2013, നവംബർ 30, ശനിയാഴ്‌ച

പാലക്കാടിനെ ചെങ്കടലാക്കി പാർട്ടി പ്ലീനം കൊടിയിറങ്ങി...



സി പി ഐ എം സംസ്ഥാന പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ബഹുജനറാലിയിൽ പങ്കെടുക്കാൻ ചെങ്കൊടികൾ നെഞ്ചോടു ചേർത്ത് പിടിച്ച്,വള്ളുവനാടിന്റെ ഉൾനാടൻ ഗ്രാമങ്ങളിൽ നിന്നും രാവിലെ മുതൽ ചെറു സംഘങ്ങളായി കുടുംബ സമേതം ഒഴുകിയെത്തിയ ജനസഞ്ചയം ഉച്ചയോടെ പാലക്കാടൻ നഗരവീഥികളെ ചെങ്കടലാക്കി മാറ്റി.ഒരുവിഭാഗം മാധ്യമങ്ങളുടെ നുണബോംബുകൾക്കും അധികാരി വർഗ്ഗത്തിന്റെ കോടാലിക്കൈകൾക്കും തങ്ങളുടെ പോരാട്ടവീര്യത്തെ ഒട്ടും തളർത്താനാവില്ലെന്നു തെളിയിച്ച് പാർട്ടിയുടെ മഹാറാലി നടക്കുന്ന സ്റ്റേഡി യം ഗ്രൌണ്ടിലെ എ കെ ജി നഗറിൽ അവർ ജനസാഗരം തീർത്തു.നവോത്‌ഥാനപ്രസ്ഥാനങ്ങൾ ഉഴുതുമറിച്ച കേരളത്തിന്റെ മണ്ണിൽ, മാറ്റത്തിന്റെ കൊടുങ്കാറ്റുമായെത്തിയ വിപ്ലവ പാർട്ടിയുടെ ചിറകുകളരിയാമെന്നു വ്യാമോഹിക്കുന്ന അധമ വർഗ്ഗത്തിനു താക്കീതായി മാറി പ്ലീനത്തിന്റെ സമാപനം കുറിച്ച് നടന്ന മഹാറാലി.എ കെ ജി നഗറിലെ ബഹുജനറാലി പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പി ബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ, എം എ ബേബി തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ സ്വാഗതവും സംസ്ഥാന കമ്മറ്റിയംഗം എം ചന്ദ്രൻ നന്ദിയും പറഞ്ഞു.

2013, നവംബർ 27, ബുധനാഴ്‌ച

സി പി ഐ എം പ്ലീനം പാലക്കാട്ട് തുടങ്ങി...




സി പി ഐ എം സംസ്ഥാന പ്ലീനം ഇന്ന് പാലക്കാട്ട് തുടങ്ങി.പ്രതിനിധി സമ്മേളനം നടക്കുന്ന ഇ എം എസ് നഗറിൽ (പാലക്കാട് ടൌണ്‍ ഹാൾ)പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ പതാക ഉയർത്തിയതോടെയാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പ്ലീനത്തിന് തുടക്കം കുറിച്ചത്.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് പ്ലീനം ഉദ്ഘാടനം ചെയ്തു.കേന്ദ്രത്തിൽ കോണ്‍ഗ്രസ്സിനും ബി ജെ പിക്കും പകരം വെക്കാവുന്ന ഒരു സർക്കാരിന് വേണ്ടി ജനങ്ങൾ കാത്തിരിക്കുകയാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാരാട്ട് പറഞ്ഞു.ജനവിരുദ്ധ നയങ്ങൾ നടപ്പാക്കുന്ന കോണ്‍ഗ്രസ് സർക്കാർ ജനങ്ങളിൽ നിന്നും അകന്നുവെന്നും ബി ജെ പിയും  കോണ്‍ഗ്രസ്സിന്റെ  അതേ നയങ്ങൾ തന്നെയാണ് പിന്തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.പി ബി അംഗം കോടിയേരി ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ വി എസ് പതാക ഉയർത്തൽ പ്രസംഗം നടത്തി.കോടിയേരി അനുശോചന പ്രമേയവും രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു.സംഘാടകസമിതി ചെയർമാൻ എ കെ ബാലൻ സ്വാഗതം പറഞ്ഞു .ഉദ്ഘാടനത്തിന് ശേഷം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ സംഘടനാരേഖ അവതരിപ്പിച്ചു.തുടർന്ന് സംഘടനാരേഖയെ കുറിച്ച് ചർച്ച നടന്നു.കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ഓരോ പാർട്ടി അംഗവും പ്രതിജ്ഞാബദ്ധമാണെന്നും അന്യവർഗചിന്തകൾ ഉപേക്ഷിക്കണമെന്നും രേഖ പാർട്ടി ഘടകങ്ങളെ ഓർമ്മിപ്പിച്ചു.

2013, നവംബർ 26, ചൊവ്വാഴ്ച

പ്ലീനം-ഇ എം എസ് നഗറിൽ നാളെ കൊടിയുയരും...



നാളെ മുതൽ മൂന്നു ദിവസം നീളുന്ന സി പി ഐ എം പ്ലീനത്തിനു തുടക്കം കുറിച്ച്  പാലക്കാട്‌ ടൌണ്‍ ഹാളിലെ ഇ എം എസ്  നഗറിൽ നാളെ  രാവിലെ 10 ന് ചെങ്കൊടിയുയരും.പ്ലീനത്തിന്റെ ഉദ്ഘാടനം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിക്കും.പ്രതിനിധി സമ്മേളനത്തിൽ 6 പി ബി മെമ്പർമാർ,87 സംസ്ഥാന കമ്മറ്റിയംഗങ്ങൾ,202 ഏരിയ സെക്രട്ടറിമാർ ഉൾപ്പെടെ 408 പ്രതിനിധികൾ പങ്കെടുക്കും.27 ന് വൈകീട്ട് കോട്ടമൈതാനിയിൽ 'മത നിരപേക്ഷതയും ഇന്ത്യൻ ജനാധിപത്യവും'എന്ന സെമിനാർ  പി ബി മെമ്പർ എ സ് രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. സെമിനാറിൽ ഗുജറാത്ത് മുൻ ഡി ജി പി ആർ ബി ശ്രീകുമാർ,എം എൻ കാരശ്ശേരി, ഡോ.ഫസൽ ഗഫൂർ തുടങ്ങിയവ ർ പ്രഭാഷണം നടത്തും. 28 ന് വൈകിട്ട് പി ബി മെമ്പർ സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്യുന്ന 'ഉദാരവല്ക്കരണവും  ബദൽ നയങ്ങളും'എന്ന സെമിനാറിൽ ധനമന്ത്രി കെ എം മാണി,കേന്ദ്രകമ്മറ്റിയംഗം ഡോ.തോമസ് ഐസക് എന്നിവർ പ്രഭാഷണം നടത്തും. 27,28 തിയ്യതികളിൽ കൊട്ടമൈതാനിയിലെ പി ഗോവിന്ദപിള്ള നഗറിൽ സാംസ്കാരിക പരിപാടികൾ അരങ്ങേറും.പ്ലീനത്തിന്റെ സമാപനത്തോടനുബന്ധിച്ച് 29 ന് വൈകീട്ട് മുൻസിപ്പൽ സ്റ്റേഡിയത്തിലെ എ കെ ജി നഗറിൽ 2 ലക്ഷം പേർ പങ്കെടുക്കുന്ന ബഹുജനറാലി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്യും.സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ,പിബി അംഗങ്ങളായ എസ് രാമചന്ദ്രൻ പിള്ള,സീതാറാം യെച്ചൂരി,കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി,പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദൻ എന്നിവർ പ്രസംഗിക്കും.മറ്റ് പാർട്ടികളിൽ നിന്നും വ്യതസ്തമായ വ്യക്തിത്വം ഉയർത്തിപ്പിടിക്കുന്നതിനും പാർട്ടി അംഗങ്ങളുടെയും ഘടകങ്ങളുടെയും പ്രവർത്തനം കമ്മ്യൂണിസ്റ്റ് മൂല്യങ്ങളിൽ ഉറപ്പിച്ച്  നിർത്തുന്നതിനും പ്ലീനം
സഹായകരമാകുമെന്ന് സ്വാഗതസംഘം ചെയർമാൻ എ കെ ബാലൻ എം എൽഎ,ജനറൽ കണ്‍വീനർ സി കെ രാജേന്ദ്രൻ,പ്രചാരണ കമ്മറ്റി ചെയർമാൻ
എൻ എൻ കൃഷ്ണദാസ് എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

2013, നവംബർ 23, ശനിയാഴ്‌ച

പ്ലീനത്തെ വരവേൽക്കാൻ വള്ളുവനാട് ചെമ്പട്ടണിഞ്ഞു...


വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൊലക്കത്തികൾക്കും വലതുപക്ഷ ഭരണകൂടത്തിന്റെ മർദ്ദനമുറകൾക്കും മുന്നിൽ മുട്ട് മടക്കാത്ത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവപ്രസ്ഥാനമായ സി പി ഐ എമ്മിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന പ്ലീനത്തെ വരവേൽക്കാൻ പാലക്കാട്ടെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു.കല്ലടിക്കോടൻ മലനിരകൾ കടന്നെത്തുന്ന വൃക്ഷികക്കാറ്റിൽ തലയാട്ടി നിൽക്കുന്ന കരിമ്പനകൾക്ക് കീഴെ വള്ളുവനാടിന്റെ ഗ്രാമവീഥികളിൽ  മർദ്ദിത വർഗ്ഗത്തിന്റെ മോചനത്തിന്റെ അടയാളമായ ചെങ്കൊടികൾ പാറിത്തുടങ്ങി...സമ്മേളന വേദിയായ പാലക്കാട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചരിത്രസ്മരണകൾ ഉണർത്തുന്ന സ്ക്വയറുകളും കമാനങ്ങളും ഉയർന്നുകഴിഞ്ഞു.പോസ്റ്ററുകളും വിളംബര ജാഥകളും പാർട്ടിബന്ധുക്കളിലും പ്രവർത്തകരിലും ആവേശമുണർത്തുന്നു.ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നവംബർ 27,28,29 തിയ്യതികളിൽ നടക്കുന്ന പ്ലീനവും അനുബന്ധ പരിപാടികളും ചരിത്രസംഭവമായി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് എങ്ങും ദൃശ്യമാവുന്നത്. സമാപനദിവസമായ 29 ന് സംഘടിപ്പിക്കുന്ന ബഹുജന റാലിയിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.കോഴിക്കോട്ട് നടന്ന ഇരുപതാം പാർട്ടി കോണ്‍ഗ്രസ്സിന്  ശേഷം നടക്കുന്ന പ്ലീനം സി പി ഐ എമ്മിന്റെ സംഘടനാശേഷി വിളംബരം ചെയ്യുന്നതായിരിക്കും.പാർട്ടിക്കകത്ത്  മുളപൊട്ടുന്ന സംഘടനാപരമായ ദൌർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും പ്ലീനത്തിൽ ഉണ്ടാവും.പാർട്ടി  സെക്രട്ടറി യറ്റും സംസ്ഥാന കമ്മറ്റിയും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് പ്ലീനത്തിന്റെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി.

2013, നവംബർ 21, വ്യാഴാഴ്‌ച

പാർട്ടി പ്ലീനത്തിനുള്ള ഒരുക്കങ്ങൾ പാലക്കാട്ട് പുരോഗമിക്കുന്നു...


നവംബർ 27,28,29 തിയ്യതികളിൽ പാലക്കാട്ട് നടക്കുന്ന സി പി ഐ എം സംസ്ഥാന പ്ലീനം വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങൾ ജില്ലയിൽ വളരെ വേഗം പുരോഗമിക്കുന്നു.ബുധനാഴ്ച പാലക്കാട് ജില്ലയിൽ പതാക ദിനം ആചരിച്ചു.പാർട്ടി  ഓഫീസുകൾ,പ്രധാന കേന്ദ്രങ്ങൾ,ബൂത്ത് കേന്ദ്രങ്ങൾ,വീടുകൾ എന്നിവിടങ്ങളിൽ ചെങ്കൊടികൾ ഉയർന്നു. പ്ലീനത്തിന്റെ ചെലവിലേക്ക് ജില്ലയിലെ ആയിരക്കണക്കിന് ചെറു സ്ക്വാഡുകൾ സമാഹരിച്ച ഫണ്ട്  ഏറ്റുവാങ്ങുന്നതിന് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബി ജോണ്‍ ക്യാപ്റ്റനായുള്ള   ഒന്നാമത്തെ ജാഥ വ്യാഴാഴ്ച പര്യടനം ആരംഭിച്ചു.ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രൻ നയിക്കുന്ന രണ്ടാമത്തെ ജാഥ നാളെ തുടങ്ങും.പ്ലീനത്തിന്റെ പ്രചാരണത്തിന് ലോക്കൽ അടിസ്ഥാനത്തിലുള്ള വിളംബര ജാഥകൾക്കും തുടക്കമായി.ഈ ജാഥകൾ 25 വരെ തുടരുന്നതാണ്.സമാപന ദിവസമായ 29 ന് നടക്കുന്ന ബഹുജന റാലി വൻ വിജയമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടന്നു വരുന്നു.