2013 ജനുവരി 14, തിങ്കളാഴ്‌ച

സ്കൂള്‍ കലോത്സവം കൊടിയേറി,മലപ്പുറം ഉത്സാഹത്തിമര്‍പ്പില്‍ ....

അമ്പത്തിമൂന്നാമത് സംസ്ഥാന സ്കൂള്‍ കലോത്സവം മലപ്പുറത്ത് കൊടിയേറി.ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കത്തിന് ആദ്യമായി വേദിയാകുന്ന മലപ്പുറം ഉത്സവലഹരിയിലമര്‍ന്നു.ഇന്ന് രാവിലെ പ്രധാന വേദിയായ എം എസ് പി പരേഡ് ഗ്രൗണ്ടില്‍ 
പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ എ ഷാജഹാന്‍  പതാക ഉയര്‍ത്തിയതോടെ 7 നാള്‍ നീളുന്ന കലോത്സവത്തിന് തുടക്കമായി.ഉച്ചയ്ക്ക് 2.30 നു 85 സ്കൂളുകളില്‍ നിന്ന് 12000ത്തിലേറെ കുട്ടികള്‍ പങ്കെടുത്ത വര്‍ണ്ണാഭമായ ഘോഷയാത്ര നടന്നു.വാദ്യഘോഷങ്ങളും വിവിധ കലാരൂപങ്ങളും ഘോഷയാത്രക്ക്‌  മാറ്റ് കൂട്ടി.ഘോഷയാത്ര പ്രധാന വേദിയായ എം എസ്  പി പരേഡ് ഗ്രൗണ്ടില്‍ എത്തിയതിനു ശേഷം ഉദ്ഘാടനചടങ്ങുകള്‍  ആരംഭിച്ച.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഈ വര്‍ഷം മുതല്‍ സമ്മാനത്തുക വര്‍ദ്ധിപ്പിക്കുമെന്ന്
അദ്ദേഹം പ്രഖ്യാപിച്ചു.ഇന്ന് പ്രധാന വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ മോഹിനിയാട്ടം അരങ്ങേറി.
സെന്റ്‌ ജെമ്മാ സ്കൂളിലെ വേദിയില്‍ ഹൈസ്കൂള്‍ വിഭാഗം ആണ്‍കുട്ടികളുടെ ഭരതനാട്യ മത്സരവും നടന്നു.വരും നാളുകളില്‍ 
232 ഇനങ്ങളിലായി 17 വേദികളില്‍ 12000ത്തിലേറെ കുട്ടികള്‍ തങ്ങളുടെ കലാപാടവം തെളിയിക്കും.കലോത്സവം 20 നു വൈകീട്ട് സമാപിക്കും.പ്രതിപക്ഷനേതാവ് വി എസ്  അച്ചുതാനന്ദന്‍ സമാപനചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യും.ഇനിയുള്ള 6 ദിനരാത്രങ്ങള്‍ മലപ്പുറം നിവാസികള്‍ക്ക് ഉറക്കമിളച്ച് കലാവിരുന്ന് ആസ്വദിക്കാം.
  

2012 നവംബർ 18, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം-ജനവരി 14 മുതല്‍ മലപ്പുറത്ത്



മലയാള ഭാഷാപിതാവ് തുഞ്ചത്താചാര്യന്റെയും,മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരുടെയും ഓര്‍മ്മകള്‍ നിറഞ്ഞ മലപ്പുറത്ത് 2013 ജനവരി 14 മുതല്‍ 20 വരെ സ്കൂള്‍ കലോത്സവം  നടത്തുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.മുഖ്യവേദിയായ എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘാടക സമിതി ആപ്പീസ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയതു.കലോത്സവത്തിന്റെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി ഇ അഹമ്മദ് നിര്‍വ്വഹിച്ചു.കോഴിക്കോട് പാലോറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ പി സതീഷ്‌കുമാറാണ് ലോഗോ തയ്യാറാക്കിയത്.
ഇക്കുറി പുതുതായി ഉള്‍പ്പെടുത്തിയ 13 ഇനങ്ങള്‍ അടക്കം ആകെ 232 ഇനങ്ങളിലായി 12500ലേ റെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവം മലപ്പുറത്തും പരിസരത്തുമുള്ള 18 വേദികളിലായാണ് നടക്കുന്നത്.
മുഖ്യ വേദി പെരിന്തല്‍മണ്ണ റോഡിലുള്ള എം എസ് പി ഗ്രൌണ്ടിലാണ് സജ്ജമാക്കുന്നത്.മറ്റു വേദികള്‍ താഴെ പറയുന്നവയാണ്.
1.അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം(കോട്ടക്കുന്ന്)  2.എം എസ് പി മൈതാനം കൂട്ടിലങ്ങാടി 3.മുന്‍സിപ്പാല്‍ ടൌണ്‍ ഹാള്‍  4.കോട്ടപ്പടി മൈതാനം 5.ഗവ.ബോയ്സ് ഹൈസ്കൂള്‍  6.ഗവ.ഗേള്‍സ്‌ ഹൈസ്കൂള്‍  7.സെന്റ്‌ ജെമ്മാസ് ഗേള്‍സ്‌ സ്കൂള്‍  8.ഡി ടി പി സി ഹാള്‍ കോട്ടക്കുന്ന് 9.പാലസ് ഓഡിറ്റോറിയം 10.മലപ്പുറം എ യു പി സ്കൂള്‍ 11.കിഴക്കേതല ഇസ്ലാഹിയ ഹൈസ്കൂള്‍ 12.എം എസ് പി ഇ എം സ്കൂള്‍ 13.കേന്ദ്രീയ വിദ്യാലയം 14.എം എസ് പി കമ്മ്യൂണിറ്റി ഹാള്‍  15 & 16. ഗവ.കോളേജ്(രണ്ടു വേദികള്‍)17.കോട്ടപ്പടി ബസ് സ്റ്റാന്‍റ്  ഓഡിറ്റോറിയം എന്നിവയാണ് മത്സരവേദികളായി തീരുമാനിച്ചിരിക്കുന്നത്.വേദികള്‍ സംഘാടക സമിതി അംഗങ്ങളും വിദ്യാഭ്യാസവകുപ്പ് മേധാവികളും സന്ദര്‍ശിച്ചു സൌകര്യങ്ങള്‍ വിലയിരുത്തി.മലപ്പുറത്ത് ആദ്യമായി വേദിയാകുന്ന കലോലോല്‍സവം വന്‍ വിജയമാക്കുതിനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.

2012 ഒക്‌ടോബർ 8, തിങ്കളാഴ്‌ച

വെനേസ്വലെ വീണ്ടും ചുവന്നു...ഷാവേസ് പ്രസിഡന്റ്‌

അന്താരാഷ്‌ട്ര നിരീക്ഷണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ തെക്കേ അമേരിക്കന്‍ രാജ്യമായ വെനേസ്വലേയില്‍ ഇന്നലെ നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് വീണ്ടും പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.വലതുപക്ഷ മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും സാമ്രാജ്യത്തശക്തികളുടെ കുത്തിത്തിരുപ്പുകളെയും അതിജീവിച്ച് തുടര്‍ച്ചയായി നാലാം തവണയാണ് ഷാവേസ് പ്രസിഡന്റ്‌ ആയി അധികാരമേല്‍ക്കുന്നത്.എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രതിപക്ഷ നേതാവിനെ 54 % വോട്ടുകള്‍ നേടിയാണ്‌ ഷാവേസ് പരാജയപ്പെടുത്തിയത്.മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും ഭിന്നമായ ജനപക്ഷ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഷാവേസിന്റെ ഐതിഹാസികമായ ഈ വിജയം.

2012 ഒക്‌ടോബർ 7, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ കരീബിയന്‍ കിനാവുകള്‍ പൂവണിഞ്ഞു,ലങ്കയ്ക്ക് തോല്‍വി...

ട്വന്റി 20 ലോകകപ്പിന്റെ കലാശക്കളിയില്‍ ശ്രീലങ്കയെ 36 റണ്‍സിനു തോല്‍പ്പിച്ചു, വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലോകചാമ്പ്യന്‍ കിരീടമെന്ന സ്വപ്നം കരീബിയന്‍ കളിക്കാര്‍ ഇന്ന് സാക്ഷാല്‍ക്കരിച്ചു.കളിയില്‍ കരുത്തരെങ്കിലും കരീബിയന്‍ കളിക്കാര്‍ക്ക്‌ ഒരു ലോകകപ്പില്‍ മുത്തമിടാനായത് 1979 ന് ശേഷം 33 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം.കൊളോമ്പോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 35000 ത്തിലേറെ കാണികളെ സാക്ഷി നിര്‍ത്തി വെസ്റ്റ്ഇന്‍ഡീസ് ശ്രീലങ്കക്കെതിരെ നേടിയ ഈ ചരിത്രവിജയം എന്നെന്നും ഓര്‍മ്മിക്കപ്പെടും.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസിന് തുണയായത് 56 പന്തുകളില്‍ നിന്നും 3 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ആകെ 78 റണ്‍സിന്റെ അടിത്തറ തീര്‍ത്ത മാരിയോണ്‍ സാമുവലിന്റെ മികച്ച പ്രകടനമാണ്.ബാറ്റുകളില്‍ നിന്നും വെടിക്കെട്ടുകള്‍ തീര്‍ക്കാറുള്ള ക്രിസ് ഗയിലിനു 16 പന്തുകളില്‍ നിന്നും 3 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.സാമുവലിനെ കൂടാതെ അവരുടെ വിജയത്തിനു താങ്ങായി തീര്‍ന്നത് ക്യാപ്ടന്‍ സമ്മിയുടെ 26 റണ്‍സും,ബ്രാവോ നേടിയ 19 റണ്‍സുമാണ്.മറ്റു കളിക്കാര്‍ക്ക്‌ രണ്ടക്കം തികകയ്ക്കാന്‍ പോലും കഴിഞ്ഞില്ല.വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്ങ്സ് അവസാനിച്ചത്‌ 20 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 137 റണ്‍സുമായാണ്.ശ്രീലങ്കയുടെ ബൌളിങ്ങില്‍ എടുത്തു പറയേണ്ടത് ക്രിസ് ഗയിലിനെ ഉള്‍പ്പെടെ 4  കളിക്കാരെ മടക്കി അയച്ച അജന്ത മെന്‍ഡീനിന്റെ മികച്ച പ്രകടനമാണ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 18 .4 ഓവറുകളില്‍ 101 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.36 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്ത ജയവര്‍ദ്ധനയ്ക്കും, 13 പന്തുകളില്‍ നിന്നും 26 റണ്‍സ് നേടിയ കുലശേഖരയ്ക്കും,26 പന്തുകളെ നേരിട്ട് 22 റണ്‍സെടുത്ത സംഗക്കാരയ്ക്കും ലങ്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായില്ല.ഒടുവില്‍ 36 റണ്‍സിനു തോല്‍വി സമ്മതിച്ച് ശ്രീലങ്കയ്ക്ക് അടിയറവ് പറയേണ്ടി വന്നു.

2012 സെപ്റ്റംബർ 26, ബുധനാഴ്‌ച

ട്വെന്റി 20 പ്രാഥമികറൌണ്ട് പൂര്‍ത്തിയായി,സുപ്പര്‍ 8 മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വെന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിന്റെ പ്രാഥമികറൌണ്ട് മത്സരങ്ങള്‍ ഇന്നലെ ശ്രീലങ്കയില്‍ പൂര്‍ത്തിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍,അയര്‍ലാന്ഡ്,സിംബാബ്വേ,ബംഗ്ലാദേശ് എന്നീ ടീമുകള്‍ നാളെ തുടങ്ങാനിരിക്കുന്ന സുപ്പര്‍ 8 മത്സരങ്ങളില്‍ കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങി.അത്ഭുതങ്ങള്‍ക്കും അട്ടിമറികള്‍ക്കും ഇടം കിട്ടാതെ സമാപിച്ച ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയുടെ അജാന്ത മെന്ടീസും ഇന്ത്യയുടെ ഹര്‍ഭജനും കാഴ്ചവെച്ച ബൌളിംഗ് മികവും,ന്യൂസീലാന്‍ഡ്‌ താരം ബ്രാണ്ടൊന്‍ മെക്കല്ലത്തിന്റെ സെഞ്ചുറിയും എന്നും ഓര്‍മ്മിക്കപ്പെടും.ഒരു കളിയിലും ജയം കാണാനാവാതെ മഴയുടെ സഹായം കൊണ്ട് മാത്രം വിണ്ടീസ് ടീമിന് സുപ്പര്‍ 8 ല്‍ കടന്നുകൂടാനായതും ശ്രദ്ധിക്കപ്പെട്ടു.എ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായതും നന്നായി.ഗ്രൂപ്പ്തല മത്സരങ്ങളില്‍ കളിച്ച രണ്ടു കളികളിലും ജയിച്ച് 4 പോയിന്റുകളോടെ ആധിപത്യം ഉറപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.ആസ്ട്രേലിയ,ശ്രീലങ്ക,പാക്കിസ്ഥാന്‍  എന്നീ ടീമുകള്‍ക്ക് യഥാക്രമം ബി,സി,ഡി ഗ്രൂപ്പുകളില്‍ 4 പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പ് ചമ്പ്യന്മാരാകാനും സാധിച്ചു.സുപ്പര്‍ 8 ല്‍ മത്സരിക്കുന്ന ഒന്നാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ശ്രീലങ്ക,ന്യൂസീലാണ്ട്,വെസ്ടിണ്ടീസ് എന്നീ ടീമുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ,ആസ്ട്രേലിയ,ദ.ആഫ്രിക്ക,പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍.സുപ്പര്‍ 8 മത്സരങ്ങളില്‍ ഓരോ ടീമിനും മൂന്നു വീതം മത്സരങ്ങളില്‍ മാറ്റുരയ്ക്കാം.ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 .30 നു പ്രേമദാസ സ്റ്റേഡിയത്തില്‍ ഒസീസുമായാണ്.സപ്തംബര്‍ 30 നു പാക്കിസ്ഥാനെയും,ഒക്ടോബര്‍ 2 നു ദ.ആഫ്രിക്കയെയും ഇന്ത്യ നേരിടും.സുപ്പര്‍ 8 ലെ ആദ്യമത്സരം നാളെ 3 .30 കാന്‍ഡിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും തമ്മിലാണ്.സുപ്പര്‍ 8 മത്സരങ്ങള്‍ ഒക്ടോബര്‍ 2 നു സമാപിക്കും.ഒക്ടോബര്‍ 4 ,5 തിയ്യതികലിലാണ് സെമിഫൈനലുകള്‍ നടക്കുന്നത്.

2012 സെപ്റ്റംബർ 19, ബുധനാഴ്‌ച

ട്വെന്റി 20 ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശ്രീലങ്കയില്‍ തുടക്കമായി

അജാന്ത മെണ്ടീസിന്റെയും ജീവന്‍ മെണ്ടീസിന്റെയും മിന്നുന്ന ബൌളിംഗ് പ്രകടനത്തിന്റെ സഹായത്താല്‍ സിംബാബ്വെക്കെത്തിരെ  ഗ്രൂപ്പ് സി പ്രാഥമികറൌണ്ട് മത്സരത്തില്‍ ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച് ട്വെന്റി 20 ലോകകപ്പിന് ശ്രീലങ്കയില്‍ തുടക്കമായി.
ഹബന്‍ടോട്ടയില്‍ വെച്ച് നടന്ന  
ഉല്‍ഘാടനമത്സരത്തില്‍ 4 ഓവറുകളില്‍ 8 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ അജാന്ത മെണ്ടിസ്,  3 വിക്കറ്റുകള്‍ നേടിയ ജീവന്‍ മെണ്ടിസ് എന്നീ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സിംബാബ് വേക്ക് അടിയറവ് പറയേണ്ടിവന്നു. ടോസ് നഷ്ടപ്പെട്ട ലങ്ക ആദ്യം ബാറ്റ് ചെയ്തു.4 വിക്കറ്റ് നഷ്ടത്തില്‍ എതിരാളികള്‍ക്ക് 183 റണ്സിറെ വിജയലക്ഷ്യം കുറിച്ചു.എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെയും കാണികളെയും അമ്പരപ്പിച്ചു കൊണ്ട് ലങ്കയ്ക്ക് ട്വെന്റി 20  യിലെ  ഒരു റിക്കാര്‍ഡും സമ്മാനിച്ച്‌ അജാന്ത് മെണ്ടിസ് സിംബാബ് വെയെ വിജലക്ഷ്യത്ത്തിന്റെ അടുത്തെത്താന്‍ പോലും സമ്മതിച്ചില്ല.15 പന്തുകള്‍ ബാക്കി നില്‍ക്കെ സിംബാബ് വെയുടെ എല്ലാ കളിക്കാര്‍ക്കും പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. സ്കോര്‍ ശ്രീലങ്ക-182 /4 (20 ),സിംബാബ്വേ-100 /10 (17 .3 ).ഇതോടെ സി ഗ്രൂപ്പില്‍ 2 പോയിന്റുകള്‍ നേടി ശ്രീലങ്ക സുപ്പര്‍ 8 ലേക്കുള്ള വഴി ഭദ്രമാക്കി.അജാന്ത് മെണ്ടിസാണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ന് ആദ്യത്തെ കളിയില്‍ ബി ഗ്രൂപ്പില്‍ ഓസ്ട്രാലിയ അയര്‍ലാണ്ടിനേയും,രണ്ടാമത്തെ കളിയില്‍ എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെയും നേരിടും.

2012 ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ലണ്ടന്‍ ഒളിമ്പിക്സ് കൊടിയിറങ്ങി;ഓവറോള്‍ കിരീടം അമേരിക്ക നേടി...

കായികലോകത്ത് അമേരിക്കയുടെ കരുത്ത് അരക്കിട്ടുറപ്പിച്ച് ലണ്ടന്‍ ഒളിമ്പിക്സ് കൊടിയിറങ്ങി.നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം തട്ടകത്തില്‍ നേടിയ മെഡല്‍ വേട്ട ലണ്ടനില്‍ ആവര്‍ത്തിക്കാന്‍ ചൈനക്ക് സാധിക്കാതെ പോയി.46 സ്വര്‍ണ്ണം 29 വെള്ളി 29 വെങ്കലം എന്നിങ്ങനെ മൊത്തം 104 മെഡലുകള്‍ വാരിക്കൂട്ടി ലണ്ടന്‍ ഒളിമ്പിക്സില്‍ അമേരിക്ക ഓവറോള്‍ കിരീടം ചൂടി.നിലവിലുള്ള ചാമ്പ്യന്‍മാരായ ചൈനക്ക് 38 സ്വര്‍ണ്ണവും 27 വെള്ളിയും 22 വെങ്കലവുമടക്കം 87 മെഡലുകള്‍ നേടാന്‍ മാത്രമേ  കഴിഞ്ഞുള്ളൂ.ആതിഥേയരായ ബ്രിട്ടനാവട്ടെ മെഡല്‍വേട്ടയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്തി 29 സ്വര്‍ണ്ണവും 17 വെള്ളിയും 19 വെങ്കലവും നേടി മൂന്നാംസ്ഥാനത്ത് നിലയുറപ്പിച്ചു.ഏറെ പ്രതീക്ഷകളുമായി വിമാനം കയറിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് രാജ്യത്തിന്റെ സുവര്‍ണ്ണസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല
മുന്‍ കാലങ്ങളില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടി.2 വെള്ളിയും 4 വെങ്കലവും കൂടി 6 മെഡലുകള്‍. 
.ഷൂട്ടിങ്ങില്‍ വിജയ്‌ കുമാറും ഗഗന്‍ നാരംഗും,ഗുസ്തിയില്‍ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും,ബാഡ്മിന്ടനില്‍ സൈനാ നെഹ്വാളും ഇന്തയുടെ മാനം കാത്തു. ഇന്ന് പുലര്‍ച്ചെ 1 .30 നു പ്രധാന വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ നിറപ്പകിട്ടാര്‍ന്ന സമാപനചടങ്ങുകള്‍ ഒരു ലക്ഷത്തോളം കാണികളും ലോകത്തെങ്ങുമുള്ള കോടിക്കണക്കിനു ടിവി പ്രേക്ഷകരും ആവേശപൂര്‍വ്വം വീക്ഷിച്ചു.'എ സിംഫണി ഓഫ് ബ്രിട്ടീഷ് മ്യൂസിക്‌' എന്ന സംഗീത പരിപാടി സ്പ്പൈസ് ഗേള്‍സും സംഘവും അവതരിപ്പിച്ചു.അടുത്ത ഒളിംപിക്സിന്റെ വേദിയായ ബ്രസീലിലെ റിയോ ഡി ജനീറക്ക്‌ ഒളിമ്പിക് ബാറ്റന്‍ കൈമാറി.2016 ആഗസ്ത് 5 മുതല്‍ 21 വരെയാണ് മുപ്പത്തിയൊന്നാം ഒളിമ്പിക്സ് നടക്കുന്നത്.പല ദേശക്കാര്‍,ഭാഷക്കാര്‍,വേഷക്കാര്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒത്തുകൂടി ഇന്ന് വേര്‍പിരിയുന്നു...നീന്തല്‍ക്കുളത്തില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തി അത്ഭുതം വിരചിച്ച അമേരിക്കന്‍ നീന്തല്‍ താരം മൈക്കേല്‍ ഫെല്പ്സും,ട്രാക്കില്‍ മിന്നല്‍പ്പിണരുകള്‍
പോലെ ഓടി ഫിനിഷ് ചെയ്ത  
 ജമൈക്കന്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും  സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ ചൈനയിലെ ചുണക്കുട്ടികളും അക്കൂട്ടത്തിലുണ്ട്...
അവരെല്ലാം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു ബ്രസീലിലെ റിയോ ഡി ജനീറയില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ ലണ്ടന്‍ നഗരത്തില്‍ നിന്നും വിടവാങ്ങി...കൂടുതല്‍ ദൂരങ്ങളും ഉയരങ്ങളും കീഴടക്കാന്‍...അടുത്ത ഒളിമ്പിക്സിലേക്ക്...