2012, നവംബർ 18, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം-ജനവരി 14 മുതല്‍ മലപ്പുറത്ത്



മലയാള ഭാഷാപിതാവ് തുഞ്ചത്താചാര്യന്റെയും,മാപ്പിള മഹാകവി മോയിന്‍കുട്ടി വൈദ്യരുടെയും ഓര്‍മ്മകള്‍ നിറഞ്ഞ മലപ്പുറത്ത് 2013 ജനവരി 14 മുതല്‍ 20 വരെ സ്കൂള്‍ കലോത്സവം  നടത്തുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ തുടങ്ങി.മുഖ്യവേദിയായ എം എസ് പി ഹയര്‍ സെക്കണ്ടറി സ്കൂളില്‍ സംഘാടക സമിതി ആപ്പീസ് വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബ് ഉദ്ഘാടനം ചെയതു.കലോത്സവത്തിന്റെ ലോഗോ പ്രകാശനം കേന്ദ്രമന്ത്രി ഇ അഹമ്മദ് നിര്‍വ്വഹിച്ചു.കോഴിക്കോട് പാലോറ ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ പി സതീഷ്‌കുമാറാണ് ലോഗോ തയ്യാറാക്കിയത്.
ഇക്കുറി പുതുതായി ഉള്‍പ്പെടുത്തിയ 13 ഇനങ്ങള്‍ അടക്കം ആകെ 232 ഇനങ്ങളിലായി 12500ലേ റെ കലാപ്രതിഭകള്‍ മാറ്റുരയ്ക്കുന്ന കലോത്സവം മലപ്പുറത്തും പരിസരത്തുമുള്ള 18 വേദികളിലായാണ് നടക്കുന്നത്.
മുഖ്യ വേദി പെരിന്തല്‍മണ്ണ റോഡിലുള്ള എം എസ് പി ഗ്രൌണ്ടിലാണ് സജ്ജമാക്കുന്നത്.മറ്റു വേദികള്‍ താഴെ പറയുന്നവയാണ്.
1.അരങ്ങ് ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം(കോട്ടക്കുന്ന്)  2.എം എസ് പി മൈതാനം കൂട്ടിലങ്ങാടി 3.മുന്‍സിപ്പാല്‍ ടൌണ്‍ ഹാള്‍  4.കോട്ടപ്പടി മൈതാനം 5.ഗവ.ബോയ്സ് ഹൈസ്കൂള്‍  6.ഗവ.ഗേള്‍സ്‌ ഹൈസ്കൂള്‍  7.സെന്റ്‌ ജെമ്മാസ് ഗേള്‍സ്‌ സ്കൂള്‍  8.ഡി ടി പി സി ഹാള്‍ കോട്ടക്കുന്ന് 9.പാലസ് ഓഡിറ്റോറിയം 10.മലപ്പുറം എ യു പി സ്കൂള്‍ 11.കിഴക്കേതല ഇസ്ലാഹിയ ഹൈസ്കൂള്‍ 12.എം എസ് പി ഇ എം സ്കൂള്‍ 13.കേന്ദ്രീയ വിദ്യാലയം 14.എം എസ് പി കമ്മ്യൂണിറ്റി ഹാള്‍  15 & 16. ഗവ.കോളേജ്(രണ്ടു വേദികള്‍)17.കോട്ടപ്പടി ബസ് സ്റ്റാന്‍റ്  ഓഡിറ്റോറിയം എന്നിവയാണ് മത്സരവേദികളായി തീരുമാനിച്ചിരിക്കുന്നത്.വേദികള്‍ സംഘാടക സമിതി അംഗങ്ങളും വിദ്യാഭ്യാസവകുപ്പ് മേധാവികളും സന്ദര്‍ശിച്ചു സൌകര്യങ്ങള്‍ വിലയിരുത്തി.മലപ്പുറത്ത് ആദ്യമായി വേദിയാകുന്ന കലോലോല്‍സവം വന്‍ വിജയമാക്കുതിനുള്ള ഒരുക്കത്തിലാണ് സംഘാടക സമിതി.

2012, ഒക്‌ടോബർ 8, തിങ്കളാഴ്‌ച

വെനേസ്വലെ വീണ്ടും ചുവന്നു...ഷാവേസ് പ്രസിഡന്റ്‌

അന്താരാഷ്‌ട്ര നിരീക്ഷണസംഘത്തിന്റെ മേല്‍നോട്ടത്തില്‍ തെക്കേ അമേരിക്കന്‍ രാജ്യമായ വെനേസ്വലേയില്‍ ഇന്നലെ നടന്ന പ്രസിഡണ്ട്‌ തെരഞ്ഞെടുപ്പില്‍ ഹ്യൂഗോ ഷാവേസ് വീണ്ടും പ്രസിഡന്റ്‌ ആയി തെരഞ്ഞെടുക്കപ്പെട്ടു.വലതുപക്ഷ മാധ്യമങ്ങളുടെ കുപ്രചരണങ്ങളെയും സാമ്രാജ്യത്തശക്തികളുടെ കുത്തിത്തിരുപ്പുകളെയും അതിജീവിച്ച് തുടര്‍ച്ചയായി നാലാം തവണയാണ് ഷാവേസ് പ്രസിഡന്റ്‌ ആയി അധികാരമേല്‍ക്കുന്നത്.എതിര്‍ സ്ഥാനാര്‍ഥിയായി മത്സരിച്ച പ്രതിപക്ഷ നേതാവിനെ 54 % വോട്ടുകള്‍ നേടിയാണ്‌ ഷാവേസ് പരാജയപ്പെടുത്തിയത്.മുതലാളിത്ത രാജ്യങ്ങളില്‍ നിന്നും ഭിന്നമായ ജനപക്ഷ സാമ്പത്തിക നയങ്ങള്‍ നടപ്പാക്കി കൊണ്ടിരിക്കുന്ന ഇടതു പക്ഷത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതാണ് ഷാവേസിന്റെ ഐതിഹാസികമായ ഈ വിജയം.

2012, ഒക്‌ടോബർ 7, ഞായറാഴ്‌ച

ട്വന്റി 20 ലോകകപ്പ്‌ കരീബിയന്‍ കിനാവുകള്‍ പൂവണിഞ്ഞു,ലങ്കയ്ക്ക് തോല്‍വി...

ട്വന്റി 20 ലോകകപ്പിന്റെ കലാശക്കളിയില്‍ ശ്രീലങ്കയെ 36 റണ്‍സിനു തോല്‍പ്പിച്ചു, വര്‍ഷങ്ങള്‍ക്കു ശേഷം ഒരു ലോകചാമ്പ്യന്‍ കിരീടമെന്ന സ്വപ്നം കരീബിയന്‍ കളിക്കാര്‍ ഇന്ന് സാക്ഷാല്‍ക്കരിച്ചു.കളിയില്‍ കരുത്തരെങ്കിലും കരീബിയന്‍ കളിക്കാര്‍ക്ക്‌ ഒരു ലോകകപ്പില്‍ മുത്തമിടാനായത് 1979 ന് ശേഷം 33 വര്‍ഷങ്ങളുടെ നീണ്ട കാത്തിരിപ്പിന് ശേഷം.കൊളോമ്പോയിലെ ആര്‍ പ്രേമദാസ സ്റ്റേഡിയത്തില്‍ 35000 ത്തിലേറെ കാണികളെ സാക്ഷി നിര്‍ത്തി വെസ്റ്റ്ഇന്‍ഡീസ് ശ്രീലങ്കക്കെതിരെ നേടിയ ഈ ചരിത്രവിജയം എന്നെന്നും ഓര്‍മ്മിക്കപ്പെടും.ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ്ഇന്‍ഡീസിന് തുണയായത് 56 പന്തുകളില്‍ നിന്നും 3 ബൌണ്ടറികളും 6 സിക്സറുകളും പറത്തി ആകെ 78 റണ്‍സിന്റെ അടിത്തറ തീര്‍ത്ത മാരിയോണ്‍ സാമുവലിന്റെ മികച്ച പ്രകടനമാണ്.ബാറ്റുകളില്‍ നിന്നും വെടിക്കെട്ടുകള്‍ തീര്‍ക്കാറുള്ള ക്രിസ് ഗയിലിനു 16 പന്തുകളില്‍ നിന്നും 3 റണ്‍സ് കൂടി ചേര്‍ക്കാനെ കഴിഞ്ഞുള്ളൂ.സാമുവലിനെ കൂടാതെ അവരുടെ വിജയത്തിനു താങ്ങായി തീര്‍ന്നത് ക്യാപ്ടന്‍ സമ്മിയുടെ 26 റണ്‍സും,ബ്രാവോ നേടിയ 19 റണ്‍സുമാണ്.മറ്റു കളിക്കാര്‍ക്ക്‌ രണ്ടക്കം തികകയ്ക്കാന്‍ പോലും കഴിഞ്ഞില്ല.വെസ്റ്റ് ഇന്‍ഡീസ് ഇന്നിങ്ങ്സ് അവസാനിച്ചത്‌ 20 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ നേടിയ 137 റണ്‍സുമായാണ്.ശ്രീലങ്കയുടെ ബൌളിങ്ങില്‍ എടുത്തു പറയേണ്ടത് ക്രിസ് ഗയിലിനെ ഉള്‍പ്പെടെ 4  കളിക്കാരെ മടക്കി അയച്ച അജന്ത മെന്‍ഡീനിന്റെ മികച്ച പ്രകടനമാണ്.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 18 .4 ഓവറുകളില്‍ 101 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ.36 പന്തുകളില്‍ നിന്നും 33 റണ്‍സെടുത്ത ജയവര്‍ദ്ധനയ്ക്കും, 13 പന്തുകളില്‍ നിന്നും 26 റണ്‍സ് നേടിയ കുലശേഖരയ്ക്കും,26 പന്തുകളെ നേരിട്ട് 22 റണ്‍സെടുത്ത സംഗക്കാരയ്ക്കും ലങ്കയെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാനായില്ല.ഒടുവില്‍ 36 റണ്‍സിനു തോല്‍വി സമ്മതിച്ച് ശ്രീലങ്കയ്ക്ക് അടിയറവ് പറയേണ്ടി വന്നു.

2012, സെപ്റ്റംബർ 26, ബുധനാഴ്‌ച

ട്വെന്റി 20 പ്രാഥമികറൌണ്ട് പൂര്‍ത്തിയായി,സുപ്പര്‍ 8 മത്സരങ്ങള്‍ നാളെ തുടങ്ങും

ട്വെന്റി 20 ലോകകപ്പ്‌ ക്രിക്കറ്റിന്റെ പ്രാഥമികറൌണ്ട് മത്സരങ്ങള്‍ ഇന്നലെ ശ്രീലങ്കയില്‍ പൂര്‍ത്തിയായപ്പോള്‍ അഫ്ഗാനിസ്ഥാന്‍,അയര്‍ലാന്ഡ്,സിംബാബ്വേ,ബംഗ്ലാദേശ് എന്നീ ടീമുകള്‍ നാളെ തുടങ്ങാനിരിക്കുന്ന സുപ്പര്‍ 8 മത്സരങ്ങളില്‍ കടക്കാനാവാതെ നാട്ടിലേക്ക് മടങ്ങി.അത്ഭുതങ്ങള്‍ക്കും അട്ടിമറികള്‍ക്കും ഇടം കിട്ടാതെ സമാപിച്ച ആദ്യമത്സരങ്ങളില്‍ ശ്രീലങ്കയുടെ അജാന്ത മെന്ടീസും ഇന്ത്യയുടെ ഹര്‍ഭജനും കാഴ്ചവെച്ച ബൌളിംഗ് മികവും,ന്യൂസീലാന്‍ഡ്‌ താരം ബ്രാണ്ടൊന്‍ മെക്കല്ലത്തിന്റെ സെഞ്ചുറിയും എന്നും ഓര്‍മ്മിക്കപ്പെടും.ഒരു കളിയിലും ജയം കാണാനാവാതെ മഴയുടെ സഹായം കൊണ്ട് മാത്രം വിണ്ടീസ് ടീമിന് സുപ്പര്‍ 8 ല്‍ കടന്നുകൂടാനായതും ശ്രദ്ധിക്കപ്പെട്ടു.എ ഗ്രൂപ്പില്‍ ഇന്ത്യക്ക് ഇംഗ്ലണ്ടിനെ പരാജയപ്പെടുത്താനായതും നന്നായി.ഗ്രൂപ്പ്തല മത്സരങ്ങളില്‍ കളിച്ച രണ്ടു കളികളിലും ജയിച്ച് 4 പോയിന്റുകളോടെ ആധിപത്യം ഉറപ്പിക്കാനും ഇന്ത്യക്ക് കഴിഞ്ഞു.ആസ്ട്രേലിയ,ശ്രീലങ്ക,പാക്കിസ്ഥാന്‍  എന്നീ ടീമുകള്‍ക്ക് യഥാക്രമം ബി,സി,ഡി ഗ്രൂപ്പുകളില്‍ 4 പോയിന്റുകള്‍ വീതം നേടി ഗ്രൂപ്പ് ചമ്പ്യന്മാരാകാനും സാധിച്ചു.സുപ്പര്‍ 8 ല്‍ മത്സരിക്കുന്ന ഒന്നാം ഗ്രൂപ്പില്‍ ഇംഗ്ലണ്ട്,ശ്രീലങ്ക,ന്യൂസീലാണ്ട്,വെസ്ടിണ്ടീസ് എന്നീ ടീമുകളെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യ,ആസ്ട്രേലിയ,ദ.ആഫ്രിക്ക,പാക്കിസ്ഥാന്‍ എന്നീ ടീമുകള്‍.സുപ്പര്‍ 8 മത്സരങ്ങളില്‍ ഓരോ ടീമിനും മൂന്നു വീതം മത്സരങ്ങളില്‍ മാറ്റുരയ്ക്കാം.ഇന്ത്യയുടെ ആദ്യമത്സരം വെള്ളിയാഴ്ച ഉച്ചക്ക് ശേഷം 3 .30 നു പ്രേമദാസ സ്റ്റേഡിയത്തില്‍ ഒസീസുമായാണ്.സപ്തംബര്‍ 30 നു പാക്കിസ്ഥാനെയും,ഒക്ടോബര്‍ 2 നു ദ.ആഫ്രിക്കയെയും ഇന്ത്യ നേരിടും.സുപ്പര്‍ 8 ലെ ആദ്യമത്സരം നാളെ 3 .30 കാന്‍ഡിയിലെ അന്താരാഷ്‌ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും തമ്മിലാണ്.സുപ്പര്‍ 8 മത്സരങ്ങള്‍ ഒക്ടോബര്‍ 2 നു സമാപിക്കും.ഒക്ടോബര്‍ 4 ,5 തിയ്യതികലിലാണ് സെമിഫൈനലുകള്‍ നടക്കുന്നത്.

2012, സെപ്റ്റംബർ 19, ബുധനാഴ്‌ച

ട്വെന്റി 20 ലോകകപ്പ്‌ മത്സരങ്ങള്‍ക്ക് ശ്രീലങ്കയില്‍ തുടക്കമായി

അജാന്ത മെണ്ടീസിന്റെയും ജീവന്‍ മെണ്ടീസിന്റെയും മിന്നുന്ന ബൌളിംഗ് പ്രകടനത്തിന്റെ സഹായത്താല്‍ സിംബാബ്വെക്കെത്തിരെ  ഗ്രൂപ്പ് സി പ്രാഥമികറൌണ്ട് മത്സരത്തില്‍ ലങ്കയ്ക്ക് തകര്‍പ്പന്‍ ജയം സമ്മാനിച്ച് ട്വെന്റി 20 ലോകകപ്പിന് ശ്രീലങ്കയില്‍ തുടക്കമായി.
ഹബന്‍ടോട്ടയില്‍ വെച്ച് നടന്ന  
ഉല്‍ഘാടനമത്സരത്തില്‍ 4 ഓവറുകളില്‍ 8 റണ്‍സ് മാത്രം വഴങ്ങി 6 വിക്കറ്റുകള്‍ വീഴ്ത്തിയ അജാന്ത മെണ്ടിസ്,  3 വിക്കറ്റുകള്‍ നേടിയ ജീവന്‍ മെണ്ടിസ് എന്നീ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ സിംബാബ് വേക്ക് അടിയറവ് പറയേണ്ടിവന്നു. ടോസ് നഷ്ടപ്പെട്ട ലങ്ക ആദ്യം ബാറ്റ് ചെയ്തു.4 വിക്കറ്റ് നഷ്ടത്തില്‍ എതിരാളികള്‍ക്ക് 183 റണ്സിറെ വിജയലക്ഷ്യം കുറിച്ചു.എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ സിംബാബ് വെയും കാണികളെയും അമ്പരപ്പിച്ചു കൊണ്ട് ലങ്കയ്ക്ക് ട്വെന്റി 20  യിലെ  ഒരു റിക്കാര്‍ഡും സമ്മാനിച്ച്‌ അജാന്ത് മെണ്ടിസ് സിംബാബ് വെയെ വിജലക്ഷ്യത്ത്തിന്റെ അടുത്തെത്താന്‍ പോലും സമ്മതിച്ചില്ല.15 പന്തുകള്‍ ബാക്കി നില്‍ക്കെ സിംബാബ് വെയുടെ എല്ലാ കളിക്കാര്‍ക്കും പവലിയനിലേക്ക് മടങ്ങേണ്ടിവന്നു. സ്കോര്‍ ശ്രീലങ്ക-182 /4 (20 ),സിംബാബ്വേ-100 /10 (17 .3 ).ഇതോടെ സി ഗ്രൂപ്പില്‍ 2 പോയിന്റുകള്‍ നേടി ശ്രീലങ്ക സുപ്പര്‍ 8 ലേക്കുള്ള വഴി ഭദ്രമാക്കി.അജാന്ത് മെണ്ടിസാണ് മാന്‍ ഓഫ് ദി മാച്ച്.ഇന്ന് ആദ്യത്തെ കളിയില്‍ ബി ഗ്രൂപ്പില്‍ ഓസ്ട്രാലിയ അയര്‍ലാണ്ടിനേയും,രണ്ടാമത്തെ കളിയില്‍ എ ഗ്രൂപ്പില്‍ നിന്ന് ഇന്ത്യ അഫ്ഗാനിസ്ഥാനെയും നേരിടും.

2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ലണ്ടന്‍ ഒളിമ്പിക്സ് കൊടിയിറങ്ങി;ഓവറോള്‍ കിരീടം അമേരിക്ക നേടി...

കായികലോകത്ത് അമേരിക്കയുടെ കരുത്ത് അരക്കിട്ടുറപ്പിച്ച് ലണ്ടന്‍ ഒളിമ്പിക്സ് കൊടിയിറങ്ങി.നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം തട്ടകത്തില്‍ നേടിയ മെഡല്‍ വേട്ട ലണ്ടനില്‍ ആവര്‍ത്തിക്കാന്‍ ചൈനക്ക് സാധിക്കാതെ പോയി.46 സ്വര്‍ണ്ണം 29 വെള്ളി 29 വെങ്കലം എന്നിങ്ങനെ മൊത്തം 104 മെഡലുകള്‍ വാരിക്കൂട്ടി ലണ്ടന്‍ ഒളിമ്പിക്സില്‍ അമേരിക്ക ഓവറോള്‍ കിരീടം ചൂടി.നിലവിലുള്ള ചാമ്പ്യന്‍മാരായ ചൈനക്ക് 38 സ്വര്‍ണ്ണവും 27 വെള്ളിയും 22 വെങ്കലവുമടക്കം 87 മെഡലുകള്‍ നേടാന്‍ മാത്രമേ  കഴിഞ്ഞുള്ളൂ.ആതിഥേയരായ ബ്രിട്ടനാവട്ടെ മെഡല്‍വേട്ടയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്തി 29 സ്വര്‍ണ്ണവും 17 വെള്ളിയും 19 വെങ്കലവും നേടി മൂന്നാംസ്ഥാനത്ത് നിലയുറപ്പിച്ചു.ഏറെ പ്രതീക്ഷകളുമായി വിമാനം കയറിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് രാജ്യത്തിന്റെ സുവര്‍ണ്ണസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല
മുന്‍ കാലങ്ങളില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടി.2 വെള്ളിയും 4 വെങ്കലവും കൂടി 6 മെഡലുകള്‍. 
.ഷൂട്ടിങ്ങില്‍ വിജയ്‌ കുമാറും ഗഗന്‍ നാരംഗും,ഗുസ്തിയില്‍ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും,ബാഡ്മിന്ടനില്‍ സൈനാ നെഹ്വാളും ഇന്തയുടെ മാനം കാത്തു. ഇന്ന് പുലര്‍ച്ചെ 1 .30 നു പ്രധാന വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ നിറപ്പകിട്ടാര്‍ന്ന സമാപനചടങ്ങുകള്‍ ഒരു ലക്ഷത്തോളം കാണികളും ലോകത്തെങ്ങുമുള്ള കോടിക്കണക്കിനു ടിവി പ്രേക്ഷകരും ആവേശപൂര്‍വ്വം വീക്ഷിച്ചു.'എ സിംഫണി ഓഫ് ബ്രിട്ടീഷ് മ്യൂസിക്‌' എന്ന സംഗീത പരിപാടി സ്പ്പൈസ് ഗേള്‍സും സംഘവും അവതരിപ്പിച്ചു.അടുത്ത ഒളിംപിക്സിന്റെ വേദിയായ ബ്രസീലിലെ റിയോ ഡി ജനീറക്ക്‌ ഒളിമ്പിക് ബാറ്റന്‍ കൈമാറി.2016 ആഗസ്ത് 5 മുതല്‍ 21 വരെയാണ് മുപ്പത്തിയൊന്നാം ഒളിമ്പിക്സ് നടക്കുന്നത്.പല ദേശക്കാര്‍,ഭാഷക്കാര്‍,വേഷക്കാര്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒത്തുകൂടി ഇന്ന് വേര്‍പിരിയുന്നു...നീന്തല്‍ക്കുളത്തില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തി അത്ഭുതം വിരചിച്ച അമേരിക്കന്‍ നീന്തല്‍ താരം മൈക്കേല്‍ ഫെല്പ്സും,ട്രാക്കില്‍ മിന്നല്‍പ്പിണരുകള്‍
പോലെ ഓടി ഫിനിഷ് ചെയ്ത  
 ജമൈക്കന്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും  സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ ചൈനയിലെ ചുണക്കുട്ടികളും അക്കൂട്ടത്തിലുണ്ട്...
അവരെല്ലാം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു ബ്രസീലിലെ റിയോ ഡി ജനീറയില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ ലണ്ടന്‍ നഗരത്തില്‍ നിന്നും വിടവാങ്ങി...കൂടുതല്‍ ദൂരങ്ങളും ഉയരങ്ങളും കീഴടക്കാന്‍...അടുത്ത ഒളിമ്പിക്സിലേക്ക്... 

2012, ജൂലൈ 28, ശനിയാഴ്‌ച

ലണ്ടനില്‍ ഒളിമ്പിക് ദീപം തെളിഞ്ഞു,തുടക്കം ഗംഭീരം..!

ലോകചരിത്രത്തിന്റെ ദിശ നിര്‍ണ്ണയിച്ച തൈംസ് നദിക്കരയില്‍ പണിതുയര്‍ത്തിയ സ്ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ   അറുപതിനായിരം കാണികളെയും,ലോകത്തെങ്ങുമുള്ള നൂറു കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി മുപ്പതാം ഒളിമ്പിക്സിന് ലണ്ടനില്‍ ഗംഭീരമായ തുടക്കം ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം1.30 ന് എലിസബത്ത് രാജ്ഞി ഒളിമ്പിക്സിന്റെ തുടക്കം കുറിച്ചുള്ള പ്രഖ്യാപനം നടത്തി. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി മേധാവി ജാക്സ് റോഗെ സ്റ്റേഡിയം കവാടത്തില്‍ രാജ്ഞിയെ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് 204 രാജ്യങ്ങളിലെ 10500 ലേറെ കായികതാരങ്ങള്‍ ഗ്രൗണ്ടില്‍  പ്രവേശിച്ചു.മാര്‍ച്ച്പാസ്റ്റ് കഴിഞ്ഞ്‌ സംഘാടകസമിതി ചെയര്‍മാന്‍ സെബ്കോയും ജാക്സ് റോഗേയും താരങ്ങളെ അഭിവാദ്യം ചെയ്തു.തുടര്‍ന്ന് എലിസബത്ത് രാജ്ഞി ഒളിമ്പിക്സ് തുടങ്ങിയതായി പ്രഖ്യാപിച്ചു.ബ്രിട്ടീഷ് ദേശീയഗാനം ആലപിക്കവേ ഒളിമ്പിക് പതാക ഉയര്‍ത്തപ്പെട്ടു.പിന്നീട് കഴിഞ്ഞ 69 നാളുകളായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ദീപശിഖ ഒളിമ്പ്യാഡില്‍ സ്ഥാപിക്കപ്പെട്ടു.ഹോളി വുഡ് സംവിധായകനും സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമയിലൂടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ഡാനി ബെയ്ല്‍ ഒരുക്കിയ 'അത്ഭുതദ്വീപ്'എന്ന കലാപ്രകടനം അരങ്ങേറി.വെടിക്കട്ടുകള്‍ തീര്‍ത്ത വര്‍ണ്ണവിസ്മയം ചടങ്ങിന്‌ കൊഴുപ്പേകി.ഞായറാഴ്ച ട്രാക്കുകള്‍ ഉണരുന്നതോടെ ലോകത്തിന്റെ കണ്ണും കാതും ലണ്ടനിലേക്ക് ലക്‌ഷ്യം വെക്കും.സമാപന ദിവസമായ ആഗസ്ത് 12 വരെ ഇനി കായിക പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും.

2012, ജൂലൈ 19, വ്യാഴാഴ്‌ച

ലണ്ടന്‍ ഒളിമ്പിക്സ് ലഹരിയില്‍,തിരി തെളിയാന്‍ ഇനി ഏഴ് നാളുകള്‍ മാത്രം...

ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തസ്ഥാനനഗരമായിരുന്ന ലണ്ടനില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.അഞ്ചു വന്‍കരകളിലെ ഇരുനൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നും കായികപ്രതിഭകള്‍ ലണ്ടനില്‍ എത്തിക്കൊണ്ടിരിക്കുന്നു.ജൂലായ്‌ 27 മുതല്‍ ആഗസ്ത് 12 വരെ നടക്കുന്ന മുപ്പതാമത് ഒളിമ്പിക്സില്‍ 39 ഇനങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും.ഈ വര്‍ഷം വനിതാ ബോക്സിംഗ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.2012 ജൂലായ്‌ 27 നു ഒളിമ്പിക് സ്റ്റേഡിയത്തില്‍ എലിസബത്ത്‌ രാജ്ഞി മത്സരങ്ങളുടെ ആരംഭം കുറിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതോടെ ഒളിമ്പിക്സിനു തുടക്കമാവും.വര്‍ണ്ണശഭളമായ ഉത്ഘാടനചടങ്ങില്‍ ലോകപ്രശസ്തരായ പ്രതിഭകള്‍ അണിനിരക്കുന്ന നാല് മണിക്കൂര്‍ നീളുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.ലോകത്തെങ്ങുമുള്ള 100 കോടി ജനങ്ങള്‍ ടിവിയിലൂടെ ഉത്ഘാടന ചടങ്ങുകള്‍ വീക്ഷിക്കും. 2008 ലെ ബീജിംഗ് ഒളിമ്പിക്സില്‍ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചു പിടിക്കാന്‍ അമേരിക്ക രംഗത്തുണ്ട്.എന്നാല്‍ മെഡല്‍ വേട്ടയില്‍ ഇത്തവണയും വിട്ടുകൊടുക്കില്ല എന്ന ഉറപ്പുമായി ചൈനയും ലണ്ടനിലെത്തും.
ട്രാക്കില്‍ അത്ഭുതം രചിക്കുന്ന പറക്കും മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടും,ഫുഡ്‌ബോള്‍ മന്ത്രികരായ ബ്രസീലും അണിനിരക്കുന്ന മത്സരങ്ങളും ലോകം ഉറ്റുനോക്കുന്നു.ഷൂട്ടിംഗ്,ഹോക്കി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.20 കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ഇര്‍ഫാനും,ഹോക്കിയില്‍ ഗോള്‍ മുഖത്തിന്റെ കാവല്‍ക്കാരനായ പി ആര്‍ ശ്രീജേഷും ഇന്ത്യയുടെ അഭിമാനമായി മാറും.ലോകത്തെമ്പാടുമുള്ള സ്പോര്‍ട്സ് പ്രേമികളുടെ കണ്ണും കാതും ഇനി ലണ്ടനിലേക്ക്...ഇന്ത്യയില്‍ ലണ്ടന്‍ ഒളിംപിക്സിന്റെ സംപ്രേക്ഷണാവകാശം ഇ എസ് പി എന്‍,സ്റ്റാര്‍ സ്പോര്‍ട്സ് എന്നീ ചാനലുകള്‍ക്കാണ്.ഇന്ത്യ പങ്കെടുക്കുന്ന ഇനങ്ങള്‍ ജൂലായ്‌ 27 മുതല്‍ ആഗസ്ത് 12 വരെ, എല്ലാ ദിവസസങ്ങളിലും ഉച്ചയ്ക്ക് 12 .30 മുതല്‍ പുലര്‍ച്ചെ 4 .30 വരെ ഇ എസ്‌ പി എനും മറ്റു ഇനങ്ങള്‍ ഉച്ചയ്ക്ക് 1 .30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സും സംപ്രേക്ഷണം ചെയ്യുന്നതാണ്.

2012, ഏപ്രിൽ 10, ചൊവ്വാഴ്ച

അറബിക്കടല്‍ തീരത്ത് ചെങ്കടല്‍ തീര്‍ത്ത് പാര്‍ട്ടി കോണ്‍ഗ്രസ്സിന് കൊടിയിറങ്ങി



സത്യത്തിന്റെ തുറമുഖമെന്ന പേര് കേട്ട കോഴിക്കോട് കടപ്പുറത്ത്,ചൂഷണരഹിതമായ ഒരിന്ത്യക്ക്‌ വേണ്ടി ജീവന്‍ കൊടുത്തും പോരാടുമെന്ന് പ്രതിജ്ഞ പുതുക്കി, നാടിന്റെ നാനാഭാഗത്ത് നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങള്‍ അണിചേര്‍ന്ന് ജനസാഗരം തീര്‍ത്ത് സി പി ഐ എം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് തിരശ്ശീല വീണു.പാര്‍ട്ടിക്ക് കീഴില്‍ അണിനിരന്ന വര്‍ഗ്ഗ ബഹുജന സംഘടനകളുടെ ജനകീയ അടിത്തറ വെളിപ്പെടുത്തിയ വന്‍ ജനപങ്കാളിത്തത്തോടെ നഗരത്തിലും ജില്ലയിലെ ഗ്രാമങ്ങളിലും ഒരു മാസത്തിലേറെയായി നടന്നുവന്ന സെമിനാറുകള്‍ക്കും അനുബന്ധ പരിപാടികള്‍ക്കും ഇതോടെ സമാപനമായി.പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ തുടക്കം മുതല്‍ കോഴിക്കോട്ട് എത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും പാര്‍ട്ടി ബന്ധുക്കളും അനുഭാവികളും ഒത്തു ചേര്‍ന്ന് നഗരവീഥികള്‍ കീഴടക്കുകയായിരുന്നു.സമാപന ദിവസമായപ്പോള്‍,അവര്‍ തെരുവോരങ്ങള്‍ തോറും തങ്ങള്‍ ഹൃദയത്തോട് ചേര്‍ത്ത് വെച്ച ചെങ്കൊടികള്‍ ചുമലിലേന്തി മനുഷ്യ മഹാസമുദ്രമായി പൊതു സമ്മേളനം നടക്കുന്ന കടപ്പുറത്തെ എം പാന്ഥെ നഗറിലേക്ക് നീങ്ങുകയായിരുന്നു.കോഴിക്കോട് നഗരത്തെ വീര്‍പ്പുമുട്ടിച്ച റാലിയുടെ ഭാഗമായി 5000 വനിതകള്‍ ഉള്‍പ്പെടെ 25000 റെഡ് വളണ്ടിയര്‍മാര്‍, ക്രിസ്ത്യന്‍ കോളേജ്,സാമൂതിരി ഹൈസ്കൂള്‍,ഇ എം എസ് സ്റ്റേഡിയം എന്നീ കേന്ദ്രങ്ങളില്‍ നിന്നും തുടങ്ങി ബാന്‍ഡ് വാദ്യത്തിന്റെ അകമ്പടിയോടെ പട്ടാളചിട്ടയില്‍ നഗരവീഥിയിലൂടെ മാര്‍ച്ച് ചെയ്തു പൊതുസമ്മേളന വേദിയായ കടപ്പുറത്തെ എം കെ പാന്ഥെ നഗറില്‍ പ്രവേശിക്കുമ്പോള്‍ അറബിക്കടല്‍ തീരത്ത് മറ്റൊരു ചെങ്കടല്‍ തീര്‍ത്ത് ജനങ്ങള്‍ റോഡിലേക്ക് നിറഞ്ഞു കവിഞ്ഞു കഴിഞ്ഞിരുന്നു.വീണ്ടും ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട പ്രകാശ് കാരാട്ട് ചുവപ്പ് സേനയുടെ അഭിവാദ്യം സ്വീകരിച്ചതോടെ സമ്മേളനനടപടികള്‍ ആരംഭിച്ചു.പുതുതായി തെരഞ്ഞെടുക്കപ്പെട്ട പിബി അംഗങ്ങള്‍ കടപ്പുറത്ത് കവിഞ്ഞൊഴുകിയ ജനലക്ഷങ്ങളെ അഭിവാദ്യം ചെയ്തു.സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ പി ബി അംഗം പിണറായി വിജയന്‍ അധ്യക്ഷത വഹിച്ച ബഹുജനറാലി പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്തു.പിബി മെമ്പര്‍മാരായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,വൃന്ദാ കാരാട്ട്,മണിക്ക് സര്‍ക്കാര്‍,ബിമന്‍ ബസു,കോടിയേരി ബാലകൃഷ്ണന്‍,എം എ ബേബി എന്നീ നേതാക്കളും റാലിയില്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍ സ്വാഗതവും പി മോഹനനന്‍ നന്ദിയും പറഞ്ഞു.തുടര്‍ന്ന് വിപ്ലവഗാനമേളയും ഉണ്ടായി.

2012, ഏപ്രിൽ 5, വ്യാഴാഴ്‌ച

ബദല്‍ ശക്തിയാവാന്‍ ഇടതുപക്ഷം മാത്രം-പ്രകാശ് കാരാട്ട്



കോണ്‍ഗ്രസ്സിനും ബി ജെ പി ക്കുമെതിരെ ബദല്‍ ശക്തിയാവാന്‍ ഇടതുപക്ഷ-ജനാധിപത്യ സഖ്യത്തിന് മാത്രമേ കഴിയൂ എന്ന് സി പി ഐ എം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു.കോഴിക്കോട് ടാഗോര്‍ ഹാളിലെ സുര്‍ജിത്-ജ്യോതി ബസു നഗറില്‍ പാര്‍ട്ടിയുടെ ഇരുപതാം കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കാരാട്ട്.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള യു പി എ യും ബി ജെ പി നയിക്കുന്ന എന്‍ ഡി എ യും രാജ്യത്ത് നിലയുറപ്പിക്കാന്‍ നടത്തുന്ന ശ്രമങ്ങള്‍ പരാജയപ്പെടുന്ന സാഹചര്യത്തില്‍ ഇടതുപക്ഷ-ജനാധിപത്യ ബദല്‍ കെട്ടിപ്പടുക്കാന്‍ സിപിഐ എമ്മിനെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.സാമ്രാജ്യത്വത്തിന്റെ സഹായത്തോടെ ഇന്ത്യയില്‍ നടപ്പിലാക്കുന്ന നവലിബറല്‍ നയങ്ങളുടെ കെടുതികള്‍ അനുഭവിക്കുന്ന ജനവിഭാഗങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് പാര്‍ട്ടി രൂപം നല്‍കുമെന്നും കാരാട്ട് കൂട്ടിച്ചേര്‍ത്തു.നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കും സാമ്രാജ്യത്വ അധിനിവേശത്തിനുമെതിരെ നിരന്തരം പോരാടുന്നത് സി പി ഐ എമ്മും ഇടതുപക്ഷ പാര്‍ട്ടികളും മാത്രമാണെന്ന് പ്രതിനിധി സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു കൊണ്ട് പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ള പറഞ്ഞു.പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കാന്‍ കോഴിക്കോട്ടെ എല്ലാ വിഭാഗം ജനങ്ങളും പൂര്‍ണ്ണ മനസ്സോടെ സഹകരിക്കുന്നുണ്ടെന്നും അതിനു തെളിവാണ് പരിപാടികളില്‍ പങ്കെടുക്കുന്ന വന്‍ജനാവലിയുടെ സാന്നിദ്ധ്യമെന്നും ചടങ്ങില്‍ സ്വാഗത പ്രസംഗം നടത്തിക്കൊണ്ടു സ്വാഗതസംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു.ഇരു കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെയും പാര്‍ട്ടികോണ്‍ഗ്രസ്സുകള്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ പൊതുമുന്നേറ്റത്തിനു നാന്ദി കുറിക്കുമെന്ന് സി പി ഐ നേതാവ് എ ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തുകൊണ്ട് പറഞ്ഞു.ഇന്ന് രാവിലെ മുതല്‍ പ്രമേയങ്ങളിന്മേലുള്ള ചര്‍ച്ചകള്‍ പുനരാംഭിച്ചു.

2012, ഏപ്രിൽ 4, ബുധനാഴ്‌ച

സിപിഐഎം ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിന് കോഴിക്കോട്ട്‌ വര്‍ണ്ണാഭമായ തുടക്കം



കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനവുമായി ഇഴചേര്‍ന്ന് നില്‍ക്കുന്ന കോഴിക്കോട്ട്,ഇതാദ്യമായി വേദിയായ സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിന് ഇന്ന് വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം. പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ സെന്റിനറി ഹാളിലെ സുര്‍ജിത്-ജ്യോതി ബസു നഗറില്‍ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും കേന്ദ്രകമ്മറ്റി അംഗവുമായ ആര്‍.ഉമാനാഥ് രക്തപതാക ഉയര്‍ത്തിയതോടെ സമ്മേളന നടപടികള്‍ ആരംഭിച്ചു.ബാന്‍ഡ് വാദ്യത്തിന്റെയും കതിനാവെടിയുടെയും അകമ്പടിയോടെ മനുഷ്യമോചനത്തിന്റെ അടയാളമായ ചെങ്കൊടി ഉയര്‍ന്നുപൊങ്ങിയപ്പോള്‍,പാര്‍ട്ടികോണ്‍ഗ്രസ്സിന്റെ മുദ്രാങ്കിതമായ വര്‍ണ്ണ ബലൂണുകള്‍ വാനിലുയര്‍ന്ന് ചടങ്ങിന്‌ വര്‍ണ്ണപ്പകിട്ടേകി.ഓഎന്‍വിയുടെ മുദ്രാഗാനത്തിന്റെ ദൃശ്യാവിഷ്കാരവും,പി കെ ഗോപിയുടെ സ്വാഗതഗാനവും ചടങ്ങിനു മാറ്റ് കൂട്ടി.പിബി അംഗങ്ങള്‍ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്‍പ്പിച്ചു.തുടര്‍ന്ന് പിബി മെമ്പര്‍ എസ് രാമചന്ദ്രന്‍ പിള്ളയുടെ അധ്യക്ഷതയില്‍ പ്രതിനിധി സമ്മേളനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു.സിപിഐ നേതാവ് എ ബി ബര്‍ദാന്‍ സമ്മേളനത്തെ അഭിവാദ്യം ചെയ്തു.ഉച്ചയ്ക്ക് ശേഷം രാഷ്ട്രീയ പ്രമേയവും അവലോകന റിപ്പോര്‍ട്ടും അവതരിപ്പിക്കും.734 പ്രതിനിധികളും 77 നിരീക്ഷകരും 11 തലമുതിര്‍ന്ന നേതാക്കളും സമ്മേളന നടപടികളില്‍ സംബന്ധിക്കുന്നുണ്ട്.ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ പ്രാധാന്യം കുറിക്കുന്ന പ്രതയശാസ്ത്ര പ്രമേയം അംഗീകരിക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനെ വളരെ ശ്രദ്ധയോടെയാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

2012, ഏപ്രിൽ 2, തിങ്കളാഴ്‌ച

കോഴിക്കോട് ചുവന്നു,ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിനു നാളെ കൊടിയേറ്റം



സഖാക്കള്‍ ഇഎംഎസ്,എകെജി,കൃഷ്ണപിള്ള,ഇ കെ നായനാര്‍ എന്നീ ജനനേതാക്കള്‍ ഒരുകാലത്ത് തങ്ങളുടെ കര്‍മ്മരംഗമായി തെരഞ്ഞെടുത്ത കോഴിക്കോട് പട്ടണം ,പ്രസ്ഥാനത്തിന്റെ നാള്‍വഴികളില്‍ അവിസ്മരണീയങ്ങളായ നിരവധി അനുഭവങ്ങള്‍ സമ്മാനിക്കാന്‍,സാമൂതിരിയുടെ സാംസ്കാരിക പൈതൃകം മനസ്സില്‍ സൂക്ഷിക്കുന്ന നഗരവീഥികളെ ചുവപ്പണയിച്ച്, ഇന്ത്യന്‍ ജനത വിശ്വാസമര്‍പ്പിച്ച വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്സിനെ വരവേല്‍ക്കാന്‍ അണിഞ്ഞൊരുങ്ങി.വിപ്ലവസ്മരണകള്‍ സിന്ദൂരം ചാര്‍ത്തിയ വയലാറിന്റെ മണ്ണില്‍ നിന്ന് മാര്‍ച്ച്‌ 31 ന് പാര്‍ട്ടി കേന്ദ്രകമ്മറ്റിയംഗം എ വിജയരാഘവന്റെ നേതൃത്വത്തില്‍ പുറപ്പെട്ട പതാക ജാഥയും, കര്‍ഷക പോരാട്ടങ്ങള്‍ കൊണ്ട് വീരേതിഹാസം രചിച്ച കയ്യൂര്‍ സമരഭൂമിയില്‍ നിന്ന് പി കരുണാകരന്‍ എം പി നയിക്കുന്ന കൊടിമര ജാഥയും,മലബാറിലെ ഭൂപ്രഭുത്വത്തിന്റെ ഉറക്കം കെടുത്തിയ ധീര രക്തസാക്ഷികളുടെ ചെഞ്ചോര കൊണ്ട് ചുവന്ന ഒഞ്ചിയത്ത് നിന്നും പി മോഹനനന്‍ മാസ്റ്റര്‍ നയിക്കുന്ന ദീപശിഖാ ജാഥയും നാളെ വൈകുന്നേരം,കോഴിക്കോട് കടപ്പുറത്ത് സംഗമിക്കും. അസ്തമന സൂര്യന്‍ പടിഞ്ഞാറന്‍ ചക്രവാളത്തില്‍ ചുവപ്പണിയിക്കുമ്പോള്‍ പൊതുസമ്മേളനവേദിയായ എം കെ പാന്ഥെ നഗറില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പിണറായി വിജയന്‍ പതാക ഉയര്‍ത്തും.ആയിരങ്ങള്‍ സാക്ഷ്യം വഹിക്കുന്ന ഈ ചടങ്ങിനു ശേഷം പ്രതിനിധി സമ്മേളനം നടക്കുന്ന ടാഗോര്‍ ഹാളിലെ സുര്‍ജിത്-ജ്യോതിബസു നഗറില്‍ പ്രകാശ് കാരാട്ട് ദീപശിഖ സ്ഥാപിക്കും.മറ്റന്നാള്‍ രാവിലെ 9 .30 ന് ഉല്‍ഘാടന സമ്മേളനം ആരംഭിക്കും.സമ്മേളനത്തില്‍ 734 പ്രതിനിധികളും 70 നിരീക്ഷകരും 11 തലമുതിര്‍ന്ന നേതാക്കളും തുടര്‍ന്നുള്ള വിവിധ സമ്മേളനങ്ങളില്‍ പങ്കെടുക്കും.ഏപ്രില്‍ 9 ന് കോഴിക്കോട് നഗരത്തെ അക്ഷരാര്‍ത്ഥത്തില്‍ ചെങ്കടലാക്കി റെഡ് വളണ്ടിയര്‍ മാര്‍ച്ചും പൊതുസമ്മേളനവും നടക്കും.പാര്‍ട്ടി കോണ്‍ഗ്രസ് വിജയിപ്പിക്കുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു.പ്രത്യയശാസ്ത്ര പ്രമേയവും മറ്റും ചര്‍ച്ച ചെയ്യപ്പെടുന്നതിനാല്‍ കോഴിക്കോട്ടു നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസ്സിനെ അതീവ പ്രാധാന്യത്തോടെയാണ് എല്ലാവരും ഉറ്റു നോക്കുന്നത്.സമ്മേളന നടപടികള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ വന്‍ മാധ്യമപ്പടയും വരും നാളുകളില്‍ നഗരത്തിലെത്തും.

2012, മാർച്ച് 22, വ്യാഴാഴ്‌ച

സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്‍ഗ്രസ്-ദേശീയ സെമിനാറുകള്‍ക്ക് നാളെ തുടക്കം



കോഴിക്കോടന്‍ പെരുമകള്‍ക്ക് തൊങ്ങലുകള്‍ തുന്നിചേര്‍ത്ത്,കൊടിതോരണങ്ങള്‍ ചെന്നിറം ചാര്‍ത്തിയ തെരുവുകളെ തൊട്ടുണര്‍ത്തി,അസ്തമനസൂര്യന്‍ അറബിക്കടലില്‍ മറയാന്‍ വെമ്പുന്ന സായംസന്ധ്യകളിലും,മീനമാസത്തിലെ കൊടും ചൂടിനെ ശമിപ്പിക്കാന്‍ മാനാഞ്ചിറയില്‍ നിന്നും പാതയോരങ്ങളിലെ ചെങ്കൊടികളെ തഴുകിയെത്തുന്ന ഇളംകാറ്റ് സാന്നിധ്യമരുളുന്ന മദ്ധ്യാഹ്നങ്ങളിലും,മനുഷ്യഗന്ധികളായ വിഷയങ്ങളെ അധികരിച്ച് ഗൌരവമേറിയ ചര്‍ച്ചകളും പ്രഭാഷണങ്ങളും വരുംനാളുകളില്‍ രേവതി പട്ടത്താനത്തിന്റെ നഗരവീഥികളെ ശബ്ദമുഖരിതമാക്കും.ഏപ്രില്‍ 4 മുതല്‍ 9 വരെ നടക്കുന്ന സിപിഐഎം ഇരുപതാം പാര്‍ട്ടികോണ്ഗ്രസ്സിന്റെ അനുബന്ധ പരിപാടികളായ ദേശീയ സെമിനാറുകള്‍ക്ക് നാളെ മാര്‍ച്ച് 23 ന് നഗരത്തിലെ വിവിധ വേദികളില്‍ തുടക്കമാവും. ഏപ്രില്‍ 4 വരെ നീളുന്ന വൈവിധ്യമാര്‍ന്ന സെമിനാറുകളില്‍ ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രഗല്‍ഭവ്യക്തികളും നേതാക്കളും പങ്കെടുക്കുന്നതാണ്.സെമിനാറുകളുടെ തിയ്യതി,സമയം,വിഷയം,വേദി എന്നിവ താഴെ കൊടുക്കുന്നു.
മാര്‍ച്ച് 23 രാവിലെ 10 മണി 'സഹകരണപ്രസ്ഥാനം നേരിടുന്ന വെല്ലുവിളികള്‍'-ജയഓഡിറ്റോറിയം,വൈകീട്ട് 3 മണി 'ട്രേഡ് യുണിയന്‍ ഐക്യത്തിന്റെ പ്രസക്തി'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 24 രാവിലെ 10 മണി പൊതുവിദ്യാഭ്യാസ സെമിനാര്‍-എന്‍ജിഓ യുണിയന്‍ ഹാള്‍,വൈകീട്ട് 3 മണി 'മലബാര്‍ കലാപത്തിന്റെ പാഠങ്ങള്‍'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 25 രാവിലെ 10 മണി 'നവലിബറലിസം പിന്നിട്ട 20 വര്‍ഷങ്ങള്‍'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 27 രാവിലെ 10 മണി 'ഭാഷ,സംസ്കാരം,ദേശീയത'-ടൌണ്‍ഹാള്‍.
മാര്‍ച്ച് 28 രാവിലെ 10 മണി 'ഊര്‍ജ്ജ സംരക്ഷണവും നവ ഉദാരവല്‍ക്കരണവും'-ടൌണ്‍ഹാള്‍,വൈകീട്ട് 4 മണി സാമ്രാജ്യത്വവിരുദ്ധ സമ്മേളനം-മുതലക്കുളം മൈതാനം.
മാര്‍ച്ച് 29 വൈകീട്ട് 3 മണി മാധ്യമ സെമിനാര്‍-ടൌണ്‍ഹാള്‍.
മാര്‍ച്ച് 30 വൈകീട്ട് 3 മണി വര്‍ഗ്ഗീയ വിരുദ്ധ സെമിനാര്‍-ടൌണ്‍ഹാള്‍.
മാര്‍ച്ച് 31 രാവിലെ 10 മണി 'പൊതു മേഖലയും ഇന്ത്യന്‍ റയില്‍ വേയും'-ടൌണ്‍ഹാള്‍,വൈകീട്ട് 4 മണി 'മാര്‍ക്സിസവും സമകാലിക ലോകവും'-മുതലക്കുളം മൈതാനം.
ഏപ്രില്‍ 1 രാവിലെ 10 മണി 'വിവരസാങ്കേതിക വിദ്യയും പുരോഗമന പ്രസ്ഥാനങ്ങളും'-ടൌണ്‍ഹാള്‍,വൈകീട്ട് 3 മണി 'പരിസ്ഥിതിയും വികസനവും'-ടൌണ്‍ ഹാള്‍.
ഏപ്രില്‍ 2 വൈകീട്ട് 3 മണി 'ജനാധിപത്യത്തില്‍ ജുഡിഷ്യറിയുടെ പങ്ക്'-ടൌണ്‍ഹാള്‍.
ഏപ്രില്‍ 3 വൈകീട്ട് 4 മണി 'സോഷ്യലിസത്തിന്റെ ഭാവി'-മുതലക്കുളം മൈതാനം.
ഏപ്രില്‍ 4 വൈകീട്ട് 5 മണി 'ബംഗാള്‍ സോളിഡാരിറ്റി മീറ്റ്‌'-ടൌണ്‍ ഹാള്‍.
നാളെ ആരംഭിക്കുന്ന സെമിനാറുകളും സമ്മേളനങ്ങളും വിജയിപ്പിക്കുന്നതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.

2012, മാർച്ച് 6, ചൊവ്വാഴ്ച

കോഴിക്കോട് വിളിക്കുന്നു,ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക്



അധിനിവേശത്തിന്റെ ഇരുളടഞ്ഞ നാളുകളിലേക്ക് ഇന്ത്യയെ തള്ളിവിട്ട്,പറങ്കി കപ്പിത്താന്‍ വാസ്കോ ഡി ഗാമ കപ്പലിറങ്ങിയ മണ്ണില്‍, സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനമായ സിപിഐഎമ്മിന്റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനു വേദിയൊരുക്കാന്‍,നഗരവീഥികളെ ചെമ്പട്ടണിയിച്ചുകൊണ്ട് മറ്റൊരു ചരിത്രദൌത്യം ഏറ്റെടുത്തിരിക്കുന്നു.കോഴിക്കോടിന്റെ,മലബാറിന്റെ,മലയാളനാട്ടിന്റെ,കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ എണ്ണമറ്റ പോരാട്ടങ്ങളുടെ ചരിത്ര സംഭവങ്ങള്‍ ആധുനിക സാങ്കേതികവിദ്യകളുടെ അകമ്പടിയോടെ ഒപ്പിയെടുത്ത്‌ നിറക്കാഴ്ചകളായി പുനരാവിഷ്ക്കരിച്ച ചരിത്രപ്രദര്‍ശനം,മാനാഞ്ചിറയില്‍ നിന്നും വിളിപ്പാടകലെ തുടക്കമിട്ടിരിക്കുന്നു.വരും നാളുകളില്‍ കാഴ്ചക്കാര്‍ക്ക് നൊമ്പരങ്ങളുടെയും പ്രതീക്ഷകളുടെയും അസുലഭനിമിഷങ്ങള്‍ സാമ്മാനിക്കാന്‍ അവസരമൊരുക്കി പ്രദര്‍ശനം പാര്‍ട്ടി ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് പൊതുജനങ്ങള്‍ക്ക് തുറന്നു കൊടുത്തു.'സോഷ്യലിസമാണ് ഭാവി' എന്ന് പേരിട്ടിരിക്കുന്ന, ചരിത്രത്തിന്റെ നാള്‍വഴികളിലേക്ക് വെളിച്ചം വീശുന്ന പ്രദര്‍ശനത്തിന്റെ ഉല്‍ഘാടനചടങ്ങുകള്‍ വീക്ഷിക്കാന്‍ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. പ്രദര്‍ശനകമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സി പി അബൂബക്കര്‍ അധ്യക്ഷത വഹിച്ച ഉല്‍ഘാടനസമ്മേളനത്തില്‍ വി വി ദക്ഷിണാമൂര്‍ത്തി പ്രസംഗിച്ചു.

2012, ഫെബ്രുവരി 10, വെള്ളിയാഴ്‌ച

അനന്തപുരിയെ ചെങ്കടലാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു



തൊഴിലാളി വര്‍ഗ്ഗം ചുടുചോര നല്‍കി ചുവപ്പിച്ച ചെങ്കൊടികള്‍ തോളിലേന്തി ഒഴുകിയെത്തിയ ജനലക്ഷങ്ങള്‍-അവര്‍ക്ക് മുന്നിലായി ബാന്‍ഡ് മേളത്തിന്റെ താളത്തില്‍ ചുവടു വെച്ച് പട്ടാളച്ചിട്ടയില്‍ നടന്നുനീങ്ങിയ ചുവപ്പ് സേന-അനന്തപുരിയെ ചെങ്കടലാക്കി,വലതുപക്ഷ മാധ്യമങ്ങളുടെ മനക്കോട്ടകള്‍ തകര്‍ത്തു തരിപ്പണമാക്കി സിപിഐഎം സംസ്ഥാന സമ്മേളനം സമാപിച്ചു.നേരത്തെ പിന്തിരിപ്പന്‍ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ കണക്കുകൂട്ടലുകളും കള്ളവാര്‍ത്തകളും മറികടന്നു നാലാം തവണയും പിണറായി വിജയനെ സംസ്ഥാന സെക്രട്ടറിയായും,84 അംഗ സംസ്ഥാനസമിതിയെയും എതിരില്ലാതെ തെരഞ്ഞെടുത്തു.ഒരുലക്ഷം വനിതാസഖാക്കള്‍ ഉള്‍പ്പെടെ മൂന്നു ലക്ഷത്തോളം പാര്‍ട്ടി പ്രവര്‍ത്തകര്‍ മനുഷ്യമഹാസമുദ്രം പോലെ പൊതുസമ്മേളന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ ഒഴുകിയെത്തുകയായിരുന്നു.തുടര്‍ന്ന് 25000 റെഡ് വളണ്ടിയര്‍മാരില്‍ നിന്നും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും സംസ്ഥാന സെക്രട്ടറി പിണറായി വിജയനും അഭിവാദ്യങ്ങള്‍ സ്വീകരിച്ചു.പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കേരളത്തില്‍ യുഡിഎഫ് ഭരണത്തിന്‍ കീഴില്‍ കര്‍ഷക ആത്മഹത്യകള്‍ വര്‍ദ്ധിക്കുകയാണെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അദ്ധ്യക്ഷനായി.പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,വൃന്ദാ കാരാട്ട്,കോടിയേരി ബാലകൃഷ്ണന്‍,കേന്ദ്രകമ്മിറ്റി അംഗം വി എസ് അച്യുതാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു.സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കടകംപള്ളി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു.പൊതുസമ്മേളനത്തിനു ശേഷം കലാഭവന്‍ മണിയുടെയും സംഘത്തിന്റെയും മെഗാഷോ 'മണികിലുക്കം' അരങ്ങേറി.

2012, ഫെബ്രുവരി 8, ബുധനാഴ്‌ച

ത്യാഗരാജോല്‍സവത്തിന് കോഴിക്കോട്ട് തുടക്കമായി





കോഴിക്കോട് ത്യാഗരാജ ആരാധനാ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ത്യാഗരാജാരാധനോല്സവത്തിനു തളി പദ്മശ്രീ കല്യാണമണ്ഡപത്തിലെ ശെമ്മാങ്കുടി നഗറില്‍ തുടക്കമായി.ഫിബ്രവരി 8 മുതല്‍ 12 വരെ അഞ്ച് നാളുകള്‍ നീണ്ടു നില്‍ക്കുന്ന സംഗീതോത്സവം സീനിയര്‍ വീണ വിദ്വാന്‍ എ അനന്തപദ്മനാഭന്‍ ഉദ്ഘാടനം ചെയ്തു.മാതൃഭൂമി മാനേജിംഗ് എഡിറ്റര്‍ പി വി ചന്ദ്രന്‍ മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങില്‍ ബാങ്ക് ഓഫ് ഇന്ത്യ ചീഫ് മാനേജര്‍ എം ഡി ചന്ദ്രശേഖരന്‍,കോഴിക്കോട് ആകാശവാണി പ്രോഗ്രാം എക്സിക്യൂട്ടീവ് കെ എന്‍ നരേന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.പ്രശസ്ത കര്‍ണ്ണാടക സംഗീതജ്ഞന്‍ ഉമയനല്ലൂര്‍ വിക്രമന്‍ നായരെ ചടങ്ങില്‍ ആദരിച്ചു.മാനേജിംഗ് ട്രസ്റ്റി എ രാമനാഥന്‍ സ്വാഗതവും ട്രസ്റ്റി എം ഡി രാജാമണി നന്ദിയും പറഞ്ഞ ഉത്ഘാടന സമ്മേളനത്തില്‍ കുമാരി ദീപ്തി ദാസ് പ്രാര്‍ഥനാ ഗാനം ആലപിച്ചു.ഉല്‍ഘാടന ചടങ്ങിനു ശേഷം ത്യാഗരാജ ദിവ്യനാമ കൃതികളുടെ ആലാപനം,ഭക്തഗായകരുടെ സംഗീതാര്‍ച്ചന,കേരളത്തിനകത്തും പുറത്തുമുള്ള സംഗീതജ്ഞരുടെ കച്ചേരികള്‍ മുതലായവ അരങ്ങേറി.സംഗീതോത്സവം ഞായറാഴ്ച സമാപിക്കും.

2012, ഫെബ്രുവരി 6, തിങ്കളാഴ്‌ച

സിപിഐഎം സംസ്ഥാന സമ്മേളനത്തിന് കൊടിയുയര്‍ന്നു



ഏപ്രിലില്‍ കോഴിക്കോട്ട് നടക്കുന്ന ഇരുപതാം പാര്‍ട്ടി കോണ്ഗ്രസ്സിന്റെ മുന്നോടിയായി സിപിഐഎം സംസ്ഥാന സമ്മേളനത്തിന് തിരുവനന്തപുരത്ത് കൊടിയുയര്‍ന്നു.കേന്ദ്രകമ്മറ്റിയംഗങ്ങളായ ഇ പി ജയാരാജന്റെയും,എം എ ബേബിയുടെയും നേതൃത്വത്തില്‍ കയ്യൂര്‍,വയലാര്‍ സമരഭൂമികളില്‍ നിന്ന് പുറപ്പെട്ട പതാക-കൊടിമര ജാഥകള്‍ ഇന്ന് ജില്ലയില്‍ പ്രവേശിച്ചു.ചുവപ്പ് സേനയുടെയും ബഹുജനങ്ങളുടെയും അകമ്പടിയോടെ ആവേശകരമായ വരവേല്‍പ്പാണ് ഇരു ജാഥകള്‍ക്കും ലഭിച്ചത്.ഇന്ന് വൈകീട്ട് പൊതുസമ്മേളനവേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റേറഡിയത്തിലെ സ.ബാലാനന്ദന്‍ നഗറില്‍ സ്വാഗതസംഘം ചെയര്‍മാന്‍ എം വിജയകുമാര്‍ പതാക ഉയര്‍ത്തി.പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്ത ചടങ്ങില്‍ ചുവപ്പ് സേന അഭിവാദ്യം അര്‍പ്പിച്ചു.നാളെ രാവിലെ പ്രതിനിധി സമ്മേളന വേദിയായ എകെജി ഹാളിലെ സ.ഹര്‍കിഷന്‍ സിംഗ് സുര്‍ജിത് നഗറില്‍ ദീപശിഖ തെളിയുന്നതോടെ സമ്മേളനനടപടികള്‍ക്ക് തുടക്കമാവും.കേന്ദ്രകമ്മറ്റിയംഗം വി എസ് അച്യുതാനന്ദന്‍ പതാക ഉയര്‍ത്തും.പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്ഘാടനം നിര്‍വ്വഹിക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ പിബി അംഗങ്ങളായ എസ് രാമചന്ദ്രന്‍ പിള്ള,സീതാറാം യെച്ചൂരി,കെ വരദരാജന്‍,വൃന്ദാ കാരാട്ട് തുടങ്ങിയവര്‍ പങ്കെടുക്കും.സംസ്ഥാനത്തെ 370000 പാര്‍ട്ടി അംഗങ്ങളെ പ്രതിനിധീകരിച്ചു സംസ്ഥാനസമിതി അംഗങ്ങള്‍ ഉള്‍പ്പടെ 565 പേര്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.കോട്ടയം സമ്മേളനത്തിനു ശേഷമുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഭാവിപരിപാടികള്‍ക്ക് രൂപം നല്‍കും.ചരിത്രമുറങ്ങുന്ന അനന്തപുരി സമ്മേളനത്തെ വരവേല്‍ക്കാന്‍ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കി.