2010, ഏപ്രിൽ 27, ചൊവ്വാഴ്ച

ഐസിസി ലോകകപ്പ് ട്വന്‍റി 20 ടൂര്‍ണമെന്‍റ് ഏപ്രില്‍ 30 മുതല്‍ വെസ്റ്റിന്‍ഡീസില്‍

കരീബിയന്‍ ദ്വീപുകളില്‍ വീണ്ടുമൊരു ക്രിക്കറ്റ് വസന്തത്തിനു തുടക്കം കുറിച്ചു കൊണ്ട് മൂന്നാമത് ട്വന്‍റി 20 ടൂര്‍ണമെന്‍റ് വെസ്റ്റിന്‍ഡീസിലെ വിവിധ നഗരങ്ങളില്‍ 2010 ഏപ്രില്‍ 30 മുതല്‍ മെയ്‌ 16 വരെ നടത്തപ്പെടുന്നു.ഗയാന,സെന്‍റ് ലൂസിയ,ബാര്‍ബഡോസ്‌ എന്നിവടങ്ങളിലെ വേദികളിലാണ് ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികള്‍ കാത്തിരുന്ന ഉശിരന്‍ പോരാട്ടങ്ങള്‍ അരങ്ങേറുന്നത്.മൊത്തമുള്ള 12 ടീമുകളെ 3 വീതം ടീമുകള്‍ ഉള്‍പ്പെട്ട 4 ഗ്രൂപ്പുകളായി തിരിച്ചാണ് ആദ്യറൌണ്ട് മത്സരങ്ങള്‍.ഗ്രൂപ്പുകളും അവയിലുള്‍പ്പെട്ട രാജ്യങ്ങളും :-
എ-പാകിസ്താന്‍,ഓസ്ട്രേലിയ,ബംഗ്ലാദേശ് ബി-ശ്രീലങ്ക,ന്യൂസീലാഡ്,സിംബാബ്‌വെ
സി -ഇന്ത്യ,ദക്ഷിണാഫ്രിക്ക,അഫ്ഗാനിസ്ഥാന്‍ ഡി -വെസ്റ്റിന്‍ഡീസ്,ഇംഗ്ളണ്ട്,അയര്‍ലന്‍ഡ്
ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ട് വീതം ടീമുകള്‍ സുപ്പര്‍ 8 ലേക്ക് യോഗ്യത നേടും.സുപ്പര്‍ 8 ല്‍ നിന്നും ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടുന്ന 4 ടീമുകള്‍ മെയ്‌ 13,14 തിയ്യതികളില്‍ സെന്‍റ് ലൂസിയയില്‍ നടക്കുന്ന സെമി ഫൈനലുകളില്‍ ഏറ്റുമുട്ടും.മെയ്‌ 15 ന് ബാര്‍ബഡോസിലാണ് കലാശക്കളി.2008 ല്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ആദ്യത്തെ ടൂര്‍ണമെന്റില്‍ കിരീടവുമായി തിരിച്ചെത്തിയ ഇന്ത്യന്‍ ടീമിന് 2009 ല്‍ ഇംഗ്ലണ്ടില്‍ നടന്ന രണ്ടാമത് എഡിഷനില്‍ സുപ്പര്‍ 8 മത്സരങ്ങളില്‍ നിന്നും 'പൂജ്യ' രായി നാണം കെട്ടു മടങ്ങേണ്ടി വന്നു.ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ശനിദശ മാറി സുവര്‍ണ കാലം വന്നു എന്ന് കരുതപ്പെടുന്ന ഇപ്പോള്‍ മഹേന്ദ്ര സിംഗ് ധോണിയും ടീമംഗങ്ങളും ഒരിക്കല്‍ കൂടി ലോകകപ്പ് ഇന്ത്യയിലേക്ക്‌ കൊണ്ടുവരണേയെന്നാണ് രാജൃത്തിലെ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്.ഇന്ത്യ ആദ്യറൌണ്ടില്‍ മെയ്‌ 1 ന് അഫ്ഗാനിസ്ഥാനുമായും, മെയ്‌ 2 ന് ദക്ഷിണാഫ്രിക്കയുമായും സെന്‍റ് ലൂസിയയിലെ ഗ്രൗണ്ടില്‍ മാറ്റുരയ്ക്കും.

2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

ചെന്നൈ സുപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം ചൂടി

ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിനു തോല്‍പ്പിച്ചു ചെന്നൈ സുപ്പര്‍ കിംഗ്സ് ചാമ്പ്യന്‍ പദവി കരസ്ഥമാക്കി.ലീഗ് മത്സരങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സച്ചിന്‍ ടെണ്ഡുല്‍ക്കറുടെ മുംബൈ ടീമിന് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എം എസ് ധോണി നയിച്ച ചെന്നൈ ടീമിനോട് അടിയറവു പറയേണ്ടിവന്നു.കഴിഞ്ഞ സീസണില്‍ മുടിനാരിഴക്ക് കൈവിട്ടു പോയ ഐപിഎല്‍ കിരീടം അങ്ങിനെ ചെന്നൈ രാജാക്കന്മാര്‍ സ്വന്തമാക്കി.കാണികള്‍ തിങ്ങി നിറഞ്ഞ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മുംബൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന്റെ വിജയലക്ഷൃം കുറിച്ചു.ഐപിഎല്‍ ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്നത്‌.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ന്ശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൌരഭ് തീവാരി എന്നിവര്‍ക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൊള്ളാര്‍ഡിന്‍റെ പ്രകടനം ഒട്ടും മോശമായില്ല.ചെന്നൈ സുപ്പര്‍ കിംഗ്സിനു വേണ്ടി സുരേഷ് റയിന-എം എസ് ധോണി കൂട്ടുകെട്ട് കരുത്തേകി ടീമിനെ വിജയത്തിലേക്ക് നയിച്ചു.ഫൈനലില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങാന്‍ കഴിയാതെ പോയ മുംബൈ ടീമിന്‍റെ സ്വാഭാവിക പരിണാമമാണ് ഈ പരാജയം.മുംബൈ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശിഖിര്‍ ധവാന്‍ റണ്ണൊന്നും എടുക്കാനാവാതെ ആദ്യഓവറില്‍ പുറത്തായപ്പോള്‍ മുംബൈ ടീമിന് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ കേളികൊട്ട് ഉയര്‍ന്നിരുന്നു.മത്സരത്തിന്റെ ഒരുഘട്ടത്തിലും ആവശ്യമായ റണ്‍റേറ്റിന്‍റെ അടുത്തെങ്ങുമെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.ചെന്നൈയുടെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ കിട്ടിയ രണ്ട് മൂന്നു അവസരങ്ങള്‍ ക്യാച്ച് എടുക്കാന്‍ കഴിയാതെ അവര്‍ പാഴാക്കുകയും ചെയ്തു.
വിജയികള്‍ക്കുള്ള ട്രോഫി ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വിതരണം ചെയ്തു.

2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഐപിഎല്‍ ഫൈനല്‍ മുംബൈ-ചെന്നൈ മത്സരം ഞായറാഴ്ച

ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഏപ്രില്‍ 25 ന് ഞായറാഴ്ച രാത്രി 8 മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത് ലീഗ് മത്സരങ്ങളില്‍ 14 ല്‍ 10 ഉം ജയിച്ച് 20 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുബൈ ഇന്ത്യന്‍സും, 7 ജയവും 7 പരാജയവും ഏറ്റുവാങ്ങി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ചെന്നൈ സുപ്പര്‍ കിംഗ്സുമാണ്. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന മുംബൈ ടീം കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പായ ബാംഗളൂര്‍ റോയല്‍ ചാലന്ജേര്‍സിനെ 35 റണ്‍സിനു തകര്‍ത്താണ് ഫൈനലില്‍ ഇടം കണ്ടത്.ഈ മത്സരത്തില്‍ 2 ഓവര്‍ തികയ്ക്കും മുമ്പേ നായകന്‍ സച്ചിന്‍ 9 റണ്‍സുമായി മടങ്ങിയെങ്കിലും സൌരഭ് തീവാരി,പൊള്ളാര്‍ഡ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനത്തില്‍ ടീം രക്ഷപ്പെടുകയായിരുന്നു.വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിലാവട്ടെ നിലവിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേര്‍സിനെ 38 റണ്‍സിനു തോല്‍പ്പിച്ചാണ് എം എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ രാജാക്കന്മാര്‍ ഫൈനലില്‍ കടന്നത്‌. ഫൈനല്‍ മത്സരങ്ങള്‍ക്ക് ക്രീസുണരുന്പോള്‍ മുംബൈയോ? ചെന്നൈയോ? ആരാണ് കീരീടം ചൂടുക എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.

2010, ഏപ്രിൽ 20, ചൊവ്വാഴ്ച

ഐപിഎല്‍-മുംബൈ മുന്നില്‍,സെമിഫൈനല്‍ ചിത്രം തെളിഞ്ഞു


ലീഗ് മത്സരങ്ങള്‍ അവസാനിച്ചപ്പോള്‍ ക്രിക്കറ്റ് മാന്ത്രികന്‍ സച്ചിന്‍ ടെണ്ഡുല്‍ക്കരുടെ കരുത്തില്‍ 14 കളികളില്‍ 10 എണ്ണം വിജയിച്ച് 20 പോയിന്റുകളോടെ മുംബൈ ഇന്ത്യന്‍സ് ഒന്നാം സ്ഥാനം കരസ്ഥമാക്കി.നാളെ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ഇവര്‍ നാലാം സ്ഥാനക്കാരായ ബാംഗ്ലൂര്‍ റോയല്‍ ചാലന്ജേഴ്സിനെ നേരിടും. വ്യാഴാഴ്ച ലീഗ് മത്സരങ്ങളിലെ രണ്ടാം സ്ഥാനക്കാരായ ഡെക്കാന്‍ ചാര്‍ജേഴ്സ് ,മൂന്നാം സ്ഥാനക്കാരായ ചെന്നൈ സുപ്പര്‍ കിംഗ്സുമായി ഏറ്റുമുട്ടും. ശനിയാഴ്ച മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കുന്നതിനുള്ള ലൂസേര്‍സ് ഫൈനലും ഞായറാഴ്ച ഫൈനലും നടക്കും.സെമിഫൈനല്‍ മത്സരങ്ങള്‍ ബംഗളൂരുവില്‍ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും കഴിഞ്ഞ ദിവസം ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്ത് ഉണ്ടായ സ്ഫോടനങ്ങളെ തുടര്‍ന്നാണ്‌ വേദി മുംബൈയിലേക്ക് മാറ്റിയത്.