2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

അനന്തപുരിയെ ചെങ്കടലാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു



തൊഴിലാളി വര്‍ഗ്ഗം ചുടുചോര നല്‍കി ചുവപ്പിച്ച ചെങ്കൊടികള്‍ തോളിലേന്തി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍-അവര്‍ക്ക് മുന്നിലായി ബാന്‍ഡ് മേളത്തിന്റെ താളത്തില്‍ ചുവടു വെച്ച് പട്ടാളച്ചിട്ടയില്‍ നടന്നുനീങ്ങിയ ചുവപ്പ് സേന-അനന്തപുരിയെ ചെങ്കടലാക്കി,വലതുപക്ഷ മാധ്യമങ്ങളുടെ മനക്കോട്ടകള്‍ തകര്‍ത്തു തരിപ്പണമാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു.നേരത്തെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും കള്ളവാര്‍ത്തകളും മറികടന്നു നാലാം തവണയും പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായും,84 അംഗ സംസ്ഥാനസമിതിയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.ഒരുലക്ഷം വനിതാസഖാക്കള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യമഹാസമുദ്രം പോലെ പൊതുസമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ ഒഴുകിയെത്തുകയായിരുന്നു.തുടര്‍ന്ന് 25000 റെഡ് വളണ്ടിയര്‍മാരില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അദ്ധ്യക്ഷനായി.പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,വൃന്ദാ കാരാട്ട്,കോടിയേരി ബാലകൃഷ്ണന്‍,കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.പൊതുസമ്മേളനത്തിനു ശേഷം കലാഭവന്‍ മണിയുടെയും സംഘത്തിന്റെയും മെഗാഷോ 'മണികിലുക്കം' അരങ്ങേറി.

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

ത്യാഗരാജോല്‍സവത്തിന് കോഴിക്കോട്ട് തുടക്കമായി





കോഴിക്കോട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ത്യാഗരാജാരാധനോല്സവത്തിനു തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറില്‍ തുടക്കമായി.ഫിബ്രവരി 8 മുതല്‍ 12 വരെ അഞ്ച് നാളുകള്‍ നീണ്ടു നില്‍ക്കുന്ന സംഗീതോത്സവം സീനിയര്‍ വീണ വിദ്വാന്‍ എ അനന്തപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എം ഡി ചന്ദ്രശേഖരന്‍,കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് കെ എന്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ വിക്രമന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.മാനേജിംഗ് ട്രസ്റ്റി എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞ ഉത്ഘാടന സമ്മേളനത്തില്‍ കുമാരി ദീപ്തി ദാസ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം ത്യാഗരാജ ദിവ്യനാമ കൃതികളുടെ ആലാപനം,ഭക്തഗായകരുടെ സംഗീതാര്‍ച്ചന,കേരളത്തിനകത്തും പുറത്തുമുള്ള സംഗീതജ്ഞരുടെ കച്ചേരികള്‍ മുതലായവ അരങ്ങേറി.സംഗീതോത്സവം ഞായറാഴ്ച സമാപിക്കും.

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു



ഏപ്രിലില്‍ കോഴിക്കോട്ട് നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ മുന്നോടിയായി സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് കൊടിയുയര്‍ന്നു.കേന്ദ്രകമ്മറ്റിയംഗങ്ങളായ ഇ പി ജയാരാജന്റെയും,എം എ ബേബിയുടെയും നേതൃത്വത്തില്‍ കയ്യൂര്‍,വയലാര്‍ സമരഭൂമികളില്‍ നിന്ന് പുറപ്പെട്ട പതാക-കൊടിമര ജാഥകള്‍ ഇന്ന് ജില്ലയില്‍ പ്രവേശിച്ചു.ചുവപ്പ് സേനയുടെയും ബഹുജനങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ വരവേല്‍പ്പാണ് ഇരു ജാഥകള്‍ക്കും ലഭിച്ചത്.ഇന്ന് വൈകീട്ട് പൊതുസമ്മേളനവേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റേറഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ പതാക ഉയര്‍ത്തി.പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ചുവപ്പ് സേന അഭിവാദ്യം അര്‍പ്പിച്ചു.നാളെ രാവിലെ പ്രതിനിധി സമ്മേളന വേദിയായ എകെജി ഹാളിലെ സ.ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നഗറില്‍ ദീപശിഖ തെളിയുന്നതോടെ സമ്മേളനനടപടികള്‍ക്ക് തുടക്കമാവും.കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,കെ വരദരാജന്‍,വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാനത്തെ 370000 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ചു സംസ്ഥാനസമിതി അംഗങ്ങള്‍ ഉള്‍പ്പടെ 565 പേര്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.കോട്ടയം സമ്മേളനത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.ചരിത്രമുറങ്ങുന്ന അനന്തപുരി സമ്മേളനത്തെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.