2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

ത്യാഗരാജോല്‍സവം സമാപിച്ചു

ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ ഫിബ്രവരി 12 മുതല്‍ 16 വരെ കോഴിക്കോട് തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാന്ഗുഡി നഗറില്‍ നടന്നുവന്ന ത്യാഗരാജ ആരാധനാ മഹോത്സവത്തിന് തിരശ്ശീല വീണു. പ്രസിദ്ധ സംഗീതജ്ഞന്‍ മാങ്ങാട് കെ.നടേശന്‍ പരിപാടികള്‍ ഉല്‍ഘാടനം ചെയ്തു.സര്‍വ്വശ്രീ എം എസ് സുന്ദരരാജന്‍,പാലാ സി കെ രാമചന്ദ്രന്‍,ഡോ.ടി എം സര്‍വ്വോത്തമന്‍ നെടുങ്ങാടി തുടങ്ങിയവര്‍ വിവിധ വിഷയങ്ങളെ കുറിച്ച് സംസാരിച്ചു.മാനേജിംഗ് ട്രസ്റ്റി ഡോ .എ.രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി ശ്രീ.എം ഡി രാജാമണി നന്ദിയും പറഞ്ഞു.ഉല്‍ഘാടന ചടങ്ങുകള്‍ക്ക് ശേഷം കെ വി എസ് ബാബു & പാര്‍ട്ടി യുടെ സംഗീതിക ത്യാഗരാജ ദിവ്യനാമകൃതികള്‍ അരങ്ങേറി.തുടര്‍ന്ന് ത്യാഗരാജാരാധകരുടെ സംഗീതാര്‍ച്ചനകളും പ്രശസ്ത സംഗീത വിദ്വാന്മാരുടെ കച്ചേരികളും നടന്നു.പതിനാലിന് ശനിയാഴ്ച പ്രഗല്‍ഭ സംഗീതജ്ഞര്‍ പന്കെടുത്ത പഞ്ചരത്നകൃതികളുടെ ആലാപനം സദസ്സിനു വേറിട്ട അനുഭവമായി. പതിനാറിന് രാത്രി ആന്ജനേയോല്‍സവത്തോടെ സംഗീതോല്സവത്തിനു സമാപനമായി. സംഗീതാഭ്യസനത്തില്‍ തുടക്കക്കാരായ കുരുന്നു പ്രതിഭകള്‍ മുതല്‍ ലബ്ധ പ്രതിഷ്ടരായ സംഗീത സാമ്രാട്ടുകള്‍ വരെ ദിവസവും നല്കിയ സംഗീത വിരുന്ന് കോഴിക്കോട്ടെ സംഗീതാസ്വാദകര്‍ക്ക് അവിസ്മരണീയമായ അനുഭവമായി എന്നും മനസ്സില്‍ സൂക്ഷിക്കാം.

2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദേശീയ കാര്‍ഷിക സെമിനാര്‍ സമാപിച്ചു

ബദല്‍ കാര്‍ഷിക നയം അംഗീകരിച്ചും,കരട് അവകാശ പത്രികയ്ക്കു രൂപം നല്‍കിയും കഴിഞ്ഞ രണ്ട് ദിവസമായി കല്പറ്റയില്‍ നടന്നു വന്ന കര്‍ഷകകര്‍ഷകതൊഴിലാളി സെമിനാറിന് സമാപനമായി.കര്‍ഷകര്‍ക്ക് ന്യായവിലയും,കര്‍ഷകതൊഴിലാളികള്‍ക്ക് മിനിമംകൂലിയും ഉറപ്പാക്കണമെന്ന് അവകാശ പത്രികയില്‍ ആവശ്യപ്പെടുന്നു.ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് താമസിയാതെ രൂപം നല്കും.കാര്‍ഷിക -ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് പൊതുമുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കണമെന്നും സെമിനാര്‍ അംഗീകരിച്ച 18 ഇന അവകാശപത്രികയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പ് വരുത്തുക,ഭകഷ്യസുരക്ഷ ഉറപ്പാക്കാന്‍ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക,ഊഹക്കച്ചവടവും അവധി വ്യാപാരവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കരടു പത്രികയില്‍ ഉന്നയിച്ചിട്ടുണ്ട്.അഖിലേന്ത്യാ കിസാന്‍സഭയുടേയും കര്‍ഷക തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസമായി അഞ്ചു സെഷനുകളിലായി നടന്ന ചര്‍ച്ചകളുടെയും സെമിനാറുകളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരടു അവകാശപത്രിക കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ.വരദരാജനാണ് പുറത്തിറക്കിയത്.കിസാന്‍ സഭാ അഖിലേന്ത്യാ പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു.

2009, ഫെബ്രുവരി 1, ഞായറാഴ്‌ച

നവകേരളമാര്‍ച്ചിന് നാളെ തുടക്കം


സുരക്ഷിത ഇന്ത്യ,ഐശ്വര്യകേരളം എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സി പി ഐ എം സംസ്ഥാന സെക്രട്ടറി സ:പിണറായി വിജയന്‍ നയിക്കുന്ന നവകേരളമാര്‍ച്ചിനു നാളെ മഞ്ചേശ്വത്ത് തുടക്കമാവും. പാര്‍ട്ടി പോളിറ്റ് ബ്യൂറോ മെമ്പര്‍ സ:എസ് രാമചന്ദ്രന്‍ പിള്ള മാര്‍ച്ച് ഉല്‍ഘാടനം ചെയ്യും.പി കരുണാകരന്‍ എം പി ,മന്ത്രിമാര്‍,പാര്‍ട്ടി നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.ഉല്‍ഘാടനം വിജയിപ്പിക്കാന്‍ മഞ്ചേശ്വരവും, മാര്‍ച്ചിനെ വരവേല്‍ക്കാന്‍ കേരളത്തിലെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു. എല്ലാ നിയമസഭാ മണ്ഡലങ്ങളിലൂടെയും മാര്‍ച്ച് കടന്നുപോവും.എല്ലായിടങ്ങളിലും സ്വാഗതകമാനങ്ങളും പോസ്റ്ററുകളും നിറഞ്ഞു കഴിഞ്ഞു .മൂന്ന് വര്‍ഷങള്‍ക്ക് മുമ്പ് സ:പിണറായിയുടെ നേതൃത്വത്തില്‍ കേരളത്തെ ഇളക്കി മറിച്ച മാര്‍ച്ചിനേക്കാള്‍ ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍.