2008, സെപ്റ്റംബർ 29, തിങ്കളാഴ്‌ച

പെരുന്നാള്‍ തിരക്കില്‍ കോഴിക്കോട് വീര്‍പ്പ് മുട്ടുന്നു...

റമളാന്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ മലബാറിന്‍റെ വാണിജ്യ തലസ്ഥാനമായ കോഴിക്കോട് പട്ടണം ജനത്തിരക്ക് കൊണ്ട് വീര്‍പ്പ് മുട്ടുന്നു.ജില്ലയില്‍ നിന്നുള്ളവര്‍ മാത്രമല്ല അയല്‍ ജില്ലകളായ വയനാട്,മലപ്പുറം,പാലക്കാട്,കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുപോലും ദിവസവും ആയിരക്കണക്കിനാളുകള്‍ പെരുന്നാള്‍ കോടികള്‍ വാങ്ങുന്നതിനും മറ്റുമായി നഗരത്തിലെത്തുന്നു.പ്രധാന കച്ചവട കേന്ദ്രമായ മിട്ടായിതെരുവിന് കുറെ നാളുകളായി ഉറക്കമില്ലാത്ത രാവുകളാണ്.തുണിക്കടകളിലും ചെരുപ്പ് കടകളിലും പാതിരാത്രികളില്‍ പോലും കച്ചവടം പൊടിപൊടിയ്ക്കുന്നു.നഗരത്തിലൂടെ കടന്നുപോകുന്ന ട്രെയിനുകളില്‍ സൂചി കുത്താന്‍ പോലും ഇടമില്ലാത്ത വിധം യാത്രക്കാരുടെ തിരക്കാണിപ്പോള്‍.പെരുന്നാളടുത്തപ്പോള്‍ പുതിയ പുതിയ വ്യാപാര സ്ഥാപനങ്ങള്‍ക്കും നഗരത്തില്‍ തുടക്കം കുറിച്ചിട്ടുണ്ട്.ഒരേ കുടക്കീഴില്‍ വസ്ത്രങ്ങളും മറ്റ് അനുബന്ധ വസ്തുക്കളും ഡിസ്ക്കൌണ്‍ടോട് കൂടി വില്‍പ്പന നടത്തുന്ന,ബാംഗ്ളൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിയ്ക്കുന്ന കൂപ്പണ്‍ എന്ന കച്ചവട സ്ഥാപനം മാവൂര്‍ റോഡില്‍ തുറന്നത് ഇതിന് ഉദാഹരണമാണ്.സിവില്‍ സപ്ളൈസ് കോര്‍പ്പറേഷന്‍റെ റംസാന്‍ ചന്തകളും തുടങ്ങിയത് നിത്യോപയോഗ സാധനങ്ങള്‍ ന്യായ വിലക്ക് കിട്ടാന്‍ സാഹയകമായിട്ടുണ്ട്.

2008, സെപ്റ്റംബർ 14, ഞായറാഴ്‌ച

നാടെങ്ങും ഓണമാഘോഷിച്ചു

മലയാളികളുടെ മഹോത്സവമായ തിരുവോണം കേരളത്തിലും മലയാളി സാന്നിദ്ധ്യമുള്ള ലോകത്തെങ്ങും അത്യുത്സാഹത്തോടെ ഈ വര്‍ഷവും ആഘോഷിച്ചു.മുറ്റത്ത് പൂക്കളം ഒരുക്കിയും ഓണക്കോടികളണിഞ്ഞും ഓണസദ്യയുണ്ടും ഗൃഹാതുരത്വമുണര്‍ത്തിയ ചിന്തകളുമായി മലയാളി മനസ്സുകളില്‍ പോയ്പ്പോയ നല്ല നാളുകളുടെ ഓര്‍മ്മകള്‍ തഴുകി കടന്നുപോയി. അന്പെയ്ത്ത് മലത്സരങ്ങളും ജലമേളകളും ദീപാലന്കാരങ്ങളും നാടും നഗരവും ഒരു പോലെ ഏറ്റുവാങ്ങി. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷനും മറ്റു സര്‍ക്കാര്‍ ഏജന്‍സികളും വിപണിയില്‍ ഇടപെട്ടത് വിലക്കയറ്റത്തെ ഒരളവു വരെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചു.ഗ്രാമീണ ഉല്‍പ്പന്നങ്ങളുമായെത്തിയ
കുടുംബശ്രീ മേളകളും ഏറെപ്പേരെ ആകര്‍ഷിച്ചു.നഗരങ്ങളിലും നാട്ടിന്‍പുറങ്ങളിലും അരങ്ങേറിയ നാടന്‍ കലാമേളകളിലും സംഗീത സായാഹ്നങ്ങളിലും നല്ല ജന പന്‍കാളിത്തം അനുഭവപ്പെട്ടു.തുടര്‍ച്ചയായി പെയ്ത മഴ തിരുവോണ ദിവസം അല്‍പ്പമൊന്ന് മാറിനിന്നത് ആശ്വാസമായി.

2008, സെപ്റ്റംബർ 2, ചൊവ്വാഴ്ച

പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുന്നു



ഡിസി ബുക്സിന്റെ മുപ്പത്തിനാലാം വാര്ഷികതോടനുബന്ധിച്ചു കോഴിക്കോട്ട് സംഘടിപ്പിച്ച പുസ്തകമേളയും സാംസ്ക്കാരികോത്സവവും തുടരുകയാണ് .ഇന്ത്യയിലും വിദേശത്തുമുള്ള 300 ഓളം പ്രസാധകരുടെ പത്തു ലക്ഷത്തോളം പുസ്തകങ്ങള്‍ മേളയില്‍ ഉണ്ട്.ദിവസവും പുസ്തകപ്രകാശനങ്ങള്‍,കലാപരിപാടികള്‍,അന്തര്‍ദ്ദേശീയപ്റശസ്തരായ അതിഥികളുടെ സാന്നിദ്ധ്യം,കുട്ടികള്‍ക്കായി കലാമത്സരങ്ങള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്.മേള തുടങ്ങിയ ആഗസ്ത് 29 മുതല്‍ സെപ്തമ്പര്‍ 8 വരെ യഥാക്റമം ഡിസികിഴക്കേമുറി,വൈക്കം മുഹമ്മദ് ബഷീര്‍,കെ.ടി.മുഹമ്മദ്,എംഎസ് ബാബുരാജ്,തിക്കോടിയന്‍,ഉറൂബ്,എന്‍.പി.മുഹമ്മദ്,എസ്.കെ.പൊറ്റെക്കാട്ട്,എന്‍.എന്‍.കക്കാട്,പദ്മരാജന്‍,ജോണ്‍ അബ്രഹാം എന്നീ കലാ സാംസ്ക്കാരിക നായകരെ പറ്റിയുള്ള അനുസ്മരണ പ്രഭാഷണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.സെപ്തമ്പര്‍ 9 നു സമാപിക്കുന്ന മേളയെ വായനക്കാരും അക്ഷരപ്രേമികളും സഹര്‍ഷം സ്വീകരിച്ചിട്ടുണ്ട്.സാഹിത്യം,മെഡിക്കല്‍ സയന്‍സ്,എന്‍ജിനിയറിങ്ങ്,മാനേജ്മെന്‍റ് തുടങ്ങിയ വിവിധ മേഖലകളിലെ പുസ്തകങ്ങള്‍ പ്റദര്‍ശിപ്പിച്ചിട്ടുണ്ട്.മേളയില്‍ പന്കെടുക്കുന്ന വിദേശപ്രസാധകരില്‍ ഓക്സ്ഫോര്‍ഡ്,കേംബ്രിഡ്ജ്,പെന്‍ഗ്വിന്‍ മുതലായ പേരു കേട്ട പ്രസാധകരും ഉള്‍പ്പെടുന്നു.

2008, സെപ്റ്റംബർ 1, തിങ്കളാഴ്‌ച

വ്രതാനുഷ്ഠാനത്തിന്‍റെയും ദൈവാനുഗ്രഹത്തിന്‍റെയും നാളുകള്‍ സമാഗതമായി

ലോകത്തെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ക്ക് ഇനി വ്രതാനുഷ്ഠാനത്തിന്‍റയും ദൈവാനുഗ്റഹത്തിന്‍റെയും ദിനങ്ങളാണ്.റംസാന്‍ മാസപ്പിറവി കണ്ടതോടെ മുസ്ലിം പള്ളികളിലും വീടുകളിലും പുണ്യമാസത്തെ എതിരേല്‍ക്കുകയായി. വ്രത ശുദ്ധിയിലൂടെ മനസ്സും ശരീരവും സര്‍വ്വലോകസൃഷ്ടാവായ അല്ലാഹുവില്‍ സമര്‍പ്പിച്ചു പാപകര്‍മ്മകളില്‍ നിന്നുമുള്ള മോചനത്തിനായി ആരാധനാനിരതരായി വിശ്വാസികള്‍ നോമ്പിനെ വരവേല്‍ക്കുകയായി. പരിശുദ്ധ ഖുര്‍ ആന്റെ അവതരണം കൊണ്ടു അനുഗ്രഹിയ്ക്കപ്പെട്ട റംസാന്‍ മാസത്തില്‍ ഐതിഹാസികമായ ബദര്‍ യുദ്ധത്തിന്റെ ഓര്മ്മ പുതുക്കുന്ന പതിനേഴാം രാവിലെ ബദര്‍ ദിനവും,സര്‍വ്വ ഐശ്വര്യങ്ങളും നിറഞ്ഞ ലൈലത്തുല്‍ ഖദിര്‍ രാവും ഉള്‍പെട്ടിരിക്കുന്നു. പകല്‍ മുഴുവന്‍ ആഹാര പദാര്‍ഥങ്ങള്‍ വെടിഞ്ഞും മനസ്സാവാചാ പാപ കര്‍മ്മങ്ങളില്‍ നിന്നകന്നും നോമ്പ് നോല്‍ക്കുന്ന വിശ്വാസിയ്ക്ക് കൈവരുന്ന ആത്മസംസ്കരണം വരും മാസങ്ങളിലും അധാര്‍മിക പ്രവൃത്തികളില്‍ നിന്നകന്നുള്ള ജീവിതം നയിക്കാനുള്ള ആര്‍ജ്ജവം സ്വായത്വമാകുന്നു.റംസാനില്‍ സക്കാത്ത് മുതലായ ദാന ധര്‍മ്മങ്ങളും, തറാവീഹ് എന്ന രാത്രി നമസ്ക്കാരവും ഏതൊരു മുസ്ലിമിനും അല്ലാഹുവിന്റെ അനുഗ്രഹം നിര്‍ല്ലോഭം ലഭിയ്ക്കാന്‍ അവസരമൊരുക്കുന്നു.മാനവസ്നേഹവും മതമൈത്രിയും ഊട്ടിയുറപ്പിക്കാന്‍ ഈ വര്‍ഷത്തിലെ നോമ്പ് കാലം കാരണവാട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു!