2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

മന്നാഡേ വിടവാങ്ങി...



ഇന്ന് പുലർച്ചെ ബംഗലൂരുവിലെ നാരായണ ഹൃദയാലയം ആശുപത്രിയിൽ
അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ മന്നാഡേയുടെ മൃതദേഹം ഹെബ്ബാൾ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു.ബംഗലൂരുവിലെ രവീന്ദ്ര കലാക്ഷേത്രത്തിൽ ഭൌതിക ശരീരം പൊതുദർശനത്തിനു വെച്ചിരുന്നു. അദ്ദേഹത്തിന് 94 വസ്സായിരുന്നു.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.1920 മെയ്‌ 1 ന് പിതാവായ  പൂർണ്ണ ചന്ദ്രയുടേയും മാതാവായ  മഹമയ ഡേയുടേയും പുത്രനായി ബംഗാളിൽ ജനിച്ച മന്നാ ഡേയുടെ യഥാർത്ഥ പേര് പ്രബോധ് ചന്ദ്ര ഡേ എന്നായിരുന്നു.കുട്ടിക്കാലത്ത്
സ്പോർട്സിൽ താൽപര്യമെടുത്തിരുന്ന അദ്ദേഹത്തെ സംഗീത ലോകത്തിലേക്ക് ആനയിച്ചത് അമ്മാവനായ കെ.സി.ഡേ ആണ്.സംഗീതത്തിൽ മന്നാ ഡേയുടെ ഗുരുനാഥന്മാർ കെ. സി. ഡേയും
ഉസ്താദ് ജബീർ ഖാനുമായിരുന്നു.വിദ്യാസാഗർ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം അമ്മാവന്റെ കൂടെ മുബൈയിലേക്ക് പോയി.ഈ യാത്രയാണ് മന്നാ ഡേയെ ഹിന്ദി ചലച്ചിത്ര
ലോകവുമായി ബന്ധപ്പെടുത്തിയത്.തുടക്കത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എസ് ഡി ബർമ്മന്റെ സഹായിയായി പ്രവർത്തിച്ചു.1942 ൽ 'തമന്ന' എന്ന സിനിമയ്ക്ക് വേണ്ടിയാണ് മന്നാ ഡേ
ആദ്യമായി പാടിയത്.1942-2013 കാലത്ത് 4000 ത്തിൽപരം പാട്ടുകൾ വിവിധ ഭാഷകളിൽ അദ്ദേഹം ആലപിച്ചിട്ടുണ്ട്.'ബൂട്ട് പോളിഷ്','ചോരി ചോരി' തുടങ്ങിയ സിനിമകളിലെ പാട്ടുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മന്നാ ഡേ ഗസൽ ആലാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.ആർ ഡി ബർമ്മൻ,സലീൽ ചൗധരി,ലക്ഷ്മി കാന്ത്-പ്യാരേലാൽ,കല്യാണ്‍ജി-ആനന്ദ്ജി,ശങ്കർ ജയ്‌ക്ശൻ,ജയ് ദേവ് തുടങ്ങിയ പ്രശസ്തരായ  സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം മന്നാ ഡേ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബംഗാളി ഉൾപ്പടെയുള്ള 9 ഭാഷാ ചിത്രങ്ങൾക്ക് വേണ്ടി പാടിയ മന്നാ ഡേ
സലീൽ ചൌധരിയുടെ സംഗീത നിർദ്ദേശത്തിൽ മലയാളത്തിലെ ചെമ്മീൻ നെല്ല് എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാടിയ പാട്ടുകൾ ഹിറ്റാവുകയായിരുന്നു.1971 ൽ പദ്മശ്രീ,2005 ൽ പദ്മഭൂഷൻ,2007 ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതലായ അനേകം പുരസ്കാരങ്ങൾ നൽകി രാഷ്ട്രം മന്നാ ഡേയെ ആദരിച്ചിട്ടുണ്ട്.1953 ഡിസംബർ 18 ന് മലയാളിയും നാടക പിന്നണി ഗായിക കൂടിയായ കണ്ണൂരിലെ സുലോചന കുമാരനെ അദ്ദേഹം വിവാഹം ചെയ്തു.പിന്നീട് ബംഗലൂരുവിൽ സ്ഥിര താമസമാക്കുകയായിരുന്നു.മന്നാ ഡേയുടെ വേർപാടിൽ സംഗീതലോകം മുഴുവൻ വ്യസനിക്കുന്നു..! 

2013, ഒക്‌ടോബർ 22, ചൊവ്വാഴ്ച

'മുഖ്യധാര' മാസിക നവംബർ 7 ന് പ്രകാശ് കാരാട്ട് കോഴിക്കോട്ട് പ്രകാശനം ചെയ്യും...


ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളുടെ മതേതരവീക്ഷണവും ഫാസിസ്റ്റ് വിരുദ്ധ നിലപാടും ജനനങ്ങളിൽ എത്തിക്കുന്നതിനുള്ള പ്രസിദ്ധീകരണമായ 'മുഖ്യധാര' മാസികയുടെ പ്രകാശനവും, 'ന്യൂനപക്ഷം,മതനിരപേക്ഷത,വർഗ്ഗീയഫാസിസം' എന്ന വിഷയത്തിലുള്ള  ദേശീയ സെമിനാറും 2013 നവംബർ 7 ന് വ്യാഴാഴ്ച കോഴിക്കോട് കടപ്പുറത്തുള്ള മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ നടക്കുന്നതാണ്. മാസികയുടെ പ്രകാശനം രാവിലെ 9 മണിക്ക് ഗുജറാത്ത് വംശഹത്യയുടെ 'ജീവിച്ചിരിക്കുന്ന രക്തസാക്ഷി' കുത്ബുദ്ധീൻ അൻസാരിക്ക് കോപ്പി നൽകിക്കൊണ്ട് സിപിഐഎം ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് നിർവ്വഹിക്കും.സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ മുഖ്യപ്രഭാഷണം നടത്തും.'മുഖ്യധാര' ചീഫ് എഡിറ്റർ കെ ടി ജലീൽ എം എൽ എ,ചരിത്രകാരൻ ഡോ.കെ എൻ പണിക്കർ,എഴുത്തുകാരി പി വത്സല എന്നിവർ പ്രസംഗിക്കും.പി ടി എ റഹീം എം എൽ എ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും.തുടർന്ന് നടക്കുന്ന ദേശീയ സെമിനാറിൽ ഷബ്നം ഹാഷ്മി (ഗുജറാത്താനന്തര ഇന്ത്യൻ മതേതരത്വം നേരിടുന്ന വെല്ലുവിളി),ഡോ.ഉസ്മാൻ (ഇസ്ലാമിന്റെ ഇടതുപക്ഷ വായന),ഡോ.പി എ ഫസൽ ഗഫൂർ (ഇസ്ലാമിക ലോകവും മതേതരത്വവും),സി കെ അബ്ദുൾ അസീസ്‌ (ആഗോളവൽക്കരണകാലത്തെ ന്യൂനപക്ഷ രാഷ്ട്രീയം),ഡോ.ഇല്ല്യാസ് (വിവേചന ഭീകരത),ഡോ.ഖദീജാമുംതാസ് (ന്യൂനപക്ഷ സമൂഹവും സ്ത്രീപദവിയും),പ്രൊഫ.ബഷീർ മണിയങ്കുളം (മലയാള സാഹിത്യത്തിലെ മുസ്ലിം സാന്നിധ്യം),പ്രൊഫ.എ പി അബ്ദുൾ വഹാബ് (സാമുദായിക രാഷ്ട്രീയത്തിലെ വർഗീയ ഭാഷ്യം),ജാഫർ അത്തോളി (ന്യൂനപക്ഷങ്ങളും മാധ്യമങ്ങളും),സഫീദ് റൂമി (വ്യാജ ഏറ്റുമുട്ടലും പിന്നാമ്പുറവും),ഡോ.ഹുസൈൻ രണ്ടത്താണി (ന്യൂനപക്ഷവും ഇടതുപക്ഷവും),അലി അബ്ദുള്ള (കേരളീയ സമൂഹത്തിലെ ഇസ്ലാമിക പരിസരം),ഡോ .അഷറഫ് കടയ്ക്കൽ (ഇൻഡോ അറബ് ബന്ധത്തിന്റെ സാംസ്കാരിക ഭൂമിക),ഡോ.ജമാൽ മുഹമ്മദ്‌ (കേരളീയ നവോത്ഥാനത്തിന്റെ മുസ്ലിം പരിപ്രേക്ഷ്യം),മുക്താർ മുഹമ്മദ്‌ (ഗുജറാത്തിന്റെ വർത്തമാനം) എന്നിവർ വിഷയങ്ങൾ അവതരിപ്പിക്കും.ബേബി ജോണ്‍ അധ്യക്ഷത വഹിക്കുന്ന സെമിനാറിൽ
എളമരം കരീം എം എൽ എ സമാപന പ്രാഭാഷണം നടത്തും.

സിപിഐഎം സംസ്ഥാന പ്ലീനം നവംബറിൽ പാലക്കാട്ട്


സി പി ഐ എം സംസ്ഥാന പ്ലീനം നവംബർ 27,28,29 തിയ്യതികളിൽ പാലക്കാട്ട് ചേരാൻ  പാർട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം  തീരുമാനിച്ചു.പാർട്ടി കോണ്‍ഗ്രസ്സിന് ശേഷമുള്ള കേരളത്തിലെ സംഘടനാ വിഷയങ്ങൾ ചർച്ച ചെയ്യാൻ, സംസ്ഥാന കമ്മറ്റിയുടെ വിപുലമായ യോഗം എന്ന നിലയിലാണ് പ്ലീനം വിളിച്ചു ചേർത്തിരിക്കുന്നത്.പാർട്ടിയുടെ കേന്ദ്ര  നേതാക്കൾ പങ്കെടുക്കുന്ന പ്ലീനത്തിന്റെ ഭാഗമായി സമാപന ദിവസം  ബഹുജനറാലിയും സംഘടിപ്പിക്കുന്നുണ്ട്.

2013, ഒക്‌ടോബർ 20, ഞായറാഴ്‌ച

സംഗീത സംവിധായകൻ കെ.രാഘവൻ മാസ്റ്റർ ഓർമ്മയായി...


ഇന്നലെ അന്തരിച്ച പ്രശസ്ത സംഗീത സംവിധായകൻ കെ .രാഘവൻ മാസ്റ്ററുടെ ഭൌതികശരീരം പൂർണ്ണ  ഔദ്യോഗിക  ബഹുമതികളോടെ തലശ്ശേരിയിൽ  സംസ്ക്കരിച്ചു.ഇതോടെ നാല് പതിറ്റാണ്ടിലേറെ മലയാളചലച്ചിത്ര സംഗീതലോകത്ത് നിറഞ്ഞു നിന്ന ആ മഹാപ്രതിഭ ഓർമ്മയായി..!തലശ്ശേരിയിലെ കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ  മകനായി 1913 ഡിസംബർ 2 നായിരുന്നു അദ്ദേഹം ജനിച്ചത്.99 വയസ്സായിരുന്ന  മാസ്റ്റർ തലശ്ശേരി  ടെമ്പിൾ ഗേറ്റിലുള്ള 'ശരവണ'യിൽ വിശ്രമജീവിതം നയിക്കവെ,കഴിഞ്ഞ ദിവസം പനി അധികരിച്ചതിനെ തുടർന്ന് തലശ്ശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.ഇന്നലെ പുലർച്ചെ 4.20 ന് അന്ത്യം സംഭവിച്ചു.വീട്ടിലും പൊതുദർശനത്തിനു വെച്ച ബി.ഇ.എം.പി  സ്കൂളിലും സമൂഹത്തിന്റെ വിവിധ തുറകളിൽ പെട്ടവരും ആരാധകരും മാസ്റ്റർക്ക് അന്തിമോപചാരങ്ങൾ അർപ്പിക്കാൻ എത്തിയിരുന്നു.ചെറുപ്പം മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചിരുന്ന അദ്ദേഹം തംബുരു വായനയിലും പ്രാവീണ്യം നേടി.നല്ലൊരു ഫുട്ബാൾ കളിക്കാരൻ കൂടിയായിരുന്നു രാഘവാൻ മാസ്റ്റർ. ചെന്നൈ ആകാശവാണി നിലയത്തിൽ തംബുരു ആർടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ച അദ്ദേഹം ആകാശവാണി കോഴിക്കോട് നിലയത്തിലേക്ക് സ്ഥലംമാറി വന്നതോടെ തിരക്കുള്ള കലാ പ്രവർത്തകനായി.പി.ഭാസ്ക്കരൻ,തിക്കോടിയൻ,ഉറൂബ് തുടങ്ങിയ മഹാപ്രതിഭകളുടെ സംഗമസ്ഥാനം കൂടിയായിരുന്നു അന്ന് കോഴിക്കോട്.
ഈ കാലത്താണ് അദ്ദേഹം ചലച്ചിത്ര ലോകത്തിലേക്ക്‌ പ്രവേശിക്കുന്നത്.1951 ൽ നിർമ്മിക്കപ്പെട്ടതും എന്നാൽ റിലീസ് ചെയ്യപ്പെടാതെ പോയതുമായ 'പുള്ളിമാൻ'എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാസ്റ്റർ രചിച്ച 'ചന്ദ്രനുറങ്ങി താരമുറങ്ങി... ചന്ദനം ചാർത്തിയരാവുറങ്ങി...'എന്ന് തുടങ്ങുന്ന ഗാനത്തിനാണ് അദ്ദേഹം ആദ്യമായി ഈണം പകർന്നത്. 1954 ൽ രാമുകാര്യാട്ട്‌ സംവിധാനം ചെയ്ത 
'നീലക്കുയിൽ' എന്ന ചിത്രത്തിന് വേണ്ടി ഭാസ്ക്കരൻ മാസ്റ്ററുടെ രചനയിൽ രാഘവൻ മാസ്റ്റർ സംഗീതം നൽകിയ എല്ലാ പാട്ടുകളും ഹിറ്റാവുകയായിരുന്നു. ഈ പടത്തിൽ രാഘവൻ മാസ്റ്റർ ആലപിച്ച 'കായലരികത്ത് വലയെറിഞ്ഞപ്പോൾ...'എന്നാരംഭിക്കുന്ന ഗാനം ഇന്നും  മെഗാഹിറ്റായി നിലനിൽക്കുന്നു.മലയാള ചലച്ചിത്രഗാനശൈലി മാസ്റ്റർ പൊളിച്ചെഴുതി.അന്നേ വരെ തമിഴ്-ഹിന്ദി ഗാനങ്ങളുടെ തനിയാവർത്തനങ്ങൾ  മാത്രമായിരുന്ന മലയാള ചലച്ചിത്രഗാനങ്ങളെ ശാസ്ത്രീയസംഗീതത്തിന്റെ ചട്ടക്കൂടിൽ മലയാളത്തനിമ നൽകി, നാടൻ ശീലുകളുടെയും മാപ്പിളപ്പാട്ടുകളുടെയും മനോഹാരിതയും ലാളിത്യവും ഇഴ ചേർത്ത്, അദ്ദേഹം അണിയിച്ചൊരുക്കി.ഈ നൂതനശൈലിയിൽ അദ്ദേഹം ചിട്ടപ്പെടുത്തിയ പാട്ടുകളെല്ലാം ആസ്വാദകരെ ഹരം കൊള്ളിച്ചു.65 പടങ്ങൾക്ക് വേണ്ടി 405 പാട്ടുകൾക്ക് മാസ്റ്റർ സംഗീതം നൽകി.ഏറ്റവുമൊടുവിൽ പ്രമോദ്  പയ്യന്നൂരിന്റെ 'ബാല്യകാലസഖി'എന്ന ചിത്രത്തിലെ 'താമരപ്പൂങ്കാവനത്തിൽ...'എന്ന് തുടങ്ങുന്ന ഗാനത്തിനും  രാഘവൻ മാസ്റ്റർ സംഗീതം നൽകി. കെ.പി.എസി യുടെ നാടക ഗാനങ്ങൾക്കും അദ്ദേഹം ഈണമൊരുക്കി.മെഹബൂബ്, ബ്രഹ്മാനന്ദൻ,എ.പി.കോമള,കെ.പി.ഉദയഭാനു,ശാന്ത പി നായർ,എ എം രാജ,വി.ടി.മുരളി തുടങ്ങിയ നിരവധി ഗായകരെ അദ്ദേഹം കൈ പിടിച്ചുയർത്തി.അനേകം അവാർഡുകളും രാഘവൻ മാസ്റ്ററെ തേടിയെത്തി.1973,1977 വർഷങ്ങളിൽ ഏറ്റവും നല്ല സംഗീത സംവിധായകനുള്ള സംസ്ഥാന അവാർഡ്,1997 ലെ ജെ.സി.ഡാനിയേൽ പുരസ്കാരം,2006 ലെ സ്വരലയ-യേശുദാസ് അവാർഡ് എന്നിവ ഇവയിൽ ചിലത് മാത്രം.2010 ൽ ഭാരത സർക്കാർ രാഘവൻ മാസ്റ്ററെ  'പദ്മശ്രീ' നൽകി ആദരിക്കുകയുണ്ടായി.കണ്ണൂർ സർവ്വകലാശാല ഈയിടെ അദ്ദേഹത്തിന്ഡി.ലിറ്റ് ബിരുദവും നല്കി.അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുമ്പിൽ  ഒരു  പിടി ചെമ്പനീർ പൂക്കൾ സമർപ്പിക്കട്ടെ...