2013 ജൂലൈ 10, ബുധനാഴ്‌ച

റമളാൻ വരവായ്...ഇനി വ്രതാനുഷ്ടാനത്തിന്റെ നാളുകൾ...


വ്രതാനുഷ്ടാനത്തിന്റെ ദിനരാത്രങ്ങളുമായി പരിശുദ്ധ റമളാൻ പടിവാതിൽക്കൽ എത്തി നില്ക്കുന്നു...പശ്ചിമാകാശത്തിൽ മാസപ്പിറവി കണ്ടതോടെ  മുസ്ലിമീങ്ങൾക്ക് ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകൾ വരവായി..നൂറ്റാണ്ടുകൾക്ക് മുന്നേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കി വാണിരുന്ന അറേബ്യയിൽ അന്ത്യപ്രാവാചകനായ മുഹമ്മദ്‌ നബി (സ.അ) തൗഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു...ഇസ്ലാം അനുശാസിക്കുന്ന നിർബന്ധ കർമ്മങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് റമളാൻ മാസത്തിലെ നോമ്പ്.പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് ശരീരത്തെയും മനസ്സിനേയും ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കൈവന്ന സുവർണാവസരമാണ് ഈ പുണ്യമാസം...വിശ്വാസികൾ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തിൽ മുഴുകി സർവ്വശക്തനായ അല്ലാഹുവിൽ അഭയം തേടുന്നു.പകൽ ആഹാരനീഹാരാദികൾ വെടിഞ്ഞതു കൊണ്ട് മാത്രം റമളാനിന്റെ ലക്ഷ്യങ്ങൾ പൂർണമാവുന്നില്ല.മനസാ വാചാ കർമ്മണാ എല്ലാ പാപങ്ങളിൽ നിന്നും അകന്നു നില്ക്കാനാണ് അല്ലാഹു കല്പ്പിക്കുന്നത്.
ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളിൽ നിന്നും മുക്തി നേടിയാൽ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുകയുള്ളൂ...ദാന ധർമ്മാദികൾ ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി തീർന്ന പരിശുദ്ധ ഖൂർ ആൻ അവതരിക്കപ്പെട്ടതും ഈ പുണ്യമാസത്തിലാണ്.അവിശ്വാസികൾക്ക്‌ എതിരെ വിശ്വാസികൾ ഐതിഹാസിക വിജയം നേടിയ ബദർ ദിനവും റമളാനിലാണ്. ആയിരം രാവുകളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദിർ ഈ മാസത്തിലെ ഇരുപത്തിയേഴാം രാവാണ്‌................. രാത്രി കാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുർ ആൻ പാരായണവും അവസാനത്തെ പത്തു നാളുകളിൽ പള്ളികളിൽ ഇ ഇത്തിക്കാഫ് ഇരിക്കലും ഈ മാസത്തിലെ പുണ്യകർമ്മങ്ങളിൽ ചിലത് മാത്രം...റമളാ നിലും തുടർന്നും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എല്ലാവരിലും ഉണ്ടാവട്ടെ...

2013 ഏപ്രിൽ 8, തിങ്കളാഴ്‌ച

കണ്ണൂരിനെ ചെങ്കടലാക്കി സിഐടിയു സമ്മേളനം സമാപിച്ചു...

തൊഴിലെടുത്ത് ഉപജീവനം കഴിക്കുന്നവരുടെ സമരസംഘടനയായ   സിഐടിയുവിന്റെ പതിനാലാമത് ദേശീയസമ്മേളനം
കണ്ണൂരിനെ ചെങ്കടലാക്കി ഇന്ന് വൈകീട്ട് മഹാസംഗമത്തോടെ സമാപിച്ചു. ജില്ലയിലെ ഉൾനാടുകളിലെ ഊടുവഴികളും നാട്ടുപാതകളും
കടന്നു പതിനായിരങ്ങൾ ചെമ്പതാകകൾ തോളിലേന്തി രാവിലെ മുതൽ
നഗരത്തിലേക്ക് ഒഴുകിയെത്തുകയായിരുന്നു. കൈത്തറിനെയ്ത്തും ,ബീഡി തെറുപ്പും,  കാർഷികവൃത്തിയും തൊഴിലായി സ്വീകരിച്ചും തെയ്യവും തിറയും തങ്ങളുടെ  ജീവിതത്തിന്റെ ഭാഗമായി ഇഴചേർത്തും, അസമത്വത്തിനും അനീതിക്കുമെതിരെ നിരന്തരം പോരാടിയും, ഊതിക്കാച്ചിയ പൊന്നിന്റെ തിളക്കമാർന്ന കണ്ണൂരിലെ ജനങ്ങൾ കയ്യും  മെയ്യും മറന്നു സമ്മേളനത്തെ വൻ വിജയമാക്കുകയായിരുന്നു. നേരത്തെ സമാപിച്ച പ്രതിനിധി സമ്മേളനം എ കെ പദ്മനാഭനെ
പ്രസിഡന്റായും തപൻ സെന്നിനെ ജനറൽ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു.
കെ പി ആർ പണിക്കരുടെ വിപ്ലവഗായകസംഘം അവതരിപ്പിച്ച ഗാനമേളയോടെ ആരംഭിച്ച സമാപനസമ്മേളനം എ കെ പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജോർജ്  മാവ്റിക്കോസ്,
 കോടിയേരി ബാലകൃഷ്ണൻ, തപൻ സെൻ, ഡോ. ഹേമലത, ആനത്തലവട്ടം ആനന്ദൻ,എളമരം കരീം എന്നിവർ പ്രസംഗിച്ചു. കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.

2013 ഏപ്രിൽ 3, ബുധനാഴ്‌ച

ചുവപ്പ്കോട്ടയിൽ സംഘശക്തിയുടെ കരുത്തുമായി സിഐടിയു അഖിലേന്ത്യാ സമ്മേളനം കൊടിയേറി....



ചരിത്രം അടയാളപ്പെടുത്തിയ അനേകം പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച,സമരസഖാക്കളുടെ ചുടുചോര വീണു ചുവന്ന കണ്ണൂരിന്റെ മണ്ണിൽ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ മുന്നണിപ്പോരാളിയായ സിഐടിയുവിന്റെ പതിനാലാമത് ദേശീയസമ്മേളനം കൊടിയേറി
പുന്നപ്ര-വയലാർ സമരഭൂമിയിലെ വലിയചുടുകാട്ടിൽ നിന്നും എത്തിയ
പതാകജാഥയും,കയ്യൂരിൽ നിന്നും പ്രയാണമാരംഭിച്ച കൊടിമാരജാഥയും,
തില്ലങ്കെരിയിൽ നിന്നും പുറപ്പെട്ട ദീപശിഖാജാഥയും ഇന്ന് വൈകീട്ട് എകെജി
സ്ക്വയറിൽ സംഗമിച്ച് ബാൻഡ് വാദ്യം മുത്തുക്കുടകൾ തുടങ്ങിയവയുടെ അകമ്പടിയോടെ പതിനായിരങ്ങളുടെ അഭിവാദ്യങ്ങൾ ഏറ്റു വാങ്ങി.
പൊതുസമ്മേളനം നടക്കുന്ന മുൻസിപ്പൽ ജവഹർ സ്റ്റെഡിയത്തിലെത്തി.
തുടർന്ന് സ്വാഗതസംഘം ചെയർമാൻ കൂടിയായ സി പി ഐ എം  പി ബി മെമ്പർ  കോടിയേരി ബാലകൃഷ്ണൻ 'സി. കണ്ണൻ നഗറി'ൽ പതാക
ഉയർത്തി. വ്യാഴാഴ്ച രാവിലെ 10 മണിക്ക്  പോലിസ് മൈതാനിയിലെ 'എം.കെ. പാന്ഥെ നഗറിൽ പ്രതിനിധി സമ്മേളനം ആരംഭിക്കും. 2000 പ്രതിനിധികളും കേന്ദ്രനേതാക്കളും ലോകതൊഴിലാളി സംഘടനാനിരീക്ഷകരും പങ്കെടുക്കും. ഉച്ചയ്ക്കു ശേഷം ജനറൽ സെക്രട്ടറി
തപൻ സെൻ പ്രവര്ത്തനറിപ്പോർട്ട്‌ അവതരിപ്പിക്കും. തുടർന്ന് 3 ദിവസങ്ങളിലായി ചര്ച്ചയാണ്. 7 നു നാല് കമ്മീഷനുകളായി വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും. എട്ടിനാണ് പുതിയ കമ്മറ്റിയുടെ
തെരഞ്ഞെടുപ്പ്. എട്ടിന് കണ്ണൂർ ജില്ലയിൽ നിന്ന് മാത്രം രണ്ടു ലക്ഷം പ്രവർത്തകർ പങ്കെടുക്കുന്ന പൊതു സമ്മേളനവും ഉണ്ടായിരിക്കും.
കേന്ദ്രീകരിച്ച  പ്രകടനം ഉണ്ടാവില്ല. പൊതുസമ്മേളനത്തിൽ ജോർജ്
മാവ്‌ റി ക്കോസ്, എ കെ പദ്മനാഭൻ,തപൻ സെൻ,കോടിയേരി ബാലകൃഷ്ണൻ,എളമരം കരീം
എന്നീ നേതാക്കൾ സംസാരിക്കും.   


2013 മാർച്ച് 11, തിങ്കളാഴ്‌ച

എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് നാളെ തുടക്കമാവും

കേരള സാഹിത്യ അക്കാദമി,എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ടാഗോര്‍  ഹാളില്‍ നാളെ തുടക്കമാവും.കഥയുടെ രാജശില്‍പിയും  കോഴിക്കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ കഥാകാരനുമായ വിശ്വസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ടിനെ
അനുസ്മരിക്കുന്ന  വിവിധ പരിപാടികള്‍ 12,13,14 തിയ്യതികളില്‍ നടക്കുന്നു. നാളെ പകല്‍ 11 മണിക്ക് എം ടി വാസുദേവന്‍ നായര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം
ചെയ്യുന്നതാണ്.   തുടര്‍ന്ന് സാംസ്കാരിക പ്രദര്‍ശനം മന്ത്രി എം കെ മുനീറും, 'പൊറ്റെക്കാട്ടും സഞ്ചാരസാഹിത്യവും' എന്ന സെമിനാര്‍ എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ യും  ഉദ്ഘാടനം ചെയ്യും. വൈകീട്ട് വി ടി മുരളിയും
സംഘവും 'ചന്ദ്രബിംബം നെഞ്ചിലേറ്റും'എന്ന സംഗീത പരിപാടി അവതരിപ്പിക്കും.13 ന് രാവിലെ 9 മണിക്ക് പൊറ്റെക്കാട്ടിന്റെ വസതിയായിരുന്ന
'ചന്ദ്രകാന്തം' സന്ദര്‍ശിച്ച് കാവ്യാഞ്ജലി അര്‍പ്പിക്കുന്നതാണ്.പകല്‍ 11 ന് 'ഓര്‍മ്മയിലെ പൊറ്റെക്കാട്ട്'
എന്ന അനുസ്മരണ സമ്മേളനവും,രണ്ടരയ്ക്ക് പ്രതിഭാസംഗമവും,അഞ്ചരയ്ക്ക് കവിയരങ്ങും ഉണ്ടായിരിക്കും.
തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിക്കും.14 ന് രാവിലെ 10 ന്
'പൊറ്റെക്കാട്ടിന്റെ സര്‍ഗജീവിതത്തിലൂടെ എന്ന സെമിനാര്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ്
മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്.പരിപാടികളെ സംബന്ധിച്ച്  കേരള  സാഹിത്യ അക്കദമി
വൈസ് പ്രസിഡന്റ്  അക്ബര്‍ കക്കട്ടിലും, കോഴിക്കോട്  ജില്ലാ കളക്ടര്‍ കെ വി മോഹന്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  

2013 മാർച്ച് 2, ശനിയാഴ്‌ച

സിഐടിയു അഖിലേന്ത്യാ സമ്മേളനം ഏപ്രില്‍ 4 മുതല്‍ 8 വരെ കണ്ണൂരില്‍...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളാഘടകം പിറന്നു വീണ പിണറായി ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ല,കയ്യൂര്‍ സഖാക്കള്‍ നെഞ്ചില്‍ നിന്നും ചുടുചോര വാര്‍ന്നു നല്‍കി ചുവപ്പിച്ച മണ്ണ്,പാവങ്ങളുടെ പടത്തലവന്‍ എകെജി യും,  മലയാളിമനസ്സുകളില്‍ ഇന്നും ജീവിക്കുന്ന ജനനായകന്‍ ഇ കെ നായനാരും തങ്ങളുടെ കര്‍മ്മരംഗമായി ആദ്യം  തെരഞ്ഞെടുത്ത പ്രദേശം ,തെയ്യവും തിറയും ചരിത്രം കുറിച്ച കോലത്തുനാട്- കണ്ണൂര്‍. ആ ഇതിഹാസഭൂമിയിതാ  ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം നെഞ്ചേറ്റിയ സിഐടിയു വിന്റെ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിനു വേദിയാകുന്നു. 2013 ഏപ്രില്‍ 4 മുതല്‍ 8 വരെ തിയ്യതികളില്‍ നടക്കാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ കേളികൊട്ട് എങ്ങും മുഴങ്ങി തുടങ്ങി..... സമ്മേളനവും  അനുബന്ധ പരിപാടികളും വന്‍ വിജയമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംഘാടകസമിതിയും പാര്‍ട്ടിപ്രവര്‍ത്തകരും. സ്വാഗതസംഘം ആപ്പീസ്  സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ സിപിഐഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണനും,സമ്മേളന വെബ്സൈറ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി മെമ്പര്‍ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്തു. www.cituconference.org എന്നതാണ് വെബ്സൈറ്റ് മേല്‍വിലാസം. സമ്മേളനം സംബന്ധിച്ച വിശദവിരങ്ങള്‍ വെബ്സൈറ്റില്‍  നിന്നും ലഭ്യമാണ്.

2013 ഫെബ്രുവരി 28, വ്യാഴാഴ്‌ച

ത്യാഗരാജോല്സവത്തിന് കോഴിക്കോട് തിരി തെളിഞ്ഞു...

ത്യാഗരാജ ആരാധനാട്രസ്റ്റ് സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് ത്യാഗരാജ സംഗീതോല്സവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ ഒരുക്കിയ ശെമ്മാങ്കുടി നഗറില്‍ ഇന്നലെ തിരി തെളിഞ്ഞു. സീനിയര്‍ മൃദംഗം വിദ്വാന്‍ തിരുവനന്തപുരം വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ.കെ. പ്രിയദര്‍ശന്‍ ലാല്‍,ശ്രീമതി  വത്സല ഗോപി എന്നിവരെ ആദരിച്ചു. ശ്രീമതി പുഷ്പ രാമകൃഷ്ണന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ഉത്ഘാടന സമ്മേളനത്തില്‍ മനേജിങ്ങ് ട്രസ്റ്റി ഡോ. എ. രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു. ഉദ്ഘാദന  ചടങ്ങിനു ശേഷം സംഗീതാരാധനയും കച്ചേരികളും അരങ്ങേറി. വരും ദിവസങ്ങളില്‍ സംഗീതാരാധനയും,  കേരളത്തിലും പുറത്തുമുള്ള പ്രശസ്ത സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന വായ്പ്പാട്ടും ഉപകരണ സംഗീതവും ഉള്‍ക്കൊള്ളിച്ചുള്ള കച്ചേരികളും  ഉണ്ടായിരിക്കുന്നതാണ്. 5 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ മാര്‍ച്ച്‌ 2 ന് രാവിലെ 8 മണിയ്ക്ക് നാദസ്വരകച്ചേരിയും 10 മണിമുതല്‍ ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനവും ഉണ്ടാവും. മാര്‍ച്ച്‌ 3 ന് ഞായറാഴ്ച രാത്രി
9.30ന് ആഞ്ജനേയോല്സവത്തോടെ ഈ വര്‍ഷത്തെ ത്യാഗരാജോല്സവത്തിനു തിരശ്ശീല വീഴും.

2013 ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഇബ്രാഹിം സ്മാരക വോളി ഫെയര്‍- ഏപ്രില്‍ 17 മുതല്‍ മേപ്പയ്യൂരില്‍


ഡിവൈഎഫ്ഐ മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന ഇബ്രാഹിം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരകേരള വോളി ഫെയര്‍ മേപ്പയൂര്‍ ടൌണില്‍ സജ്ജീകരിക്കുന്ന
വി കെ കേളപ്പന്‍ മാസ്റ്റര്‍ ഫ്ലഡ് ലിറ്റ്കോര്‍ട്ടില്‍ 2013 ഏപ്രില്‍ 17 ന്  ആരംഭിക്കും . രണ്ടാം സ്ഥാനക്കാര്‍ക്ക്  ഉണ്ണര സ്മാരക ട്രോഫിയും, സ്പെഷ്യല്‍ എന്ഡോവ്‌മെണ്ടായി  എം കെ ചാപ്പന്‍ നായര്‍ ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം പ്രശസ്ത വോളിബോള്‍ താരവും കോച്ചുമായ  അച്യുതന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു. കെ കെ ഹനീഫ,കെ സുനില്‍,സി വി രജീഷ്,കെ പി ബിജു,ഷെബിന്‍ ലാല്‍,കെ കെ രാഘവന്‍,കെ ടി രാജന്‍,സി പി അബൂബക്കര്‍, കെ ലോഹ്യ,മേലാട്ട്  നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി എം സുബീഷ് സ്വാഗതവും അരുണ്‍ ജി ദേവ് നന്ദിയും പറഞ്ഞു. കെ കുഞ്ഞിരാമന്‍ ചെയര്‍മാനും സി എം സുബീഷ് ജനറല്‍ കണ്‍ വീനറും കെ കെ രാഘവന്‍ ട്രഷററുമായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു. ഫെയര്‍ വന്‍ വിജയമാക്കുന്നതിനുള്ള വിവിധ സബ്കമ്മറ്റികള്‍ക്കും രൂപം
നല്‍കി.