2013, ഫെബ്രുവരി 28, വ്യാഴാഴ്‌ച

ത്യാഗരാജോല്സവത്തിന് കോഴിക്കോട് തിരി തെളിഞ്ഞു...

ത്യാഗരാജ ആരാധനാട്രസ്റ്റ് സംഘടിപ്പിക്കുന്ന മുപ്പത്തിമൂന്നാമത് ത്യാഗരാജ സംഗീതോല്സവത്തിന് തളി പദ്മശ്രീ കല്യാണമണ്ഡപത്തില്‍ ഒരുക്കിയ ശെമ്മാങ്കുടി നഗറില്‍ ഇന്നലെ തിരി തെളിഞ്ഞു. സീനിയര്‍ മൃദംഗം വിദ്വാന്‍ തിരുവനന്തപുരം വി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്ത ചടങ്ങില്‍ ഡോ.കെ. പ്രിയദര്‍ശന്‍ ലാല്‍,ശ്രീമതി  വത്സല ഗോപി എന്നിവരെ ആദരിച്ചു. ശ്രീമതി പുഷ്പ രാമകൃഷ്ണന്റെ പ്രാര്‍ത്ഥനയോടെ തുടങ്ങിയ ഉത്ഘാടന സമ്മേളനത്തില്‍ മനേജിങ്ങ് ട്രസ്റ്റി ഡോ. എ. രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞു. ഉദ്ഘാദന  ചടങ്ങിനു ശേഷം സംഗീതാരാധനയും കച്ചേരികളും അരങ്ങേറി. വരും ദിവസങ്ങളില്‍ സംഗീതാരാധനയും,  കേരളത്തിലും പുറത്തുമുള്ള പ്രശസ്ത സംഗീതജ്ഞര്‍ അവതരിപ്പിക്കുന്ന വായ്പ്പാട്ടും ഉപകരണ സംഗീതവും ഉള്‍ക്കൊള്ളിച്ചുള്ള കച്ചേരികളും  ഉണ്ടായിരിക്കുന്നതാണ്. 5 ദിവസം നീണ്ടുനില്‍ക്കുന്ന പരിപാടികളില്‍ മാര്‍ച്ച്‌ 2 ന് രാവിലെ 8 മണിയ്ക്ക് നാദസ്വരകച്ചേരിയും 10 മണിമുതല്‍ ത്യാഗരാജസ്വാമികളുടെ പഞ്ചരത്ന കൃതികളുടെ ആലാപനവും ഉണ്ടാവും. മാര്‍ച്ച്‌ 3 ന് ഞായറാഴ്ച രാത്രി
9.30ന് ആഞ്ജനേയോല്സവത്തോടെ ഈ വര്‍ഷത്തെ ത്യാഗരാജോല്സവത്തിനു തിരശ്ശീല വീഴും.

2013, ഫെബ്രുവരി 25, തിങ്കളാഴ്‌ച

ഇബ്രാഹിം സ്മാരക വോളി ഫെയര്‍- ഏപ്രില്‍ 17 മുതല്‍ മേപ്പയ്യൂരില്‍


ഡിവൈഎഫ്ഐ മേപ്പയൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍
സംഘടിപ്പിക്കുന്ന ഇബ്രാഹിം സ്മാരക ട്രോഫിക്ക് വേണ്ടിയുള്ള ഉത്തരകേരള വോളി ഫെയര്‍ മേപ്പയൂര്‍ ടൌണില്‍ സജ്ജീകരിക്കുന്ന
വി കെ കേളപ്പന്‍ മാസ്റ്റര്‍ ഫ്ലഡ് ലിറ്റ്കോര്‍ട്ടില്‍ 2013 ഏപ്രില്‍ 17 ന്  ആരംഭിക്കും . രണ്ടാം സ്ഥാനക്കാര്‍ക്ക്  ഉണ്ണര സ്മാരക ട്രോഫിയും, സ്പെഷ്യല്‍ എന്ഡോവ്‌മെണ്ടായി  എം കെ ചാപ്പന്‍ നായര്‍ ട്രോഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പഞ്ചായത്ത് പ്രസിഡന്റ് കെ കുഞ്ഞിരാമന്റെ അധ്യക്ഷതയില്‍ നടന്ന സ്വാഗത സംഘം രൂപീകരണയോഗം പ്രശസ്ത വോളിബോള്‍ താരവും കോച്ചുമായ  അച്യുതന്‍ മാസ്റ്റര്‍  ഉദ്ഘാടനം ചെയ്തു. കെ കെ ഹനീഫ,കെ സുനില്‍,സി വി രജീഷ്,കെ പി ബിജു,ഷെബിന്‍ ലാല്‍,കെ കെ രാഘവന്‍,കെ ടി രാജന്‍,സി പി അബൂബക്കര്‍, കെ ലോഹ്യ,മേലാട്ട്  നാരായണന്‍ എന്നിവര്‍ സംസാരിച്ചു. സി എം സുബീഷ് സ്വാഗതവും അരുണ്‍ ജി ദേവ് നന്ദിയും പറഞ്ഞു. കെ കുഞ്ഞിരാമന്‍ ചെയര്‍മാനും സി എം സുബീഷ് ജനറല്‍ കണ്‍ വീനറും കെ കെ രാഘവന്‍ ട്രഷററുമായി വിപുലമായ  സ്വാഗതസംഘം രൂപീകരിച്ചു. ഫെയര്‍ വന്‍ വിജയമാക്കുന്നതിനുള്ള വിവിധ സബ്കമ്മറ്റികള്‍ക്കും രൂപം
നല്‍കി. 

2013, ഫെബ്രുവരി 22, വെള്ളിയാഴ്‌ച

സിപിഐഎം സമരസന്ദേശ ജാഥകളെ വരവേല്‍ക്കാന്‍ ‍ നാടൊരുങ്ങി...

കേന്ദ്ര സര്‍ക്കാര്‍ പിന്തുടരുന്ന ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള ചെറുത്തു നില്‍പ്പിന്റെ ഭാഗമായി സിപിഐഎം സംഘടിപ്പിക്കുന്ന അഖിലേന്ത്യാതലത്തിലുള്ള നാല് സമരസന്ദേശ ജാഥകളില്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള നയിക്കുന്ന ദക്ഷിണമേഖലാ ജാഥയ്ക്ക്  ഫിബ്രവരി 24 ന് കന്യാകുമാരിയില്‍ തുടക്കമാവും കന്യാകുമാരിയില്‍ വൈകീട്ട് 4 മണിയ്ക്ക്  പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്  ജാഥ ഉദ്ഘാടനം ചെയ്യും. ജാഥയ്ക്കുള്ള ആദ്യ വരവേല്പ്പ് നാഗര്‍കോവിലിലാണ്.
ജാഥ  25,26,27 തിയ്യതികളിലാണ് കേരളത്തിലെത്തുന്നത്. തിരുവനന്തപുരം,കൊല്ലം,ആലപ്പുഴ,
കോട്ടയം,എറണാകുളം,തൃശൂര്‍,മലപ്പുറം,പാലക്കാട് ജില്ലകളിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ കോയമ്പത്തൂരില്‍ പ്രവേശിക്കും. ജാഥയെ വരവേല്‍ക്കാന്‍ സ്വീകരണ കേന്ദ്രങ്ങളില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഓരോ സ്വീകരണകേന്ദ്രത്തിലും ഒരു ലക്ഷത്തില്‍ കുറയാത്ത പ്രവര്‍ത്തകര്‍ പങ്കെടുക്കും. കലാപരിപാടികള്‍ സ്വീകരണങ്ങള്‍ക്ക് മാററ് കൂട്ടും. മറ്റു മേഖലാ ജാഥകളായ പൂര്‍വ്വമേഖലാ ജാഥ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തില് കൊല്‍ക്കത്തയില്‍ നിന്നും,പിബി മെമ്പര്‍ സീതാറാം യെച്ചൂരി
നയിക്കുന്ന പശ്ചിമ ജാഥ മുംബയില്‍ നിന്നും,പിബി അംഗം വൃന്ദാകാരാട്ട് നയിക്കുന്ന ഉത്തരമേഖലാ ജാഥ പഞ്ചാബിലെ അമൃതസറില്  നിന്നും വരും നാളുകളില്‍  പ്രയാണം ആരംഭിക്കും.ശ്രീനഗര്‍,ഗുവഹത്തി,അഹമ്മദാബാദ് മുതലായ കേന്ദ്രങ്ങളില്‍ നിന്നുള്ള അനുബന്ധ
ജാഥകള്‍ക്ക് കേന്ദ്രസെക്രട്ടരിയേറ്റ് അംഗങ്ങള്‍ നേതൃത്വം നല്‍കും. എല്ലാ ജാഥ കളും മാര്‍ച്ച് 19 ന് ഡല്‍ഹിയില്‍ സംഗമിച്ചു രാം ലീലാ മൈതാനിയില്‍ വന്‍ റാലിയോടെ സമാപിക്കുന്നതാണ്.

2013, ഫെബ്രുവരി 19, ചൊവ്വാഴ്ച

ദേശീയ പണിമുടക്കില്‍ ഇന്ത്യ രണ്ടുനാള്‍ നിശ്ചലമാകും...

ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ചരിത്രത്തില്‍ എന്നെന്നും ഓര്‍മ്മിക്കപ്പെടാനിടയുള്ള ഐതിഹാസികമായ ദ്വിദിന പണിമുടക്കിന് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ തുടക്കമാവും.ഭരണ-പ്രതിപക്ഷ വ്യത്യാസമില്ലാതെ ഐ എന്‍ ടി യു സി,ബി എം എസ്,സി ഐ ടി യു,എ ഐ ടി യു സി,എച്ച് എം  എസ്,യു ടി യുസി തുടങ്ങിയ 11 കേന്ദ്ര ട്രേഡ് യൂനിയനുകളാണ് കേന്ദ്ര സര്‍ക്കാരിന്റെ ആഗോളവല്‍ക്കരണ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ ഫിബ്രവരി 20,21 തിയ്യതികളിലെ ദേശീയ പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്.വ്യവസായശാലകള്‍ മുതല്‍ വയലേലകള്‍ വരെയുള്ള പണിയിടങ്ങളില്‍ തൊഴിലെടുക്കുന്ന 10 കോടിയിലേറ തൊഴിലാളികള്‍ സമരത്തില്‍ അണിചേരുന്നതാണ്.വിലക്കയറ്റം നിയന്ത്രിക്കുക,തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക,
തൊഴില്‍ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കുക,ഓഹരിവില്‍പ്പന തടയുക,കരാര്‍വല്‍ക്കരണം തടയുക,മിനിമം കൂലി 10000 രൂപയായി നിശ്ചയിക്കുക തുടങ്ങിയ 10 ആവശ്യങ്ങളാണ് തൊഴിലാളികള്‍ മുന്നോട്ടു വച്ചിരിക്കുന്നത്.ജാതിമതവ്യത്യാസങ്ങള്‍ മറന്ന് ഒറ്റ  മനസ്സോടെയുള്ള ഇന്ത്യന്‍ തൊഴിലാളി വര്‍ഗ്ഗത്തിന്റെ ഐക്യപ്പെടല്‍ ഈ പണിമുടക്കിന്റെ മുതല്‍ക്കൂട്ടായി കരുതാം.ഐതിഹാസികമായ ഈ പണിമുടക്ക്‌ കണ്ടില്ലെന്നു നടിക്കാന്‍ ഭരണാധികാരിവര്‌ഗ്ഗത്തിനോ അവര്‍  തീറ്റിപ്പോറ്റുന്ന കോര്‍പറേറ്റുകള്‍ക്കോ മാധ്യമങ്ങള്‍ക്കോ കഴിയില്ല.
കേരളത്തിലും പണിമുടക്ക്‌ വന്‍ വിജയമാക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.