2009, ഒക്‌ടോബർ 26, തിങ്കളാഴ്‌ച

ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ വിടവാങ്ങി

വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡോ.ഡാനിയല്‍ അച്ചാരു പറമ്പില്‍ കാലം ചെയ്തു.ഇന്നുരാവിലെ 11.30 ന് കൊച്ചിയിലെ ലൂര്‍ദ്ദ്‌ ആശുപത്രിയിലായിരുന്നു പിതാവിന്റെ അന്ത്യം.കടുത്ത പനിയെ തുടര്‍ന്ന് ശനിയാഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.70 വയസ്സായിരുന്നു.കേരള മെത്രാന്‍ സമിതി അദ്ധ്യക്ഷസ്ഥാനം അലങ്കരിക്കുകയായിരുന്നു.1939 മെയ്‌ 12 ന് പറവൂര്‍ പള്ളിപ്പുറം അച്ചാരു പറമ്പില്‍ കുടുംബത്തില്‍ ജനിച്ച അദ്ദേഹം 1966 മാര്‍ച്ച്‌ 14 ന് പുരോഹിതനായി.ഭാരതീയ തത്വ ചിന്തയിലും ബിഷപ്പിന് ആഴത്തിലുള്ള പാണ്ഡിത്യമുണ്ടായിരുന്നു.ഏറെക്കാലം റോമിലെ സര്‍വ്വകലാശാലകളില്‍ മതബോധനം നിര്‍വ്വഹിച്ചുവന്ന പിതാവ് 1996 ആഗസ്ത് 5 ന് വരാപ്പുഴ ആര്‍ച്ച് ബിഷപ്പായി അവരോധിക്കപ്പെട്ടു.1997 മുതല്‍ ലത്തീന്‍ ബിഷപ്പ് കൌണ്‍സില്‍ പ്രസിഡന്‍റാണ്. കബറടക്കം ബുധനാഴ്ച 3.30 ന് സെന്‍റ് ഫ്രാന്‍സിസ്‌ അസീസി കത്തീഡ്റലില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കുന്നതാണ്.

2009, ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

മനുഷ്യച്ചങ്ങല മനുഷ്യമതിലായി മാറി


കേരളത്തിന്‍റെ കാര്‍ഷിക-മത്സ്യ മേഖലകളെ തകര്‍ക്കുന്ന ആസിയന്‍ കരാര്‍ അറബിക്കടലില്‍ എന്ന മുദ്രാവാക്യമുയര്‍ത്തി സി പി ഐ(എം) ആഭിമുഖ്യത്തില്‍ ഇന്നു സംഘടിപ്പിക്കപ്പെട്ട മനുഷ്യച്ചങ്ങല പല ജില്ലകളിലും മനുഷ്യമതിലായി മാറി.രാവിലെ മുതല്‍ പെയ്തു കൊണ്ടിരുന്ന കനത്ത മഴയെ വകവെക്കാതെ ചങ്ങലയില്‍ കണ്ണികളാവാന്‍ പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും സാംസ്കാരിക നായകരും ബഹുജനങ്ങളും ഒഴുകിയെത്തി.വടക്കു കാസര്‍ഗോഡ് ടൌണില്‍ പോളിറ്റ്‌ ബ്യൂറോ അംഗം എസ്.രാമചന്ദ്രന്‍ പിള്ള ആദ്യ കണ്ണിയായപ്പോള്‍, തെക്കു തിരുവനന്തപുരം രാജ്ഭവന് മുമ്പില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് അവസാന കണ്ണിയായി.കാരാട്ടിന്റെ തൊട്ടടുത്ത്‌ മുഖ്യമന്ത്രി വി എസും,വി എസ്സിനരികിലായി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും ചങ്ങലയില്‍ കണ്ണികളായി.മന്ത്രിമാര്‍,എംഎല്‍എ മാര്‍,സാഹിത്യകാരന്മാര്‍,ഘടകകക്ഷി നേതാക്കള്‍ തുടങ്ങിയ അനേകം പേര്‍ തലസ്ഥാനത്ത് മനുഷ്യച്ചങ്ങലയില്‍ അണിനിരന്നു. കരാറില്‍ ഒപ്പുവെച്ചതിലൂടെ കേന്ദ്രസര്‍ക്കാര്‍ എല്ലാ ജനാധിപത്യ മര്യാദകളും ലംഘിച്ചിരിക്കയാണെന്നും, കരാര്‍ കേരളത്തിന്റെ കാര്‍ഷിക മേഖലയെ തകര്‍ക്കുമെന്നും പ്രകാശ്‌ കാരാട്ട് പറഞ്ഞു.
പരിപാടിയുടെ മുന്നോടിയായി നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു കാരാട്ട്.കേരളവുമായി ചര്‍ച്ച ചെയ്തതിനു ശേഷമേ കരാരാര്‍ ഒപ്പ് വെക്കൂ എന്ന വാഗ്ദാനം പ്രധാനമന്ത്രി പാലിച്ചില്ലെന്നും,ഇന്നത്തെ പ്രതിഷേധം കണ്ടില്ലെന്നു നടിക്കാനാണ് കേന്ദ്രസര്‍ക്കാരിന്റെ ഭാവമെന്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് രൂപം കൊടുക്കുമെന്നും മുഖ്യമന്ത്രി വി എസ് ഓര്‍മ്മിപ്പിച്ചു.ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചുങ്കം കുറച്ച ഉല്‍പ്പന്നങ്ങള്‍ കേരളത്തില്‍ വില്‍ക്കാന്‍ അനുവദിക്കയില്ലെന്നു പിണറായി വിജയന്‍ പറഞ്ഞു.ജില്ലകളില്‍ മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ മുതലായവര്‍ മനുഷ്യച്ചങ്ങലയ്ക്ക് നേതൃത്വം നല്കി.തേക്കടി ബോട്ട് ദുരന്തത്തില്‍ മരണമടഞ്ഞവര്‍ക്ക് ആദരാഞ്ജലികളര്‍പ്പിക്കാന്‍ രണ്ടു മിനുട്ട് മൌനമാചരിച്ചു.ദുരന്തം കാരണം ഇടുക്കി ജില്ലയില്‍ ഉപ മനുഷ്യച്ചങ്ങല വേണ്ടെന്ന് വെച്ചിരുന്നു,എന്നാല്‍ വയനാട്‌,പത്തനംതിട്ട,കോട്ടയം ജില്ലകളില്‍ ഉപ ചങ്ങലകള്‍ സംഘടിപ്പിച്ചു.