2011, ഫെബ്രുവരി 18, വെള്ളിയാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റിന് ക്രീസ് ഉണരാന്‍ മണിക്കൂറുകള്‍ മാത്രം

ഉപഭൂഖണ്ഡത്തില്‍ ഒരിക്കല്‍ കൂടി ക്രിക്കറ്റ് മാമാങ്കത്തിന്റെ കേളികൊട്ട് കേള്‍ക്കുകയായി.പത്താമത് ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ഇന്ത്യ,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ വേദികളില്‍ ക്രീസ് ഉണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ടൂര്‍ണമെന്റിന്റെ ഉദ്ഘാടനം ബംഗ്ലാദേശിലെ മീര്‍പൂര്‍ ബംഗ്ലാബന്ധു നാഷണല്‍ സ്റ്റേഡിയത്തില്‍, സംഗീതവും നൃത്തവും സാംസ്കാരിക പൈതൃകവും സമന്വയിപ്പിച്ച വര്‍ണ്ണാഭമായ ചടങ്ങില്‍ ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന നിര്‍വ്വഹിച്ചു.ഉദ്ഘാന മത്സരം ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഫിബ്രവരി 19 ന് 2 മണിക്ക്മീര്‍പൂര്‍ ഷേര്‍ എ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടക്കും.മുംബൈയിലെ വാംഘഡെ സ്റ്റേഡിയത്തില്‍ ഏപ്രില്‍ 2 നാണ് ഫൈനല്‍ മത്സരം നടക്കുക.മത്സരങ്ങള്‍ക്ക്‌ വേദിയാകുന്ന മറ്റു പ്രധാന സ്റ്റേഡിയങ്ങള്‍ ഇന്ത്യയിലെ ഈഡന്‍ ഗാര്‍ഡന്‍സ് -കൊല്‍ക്കട്ട,ഫിറോസ്ഷാ കൊട്ല-ദല്‍ഹി,ചിന്നസ്വാമി-ബംഗലൂരു, ചിദംബരം -ചെന്നൈ,പി സി എ മൊഹാലി,വി സി എ- നാഗപൂര്‍ തുടങ്ങിയവയും ശ്രീലങ്കയിലെ മഹിന്ദ രാജപക്സ, പ്രേമദാസ എന്നിവിടങ്ങളിലും ബംഗ്ലാദേശിലെ ചിറ്റഗോങ്ങ് സാഹുര്‍ അഹമ്മദ് ചൌധരി മുതലായവയുമാണ്.14 രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ക്കായി രണ്ട് ഗ്രൂപ്പുകളായി തിരിച്ചിട്ടുണ്ട്.എ ഗ്രൂപ്പില്‍ ഓസ്ട്രെലിയ,ന്യൂസീലാന്ഡ്,പാകിസ്ഥാന്‍ശ്രീലങ്ക,സിംബാബ്വേ,കാനഡ,കെനിയ എന്നീ ടീമുകളെയും ബി ഗ്രൂപ്പില്‍ ഇന്ത്യ,ബംഗ്ലാദേശ്,ഇംഗ്ലണ്ട്,ദക്ഷിണാഫ്രിക്ക,വെസ്റ്റിന്‍ഡീസ്,അയര്‍ ലാന്ഡ്,ഹോളണ്ട് എന്നിവയെയുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ആദ്യ റൌണ്ട് മത്സരങ്ങള്‍ മാര്‍ച്ച്‌ 20 വരെയാണ്.മാര്‍ച്ച്‌ 23 മുതല്‍ 26 വരെ ക്വാര്‍ടര്‍ ഫൈനലുകളും, മാര്‍ച്ച്‌ 29,30 തിയ്യതികളില്‍ സെമി ഫൈനലുകളും നടക്കുന്നതാണ്.
ഫൈനല്‍ മത്സരം ഏപ്രില്‍ 2 ന് മുംബൈയില്‍ നടക്കും.മത്സരങ്ങള്‍ ഇ എസ് പി എന്‍,സ്റ്റാര്‍ ക്രിക്കറ്റ് തുടങ്ങിയ ചാനലുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുന്നതാണ്.

2011, ഫെബ്രുവരി 12, ശനിയാഴ്‌ച

ത്യാഗരാജോല്‍സവം-പതിനെട്ടിന് കോഴിക്കോട്ട്‌ തുടക്കം

കോഴിക്കോട് ത്യാഗരാജാരാധനാട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ അഞ്ചു നാള്‍ നീണ്ടു നില്‍ക്കുന്ന ത്യാഗരാജോല്‍സവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ ഫിബ്രവരി 18 ന് വെള്ളിയാഴ്ച തുടക്കമാവും.കര്‍ണ്ണാടക സംഗീതലോകത്തിലെ പ്രശസ്ത സംഗീതജ്ഞരും ആരാധകരും ഫിബ്രവരി 22 വരെ നടക്കുന്ന കച്ചേരികളിലും സംഗീതാരാധനയിലും പങ്കെടുക്കുന്നതാണ്.പതിനെട്ടാം തിയ്യതി രാവിലെ 9.30 ന് സീനിയര്‍ വിദ്വാന്‍ എന്‍ പി രാമസ്വാമി സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ കോഴിക്കോട് സാമൂതിരി മഹാമഹിമശ്രീ പി കെ എസ് രാജ മുഖ്യാതിഥിയായിരിക്കും.എല്‍ ഐ സി സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ആര്‍ സുധാകര്‍,മലയാള മനോരമ റസിഡന്‍റ് എഡിറ്റര്‍ കെ അബൂബക്കര്‍,ശ്രീമതി രാധാ മാധവന്‍ എന്നിവര്‍ ആശംസകള്‍ നേരും.മാനേജിംഗ് ട്രസ്റ്റി ഡോ.എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറയും.തുടര്‍ന്ന് പുഷ്പാ രാമകൃഷ്ണനും സംഘവും ത്യാഗരാജ ദിവ്യനാമകൃതികള്‍ അവതരിപ്പിക്കും.എല്ലാ ദിവസവും വൈകീട്ട് 3 മണി വരെ ത്യാഗരാജാരാധനയും തുടര്‍ന്ന് കേരളത്തിനകത്തും പുറത്തുമുള്ള സംഗീത പ്രതിഭകളുടെ കച്ചേരികളും അരങ്ങേറുന്നതാണ്.സമാപന ദിവസം രാവിലെ 10 മണിക്ക് പഞ്ചരത്ന കൃതികളുടെ ആലാപനം ഉണ്ടായിരിക്കും.ഫിബ്രവരി 22 ന് ചൊവ്വാഴ്ച രാത്രി 9.30 ന് അഞ്ജനേയോല്‍സവം, മംഗളം എന്നിവയോടെ പരിപാടികള്‍ സമാപിക്കുന്നതാണ്.

2011, ഫെബ്രുവരി 2, ബുധനാഴ്‌ച

കൊച്ചിയില്‍ സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുന്നു

കേരളത്തിന്റെ വികസന കുതിപ്പിന് കാരണമായേക്കാവുന്ന സ്വപ്ന പദ്ധതി സ്മാര്‍ട്ട് സിറ്റി കൊച്ചിയില്‍ തുടങ്ങുന്നതിനുള്ള തടസ്സങ്ങളെല്ലാം തീര്‍ന്നു.ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടീക്കോമുമായി ദുബായ് ഇന്റര്‍ നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ ഗവര്‍ണ്ണര്‍ അഹമ്മദ് ഹുമൈദ് അല്‍താഹിറിന്‍റെ സാന്നിധ്യത്തില്‍ ഇന്ന് നടന്ന ചര്‍ച്ചയിലാണ് തര്‍ക്കങ്ങള്‍ പരിഹരിച്ച് പദ്ധതിയുമായി മുന്നോട്ടു പോവാന്‍ തീരുമാനമായത്.900 കോടി ഡോളറിന്റെ നിക്ഷേപം പ്രതീക്ഷിക്കുന്ന സ്മാര്‍ട്ട് സിറ്റി യാഥാര്‍ഥ്യമാവുമെന്ന് ഇതോടെ ഉറപ്പായി.വില്‍പ്പനാവകാശത്തോടെ ഭൂമിയില്‍ സ്വതന്ത്രാവകാശം വേണമെന്ന ടീക്കോം അധികൃതരുടെ ആവശ്യത്തെ തുടര്‍ന്ന് വഴിമുട്ടിയ ശ്രമങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ പ്രമുഖ വ്യവസായി എം എ യൂസഫലി ദുബായ് സര്‍ക്കാര്‍ പ്രതിനിധികളുമായി നടത്തിയ ഒത്തു തീര്‍പ്പ് ശ്രമത്തെ തുടര്‍ന്നാണ്‌ പ്രശ്നങ്ങള്‍ക്ക് പരിഹാരമായത്. ഇന്‍ഫോ പാര്‍ക്ക് വിട്ടുകൊടുക്കാതെയും സര്‍ക്കാരിന് കൂടുതല്‍ ഓഹരി പങ്കാളിത്തം ഉറപ്പാക്കിയും ഒരിഞ്ചു ഭൂമിയ്ക്ക് പോലും വില്‍പ്പനാവകാശം നല്‍കാതെയും സംസ്ഥാനത്തിന്റെ താല്‍പ്പര്യം പൂര്‍ണ്ണമായി സംരക്ഷിക്കുവാന്‍ കഴിഞ്ഞതില്‍ വി എസ് സര്‍ക്കാരിന് അഭിമാനിക്കാം.പദ്ധതിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടനെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ അറിയിച്ചു.