദ്ഘാടനം ചെയ്തു.വൃന്ദാ ഹരിഹരന്റെ പ്രാർത്ഥനയ്ക്ക് ശേഷം നടന്ന ഉദ്ഘാടന ചടങ്ങിൽ കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടിവ് എം എൻ രാജീവ്,അഡ്വ.പി മോഹൻദാസ് എന്നിവർ ആശംസാപ്രസംഗങ്ങൾ നടത്തി.മാനേജിംഗ് ട്രസ്റ്റി  ഡോ.എ രാമനാഥൻ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉദ്ഘാടന ചടങ്ങിനു ശേഷം സംഗീതപ്രതിഭകളുടെ ത്യാഗരാജാ രാധനയും, പ്രശസ്ത സംഗീതവിദ്വാന്മാരുടെ കച്ചേരികളും അരങ്ങേറി.   

2014 ഫെബ്രുവരി 1, ശനിയാഴ്‌ച

കേരളരക്ഷാമാർച്ചിന് വയലാറിൽ ഉജ്വലമായ തുടക്കം



സമരപാരമ്പര്യത്തിന്റെ ഇതിഹാസഭൂമിയായ വയലാറിന്റെ മണ്ണിൽ മറ്റൊരു ചരിത്രസംഭവത്തിന്റെ ഏടുകൾ തങ്കലിപികളാൽ എഴുതിചേർത്ത്,കേരളത്തിന്റെ വിപ്ലവനായകൻ പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാ മാർച്ചിന് ഇന്ന് വൈകീട്ട് തുടക്കമായി.പതിനായിരക്കണക്കിന് പാർട്ടി പ്രവർത്തകരുടെ ആവേശോജ്വലമായ മുദ്രാവാക്യങ്ങൾ കൊണ്ട് മുഖരിതമായ അന്തരീക്ഷത്തിൽ പുന്നപ്രവയലാർ സമരസഖാക്കളുടെ ദീപ്തസ്മരണകളുറങ്ങുന്ന രണഭൂമിയിലെ മണ്‍തരികളെ കോരിത്തരിപ്പിച്ച് കൊണ്ട് പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള പിണറായിക്ക് ചെങ്കൊടി കൈമാറി.ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ അധ്യക്ഷത വഹിച്ചു.രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയാണ് നേതാക്കൾ വേദിയിലെത്തിയത്.
വർഗീയതയ്ക്ക് ബദലാകുവാൻ കോണ്‍ഗ്രസ്സിനല്ല  ഇടതു ബദലിനു മാത്രമേ കഴിയൂ എന്ന് എസ് ആർ പി ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.സോളാർ,പാമോയിൽ കേസുകളിൽ മുങ്ങിക്കിടക്കുന്ന ഉമ്മൻ ചാണ്ടി ഇപ്പോഴും കുരുക്കിൽ തന്നെയാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ വി എസ് ഓർ മ്മിപ്പിച്ചു.മാർച്ചിന് എല്ലാ വിജയങ്ങളും നേരുന്നതായി വി എസ് പറഞ്ഞു.ജാഥ യിലെ മറ്റു അംഗങ്ങൾക്ക് പുറമേ പി ബി മെമ്പർമാർ,കേന്ദ്രക്കമ്മറ്റിയംഗങ്ങൾ,സംസ്ഥാന നേതാക്കൾ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു. പാർട്ടി ആലപ്പുഴ ജില്ലാ സെക്രട്ടറി ചന്ദ്രബാബു സ്വാഗതമാശംസിച്ചു. 

2014 ജനുവരി 31, വെള്ളിയാഴ്‌ച

കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും


'മതനിരപേക്ഷ ഇന്ത്യ,വികസിത കേരളം' എന്ന മുദ്രാവാക്യമുയർത്തി സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ നയിക്കുന്ന കേരളരക്ഷാമാർച്ച് നാളെ പ്രയാണം ആരംഭിക്കും.നാളെ വൈകീട്ട് 3 മണിയ്ക്ക് വിപ്ലവകേരളത്തിന്റെ ഇതിഹാസ ഭൂമിയായ വയലാറിന്റെ മണ്ണിൽ പാർട്ടി പി ബി മെമ്പർ എസ് രാമചന്ദ്രൻ പിള്ള മാർച്ച് ഫ്ലാഗ് ഓഫ് ചെയ്യും.മാർച്ചിൽ പിണറായിക്ക് പുറമേ കേന്ദ്രകമ്മറ്റി അംഗങ്ങളായ എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി, സംസ്ഥാന സെക്രട്ടറിയെറ്റ് അംഗങ്ങളായ എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നീ നേതാക്കളും അണിനിരക്കും.ജാഥ 14 ജില്ലകളിലെ 124 കേന്ദ്രങ്ങളിലെയും  സ്വീകരണങ്ങൾ ഏറ്റു വാങ്ങി ഫിബ്രവരി 26 ന് ബുധനാഴ്ച വൈകുന്നേരം 5.30 ന് കോഴിക്കോട്ട് സമാപിക്കും.കേരള രാഷ്ട്രീയത്തിൽ വഴിത്തിരിവാകാൻ പോകുന്ന മാർച്ച് വൻവിജയമാക്കുന്നതിനുള്ള ചിട്ടയായ പ്രവർത്തനങ്ങൾ സംസ്ഥാനത്ത് നടന്നുവരുന്നു.മാർച്ചിന്റെ വിശദവിവരങ്ങളും സ്വീകരണകേന്ദ്രങ്ങളിൽ നിന്നുള്ള തത്സമയദൃശ്യങ്ങളും ഉൾക്കൊള്ളുന്ന വെബ്സൈറ്റിന്റെ ഉദ്ഘാടനം പാർട്ടി പി ബി മെമ്പറും പ്രതിപക്ഷ ഉപനാതാവും കൂടിയായ കോടിയേരി ബാലകൃഷ്ണൻ നിർവ്വഹിച്ചു.ഫേസ്ബുക്കിലും കേരളരക്ഷാ മാർച്ചിന്റെ പേജ് ലഭ്യമാണ്.വെബ് വിലാസങ്ങൾ താഴെ കൊടുക്കുന്നു...
www.keralarakshamarchlive.in
Facebook/Keralarakshamarch 

2014 ജനുവരി 25, ശനിയാഴ്‌ച

സ്കൂൾ കലോത്സവം കൊടിയിറങ്ങി;പാലക്കാട്ടും കോഴിക്കോടിന്റെ ജൈത്രയാത്ര..!






ഏഴ് ദിനരാത്രങ്ങളിലായി വള്ളുവനാടിന്റെ ഹൃദയതന്ത്രികളെ ത്രസിപ്പിച്ച കൗമാരപ്രതിഭകളുടെ കലാമാമാങ്കം-സംസ്ഥാന സ്കൂൾ കലോത്സവം- ഇന്ന് വൈകീട്ട് കൊടിയിറങ്ങി.വിജയകിരീടമണിയാനുള്ള ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ പാലക്കാടിനെ പരാജയപ്പെടുത്തി കോഴിക്കോട് തുടർച്ചയായ എട്ടാം തവണയും സ്വർണ്ണക്കപ്പിൽ മുത്തമിട്ടു. മത്സരങ്ങൾക്ക് തിരശ്ശീല വീണപ്പോൾ 926 പോയിന്റുകളോടെ കോഴിക്കോട് ഒന്നാം സ്ഥാനത്ത് എത്തി.കോഴിക്കോട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 420 ഉം ഹയർ സെക്കണ്ടറി വിഭാഗത്തിൽ 506 ഉം പോയിന്റുകൾ കരസ്ഥമാക്കി.കലോത്സവവേദികളിൽ കോഴിക്കോടിനെതിരെ വെല്ലുവിളിയുയർത്തിയ പാലക്കാട് ഹൈസ്ക്കൂൾ വിഭാഗത്തിൽ 429 ഉം ഹയർസെക്കണ്ടറി വിഭാഗത്തിൽ 491 ഉം പോയിന്റുകളോടെ മൊത്തം 920 പോയിന്റുകൾ നേടി രണ്ടാം സ്ഥാനത്ത് നിലയുറപ്പിച്ചു. കോഴിക്കോടിനും പാലക്കാടിനും ഒപ്പത്തിനൊപ്പം പോരാടിയ
തൃശ്ശൂർ 918 പോയിന്റുകൾ നേടി മൂന്നാം സ്ഥാനത്തെത്തി.സംസ്കൃതോൽസവത്തിൽ 95 വീതം പോയിന്റുകളോടെ കോട്ടയം, മലപ്പുറം ജില്ലകൾ ജേതാക്കളായി.അറബിക് കലോത്സവത്തിൽ കോഴിക്കോട്,പാലക്കാട്,കണ്ണൂർ,മലപ്പുറം ജില്ലകൾ 95 പോയിന്റുകൾ വീതം നേടി മുന്നിലെത്തി.ഒന്നാമത്തെ വേദിയായ 'മഴവില്ലിൽ' വിദ്യാഭ്യാസമന്ത്രി പി.കെ.അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടന്ന സമാപനസമ്മേളനം സംസ്ഥാന ആഭ്യന്തരമന്ത്രി രമേശ്‌ ചെന്നിത്തല ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ സന്നിഹിതനാവാൻ കഴിയാതിരുന്ന പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്റെ സന്ദേശം സമ്മേളനത്തിൽ കേൾപ്പിച്ചു. അടുത്ത വർഷത്തെ സ്കൂൾ കലോത്സവം എറണാകുളത്ത് നടത്താൻ തീരുമാനമായി.

2014 ജനുവരി 18, ശനിയാഴ്‌ച

സ്കൂൾ കലോത്സവത്തിന് പാലക്കാട്ട് നാളെ തിരിതെളിയും


ഏഷ്യയിലെ ഏറ്റവും വലിയ കലോത്സവമായ കേരള സ്കൂൾ കലോത്സവത്തി ന്  നാളെ പാലക്കാട്ട് തുടക്കമാവും.നാളെ വൈകീട്ട് 4 മണിയ്ക്ക് പാലക്കാട് ഇന്ദിരാഗാന്ധി മുൻസിപ്പാൽ സ്റ്റേഡിയത്തിൽ ഒരുക്കിയ 'മഴവില്ല്' എന്ന പ്രധാന വേദിയിലാണ് ഉദ്ഘാടന ചടങ്ങുകൾ.ഉച്ചയ്ക്ക് 2 മണിയ്ക്ക് ഗവ.വിക്ടോറിയ
കോളേജ് പരിസരത്ത് നിന്ന് ആരംഭിക്കുന്ന വർണ്ണാഭമായ സാംസ്കാരിക ഘോഷയാത്രയ്ക്കു ശേഷം,വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.ചലച്ചിത്ര നടൻ ബാലചന്ദ്രമേനോൻ അതിഥിയായിരിക്കും.അൻപത്തിനാലാമത് കലോത്സവത്തെ അനുസ്മരിപ്പിക്കാൻ 54 ഗായകർ അണിനിരക്കുന്ന സ്വാഗതഗാനവും,പാലക്കാടിന്റെ സാംസ്കാരികത്തനിമ വിളിച്ചോതുന്ന ദൃശ്യാവിഷ്ക്കാരങ്ങളും നൃത്ത ശിൽപ്പങ്ങളും ഉദ്ഘാദന ചടങ്ങുകൾക്ക് മാറ്റ് കൂട്ടും. തുടർന്ന് പ്രധാന വേദിയിലും മറ്റു വേദികളിലും മൽസരങ്ങൾക്ക് തിരശ്ശീലയുയരും.18 വേദികളിലായി 242 ഇനങ്ങളിൽ 10000 ത്തിൽപരം കലാപ്രതിഭകളാണ് ഏഴു നാൾ നീളുന്ന കലോത്സവത്തിൽ മാറ്റുരയ്ക്കുന്നത്. വിജയികൾക്ക് നല്കുന്നതിനുള്ള 117.5 പവന്റെ സ്വർണ്ണക്കപ്പ്  കഴിഞ്ഞ വർഷം വിജയകിരീടം ചൂടിയ കോഴിക്കോട്ട്‌ നിന്നും പാലക്കാട്ട് എത്തിച്ചു കഴിഞ്ഞു. ഈ വർഷം മറ്റു ട്രോഫികൾക്ക് പുറമേ ഹൈസ്കൂൾ,ഹയർസെക്കണ്ടറി ചാമ്പ്യന്മാർക്ക് ഇറാം ഗ്രൂപ്പിന്റെ ട്രോഫിയും 35000 രൂപയുടെ ക്യാഷ് അവാർഡും നല്കുന്നുണ്ട്.
25 ന് നടക്കുന്ന സമാപനസമ്മേളനത്തിൽ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദൻ സമ്മാനങ്ങൾ വിതരണം ചെയ്യും .ഇനി വരുന്ന ഏഴ് രാപ്പലുകളിൽ വള്ളുവനാടിന്റെ കണ്ണും കാതും കലോത്സവവേദികൾക്ക് നേരെ തുറന്നു വെയ്ക്കും.  

2013 നവംബർ 30, ശനിയാഴ്‌ച

പാലക്കാടിനെ ചെങ്കടലാക്കി പാർട്ടി പ്ലീനം കൊടിയിറങ്ങി...



സി പി ഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജനറാലിയിൽ പങ്കെടുക്കാൻ ചെങ്കൊടികൾ നെഞ്ചോടു ചേർത്ത് പിടിച്ച്,വള്ളുവനാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും രാവിലെ മുതൽ ചെറു സംഘങ്ങളായി കുടുംബ സമേതം ഒഴുകിയെത്തിയ ജനസഞ്ചയം ഉച്ചയോടെ പാലക്കാടൻ നഗരവീഥികളെ ചെങ്കടലാക്കി മാറ്റി.ഒരുവിഭാഗം മാധ്യമങ്ങളുടെ നുണബോംബുകൾക്കും അധികാരി വർഗ്ഗത്തിന്റെ കോടാലിക്കൈകൾക്കും തങ്ങളുടെ പോരാട്ടവീര്യത്തെ ഒട്ടും തളർത്താനാവില്ലെന്നു തെളിയിച്ച് പാർട്ടിയുടെ മഹാറാലി നടക്കുന്ന സ്റ്റേഡി യം ഗ്രൌണ്ടിലെ എ കെ ജി നഗറിൽ അവർ ജനസാഗരം തീർത്തു.നവോത്‌ഥാനപ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായെത്തിയ വിപ്ലവ പാർട്ടിയുടെ ചിറകുകളരിയാമെന്നു വ്യാമോഹിക്കുന്ന അധമ വർഗ്ഗത്തിനു താക്കീതായി മാറി പ്ലീനത്തിന്റെ സമാപനം കുറിച്ച് നടന്ന മഹാറാലി.എ കെ ജി നഗറിലെ ബഹുജനറാലി പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം എം ചന്ദ്രൻ നന്ദിയും പറഞ്ഞു.