2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

വെനേസ്വലെ വീണ്ടും ചുവന്നു...ഷാവേസ് പ്രസിഡന്റ്‌

അന്താരാഷ്‌ട്ര നിരീക്ഷണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ തെക്കേ അമേരിക്കന്‍ രാജ്യമായ വെനേസ്വലേയില്‍ ഇന്നലെ നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് വീണ്ടും പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.വലതുപക്ഷ മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും സാമ്രാജ്യത്തശക്തികളുടെ കുത്തിത്തിരുപ്പുകളെയും അതിജീവിച്ച് തുടര്‍ച്ചയായി നാലാം തവണയാണ് ഷാവേസ് പ്രസിഡന്റ്‌ ആയി അധികാരമേല്‍ക്കുന്നത്.എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രതിപക്ഷ നേതാവിനെ 54 % വോട്ടുകള്‍ നേടിയാണ്‌ ഷാവേസ് പരാജയപ്പെടുത്തിയത്.മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും ഭിന്നമായ ജനപക്ഷ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഷാവേസിന്റെ ഐതിഹാസികമായ ഈ വിജയം.

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ കരീബിയന്‍ കിനാവുകള്‍ പൂവണിഞ്ഞു,ലങ്കയ്ക്ക് തോല്‍വി...

ട്വന്റി 20 ലോകകപ്പിന്റെ കലാശക്കളിയില്‍ ശ്രീലങ്കയെ 36 റണ്‍സിനു തോല്‍പ്പിച്ചു, വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലോകചാമ്പ്യന്‍ കിരീടമെന്ന സ്വപ്നം കരീബിയന്‍ കളിക്കാര്‍ ഇന്ന് സാക്ഷാല്‍ക്കരിച്ചു.കളിയില്‍ കരുത്തരെങ്കിലും കരീബിയന്‍ കളിക്കാര്‍ക്ക്‌ ഒരു ലോകകപ്പില്‍ മുത്തമിടാനായത് 1979 ന് ശേഷം 33 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം.കൊളോമ്പോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 35000 ത്തിലേറെ കാണികളെ സാക്ഷി നിര്‍ത്തി വെസ്റ്റ്ഇന്‍ഡീസ് ശ്രീലങ്കക്കെതിരെ നേടിയ ഈ ചരിത്രവിജയം എന്നെന്നും ഓര്‍മ്മിക്കപ്പെടും.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസിന് തുണയായത് 56 പന്തുകളില്‍ നിന്നും 3 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ആകെ 78 റണ്‍സിന്റെ അടിത്തറ തീര്‍ത്ത മാരിയോണ്‍ സാമുവലിന്റെ മികച്ച പ്രകടനമാണ്.ബാറ്റുകളില്‍ നിന്നും വെടിക്കെട്ടുകള്‍ തീര്‍ക്കാറുള്ള ക്രിസ് ഗയിലിനു 16 പന്തുകളില്‍ നിന്നും 3 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.സാമുവലിനെ കൂടാതെ അവരുടെ വിജയത്തിനു താങ്ങായി തീര്‍ന്നത് ക്യാപ്ടന്‍ സമ്മിയുടെ 26 റണ്‍സും,ബ്രാവോ നേടിയ 19 റണ്‍സുമാണ്.മറ്റു കളിക്കാര്‍ക്ക്‌ രണ്ടക്കം തികകയ്ക്കാന്‍ പോലും കഴിഞ്ഞില്ല.വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്ങ്സ് അവസാനിച്ചത്‌ 20 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 137 റണ്‍സുമായാണ്.ശ്രീലങ്കയുടെ ബൌളിങ്ങില്‍ എടുത്തു പറയേണ്ടത് ക്രിസ് ഗയിലിനെ ഉള്‍പ്പെടെ 4  കളിക്കാരെ മടക്കി അയച്ച അജന്ത മെന്‍ഡീനിന്റെ മികച്ച പ്രകടനമാണ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 18 .4 ഓവറുകളില്‍ 101 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.36 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്ത ജയവര്‍ദ്ധനയ്ക്കും, 13 പന്തുകളില്‍ നിന്നും 26 റണ്‍സ് നേടിയ കുലശേഖരയ്ക്കും,26 പന്തുകളെ നേരിട്ട് 22 റണ്‍സെടുത്ത സംഗക്കാരയ്ക്കും ലങ്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായില്ല.ഒടുവില്‍ 36 റണ്‍സിനു തോല്‍വി സമ്മതിച്ച് ശ്രീലങ്കയ്ക്ക് അടിയറവ് പറയേണ്ടി വന്നു.