2009, ജൂലൈ 17, വെള്ളിയാഴ്‌ച

മലബാറില്‍ പെരുമഴക്കാലം-വയനാട്‌ ഒറ്റപ്പെട്ടു

തുടര്‍ച്ചയായി പെയ്തു കൊണ്ടിരിക്കുന്ന പേമാരിയില്‍ മലബാര്‍ തണുത്തു വിറങ്ങലിക്കുന്നു.കാസര്‍ഗോഡ്‌,കണ്ണൂര്‍,വയനാട്‌,കോഴിക്കോട്,മലപ്പുറം ജില്ലകളിലാണ് കാലവര്‍ഷം ദുരിതം വിതച്ചത്.കോഴിക്കോട്‌-ബംഗളുരു റൂട്ടില്‍ താമരശ്ശേരി ചുരത്തില്‍ മണ്ണിടിഞ്ഞു ഗതാഗതം തടസ്സപ്പെട്ടതിനാല്‍ വയനാട് ഒറ്റപ്പെട്ടു പോയിരുന്നു.വയനാട്ടില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ദ്രുതകര്‍മ്മ സേനയെ നിയോഗിച്ചിട്ടുണ്ട്.വയനാട്ടില്‍ വിവിധയിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായി.വ്യാപകമായ കൃഷി നാശവും സംഭവിച്ചിട്ടുണ്ട്.കേരളത്തില്‍ ഇന്നലെ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് വയനാട്ടിലെ വൈത്തിരിയിലാണ്.റവന്യു മന്ത്രി കെ പി രാജേന്ദ്രന്‍ വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്.മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 1 ലക്ഷം രൂപ വീതം ആശ്വാസമായി നല്‍കുമെന്നും നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി അറിയിച്ചു.മഴ തുടരുമെന്നാണ് സൂചന.കോഴിക്കോട്‌ ജില്ലയിലും കനത്ത മഴ തുടരുന്നു.കുട്യാടിപുഴയും ചാലിയാറും കരകവിഞ്ഞൊഴുകുന്നു.പലയിടങ്ങളിലും ഉരുള്‍ പൊട്ടലുണ്ടായി. നിരവധി വീടുകള്‍ക്ക് പൂര്‍ണമായോ ഭാഗികമായോ നാശം സംഭവിച്ചിട്ടുണ്ട്.കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്.ഗതാഗത തടസ്സവും കൃഷിനാശവും സംഭവിച്ചിട്ടുണ്ട്.കക്കയം അണക്കെട്ട് തുറന്നു വിട്ടു.ജില്ലാ കലക്ടര്‍ ഡോ.പി ബി സലിം ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കി വരുന്നു.മഴ കണ്ണൂര്‍,മലപ്പുറം,കാസര്‍ഗോഡ്‌ ജില്ലകളിലും വന്‍തോതില്‍ നാശം വിതച്ചു.പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടു.ഉരുള്‍ പൊട്ടലുമുണ്ടായി.മലപ്പുറത്ത് പോത്ത് കല്ല്‌ പ്രദേശം ദുരിതാശ്വാസം പോലും നടത്താന്‍ പറ്റാത്ത വിധം ഒറ്റപ്പെട്ടു പോയി.ഏക്കര്‍ കണക്കിന് കൃഷിയും നശിച്ചിട്ടുണ്ട്.ജില്ലയില്‍ മഴ തുടരുകയാണ്.ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്താകെ മഴക്കെടുതിയില്‍ ഏഴ് പേര്‍ കൂടി മരിച്ചു.