2009 ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ത്യാഗരാജോല്‍സവം സമാപിച്ചു

ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 12 മുതല്‍ 16 വരെ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാന്ഗുഡി നഗറില്‍ നടന്നുവന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിന് തിരശ്ശീല വീണു. പ്രസിദ്ധ സംഗീതജ്ഞന്‍ മാങ്ങാട് കെ.നടേശന്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.സര്‍വ്വശ്രീ എം എസ് സുന്ദരരാജന്‍,പാലാ സി കെ രാമചന്ദ്രന്‍,ഡോ.ടി എം സര്‍വ്വോത്തമന്‍ നെടുങ്ങാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.മാനേജിംഗ് ട്രസ്റ്റി ഡോ .എ.രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി ശ്രീ.എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ശേഷം കെ വി എസ് ബാബു & പാര്‍ട്ടി യുടെ സംഗീതിക ത്യാഗരാജ ദിവ്യനാമകൃതികള്‍ അരങ്ങേറി.തുടര്‍ന്ന് ത്യാഗരാജാരാധകരുടെ സംഗീതാര്‍ച്ചനകളും പ്രശസ്ത സംഗീത വിദ്വാന്മാരുടെ കച്ചേരികളും നടന്നു.പതിനാലിന് ശനിയാഴ്ച പ്രഗല്‍ഭ സംഗീതജ്ഞര്‍ പന്കെടുത്ത പഞ്ചരത്നകൃതികളുടെ ആലാപനം സദസ്സിനു വേറിട്ട അനുഭവമായി. പതിനാറിന് രാത്രി ആന്ജനേയോല്‍സവത്തോടെ സംഗീതോല്സവത്തിനു സമാപനമായി. സംഗീതാഭ്യസനത്തില്‍ തുടക്കക്കാരായ കുരുന്നു പ്രതിഭകള്‍ മുതല്‍ ലബ്ധ പ്രതിഷ്ടരായ സംഗീത സാമ്രാട്ടുകള്‍ വരെ ദിവസവും നല്കിയ സംഗീത വിരുന്ന് കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി എന്നും മനസ്സില്‍ സൂക്ഷിക്കാം.

2009 ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദേശീയ കാര്‍ഷിക സെമിനാര്‍ സമാപിച്ചു

ബദല്‍ കാര്‍ഷിക നയം അംഗീകരിച്ചും,കരട് അവകാശ പത്രികയ്ക്കു രൂപം നല്‍കിയും കഴിഞ്ഞ രണ്ട് ദിവസമായി കല്പറ്റയില്‍ നടന്നു വന്ന കര്‍ഷകകര്‍ഷകതൊഴിലാളി സെമിനാറിന് സമാപനമായി.കര്‍ഷകര്‍ക്ക് ന്യായവിലയും,കര്‍ഷകതൊഴിലാളികള്‍ക്ക് മിനിമംകൂലിയും ഉറപ്പാക്കണമെന്ന് അവകാശ പത്രികയില്‍ ആവശ്യപ്പെടുന്നു.ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് താമസിയാതെ രൂപം നല്കും.കാര്‍ഷിക -ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് പൊതുമുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കണമെന്നും സെമിനാര്‍ അംഗീകരിച്ച 18 ഇന അവകാശപത്രികയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പ് വരുത്തുക,ഭകഷ്യസുരക്ഷ ഉറപ്പാക്കാന്‍ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക,ഊഹക്കച്ചവടവും അവധി വ്യാപാരവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കരടു പത്രികയില്‍ ഉന്നയിച്ചിട്ടുണ്ട്.അഖിലേന്ത്യാ കിസാന്‍സഭയുടേയും കര്‍ഷക തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസമായി അഞ്ചു സെഷനുകളിലായി നടന്ന ചര്‍ച്ചകളുടെയും സെമിനാറുകളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരടു അവകാശപത്രിക കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ.വരദരാജനാണ് പുറത്തിറക്കിയത്.കിസാന്‍ സഭാ അഖിലേന്ത്യാ പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു.

2009 ഫെബ്രുവരി 1, ഞായറാഴ്‌ച

നവകേരളമാര്‍ച്ചിന് നാളെ തുടക്കം


സുരക്ഷിത ഇന്ത്യ,ഐശ്വര്യകേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി സ:പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനു നാളെ മഞ്ചേശ്വത്ത് തുടക്കമാവും. പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പര്‍ സ:എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉല്‍ഘാടനം ചെയ്യും.പി കരുണാകരന്‍ എം പി ,മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.ഉല്‍ഘാടനം വിജയിപ്പിക്കാന്‍ മഞ്ചേശ്വരവും, മാര്‍ച്ചിനെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും മാര്‍ച്ച് കടന്നുപോവും.എല്ലായിടങ്ങളിലും സ്വാഗതകമാനങ്ങളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു .മൂന്ന് വര്‍ഷങള്‍ക്ക് മുമ്പ് സ:പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തെ ഇളക്കി മറിച്ച മാര്‍ച്ചിനേക്കാള്‍ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.

2009 ജനുവരി 25, ഞായറാഴ്‌ച

ദുബായില്‍ ഡി സി ബുക്സ് ഷോറൂം തുറന്നു

വിദേശത്ത് ഷോറൂം തുറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പുസ്തക പ്രസാധകരെന്ന ബഹുമതി സ്വന്തമാക്കി ഡി സി ബുക്സിന്റെ ഷോറൂം ദുബായിലെ കരാമയില്‍ തുടങ്ങി.മണലാരണ്യത്തിന്‍റെ നാട്ടിലും മാലയാളിക്ക് പ്രിയപ്പെട്ട പ്രസാധകരുടെ പുസ്തകങ്ങള്‍ ഇനി കൈയ്യെത്തുംദൂരത്ത്‌ ലഭിക്കും.നിരവധി മാധ്യമ പ്രവര്‍ത്തകര്‍,അക്ഷരസ്നേഹികള്‍,അഭ്യുദയകാംക്ഷികള്‍ മുതലായവരെ സാക്ഷി നിര്‍ത്തി പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഷോറൂം ഉല്‍ഘാടനം ചെയ്തു.രവി ഡി സി യും സന്നിഹിതനായിരുന്നു.കരാമയിലെ ഡേ ടു ഡേ സെന്ററിനു പിന്‍ വശമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹ്യുമാനിറ്റേറിയന്‍ ചാരിറ്റി ഫണ്ട് ബില്‍ഡിങ്ങില്‍ ഷോപ്പ് നമ്പര്‍ 14 ലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്.മലയാളം-ഇംഗ്ലീഷ് ഭാഷകളിലെ ഏറ്റവും പുതിയവ ഉള്‍പ്പെടെ വിപുലമായ ഒരു പുസ്തകശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.ബന്ധപ്പെടാനുള്ള നമ്പറുകള്‍-04-3979467, 0501669547,0558918292,04-3979468.

2009 ജനുവരി 5, തിങ്കളാഴ്‌ച

സ്കൂള്‍കലോല്‍സവം-സ്വര്‍ണ്ണക്കപ്പ് കോഴിക്കോട്ടേക്ക്

മല്‍സര വേദികളുണര്‍ന്നത് മുതല്‍ പോയിന്റ് നിലയില്‍ ആധിപത്യം പുലര്‍ത്തിപ്പോന്ന കോഴിക്കോട് ജില്ല,പതിനേഴരപ്പവന്‍റെ സ്വര്‍ണക്കപ്പ് വീണ്ടും നേടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.കലോല്‍സവം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകളും ഒന്പതിനങ്ങളും ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ല മൊത്തം 712 പോയിന്റുമായി വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 332 ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 380 ഉം പോയിന്‍റുകളുമാണ് ജില്ല സ്വന്തമാക്കിയിരിക്കുന്നത്.682 പോയിന്റുമായി തൃശ്ശൂരും 663 പോയിന്റുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തില്‍ 71 പോയിന്റ് നേടി കണ്ണൂര്‍ സെന്റ് തെരേസസ് ഒന്നാം സ്ഥാനത്തും, 57 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ് എസ് രണ്ടാം സ്ഥാനത്തുമാണ്.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് 91 പൊയിന്‍റുമായി ഒന്നാം സ്ഥാനത്തും,77 പോയിന്‍റുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമാണ്.സംസ്കൃതോല്‍സവത്തില്‍ 89 പോയിന്‍റ് നേടി തൃശ്ശൂരും,അറബിക് കലോല്‍സവത്തില്‍ 90 പോയിന്‍റ് നേടി മലപ്പുറവും കിരീടം ചൂടി.അടുത്ത വര്ഷത്തെ സ്കൂള്‍ കലോല്‍സവം 2010 ജനുവരി 4 മുതല്‍ 10 വരെ കോഴിക്കോട്ട് നടത്താന്‍ തീരുമാനമായി.

2009 ജനുവരി 3, ശനിയാഴ്‌ച

കിളിനോച്ചി കീഴടക്കി

തമിഴ് പുലികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് എല്‍ടിടിഇ ഭരണസിരാകേന്ദ്രം ശ്രീലങ്കന്‍ സൈന്യം പിടിച്ചടക്കി.കാല്‍നൂറ്റാണ്ട് കാലത്തെ പോരാട്ടത്തിനിടെ ജാഫ്നയുടെ പതനത്തിന് ശേഷം പുലികള്‍ക്കേറ്റ വലിയ പരാജയമാണിത്.പ്രഭാകരനടക്കമുള്ള പുലി നേതാക്കള്‍ എവിടെയാണെന്നറിയില്ല.ഇപ്പോഴും എല്‍ ടി ടി ഇ നിയന്ത്രണത്തിലുള്ള മുല്ലത്തീവിനടുത്തുള്ള ഏതെങ്കിലും പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് സൈന്യം കരുതുന്നു.കൊളൊംബോവിന് 330 കിലോമീറ്റര്‍ അകലെയുള്ള കിളിനോച്ചി കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ പുലികള്‍ സമാന്തര സര്‍ക്കാരിനെ നിയന്തിച്ചിരുന്നത്‌.മാസങ്ങള്‍ നീണ്ടു നിന്ന സൈനിക നീക്കത്തിനൊടുവില്‍,വെള്ളിയാഴ്ച്ച മൂന്നു ഭാഗത്ത് കൂടിയുള്ള ആക്രമണത്തിലൂടെ ശ്രീലങ്കന്‍ സേന കിളിനോച്ചിയിലേക്ക് ഇരച്ചു കയറുകയായിരുന്നു.റയില്‍വേസ്റ്റേഷന്‍ അടക്കമുള്ള കിളിനോച്ചിയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ശ്രീലങ്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.എല്‍ടിടിഇ കമാന്ഡര്‍ ഇളംപെരിയനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.അതിനിടെ കൊളൊംബോയിലെ വ്യോമസേനാ ആസ്ഥാനതിനടുത്തു നടന്ന ചാവേറാക്റമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിളിനോച്ചി കീഴടക്കിയാലും ഗറില്ലാ യുദ്ധം തുടരുമെന്ന് പുലികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2008 ഡിസംബർ 31, ബുധനാഴ്‌ച

സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു

വര്‍ണാഭമായ സാംസ്കാരിക ഘോഷയാത്രയോടെ സംസ്ഥാന സ്കൂള്‍ കലോല്‍സവത്തിന് തിരുവനന്തപുരത്ത് തിരി തെളിഞ്ഞു.യൂനിവേഴ്സിറ്റി കോളേജില്‍ നിന്നാരംഭിച്ച ഘോഷയാത്രയില്‍ നിരവധി നിശ്ചലദൃശ്യങ്ങളും തനിമയാര്‍ന്ന കേരളീയ കലാരൂപങ്ങളും അകമ്പടി സേവിച്ചു. ഘോഷയാത്ര പ്രധാന വേദി ഒരുക്കിയിരിക്കുന്ന പുത്തരിക്കണ്ടം മൈതാനിയില്‍ സമാപിച്ചു.പതിനായിരങ്ങളെ സാക്ഷിനിര്‍ത്തി മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ കലോലോസവം ഉല്‍ഘാടനം ചെയ്തു.ഓഎന്‍വി -എംകെ അര്‍ജുനന്‍ ടീം ഒരുക്കിയ മുദ്രാ ഗാനത്തിന്‍റെ നൃത്താവിഷ്ക്കാരത്തോടെയാണ് ഉല്‍ഘാടന ചടങ്ങുകള്‍ തുടങ്ങിയത്.വിദ്യാഭ്യാസ മന്ത്രി എം എ ബേബി ആധ്യക്ഷം വഹിച്ച ചടങ്ങില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട കവി ഓഎന്‍വി കുറുപ്പ് മുഖ്യാഥിതിയായി.മേയര്‍ സി.ജയന്‍ബാബു,മന്ത്രിമാരായ എം.വിജയകുമാര്‍,സി.ദിവാകരന്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.പൊതു വിദ്യാഭ്യാസ സെക്രട്ടറി ജെയിംസ് വര്‍ഗീസ്‌ സ്വാഗതവും ഡിപിഐ എ പി എം മുഹമ്മദ് ഹനീഷ് നന്ദിയും പറഞ്ഞു.ഉള്ഘാടനതിനു ശേഷം വിവിധ വേദികളിലായി ഹൈസ്കൂള്‍ വിഭാഗം മോഹിനിയാട്ടം, ചെണ്ടമേളം, ദേശഭക്തിഗാനം ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ കേരളനടനം,മൂകാഭിനയം,ദേശഭക്തിഗാനം എന്നീ മല്‍സരങ്ങള്‍ നടന്നു. 16 വേദികളിലായി നടക്കുന്ന കലോല്‍സവം ജനുവരി 5 ന് സമാപിക്കും.