മലബാര്‍ വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
മലബാര്‍ വാര്‍ത്തകള്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2009 ഡിസംബർ 9, ബുധനാഴ്‌ച

അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് കോഴിക്കോട്ട് തുടക്കമായി

കേരള ഭാഷാ ഇന്സിറ്റിട്യൂട്ട് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകമേള കോഴിക്കോട്ട് ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്തു.മാവൂര്‍ റോഡില്‍ അരയിടത്ത് പാലത്തിനു സമീപം കമലാ സുരയ്യാ നഗറില്‍ ഒരുക്കിയ പുസ്തകമേളയും സാംസ്കാരികോത്സവവും ഡിസംബര്‍ 15 ന് സമാപിക്കും.മേയര്‍ എം ഭാസ്കരന്‍ അദ്ധ്യക്ഷത വഹിച്ച ഉത്ഘാടനചടങ്ങില്‍ ഇസ്രായേലി എഴുത്തുകാരി സൂസന്‍ നഥാന്‍ മുഖ്യാതിഥിയായിരുന്നു.കെ ഇ എന്‍ കുഞ്ഞഹമ്മദിന്‍റെ 'സമൂഹം, സാഹിത്യം, സംസ്കാരം 'എന്ന പുസ്തകം ഡോ.സുകുമാര്‍ അഴീക്കോട് പ്രകാശനം ചെയ്തു.എ പ്രദീപ്കുമാര്‍ എം എല്‍ എ,ഭാഷാ ഇന്സ്റ്റിട്യൂട്ട് ഡയരക്ടര്‍ ഡോ.പി കെ പോക്കര്‍,യു എ ഖാദര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിച്ചു.സര്‍ക്കാരിന്‍റെ സാംസ്കാരിക സ്ഥാപനങ്ങള്‍,സര്‍വ്വകലാശാലകള്‍ എന്നിവയുടെ പുസ്തകങ്ങളെ കൂടാതെ മറ്റു പ്രസാധകരുടെ ഇംഗ്ലീഷ്,ഹിന്ദി പുസ്തകങ്ങളും മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.30 മുതല്‍ 50 ശതമാനം വരെ കിഴിവും നല്‍കുന്നുണ്ട്.വിദ്യാര്‍ഥികള്‍ക്കും അദ്ധ്യാപകര്‍ക്കും സ്കൂളുകള്‍ക്കും പ്രത്യേകം ഇളവുകളും അനുവദിച്ചിട്ടുണ്ട്.ഗ്രാന്‍ഡ് ഷോപ്പിംഗ്‌ ഫെസ്റ്റിവലിന്റെ ഭാഗമായുള്ള സമ്മാനക്കൂപ്പണുകളും മേളയില്‍ ലഭ്യമാണ്.പുസ്തകമേളയുടെ ഭാഗമായി സെമിനാറുകള്‍,കമലാ സുരയ്യ അനുസ്മരണം, പുസ്തകപ്രകാശനം,കുട്ടികള്‍ക്കായുള്ള ചിത്രരചനാമത്സരം,കവിയരങ്ങ്,പ്രസാധക സമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.

2009 ഓഗസ്റ്റ് 1, ശനിയാഴ്‌ച

കോഴിക്കോട്ടെ സംഗീതപ്രേമികള്‍ റാഫി സ്മരണ പുതുക്കി




പതിവു പോലെ തങ്ങളുടെ പ്രിയ ഗായകനെ, അദ്ദേഹത്തിന്റെ ഇരുപത്തൊമ്പതാം ചരമ വാര്‍ഷികത്തില്‍ കോഴിക്കോട്ടെ ആരാധകര്‍ വിവിധ പരിപാടികളോടെ അനുസ്മരിച്ചു.നഗരത്തിലെ കാംപസ്സുകളില്‍ കരോക്കെയുടെ അകമ്പടിയോടെ റാഫിയുടെ അനശ്വര ഗാനങ്ങള്‍ ആലപപിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ റാഫി സ്മരണ പുതുക്കിയത്.എം ഇ എസ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റോഡ് ഷോ ആകര്‍ഷകമായി.എം ഇ എസ് പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂര്‍ ഗാനമാലപിച്ചുകൊണ്ട് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക സഘടനയായ കല ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച റാഫി നൈറ്റില്‍ മുബൈ സ്വദേശി ദേവ് ജ്യോതി ചാറ്റര്‍ജി റാഫിയുടെ ഗാനങ്ങള്‍ അവതരിപ്പിച്ചത് സദസ്സിന്റെ പുളകമായി മാറി.ഓ ദുനിയാ കെ രഖ്‌ വാലെ എന്ന അനശ്വര ഗാനം ഹാളില്‍ മുഴങ്ങിയപ്പോള്‍ സദസ്സ് കാതുകള്‍ കൂര്‍പ്പിച്ചു അതില്‍ ലയിച്ചു.അബ്ദു സമദ്‌ സമദാനി റാഫി അനുസ്മരണ പ്രഭാഷണം നടത്തി.കല പ്രസിഡന്‍റ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയപ്രകാശ്‌ കുളൂര്‍ ,പി വി ഗംഗാധരന്‍ എന്നിവരെ ആദരിച്ചു.നേരത്തെ നടത്തിയ റാഫി ഗാനാലാപന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡെപ്യൂട്ടി മേയര്‍ പ്രൊ.പി ടി അബ്ദുല്‍ ലത്തീഫ് വിതരണം ചെയ്തു.റാഫി ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ബീച്ച് ഹോട്ടലിലും ,എസ് എ അബൂബക്കറിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലും അനുമരണ പരിപാടികളും സംഗീത നിശയും സംഘടിപ്പിച്ചിരുന്നു.


2009 ഏപ്രിൽ 5, ഞായറാഴ്‌ച

മഅദിന്‍ എന്‍കൌമിയം മലപ്പുറത്ത്

മലബാറിലെ പ്രശസ്ത വിദ്യാഭ്യാസ സമുച്ചയമായ മലപ്പുറത്തെ മഅദിന്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യയില്‍ നടത്തപ്പെടുന്ന എന്‍കൌമിയം പരിപാടികള്‍ക്ക് ഇന്നു തുടക്കം.ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതന്‍മാര്‍ ഇവിടെ നടക്കുന്ന വിവിധ പരിപാടികളില്‍ പന്കെടുക്കും. ഇന്നു ഏപ്രില്‍ 5 നു മഅദിന്‍ കാമ്പസ്സില്‍ അഖിലേന്ത്യാ എക്സ്പോ ആരംഭിക്കും. പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന രാഷ്ട്രീയ സമ്മേളനം സച്ചാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ ഏപ്രില്‍ 7 നു ഉല്‍ഘാടനം ചെയ്യുന്നതാണ്.പിന്നോക്ക ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ.അബ്ദുല്‍ അലി അസീസ്‌ (ഡല്‍ഹി ),
ടി കെ ഹംസ എംപി,പന്ന്യന്‍ രവീന്ദ്രന്‍ എംപി ,ഡോ.കെ ടി ജലീല്‍ എം എല്‍ എ,ആര്യാടന്‍ മുഹമ്മദ് എം എല്‍ എ,പ്രൊഫ.എ പി അബ്ദുല്‍ വഹാബ്,മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി തുടങ്ങിയവരും രാഷ്ട്രീയ സമ്മേളനത്തില്‍ പ്രംഗിക്കും.ഏഴിന് വൈകീട്ട് സൌഹൃദ സമ്മേളനം ഡോ.സുകുമാര്‍ അഴീക്കോട് ഉല്‍ഘാടനം ചെയ്യും.ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ സമാപന സമ്മേളനങ്ങള്‍ മലപ്പുറം സ്വലാത്ത് നഗറിലാണ് നടക്കുക.പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അഷ്റഫ് മുനീബ് (അമേരിക്ക)സമാപന സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.സ്വലാത്ത് നഗറില്‍ പുതുതായി നിര്മ്മിച്ച മസ്ജിദും ഇതോടനുബന്ധിച്ച് ഉല്‍ഘാടനം ചെയ്യപ്പെടും.വിവിധ സമ്മേളനങ്ങളില്‍ ഡോ.കെ കെ എന്‍ കുറുപ്പ്,കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍,കെ ഇ എന്‍ കുഞ്ഞഹമ്മദ്,ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിക്കും.പരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ,സയ്യിദ് അലി ബാഫഖി തങ്ങള്‍,കുറ്റന്‍ബാറ അബ്ദുറഹിമാന്‍,പി എം മുസ്തഫ കോഡൂര്‍, പി പി ബാപ്പു ഹാജി തുടങ്ങിയ സ്വാഗത സംഘം ഭാരവാഹികള്‍ പങ്കെടുത്തു.

2009 മാർച്ച് 21, ശനിയാഴ്‌ച

കെ.ടി അനുസ്മരണ പരിപാടികള്‍ നാളെ തുടങ്ങും


നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാല്‌ ദിവസമായി നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ക്ക് നാളെ
തുടക്കമാവും.കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടികളുടെ ഉല്‍ഘാടനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനാഞ്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിക്കും.തുടര്‍ന്ന് കെ ടി യുടെ ഇതു ഭൂമിയാണ്‌ നാടകത്തിന്റെ എകപാത്ര ആവിഷ്ക്കാരം സ്കൂള്‍ ഓഫ് ഡ്രാമയിലെ വിജേഷ് അവതരിപ്പിക്കും.
തിങ്കളാഴ്ച പുതിയങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ,ഇബ്രാഹിം വേങ്ങര,എ കെ അബ്ദുള്ള എന്നിവര്‍ സംബന്ധിക്കും.അന്ന് സൃഷ്ടി നാടകം അരങ്ങേറും.
ചൊവ്വാഴ്ച പകല്‍ 3 മണിക്ക് കെ ടി യുടെ നാടകചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകല അക്കാദമി ഹാളില്‍ എ കെ രമേഷ് ഉല്‍ഘാടനം ചെയ്യും.വൈകീട്ട് 5 നു കുറ്റിച്ചിറയില്‍ എം എന്‍ കാരശ്ശേരി കെ ടി അനുസ്മരണ പ്രഭാഷണം നടത്തും.തുടര്‍ന്ന് കലിംഗാ തിയേറ്റേഴ്സിന്‍റെ ഇതു ഭൂമിയാണ്‌ നാടകം അവതരിപ്പിക്കും.
ബുധനാഴ്ച പകല്‍ 2 നു ടൌണ്‍ ഹാളില്‍ കെ ടി സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ എന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്‍റ് യു എ ഖാദര്‍ ഉല്‍ഘാടനം ചെയ്യും.അനുസ്മരണ സമ്മേളനത്തിന്റെ ഉല്‍ഘാടനം കേരള സാഹിത്യഅക്കാദമി പ്രസിഡന്‍റ് എം മുകുന്ദന്‍ നിര്‍വ്വഹിക്കും.പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത കെ ടി യെ കുറിച്ചുള്ള ഡോക്യുമെന്‍ററി ,കെ ടി യുടെ വെള്ളപ്പൊക്കം നാടകം എന്നിവ അവതരിപ്പിക്കും.

2009 മാർച്ച് 2, തിങ്കളാഴ്‌ച

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് തറക്കല്ലിട്ടു

കോഴിക്കോട്ട് മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ്ങ് കോംപ്ളക്സിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു.ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റി 52 കോടി രൂപ ചെലവില്‍ പത്തു നില ഇരട്ട ടവറിന്റെ നിമ്മാണം ബി ഓ ടി അടിസ്ഥാനത്തില്‍ ഒന്നര വര്ഷം കൊണ്ടു പൂര്‍ത്തിയാകും.ബസ് സ്റ്റാന്‍ഡ്,ഷോപ്പിങ്ങ് കോംപ്ലക്സ്,ഹോട്ടലുകള്‍,താമസ സോകര്യം എന്നിവ ഈ കെട്ടിട സമുച്ചയത്തില്‍ ഉണ്ടാവും.നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമാണ്.പൊതുമേഖലാ സ്ഥാപനമായ കെ ടി ഡി എഫ് സി യ്ക്കാണ് നിര്‍മ്മാണചുമതല.ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമാസ് അദ്ധ്യക്ഷനായി.മേയര്‍ എം ഭാസ്കരന്‍,എം പി വീരേന്ദ്രകുമാര്‍ എം പി,എം എല്‍ എ മാര്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,വ്യാപാര പ്രമുഖര്‍ മുതലായവര്‍ സംസാരിച്ചു.പ്രശസ്ത ആര്‍ടിടെക്ട് ആര്‍ കെ രമേഷ്,കെ എസ് ആര്‍ ടി സി എം ഡി സെന്‍ കുമാര്‍,കെ ടി ഡിഎഫ് സി എം ഡി ഡോ.ജേക്കബ് തോമാസ് എന്നിവരും സംസാരിച്ചു.എ പ്രദീപ് കുമാര്‍ എം എല്‍ എ സ്വാഗതവും എസ് ആര്‍ ജെ നവകുമാര്‍ നന്ദിയും പറഞ്ഞു.ബസ് സ്റ്റാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ ദേശീയ പാതയില്‍ പാവങ്ങാട്ടുള്ള പ്രീമോ പൈപ്പ് ഫാക്ടറി വളപ്പിലേക്ക് മാറ്റും.50 ബസ്സുകളാണ് ഇവിടേയ്ക്ക് മാറ്റുന്നത്‌.ബാക്കി വടകര,താമരശ്ശേരി ഡിപ്പോകളിലായിരിക്കും നിര്‍ത്തുക. മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ കയറാനുള്ള സൌകര്യം ഒരുക്കും.

2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ത്യാഗരാജോല്‍സവം സമാപിച്ചു

ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 12 മുതല്‍ 16 വരെ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാന്ഗുഡി നഗറില്‍ നടന്നുവന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിന് തിരശ്ശീല വീണു. പ്രസിദ്ധ സംഗീതജ്ഞന്‍ മാങ്ങാട് കെ.നടേശന്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.സര്‍വ്വശ്രീ എം എസ് സുന്ദരരാജന്‍,പാലാ സി കെ രാമചന്ദ്രന്‍,ഡോ.ടി എം സര്‍വ്വോത്തമന്‍ നെടുങ്ങാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.മാനേജിംഗ് ട്രസ്റ്റി ഡോ .എ.രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി ശ്രീ.എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ശേഷം കെ വി എസ് ബാബു & പാര്‍ട്ടി യുടെ സംഗീതിക ത്യാഗരാജ ദിവ്യനാമകൃതികള്‍ അരങ്ങേറി.തുടര്‍ന്ന് ത്യാഗരാജാരാധകരുടെ സംഗീതാര്‍ച്ചനകളും പ്രശസ്ത സംഗീത വിദ്വാന്മാരുടെ കച്ചേരികളും നടന്നു.പതിനാലിന് ശനിയാഴ്ച പ്രഗല്‍ഭ സംഗീതജ്ഞര്‍ പന്കെടുത്ത പഞ്ചരത്നകൃതികളുടെ ആലാപനം സദസ്സിനു വേറിട്ട അനുഭവമായി. പതിനാറിന് രാത്രി ആന്ജനേയോല്‍സവത്തോടെ സംഗീതോല്സവത്തിനു സമാപനമായി. സംഗീതാഭ്യസനത്തില്‍ തുടക്കക്കാരായ കുരുന്നു പ്രതിഭകള്‍ മുതല്‍ ലബ്ധ പ്രതിഷ്ടരായ സംഗീത സാമ്രാട്ടുകള്‍ വരെ ദിവസവും നല്കിയ സംഗീത വിരുന്ന് കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി എന്നും മനസ്സില്‍ സൂക്ഷിക്കാം.

2008 ഡിസംബർ 21, ഞായറാഴ്‌ച

സ്കൂള്‍ കലോല്‍സവം സിറ്റി ഉപജില്ലയ്ക്ക് ഇരട്ടകിരീടം

കോഴിക്കോട് റവന്യൂജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ സമാപിച്ചപ്പോള്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തിലും,ഹൈ സ്കൂള്‍ വിഭാഗത്തിലും സിറ്റി ഉപജില്ല കലാകിരീടം നേടി ചരിത്രം കുറിച്ചു.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 319 പോയിന്റ് നേടി സിറ്റി ഒന്നാം സ്ഥാനവും,278 പോയയിന്‍റോടെ ചേവായൂര്‍ രണ്ടാം സ്ഥാനവും,221 പോയിന്റുള്ള പേരാമ്പ്ര മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ സിറ്റി 287 ഉം,ചേവായൂര്‍ 226 ഉംപോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി.കൊയിലാണ്ടി ഉപജില്ലയ്ക്കാണ് മൂന്നാം സ്ഥാനം.യു പി വ്ഭാഗത്തില്‍ 115 പോയിന്റോടെ ചേവായൂരും , 114 പോയയിന്‍റോടെ പേരാന്‍ബറയും, 110 പോയിന്റോടെ സിറ്റിയും വിജയകിരീടമണിഞ്ഞു.സമാപനസമ്മേളനം വ്യവസായമന്ത്രി എളമരം കരീം ഉല്‍ഘാടനം ചെയ്തു.പി.ടി.എ.റഹീം എം. എല്‍ .എ അദ്ധ്യക്ഷനായി .ജോര്‍ജ്ജ് എം തോമാസ് എം. എല്‍. എ സമ്മാനനങ്ങള്‍ വിതരണം ചെയ്തു.

2008 ഡിസംബർ 19, വെള്ളിയാഴ്‌ച

സ്കൂള്‍ കലോല്‍സവം കൊടുവള്ളിയില്‍ തുടങ്ങി

കോഴിക്കോട് ജില്ലാ സ്കൂള്‍ കലോല്‍സവം കൊടുവള്ളി ഗവ:ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പ്രശസ്ത നടന്‍ മാമുക്കോയ ഉല്‍ഘാടനം ചെയ്തു.കലയുള്ളിടത്ത് കലഹമില്ലെന്നും കലയുന്ടെങ്കില്‍ ഉള്ളില്‍ വിഷം കുറയുമെന്നും,ഭീകരവാദത്തിനൊ തീവ്രവാദത്തിനൊ അവിടെ സ്ഥാനമില്ലെന്നും ഉല്‍ഘാടന പ്രസംഗത്തില്‍ മാമുക്കോയ ഓര്‍മ്മിപ്പിച്ചു.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ .പി .കുഞ്ഞമ്മദ് കുട്ടിമാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.ഡി. ഡി. ഇ. കെ. വി. വിനോദ് ബാബു സ്വാഗതവും കെ. കെ. ഭാസ്കരന്‍ നന്ദിയും പറഞ്ഞു. കലോല്‍സവത്തോടനുബന്ധിച്ച് വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ വര്‍ണ്ണപ്പകിട്ടേറിയ ഘോഷയാത്രയും നടന്നു.പെട്രോള്‍ പമ്പ് പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയ്ക്ക് നിശ്ചലദൃശ്യങ്ങള്‍, തെയ്യം, കോല്‍ക്കളി,ഒപ്പന മുതലായ കലാരൂപങ്ങളും മാറ്റ് കൂട്ടി.ഇനിയുള്ള രണ്ടു രാപ്പലുകള്‍ കൊടുവള്ളിക്കാര്‍ക്ക് സംഗീതത്തിന്‍റെയും നൃത്തത്തിന്‍റെയും വിരുന്നുണ്ണാനുള്ളവയാണ്. കണ്ണുകളും കാതുകളും കലോല്‍സവ വേദികളിലേക്ക്.

2008 ഡിസംബർ 8, തിങ്കളാഴ്‌ച

സരോവരം ബയോപാര്‍ക്ക് ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യമായി

മലബാറിന്റെ ടൂറിസം സാദ്ധ്യതകള്‍ക്ക് ആക്കം കൂട്ടുന്ന സരോവരം ബയോപാര്‍ക്കിന്റെ ഒന്നാം ഘട്ടം കോഴിക്കോട് അരയടത്ത് പാലത്തിന് സമീപം മുഖ്യമന്ത്രി വിഎസ് അച്ചുതാനന്ദന്‍ ഉല്‍ഘാടനം ചെയ്തു. ബോട്ട് ക്ലബ്,നടപ്പാത,ഓപ്പണ്‍ എയര്‍ തിയേറ്റര്‍ എന്നിവയുടെ ഉല്‍ഘാടനം യഥാക്രമം മന്ത്രിമാരായ എളമരം കരീം,ബിനോയ് വിശ്വം,മേയര്‍ എം.ഭാസ്കരന്‍ എന്നിവര്‍ നിര്‍വ്വഹിച്ചു.ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പ്റകൃതിയെ മറന്ന് ടൂറിസം വളര്‍ത്താനാവില്ലെന്നും ഇത് മനസ്സിലാക്കിയാണ് സരോവരം പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്നതെന്നും കോടിയേരി തന്റെ അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. നഗരത്തിലെ കനോലി കനാല്‍ ശുദ്ധീകരിച്ചു ഗതാഗത യോഗ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.സരോവരത്തെ ലോകോത്തര ടൂറിസം കേന്ദ്രമാക്കുമെന്നും,മലബാര്‍ മഹോത്സവത്തിന് സരോവരം വെടിയാക്കുമെന്നും മന്ത്രി എളമരം കരീം പറഞ്ഞു. തണ്ണീര്‍തടങ്ങളെയും ജൈവ വൈവിധ്യങ്ങളെയും ഇല്ലാതാക്കാനുള്ള ശ്രമങ്ങളെ ശക്തമായി നേരിടണമെന്നും,സരോവരം പോലുള്ള പദ്ധതികള്‍ പരിസ്ഥിതി സൌഹാര്‍ദ്ദ ടൂറിസത്തിന് മാതൃകയാണെന്നും മന്ത്രി ബിനോയ് വിശ്വം ഓര്‍മ്മിപ്പിച്ചു. എം.പി .വീരേന്ദ്രകുമാര്‍ എം.പി,എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍,പി.എം.എ.സലാം,ജില്ലാ പഞ്ചായത്ത് പ്രസിടന്‍റ് കെ.പി.കുഞ്ഞമ്മദ്കുട്ടി,കലക്ടര്‍ ഡോ.എ.ജയതിലക്, ജനപ്രതിനിധികള്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി ഭാരവാഹികള്‍ എന്നിവരും സംസാരിച്ചു.

2008 ഡിസംബർ 6, ശനിയാഴ്‌ച

ബേപ്പൂരില്‍ ജന്കാര്‍ സര്‍വീസിന് തുടക്കമായി

കോഴിക്കോട് ജില്ലയിലെ ആദ്യ ജന്കാര്‍ സര്‍വീസ് ചാലിയം-ബേപ്പൂര്‍ കടവില്‍ സ്ഥലം എംഎല്‍എ കൂടിയായായ വ്യവസായ മന്ത്രി എളമരം കരീം വമ്പിച്ച ജനാവലിയെ സാക്ഷി നിര്ത്തി ഫ്ലാഗ് ഓഫ് ചെയ്തു. 1980 വരെ കടത്തുതോണിയും തുടര്‍ന്നു യന്ത്രബോട്ടുകളും സര്‍വീസ് നടത്തിയിരുന്ന ഈ കടവില്‍,ചാലിയം-ബേപ്പൂര്‍ നിവാസികളുടെ ചിരകാല സ്വപ്നം സാക്ഷാല്‍ക്കരിച്ചു കൊണ്ടു കടലുണ്ടി ഗ്രാമപഞ്ചായത്ത് മുന്കൈയ്യേടുത്ത് ബിഒടി അടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ജന്കാര്‍ സര്‍വീസിന്റെ വരവോടെ കോഴിക്കോട് നിന്നും 10 കിലോമീറ്റര്‍ യാത്ര ചെയ്തു ചാലിയത്ത് എത്തിച്ചേരാം.എറണാകുളത്തു നിന്നും പൊന്നാനി വഴി കോഴിക്കോട്ടേക്ക് വരുന്നവര്‍ക്ക് 30 കിലോമീറ്റര്‍ ദൂരം ഇതു കൊണ്ട് കുറഞ്ഞു കിട്ടും.150 ടണ്‍ ശേഷിയുള്ള ജങ്കാര്‍ വഴി ഒരേസമയം നൂറുകണക്കിന് ആളുകള്‍ക്കും,ബസ്സടക്കം 15 നാലുചക്ര വാഹനനങ്ങള്‍ക്കും കടവ് കടക്കാന്‍ കഴിയും.എം.അബ്ദുല്ലക്കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഭാരത്‌ ജന്കാര്‍ സര്‍വീസാണ് ഇവിടെ തുടങ്ങിയിരിക്കുന്നത്.നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ഇത് കടലുണ്ടി പഞ്ചായത്തിന് കൈമാറും.നദികളും ഉപനദികളും, കണ്ടല്‍ക്കാടുകളും പക്ഷിസങ്കേതവും കൊണ്ടു ടൂറിസം മേപ്പില്‍ സ്ഥാനം പിടിച്ച കടലുണ്ടി,ബേപ്പൂര്‍,വള്ളിക്കുന്ന് പ്രദേശങ്ങളുടെ സമഗ്ര വികസനത്തിന്‌ ജന്കാര്‍ സര്‍വീസ് വഴിയൊരുക്കും.

2008 നവംബർ 7, വെള്ളിയാഴ്‌ച

ഭാഷാ ഇന്‍സ്ടിട്യൂട്ട് പുസ്തകമേളയ്ക്ക് തുടക്കമായി

കേരള ഭാഷാ ഇന്‍സ്ടിട്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര പുസ്തക മേളയ്ക്കും സര്ഗ്ഗോത്സവത്തിനും കോഴിക്കോട്ട് തുടക്കമായി.ഇന്ത്യക്കകത്തും പുറത്തുമുള്ള 130 പുസ്തക പ്രസാധകര്‍ പന്കെടുക്കുന്ന മേള സ്റ്റേഡിയം പരിസരത്ത് ഡോ.സുകുമാര്‍ അഴീക്കോട്‌ ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ മേയര്‍ എം.ഭാസ്കരന്‍ അധ്യക്ഷനായി.കേന്ദ്രസാഹിത്യ അക്കാദമി വൈസ്പ്രസിഡന്ട് ഡോ.സുജീന്ദര്സിങ്നൂര്‍,എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍,പിഎംഎ സലാം എന്നിവരും കെ ഇ എന്‍ ,പി.കെ .ഗോപി തുടങ്ങിയവരും സംസാരിച്ചു.ഭാഷാ ഇന്സ്ടിട്യൂട്ട് ഡയരക്ടര്‍ ഡോ.പി.കെ.പോക്കര്‍ സ്വാഗതവും പി .എം .ശ്രീധരന്‍ നന്ദിയും പറഞ്ഞു.മേളയുടെ ഭാഗമായി എല്ലാദിവസവും പ്രഭാഷണങ്ങള്‍,സര്‍ഗ്ഗസംവാദങ്ങള്‍,കവിസമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.പുസ്തക പ്രകാശനവും മേളയോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്.മേള നവംബര്‍ 16ന് സമാപിക്കുന്നതാണ്.

2008 ഒക്‌ടോബർ 27, തിങ്കളാഴ്‌ച

കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നു

ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നു.ജില്ലയിലെ കോഴിക്കോട്,വടകര,താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്കൂള്‍ ലൈബ്രറികളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്.ജനപന്കാളിത്തത്തോടെ
മാതൃകാലൈബ്രറികളായി മാറിയ മേപ്പയൂര്‍ ജി വിഎച്ച് എസ് എസ് ,അത്തോളി ജി വിഎച്ച് എസ് എസ് എന്നീ സ്കൂള്‍ ലൈബ്രറികളില്‍ നിന്നു ആവേശമുള്‍ക്കൊണ്ട് ഡി ഡി ഇ കെ.വി.വിനോദ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ പി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌.പുസ്തകങ്ങളെ കഥ,കവിത,നോവല്‍.ജീവചരിത്രം എന്നിങ്ങനെ വിവിധ ഇനങ്ങളായി തരംതിരിക്കുന്ന കാറ്റലോഗിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ പുസ്തകങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും ഉണ്ടെന്‍കിലും, സ്ഥലപരിമിതിയും സ്ഥിരം ലൈബ്രേറിയന്‍മാരുടെ അഭാവവും കാരണം പുസ്തക വിതരണം പോലും ശരിയായ രീതിയില്‍ നടക്കാറില്ല.കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടാല്‍ അത് കേരളത്തിനാകെ മാതൃകയാവുമെന്നതില്‍ തര്‍ക്കമില്ല.

2008 ഒക്‌ടോബർ 11, ശനിയാഴ്‌ച

കോഴിക്കോട് ജില്ലയില്‍ ഇ-മണി ഓര്‍ഡര്‍ നിലവില്‍ വന്നു

കോഴിക്കോട് ജില്ലയില്‍ ഇ -മണിയോര്ഡര്‍ സംവിധാനം നിലവില്‍ വന്നു.വളരെ പെട്ടെന്ന് മണി ഓര്‍ഡര്‍ തുക ലഭ്യമാക്കുന്ന തപാല്‍ വകുപ്പിന്റെ നൂതന സംവിധാനമാണിത്. ഇലക്ട്രോണിക് ട്രാന്സ്മിഷന്‍ ഓഫ് ഡൊമസ്റ്റിക് മണി ഓര്‍ഡേര്‍സ്(ഇ -എംഓ )കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണ്‍ ഉല്‍ഘാടനം ചെയ്തു.ഇവിടെ പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ ഇന്റര്‍നെറ്റ് വഴി നിമിഷങ്ങക്കുള്ളില്‍ ബന്ധ്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ കിട്ടുന്ന സന്ദേശത്തിന്റെ പ്രിന്‍റ് എടുത്ത് പണം പോസ്റ്മേന്‍ വീട്ടിലെത്തിക്കും.തല്ക്കാലം കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലും ,സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസിലും മാത്രമാണ് ഈ സേവനമുള്ളതെന്‍കിലും താമസിയാതെ കമ്പ്യൂട്ടര്‍ സംവിധാനമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇത് വ്യാപിപ്പിക്കും.ഇങ്ങനെ പണമയക്കുന്നതിന് പ്രത്യേകം ചാര്‍ജ്ജൊന്നും നല്‍കേണ്ടതില്ല. മണി ഓര്‍ഡര്‍ അയച്ചാല്‍ പണം ലഭിക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാകും.

2008 സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പെരുന്നാള്‍ തിരക്കില്‍ കോഴിക്കോട് വീര്‍പ്പ് മുട്ടുന്നു...

റമളാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലബാറിന്‍റെ വാണിജ്യ തലസ്ഥാനമായ കോഴിക്കോട് പട്ടണം ജനത്തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്നു.ജില്ലയില്‍ നിന്നുള്ളവര്‍ മാത്രമല്ല അയല്‍ ജില്ലകളായ വയനാട്,മലപ്പുറം,പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുപോലും ദിവസവും ആയിരക്കണക്കിനാളുകള്‍ പെരുന്നാള്‍ കോടികള്‍ വാങ്ങുന്നതിനും മറ്റുമായി നഗരത്തിലെത്തുന്നു.പ്രധാന കച്ചവട കേന്ദ്രമായ മിട്ടായിതെരുവിന് കുറെ നാളുകളായി ഉറക്കമില്ലാത്ത രാവുകളാണ്.തുണിക്കടകളിലും ചെരുപ്പ് കടകളിലും പാതിരാത്രികളില്‍ പോലും കച്ചവടം പൊടിപൊടിയ്ക്കുന്നു.നഗരത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം യാത്രക്കാരുടെ തിരക്കാണിപ്പോള്‍.പെരുന്നാളടുത്തപ്പോള്‍ പുതിയ പുതിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും നഗരത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.ഒരേ കുടക്കീഴില്‍ വസ്ത്രങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും ഡിസ്ക്കൌണ്‍ടോട് കൂടി വില്‍പ്പന നടത്തുന്ന,ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന കൂപ്പണ്‍ എന്ന കച്ചവട സ്ഥാപനം മാവൂര്‍ റോഡില്‍ തുറന്നത് ഇതിന് ഉദാഹരണമാണ്.സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍റെ റംസാന്‍ ചന്തകളും തുടങ്ങിയത് നിത്യോപയോഗ സാധനങ്ങള്‍ ന്യായ വിലക്ക് കിട്ടാന്‍ സാഹയകമായിട്ടുണ്ട്.

2008 സെപ്റ്റംബർ 2, ചൊവ്വാഴ്ച

പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുന്നു



ഡിസി ബുക്സിന്റെ മുപ്പത്തിനാലാം വാര്ഷികതോടനുബന്ധിച്ചു കോഴിക്കോട്ട് സംഘടിപ്പിച്ച പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുകയാണ് .ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ പത്തു ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍,കലാപരിപാടികള്‍,അന്തര്‍ദ്ദേശീയപ്റശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.മേള തുടങ്ങിയ ആഗസ്ത് 29 മുതല്‍ സെപ്തമ്പര്‍ 8 വരെ യഥാക്റമം ഡിസികിഴക്കേമുറി,വൈക്കം മുഹമ്മദ് ബഷീര്‍,കെ.ടി.മുഹമ്മദ്,എംഎസ് ബാബുരാജ്,തിക്കോടിയന്‍,ഉറൂബ്,എന്‍.പി.മുഹമ്മദ്,എസ്.കെ.പൊറ്റെക്കാട്ട്,എന്‍.എന്‍.കക്കാട്,പദ്മരാജന്‍,ജോണ്‍ അബ്രഹാം എന്നീ കലാ സാംസ്ക്കാരിക നായകരെ പറ്റിയുള്ള അനുസ്മരണ പ്രഭാഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സെപ്തമ്പര്‍ 9 നു സമാപിക്കുന്ന മേളയെ വായനക്കാരും അക്ഷരപ്രേമികളും സഹര്‍ഷം സ്വീകരിച്ചിട്ടുണ്ട്.സാഹിത്യം,മെഡിക്കല്‍ സയന്‍സ്,എന്‍ജിനിയറിങ്ങ്,മാനേജ്മെന്‍റ് തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ പ്റദര്‍ശിപ്പിച്ചിട്ടുണ്ട്.മേളയില്‍ പന്കെടുക്കുന്ന വിദേശപ്രസാധകരില്‍ ഓക്സ്ഫോര്‍ഡ്,കേംബ്രിഡ്ജ്,പെന്‍ഗ്വിന്‍ മുതലായ പേരു കേട്ട പ്രസാധകരും ഉള്‍പ്പെടുന്നു.

2008 ഓഗസ്റ്റ് 31, ഞായറാഴ്‌ച

വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്കിനു തുടക്കമായി

ജനകീയ കൂട്ടായ്മയുടെ ഭാഗമായി കണ്ണൂരിലെ പറശ്ശിനിക്കടവില്‍ സ്ഥാപിച്ച വിസ്മയ അമ്യൂസ്മെന്‍റ് പാര്‍ക്ക് സിപിഐ (എം) സംസ്ഥാന സെക്റട്ടറിപിണറായി വിജയന്‍ വന്‍പിച്ച ജനാവലിയെ സാക്ഷി നിര്ത്തി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. വിസ്മയക്കെതിരെ കള്ളപ്രചാരണം നടത്തിയവര്‍ തെറ്റ് തിരുത്തണമെന്ന് പിണറായി തന്‍റെ ഉല്‍ഘാടന പ്രസംഗത്തില്‍ ആവശ്യപ്പെട്ടു.ഭൂഗര്‍ഭ ജലം ഉപയോഗിച്ചാണ് പാര്‍ക്ക് നടത്തുന്നത് എന്നാണ് എതിരാളികള്‍ പ്രചരിപ്പിച്ചിരുന്നത്.എന്നാല്‍ പാര്‍ക്കില്‍ മഴവെള്ള സംഭരണിയില്‍ നിന്നാണ് മുഴുവന്‍ വെള്ളവുമെടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.30 ഏക്കര്‍ സ്ഥലത്ത് 30 കോടി രൂപ ചിലവിലാണ് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചിരിക്കുന്നത്.ചടങ്ങില്‍ പി.കരുണാകരന്‍ എം .പി.അധ്യക്ഷത വഹിച്ചു.വാട്ടര്‍ഫാള്‍ ആഭ്യന്തര-ടൂറിസം വകുപ്പ് മന്ത്രി കോടിയേരി ബാലകൃഷ്ണനും, വേവ്പൂള്‍ ആരോഗ്യ മന്ത്രി പി.കെ.ശ്രീമതിയും ഉല്‍ഘാടനം ചെയ്തു.എംപിമാര്‍,എംഎല്‍എ മാര്‍,വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു.എംടിഡിസി ചെയര്‍മാന്‍ കെ.കെ.നാരായണന്‍ സ്വാഗതവും ഡയരക്ടര്‍ പി.വാസുദേവന്‍ നന്ദിയും പറഞ്ഞു.

അന്താരാഷ്ട്ര പുസ്തകോത്സവം കോഴിക്കോട്ട്‌ ആരംഭിച്ചു

ഡിസി ബുക്സിന്റെ വാര്ഷികത്തോടനുബന്ധിച്ച് കോഴിക്കോട് സ്റ്റേഡിയം പരിസരത്ത് 12 ദിവസം നീളുന്ന ലോകോത്തര പുസ്തക മേള ആരംഭിച്ചു.മേള കര്‍ണാടക മുന്‍ മുഖ്യമന്ത്രി വീരപ്പമൌലി ഉല്‍ഘാടനം ചെയ്തു.പ്രശസ്ത മനോവിശകലന വിദഗ്ദ്ധനും, കര്‍ണാടക സാഹിത്യകാരനുമായ സുധീര്‍ കക്കര്‍ പത്താമത് ഡിസി കിഴക്കേമുറി സ്മാരക പ്രഭാഷണം നടത്തി.കഥാകൃത്ത് ടി.പത്മനാഭന്‍ നോവലിസ്റ്റ് പി.വല്‍സല എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പുസ്തക പ്രകാശനവും നടന്നു.ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ 10 ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ വില്‍പ്പനയ്ക്കുണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍ ,കലാപരിപാടികള്‍,അന്തര്‍ ദേശീയ പ്രശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമല്‍സരങ്ങള്‍ എന്നിവയും മേളയോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്.പുസ്തകോത്സവം സെപ്റ്റംബര്‍ 9 നു സമാപിക്കും.

2008 ഓഗസ്റ്റ് 30, ശനിയാഴ്‌ച

ഫാറൂഖ് കോളേജ് ജൂബിലി തിളക്കത്തില്‍

1948 ല്‍ സ്ഥാപിതമായ മലബാറിലെ പ്രശസ്ത കലാലയ മായ ഫാറൂഖ് കോളേജിന് ഈ വര്‍ഷം വജ്ര ജൂബിലി വര്‍ഷം.2008 ആഗസ്ത് 10 നു വിവിധ പരിപാടികളോടെ നടന്ന പൂര്‍വ വിദ്യാര്ത്ഥി സംഗമത്തില്‍ ആയിരക്കണക്കിന് പൂര്‍വ വിദ്യാര്‍തികള്‍ ഗത കാല സ്മരണകളയവിറക്കാന്‍ കലലാലയത്തില്‍ ഒത്തുകൂടി. പൂര്‍വ വിദ്യാര്‍തികളുടെ വിവരങ്ങള്‍ അടങ്ങിയ വിശദമായ ഡയറക്ടറി മുന്‍ പ്രിന്‍സിപ്പലും കാലിക്കറ്റ്‌ സര്‍വകലാശാല മുന്‍ വീസി യുമായ പ്രൊഫ.കെ.എ.ജലീല്‍ പ്രകാശനം ചെയ്തു.തുടര്‍ന്ന് വിവിധ ബേച്ചുകളായി തിരിഞ്ഞുള്ള സംഗമമാണ് നടന്നത്.സംഗമത്തില്‍ കലാലയ സ്മരണകള്‍ പുതുക്കി. തങ്ങളുടെ കലാലയ ജീവിതത്തിനു പൂര്‍ണ്ണത യേകിയ ക്ലാസ് മുറികളിലും വരാന്തകളിലുമെല്ലാം അവര്‍ ഒരിയ്ക്കല്‍ കൂടി ചുറ്റി നടക്കുന്നത് കാണാമായിരുന്നു . ഉച്ചയ്ക്ക് ശേഷം പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ പൊതു സമ്മേളനം നടന്നു.കോളേജിലെ മുന്‍ വിദ്യാര്ത്ഥി കൂടിയായ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ.കെ .വി .സലാഹുദ്ദീന്‍ പരിപാടികളുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനങ്ങള്‍ പൂര്‍വവിദ്യാര്‍ത്ഥികളായ ടി. കെ.ഹംസ(എം.പി ),അബ്ദുല്‍സമദ് സമദാനി(മുന്‍ എം.പി) എന്നിവര്‍ വിതരണം ചെയ്തു.കലാപരിപാടികള്‍ പൂര്‍വ വിദ്യാര്ത്ഥി കൂടിയായ പ്രശസ്ത സിനിമാ സംവിധായകന്‍ ടി.വി.ചന്ദ്രന്‍ ഉല്‍ഘാടനം ചെയ്തു. പൂര്‍വ വിദ്യാര്ത്ഥി സംഘടനയുടെ പ്രവാസി യുണിറ്റുകള്‍ ഈവര്‍ഷം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന മെഗാ പ്രോജെക്ട് കളായ ഓപ്പണ്‍ എയര്‍ തിയേറ്റര്‍,ബാസ്കെറ്റ് ബോള്‍ കോര്‍ട്ട്,പാര്‍ക്കിങ്ങ് സൌകര്യമുള്‍പ്പടെയുള്ള സൌന്ദര്യ വല്‍ക്കരണം മുതലായവയ്ക്ക് ബന്ധപ്പെട്ട യൂണിറ്റുകളുടെ ഭാരവാഹികള്‍ തുടക്കം കുറിച്ചു.പൂര്‍വ വിദ്യാര്ത്ഥിയും പാരിസണ്‍സ് -ലിബര്‍ട്ടി ഉടമയുമായ മുഹമ്മദാലി സ്പോണ്‍സര്‍ ചെയ്ത കൊച്ചിന്‍ കലാഭവന്‍റെ കലാപരിപാടികളും അരങ്ങേറി.

2008 ഓഗസ്റ്റ് 11, തിങ്കളാഴ്‌ച

പെരുവണ്ണാമൂഴിയില്‍ ഇക്കോ ടൂറിസം കേന്ദ്രം തുറന്നു

ഇക്കോ ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച വിനോദ സഞ്ചാര കേന്ദ്രം ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉല്‍ഘാടനം ചെയ്തു.



13.70 ലക്ഷം രൂപ ചെലവില്‍ നിര്മ്മിച്ച കേന്ദ്രം മലബാറിലെ ടൂറിസം പദ്ധതികള്‍ക്ക് നവോന്മേഷം പകരും.നിത്യ ഹരിത വനങ്ങള്‍ ഉള്‍പെട്ട കേന്ദ്രം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും.
തലശ്ശേരിയില്‍ ദേശീയ ചലചിത്ര മേള -മലയാള സിനിമയുടെ ഭാഷ തന്നെ മാറ്റിയെഴുതിയ ശ്രീനിവാസന്‍റെ തട്ടകമായ തലശ്ശേരി ദേശീയ ചലച്ചിത്ര മേളയ്ക്ക് വേദിയാവുന്നു .നാലുദിവസം നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവം സിനിമാ പ്രേമികള്‍ക്ക് അനുഗ്രഹമാകും.
മലപ്പുറത്ത്‌ കുടുംബശ്രീ പ്രവര്‍ത്തകര്‍ തരിശു നിലങ്ങളില്‍ പൊന്നു വിളയിക്കുന്നു
മലപ്പുറം ജില്ലയിലെ തിരുവാലി പഞ്ചായത്തിലെ സ്നേഹ കുടുംബശ്രീ അംഗങ്ങള്‍ മൊട്ടപറന്‍പില്‍ പച്ചക്കറി കൃഷിയിറക്കി നല്ലവിളവെടുത്തു ശ്രദ്ധേയരാവുന്നു . പത്തു ഏക്കര്‍ തരിശു ഭൂമിയില്‍ നെല്‍കൃഷി ചെയ്തും ഇവര്‍ മാതൃക കാണിച്ചു.

2008 ഓഗസ്റ്റ് 3, ഞായറാഴ്‌ച

ഫാറൂക്ക് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

ദക്ഷിണേന്ത്യയിലെ അലീഗര്‍ എന്ന് വിശേഷിപ്പിക്കാറുള്ള കോഴിക്കോട് ഫാറൂക്ക് കോളേജില്‍, ഫാറൂക്ക് കോളേജ് ഓള്‍ഡ് സ്ടൂഡന്ട്സ് അസോസിയേഷന്‍റെ (f0sa) ആഭിമുഖ്യത്തില്‍ 2008 ആഗസ്ത് 10 നു ഞായറാഴ്ച പൂര്‍വ വിദ്യാര്ത്ഥി സംഗമം സംഘടിപ്പിക്കുന്നു.ഈ വര്ഷം വജ്ര ജൂബിലി ആഘോഷിക്കുന്നതിനാല്‍ വിപുലമായ രീതിയിലാണ് സംഗമം നടക്കുന്നത്.അന്ന് രാവിലെ 10 മണിക്കാണ് രജിസ്ട്രേഷന്‍ (100 രൂപ ).ഉച്ചയ്ക്ക് മുമ്പ് ബേച്ചുകളടിസ്ഥാനത്തിലും,ഉച്ചയ്ക്ക് ശേഷം പൊതുയോഗവുമായാണ് പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത് .പൂര്‍വ്വാധാപകരും സംഗമത്തിനെത്തുന്നതാണ് .പൂര്‍വ വിദ്യാര്ത്ഥികളുടെ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഹൂ ഈസ് ഹൂ അന്ന് പ്രകാശനം ചെയ്യുന്നതാണ് (150 രൂപ ).ഫോസയുടെ പ്രവാസി യൂനിറ്റുകള്‍ നടപ്പിലാക്കുന്ന വിവിധ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് അന്ന് തുടക്കമാവുന്നതാണ്.വൈകുന്നേരം കലാപരിപാടികള്‍ അരങ്ങേറുന്നതാണ്.