2010, നവംബർ 27, ശനിയാഴ്‌ച

ചൈനീസ് കരുത്ത്‌ തെളിയിച്ച്‌ ഏഷ്യന്‍ ഗെയിംസ് കൊടിയിറങ്ങി

പേള്‍ നദിയില്‍ പൊട്ടിവിരിഞ്ഞ വര്‍ണ്ണപ്പൂക്കളുടെ മാസ്മരികതയില്‍ കാണികള്‍ തരിച്ചു നില്‍ക്കെ,അലങ്കരിച്ച നൌകകളില്‍ നിന്നും ഒഴുകിയെത്തിയ ദേവസംഗീതത്തിന്‍റെ താളത്തില്‍ നര്‍ത്തകികള്‍ ചുവടു വെച്ച് നീങ്ങവേ, ഏഷ്യയിലെ കായിക മഹാമേളയ്ക്ക് ചൈനയിലെ ഗ്വാങ്ഷൂവില്‍ കൊടിയിറങ്ങി.ചൈനീസ് ജനതയുടെ സംഘാടക മികവും,കായികമായ കരുത്തും മേളയിലുടനീളം തെളിഞ്ഞു നിന്നിരുന്നു.ഉല്‍ഘാടന ചടങ്ങുകള്‍ മുതല്‍ സമാപനം വരെ മുന്‍കാല മേളകളില്‍ നിന്ന് വ്യത്യസ്തത പുലര്‍ത്താന്‍ സംഘാടകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.16 ദിവസങ്ങള്‍ നീണ്ടു നിന്ന കായിക മാമാങ്കത്തിനൊടുവില്‍ ഇന്ന് നടന്ന സമാപന ചടങ്ങുകള്‍ ഹൃദയഹാരിയായി തീരുകയും ചരിത്രത്തില്‍ ഇടം പിടിക്കുകയും ചെയ്തു.മെഡല്‍ വേട്ടയില്‍ ആതിഥേയരായ ചൈന മറ്റു രാജ്യങ്ങളെ തുടക്കം മുതല്‍ക്ക് തന്നെ ബഹുദൂരം പിന്നിലാക്കിയിരുന്നു.199 സ്വര്‍ണവും 119 വെള്ളിയും 98 വെങ്കലവും ഉള്‍പ്പടെ 416 മെഡലുകളാണ് ചൈന വാരിക്കൂട്ടിയത്.സ്വര്‍ണമെഡലുകളുടെ എണ്ണത്തില്‍ ഒന്നിന്‍റെ കുറവ് കൊണ്ടുമാത്രം അവര്‍ക്ക് ഡബിള്‍ സെഞ്ചുറി തികയ്ക്കാന്‍ കഴിഞ്ഞില്ല.മെഡല്‍നിലയില്‍ രണ്ടാം സ്ഥാനത് നില്‍ക്കുന്ന കൊറിയക്ക് 76 സ്വര്‍ണവും 65 വെള്ളിയും 91 വെങ്കലവും കൂടി ആകെ 232 മെഡലുകളുംമൂന്നാം സ്ഥാനക്കാരായ ജപ്പാന് 48 സ്വര്‍ണവും 74 വെള്ളിയും 94 വെങ്കലവും ചേര്‍ത്ത് മൊത്തം 216 മെഡലുകളാണ് ലഭിച്ചത്.മെഡല്‍പട്ടികയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യക്ക് 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും കൂടി ആകെ 64 മെഡലുകള്‍ കിട്ടി.ഏഷ്യന്‍ ഗെയിംസില്‍ മുമ്പ് ഇന്ത്യക്ക് ഇത്രയും നേട്ടം കൊയ്യാന്‍ കഴിഞ്ഞിരുന്നില്ല.ഈ നേട്ടത്തില്‍ പങ്കു വഹിച്ച കേരളത്തിന്റെ ചുണക്കുട്ടികളെ നമുക്ക് ഈ അവസരത്തില്‍ അനുമോദിക്കാം.2014 ല്‍ ദക്ഷിണ കൊറിയയിലെ ഇന്‍ഷിയോണില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ വീണ്ടും കാണാമെന്ന പ്രതീക്ഷയോടെ കായിക താരങ്ങള്‍ ഏഷ്യാഡിനോട് ഇന്ന് വിട പറഞ്ഞു.

2010, നവംബർ 26, വെള്ളിയാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-കബഡിയില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം

ഇന്ന് നടന്ന ഫൈനല്‍ മത്സരങ്ങളില്‍ പുരുഷവിഭാഗത്തില്‍ ഇറാനെയും,വിനിതാവിഭാഗത്തില്‍ തായ് ലണ്ടിനെയും പരാജയപ്പെടുത്തി കബഡിയില്‍ ഇന്ത്യ സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി, ഈ ഇനത്തില്‍ ഇന്ത്യയുടെ ആധിപത്യം ഉറപ്പിച്ചു.ഏഷ്യന്‍ ഗെയിംസില്‍ പുരുഷകബഡിയില്‍ തുടര്‍ച്ചയായി ഇന്ത്യക്ക് ഇത് ആറാം തവണയാണ് സ്വര്‍ണം കിട്ടുന്നത്.1990 ല്‍ ഏഷ്യന്‍ ഗെയിംസില്‍ കബഡി ഉള്‍പ്പെടുത്തിയത് മുതല്‍ ഇന്ത്യയാണ് ജേതാക്കള്‍.വനിതകളുടെ 4 ഗുണം 400 മീറ്റര്‍ റിലെയിലും ഇന്ത്യ ഇന്ന് സ്വര്‍ണം നേടി.മഞ്ജിത് കൌര്‍,സിനി ജോസ്,അശ്വിനി ചിദാനന്ദ,മന്ദീപ് കൌര്‍ എന്നിവരടങ്ങിയ ടീം 3 മി 29.02 സെക്കണ്ട് കൊണ്ടാണ് ഓടിയെത്തിയത്. ബോക്സിംഗ് 75 കിലോ വിഭാഗത്തില്‍ വിജേന്ദര്‍ സിംഗിന് സ്വര്‍ണവും,91 കിലോ വിഭാഗത്തില്‍ മന്‍ പ്രീത് സിംഗിന് വെള്ളിയും ലഭിച്ചു.ഇന്ത്യക്ക് ഇന്നുണ്ടായ ശ്രദ്ധേയമായ മറ്റു വിജയങ്ങള്‍ 5000 മീറ്ററില്‍ മലയാളി താരം പ്രീജാ ശ്രീധരന്‍ വെള്ളിയും,കവിതാ റാവത്ത് വെങ്കലവും നേടിയതാണ്.ഇരുവരും കരിയറിലെ മികച്ച സമയത്തോടെയാണ് ഫിനിഷ് ചെയ്തത്.പ്രീജയുടെ സമയം-15 മി 15.89 സെക്കണ്ട്.ചെസ്സിലും സ്കൈറ്റിങ്ങിലും ഇന്ത്യക്ക് വെങ്കലമുണ്ട്.ഇതോടെ ഇന്ത്യയുടെ മത്സരങ്ങളെല്ലാം അവസാനിച്ചു.ഇന്ത്യക്ക് 14 സ്വര്‍ണമെഡലുകള്‍ കിട്ടി .2006 ലെ ദോഹ ഗെയിംസില്‍ 10 സ്വര്‍ണമെഡലുകളായിരുന്നു കിട്ടിയിരുന്നത്. 14 സ്വര്‍ണവും 17 വെള്ളിയും 33 വെങ്കലവും ചേര്‍ത്ത് ആകെ 64 മെഡലുകള്‍ നേടിയ ഇന്ത്യ മെഡല്‍ പട്ടികയില്‍ ആറാം സ്ഥാനത്ത് നിലയുറപ്പിച്ചു.ഏഷ്യന്‍ ഗെയിംസിന് നാളെ കൊടിയിറങ്ങും.

2010, നവംബർ 25, വ്യാഴാഴ്‌ച

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ഇന്ന് സ്വര്‍ണത്തിളക്കത്തിന്‍റെ ദിനം

ഏഷ്യന്‍ ഗെയിംസില്‍ അത് ലറ്റിക് മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ ഇന്ത്യക്ക് ഇന്ന് ആഹ്ലാദിയ്ക്കാന്‍ വകയേറെ.വനിതകളുടെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ കര്‍ണ്ണാടക താരം അശ്വിനി ചിദാനന്ദയും,ഇതേ ഇനം പുരുഷന്മാരുടെ വിഭാഗത്തില്‍ മലയാളിയും ദില്ലിയില്‍ സി ആര്‍ പി എഫ് ഉദ്യോഗസ്ഥനുമായ ജോസഫ് എബ്രഹാമും സ്വര്‍ണം കരസ്ഥമാക്കിയതിനു പുറമേ, ബോക്സിംഗ് 60 കിലോ വിഭാഗത്തില്‍ വികാസ് കൃഷ്ണയും സ്വര്‍ണം കൊയ്തു.പുരുഷന്മാരുടെ ബില്യാര്‍ഡ്സില്‍ പങ്കജ് അദ്വാനി സ്വര്‍ണം നേടി.81 കിലോ ബോക്സിങ്ങില്‍ ദിനേശ് കുമാറിന് വെള്ളിമെഡല്‍ ലഭിച്ചു.ഹര്‍ഡില്‍സില്‍ 56.16 സെക്കന്റു കൊണ്ടാണ് അശ്വിനി ഓടിയെത്തിയത്.ജോസഫ് 49.96 സെക്കന്റു കൊണ്ടാണ് മത്സരം പൂര്‍ത്തിയാക്കിയത്.ഇരുവരുടെയും മികച്ച സമയമാണിത്.800 മീറ്റര്‍ ഓട്ടത്തില്‍ ഇന്ത്യയുടെ സുവര്‍ണപ്രതീക്ഷയായിരുന്ന ടിന്റുവിനു വെങ്കലമേ നേടാനായുള്ളൂ.ഹോക്കിയിലും ഇന്ത്യക്ക് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.എന്നാല്‍ നാളെ നടക്കാനിരിക്കുന്ന പുരുഷ-വനിതാ വിഭാഗം കബഡി ഫൈനലിലേക്ക് ഇന്ത്യ യോഗ്യത നേടിയത് ആശ്വാസമായി.

2010, നവംബർ 23, ചൊവ്വാഴ്ച

ഏഷ്യന്‍ ഗെയിംസ്-സോംദേവ് ദേവ് വര്‍മന് ടെന്നീസില്‍ വീണ്ടും സ്വര്‍ണ്ണം

ടെന്നീസില്‍ ചരിത്രവിജയം നേടിക്കൊണ്ട് പുരുഷ സിംഗിള്‍സില്‍ ഇന്ത്യന്‍ ടെന്നീസ് താരം സോം ദേവ് വര്‍മന്‍ സുവര്‍ണ്ണ പതക്കത്തില്‍ മുത്തമിട്ടു.ഇതോടെ ഇന്ത്യക്ക് വേണ്ടി ടെന്നീസില്‍ ഇരട്ടസ്വര്‍ണം നേടിയ അപൂര്‍വ്വ ബഹുമതിയും സോംദേവിന് സ്വന്തമായി.ഇന്ന് ഗ്വാങ്ഷൂവില്‍ നടന്ന ഫൈനലില്‍ ഉസ്ബൈക്കിസ്ഥാന്‍ കളിക്കാരന്‍ ഡെനീസ് ഇസ്ടോമിനെ മറുപടിയില്ലാത്ത രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് സ്വര്‍ണം കൊയ്തത്.സ്കോര്‍ 2 -0 (6-1 ,6-2 ).ടെന്നീസ് ലോകറാങ്കിങ്ങില്‍ നാല്പ്പത്തിനാലാം സ്ഥാനക്കാരനാണ് ഇസ്ടോമിന്‍ .എന്നാല്‍ നൂറ്റിആറാം സ്ഥാനക്കാരനാണ് സോം ദേവ്.അതുകൊണ്ട് തന്നെ ഈ വിജയം ഏറെ അഭിനന്ദനീയമാണ്.ഇന്ത്യക്ക് പുരുഷ സിംഗിള്‍സില്‍ ആദ്യമായി കിട്ടിയ സ്വര്‍ണ്ണമെഡല്‍ എന്ന നിലയ്ക്ക് സോം ദേവ് നേടിയ ഈ വിജയം മാധുര്യമേറിയതാണ്.ഇപ്പോള്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യക്ക് ടെന്നീസില്‍ ഇതേ വരെ അഞ്ച് മെഡലുകളായി.സോം ദേവിന് മാത്രം മൂന്ന് മെഡലുകള്‍,രണ്ട് സ്വര്‍ണവും ഒരു വെങ്കലവും.ഇന്ത്യക്ക് കിട്ടിയ മൊത്തം സ്വര്‍ണമെഡലുകളുടെ എണ്ണം ഏഴായി ഉയര്‍ന്നു.

ഏഷ്യന്‍ ഗെയിംസ്-പത്താം ദിവസം ചൈന ബഹുദൂരം മുന്നില്‍

ഏഷ്യന്‍ ഗെയിംസ് പത്തു ദിവിസം പൂര്‍ത്തിയാക്കിയപ്പോള്‍ ആതിഥേയരായ ചൈന മെഡല്‍ വേട്ടയില്‍ ബഹുദൂരം മുന്നിലെത്തി തങ്ങളുടെ ആധിപത്യം തുടരുകയാണ്.ഏഷ്യയിലെ ഏറ്റവും വേഗതയേറിയ ഓട്ടക്കാരനായി തെരഞ്ഞെടുക്കപ്പെട്ട ലാവോ യി നേടിയ സ്വര്‍ണപ്പതക്കം ഉള്‍പ്പടെ ചൈന ഇതുവരെ 154 സ്വര്‍ണവും 77 വെള്ളിയും 73 വെങ്കലവും ചേര്‍ത്ത് മൊത്തം 304 മെഡലുകള്‍ വാരിക്കൂട്ടി.ഇപ്പോള്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ദക്ഷിണ കൊറിയ 61 സ്വര്‍ണവും 51 വെള്ളിയും 66 വെങ്കലവും കൂടി ആകെ 178 മെഡലുകള്‍ നേടിയിട്ടുണ്ട്.മൂന്നാം സ്ഥാനത്തുള്ള ജപ്പാന് ഇതുവരെ 32 സ്വര്‍ണം 59 വെള്ളി 67 വെങ്കലം ഉള്‍പ്പടെ ആകെ 158 മെഡലുകള്‍ കിട്ടി. ടെന്നീസ് പുരുഷ ഡബിള്‍സില്‍ ഇന്ന് സോംദേവ്-സനം സിംഗ് സഖ്യം നേടിയ സ്വര്‍ണമടക്കം മൊത്തം 6 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവുമായി 36 മെഡലുകളോടെ ഇന്ത്യ എട്ടാം സ്ഥാനത്ത് തുടരുന്നു.ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് ഇനങ്ങളില്‍ ഇന്ത്യക്ക് ഇനിയും പ്രതീക്ഷയുണ്ട്.

2010, നവംബർ 22, തിങ്കളാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-ടെന്നീസ് പുരുഷവിഭാഗം ഡബിള്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം

മെഡല്‍ പട്ടികയില്‍ ഇന്ത്യക്ക് ആറാമത് സ്വര്‍ണം കൂട്ടിചേര്‍ത്ത് സോം ദേവ് ദേവ് വര്‍മ്മന്‍-സനം കൃഷന്‍ സിംഗ് കൂട്ടുകെട്ട് ടെന്നീസ് പുരുഷന്മാരുടെ ഡബിള്‍സില്‍ സ്വര്‍ണം കരസ്ഥമാക്കി.ഗ്വാങ്ഷൂവില്‍ ഇന്ന് നടന്ന ഫൈനലില്‍ ചൈനയുടെ ടീമിനെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യന്‍ സഖ്യം വിജയം കണ്ടത്.എന്നാല്‍ ടെന്നീസ് മിക്സഡ്‌ ഡബിള്‍സില്‍ സാനിയ മിര്‍സ-വിഷ്ണുവര്‍ദ്ധന്‍ സഖ്യത്തിന് വെള്ളി മെഡല്‍ നേടാനേ കഴിഞ്ഞുള്ളൂ.ഇവര്‍ ചൈനയുടെ തായ്പേയി കൂട്ടുകെട്ടിനോടാണ് തോറ്റത്.

2010, നവംബർ 21, ഞായറാഴ്‌ച

ഏഷ്യന്‍ ഗെയിംസ്-സുധ സിങ്ങിന് സ്വര്‍ണം

ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ ചൈനയെ പരാജയപ്പെടുത്തി വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപിള്‍ ചെയ്സില്‍ ഇന്ത്യയുടെ സുധ സിങ്ങ് സ്വര്‍ണം കൊയ്തു.ട്രാക്ക് ആന്‍ഡ്‌ ഫീല്‍ഡ് മത്സരങ്ങളില്‍ ഇന്ന് ഇന്ത്യ നേടുന്ന രണ്ടാമത്തെ സ്വര്‍ണമാണിത്.9 മി 55.67 സെക്കണ്ട് കൊണ്ട് സുധ ഫിനിഷ് ചെയ്തപ്പോള്‍ 9 മി 55 .71 സെക്കണ്ട് കൊണ്ട് ഓടിയെത്തിയ ചൈനയുടെ യുവാന്‍ ജിന്‍ വെള്ളിമെഡല്‍ കരസ്ഥമാക്കി.ജപ്പാന്‍ താരം മിനോരി ഹയക്കാരി 10 മി 01.25 സെ സമയമെടുത്ത്‌ വെങ്കലവും നേടി.നേരത്തെ വനിതകളുടെ 10000 മീറ്ററില്‍ ഇന്ത്യയുടെ പ്രീജ ശ്രീധരന്‍ സ്വര്‍ണവും,കവിത റാവത്ത് വെള്ളിയും നേടിയിരുന്നു. ഇതോടെ ഇന്ത്യയുടെ സ്വര്‍ണമെഡലുകള്‍ 5 ആയി ഉയര്‍ന്നു.

ഏഷ്യന്‍ ഗെയിംസ്-വനിതകളുടെ 10000 മീറ്ററില്‍ പ്രീജ ശ്രീധരന് സ്വര്‍ണം


ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ട്രാക്കുകളണര്‍ന്നപ്പോള്‍ വനിതകളുടെ 10000 മീറ്ററില്‍ മലയാളി താരം പ്രീജ ശ്രീധരന്‍ സ്വര്‍ണം നേടി ,ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് സ്വര്‍ണത്തിളക്കം സമ്മാനിച്ചു.31 മി 50 .4 7 സെക്കണ്ട് കൊണ്ടാണ് പ്രീജ ഫിനിഷ് ചെയ്തത്.തന്റെ 32 മി 04 .41സെ എന്ന മുന്‍കാലറിക്കാര്‍ഡാണ് പ്രീജ തിരുത്തിയത്.2006 ലെ ഏഷ്യന്‍ ഗെയിം സില്‍ 5000 മീറ്ററിലും 10000 മീറ്ററിലും പ്രീജ അഞ്ചാം സ്ഥാനത്തായിരുന്നു.ഇതേ ഇനത്തില്‍ കവിതാ റാവത് നേടിയ വെള്ളി മെഡല്‍ ഇന്ത്യന്‍ വിജയത്തിന് മാറ്റ് വര്‍ദ്ധിപ്പിച്ചു.31 മി 51 .44 സെക്കണ്ട് കൊണ്ടാണ് കവിത ഓടിയത്തിയത്.തന്റെ 32 മി 41.31 സെ റെക്കോര്‍ഡ്‌ കവിത ഇതിലൂടെ ഭേദിച്ചു.ഇന്ന് അതലറ്റിക്സില്‍ നേടിയ സ്വര്‍ണമടക്കം ഇന്ത്യക്ക് 4 സ്വര്‍ണമെഡല്‍ ലഭിച്ചു.

2010, നവംബർ 18, വ്യാഴാഴ്‌ച

ഏഷ്യന്‍ ഗെയിംസില്‍ ചൈനയുടെ സ്വര്‍ണക്കൊയ്ത്ത് തുടരുന്നു

ചൈനയിലെ ഗ്വാങ്ഷൂവില്‍ ഏഷ്യന്‍ ഗെയിംസ് നാല് ദിവസങ്ങള്‍ പിന്നിടിമ്പോള്‍, ആതിഥേയരായ ചൈന ഇതര രാജ്യങ്ങളെ ബഹുദൂരം പിന്നിലാക്കികൊണ്ട് അതിന്റെ സ്വര്‍ണക്കൊയ്ത്ത് തുടരുകയാണ്.77 സ്വര്‍ണ്ണം, 28 വെള്ളി,28 വെങ്കലം ഉള്‍പ്പെടെ മൊത്തം 133 മെഡലുകളുമായി ചൈന ഒന്നാം സ്ഥാനത് നിലയുറപ്പിച്ചു.22 സ്വര്‍ണ്ണം,17 വെള്ളി,27 വെങ്കലം എന്നിവ നേടി ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും, 15 സ്വര്‍ണ്ണം,34 വെള്ളി,29 വെങ്കലം എന്നിവ നേടി ജപ്പാന്‍ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്തുമാണ്.ഒരു സ്വര്‍ണ്ണം,നാല് വെള്ളി,ഏഴു വെങ്കലം എന്നീ മെഡലുകള്‍ നേടിയ ഇന്ത്യ ഒമ്പതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.നീന്തല്‍ ഇനങ്ങളില്‍ നാലാം ദിവസം പ്രഖ്യാപിച്ച ഏഴ് സ്വര്‍ണമെഡലുകളില്‍ അഞ്ചും ചൈനയ്ക്കാണ് കിട്ടിയത്.ജിംനാസ്റ്റിക്കിലും ഭാരദ്വഹനത്തിലും ചൈനയ്ക്കു തന്നെയാണ് ആധിപത്യം.വനിതകുടെ സോഫ്റ്റ്‌ ടെന്നീസില്‍ ചൈന സ്വര്‍ണ്ണം നേടി.

2010, നവംബർ 12, വെള്ളിയാഴ്‌ച

ഏഷ്യന്‍ ഗെയിംസിന് ചൈനയില്‍ വര്‍ണ്ണോജ്വലമായ തുടക്കം

വന്‍കരയിലെ ഏറ്റവും വലിയ കായിക മാമാങ്കമായ പതിനാറാമത് ഏഷ്യന്‍ ഗെയിംസിന് ചൈനയിലെ ഗ്വങ്ഷോവില്‍ വര്‍ണ്ണപ്പകിട്ടാര്‍ന്ന തുടക്കം.നവംബര്‍ 12 മുതല്‍ 27 വരെ നീളുന്ന 42 മത്സര ഇനങ്ങളില്‍ 53 വേദികളിലായി 45 രാജ്യങ്ങളില്‍ നിന്നുള്ള പതിനായിരത്തോളം കായിക പ്രതിഭകള്‍ മാറ്റുരയ്ക്കും.വര്‍ണ്ണ വിളക്കുകളാല്‍ അലങ്കരിക്കപ്പെട്ട ഗോപുരങ്ങളെ സാക്ഷി നിര്‍ത്തി, ചൈനക്ക് മാത്രം സ്വന്തമായ 40000 കരിമരുന്നുപ്രയോഗങ്ങളുടെ അകമ്പടിയോടെ 21 സംഗീത സംവിധായകര്‍ ചിട്ടപ്പെടുത്തിയ, 190 മിനുട്ട് ദൈര്‍ഘ്യമേറിയ സംഗീത വിരുന്ന് ഒരുക്കിയ അന്തരീക്ഷത്തില്‍ ഉല്‍ഘാടന ചടങ്ങുകള്‍ വര്‍ണ്ണവിസ്മയമായി മാറി .ഹൈസിന്‍ഷ സ്ക്വയറിനെ തൊട്ടുരുമ്മി ഒഴുകുന്ന പേള്‍ നദിയിലാണ് ഉല്‍ഘാടന വേദി ഒരുക്കിയിരിക്കുന്നത്.45 അലംകൃത നൌകകളില്‍ കായിക താരങ്ങളെ കരയിലേക്ക് ആനയിച്ചു.നാന്‍ ഹായ് ഗോഡ് എന്ന നൌക ഇവയുടെ മുന്നിലായി സഞ്ചരിച്ചു.മുന്‍പ് നടന്ന കായികമേളകളുടെ ഉല്‍ഘാടന ചടങ്ങുകള്‍ മുഖ്യ വേദിയിലാണ് നടത്തപ്പെട്ടിരുന്നത്.എന്നാല്‍ ഈ പതിവില്‍ നിന്നും വ്യത്യസ്തത പുലര്‍ത്തി ഉല്‍ഘാടന വേദി പേള്‍ നദിയിലേക്ക് മാറ്റുകയായിരുന്നു.മുഖ്യ സ്റ്റേഡിയത്തില്‍ കാണികള്‍ക്കായി 30000 ഇരിപ്പിടങ്ങളാണ് തയ്യാറാക്കിയിരിക്കുന്നത്.ഇനിയുള്ള 15 ദിനരാത്രങ്ങള്‍ ലോകത്തെങ്ങുമുള്ള കായിക പ്രേമികളുടെ കണ്ണും കാതും പേള്‍ നദിക്കരയിലെ മനോഹര നഗരിയിലെ മത്സരവേദികളിലേക്ക്.മെഡല്‍ വേട്ടയില്‍ ആരായിരിക്കും മുന്നിലെത്തുകയെന്ന് നമുക്ക് കാത്തിരുന്നു കാണാം.


2010, നവംബർ 2, ചൊവ്വാഴ്ച

ചെമ്പൈ സംഗീതോത്സവം ഇന്ന് തുടങ്ങും

ഗുരുവായൂര്‍ ഏകാദശി പ്രമാണിച്ച് നടത്തപ്പെടുന്ന ചെമ്പൈ സംഗീതോത്സവത്തിന് ഇന്ന് തുടക്കമാവും.ഇന്ന് വൈകീട്ട് 6.30 ന് ദേവസ്വം വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍ സംഗീതോത്സവം ഉദ്ഘാടനം ചെയ്യും.കെ ജി ജയനുള്ള ഗുരുവായൂരപ്പന്‍ പുരസ്കാരം ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണന്‍ സമ്മാനിക്കും.ചടങ്ങില്‍ ദേവസ്വം കമ്മീഷണര്‍ ഡോ.വി വേണു,നടന്‍ മനോജ്‌ കെ ജയന്‍,മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്,പി സി വാസുദേവന്‍ നമ്പൂതിരിപ്പാട്,പി കെ മാനവേദന്‍ രാജ,ഡോ.കെ ഓമനക്കുട്ടി,തോട്ടത്തില്‍ രവീന്ദ്രന്‍,ഗോകുലം ഗോപാലന്‍,എ വി ചന്ദ്രന്‍,കെ വി ബാബു മുതലായവര്‍ സംബന്ധിക്കും.15 ദിനരാത്രങ്ങള്‍ നീളുന്ന നാദോപാസന നവംബര്‍ 3 ന് ബുധനാഴ്ച രാവിലെ ആരംഭിക്കും.നാദോപാസനയില്‍ ആയിരത്തിലേറെ സംഗീത പ്രതിഭകള്‍ പങ്കെടുക്കും.എല്ലാ ദിവസവും രാവിലെ കച്ചേരിയും വൈകീട്ട് പ്രത്യേക കച്ചേരിയും ഉണ്ടാവും.സുപ്രസിദ്ധ സംഗീതജ്ഞന്‍ പണ്ഡിറ്റ്‌ ജസ് രാജ്,ചേപ്പാട് എ ഇ വാമനന്‍ നമ്പൂതിരി,ടി വി ഗോപാലകൃഷ്ണന്‍,സി എസ് അനുരൂപ്,ഗിരിജ വര്‍മ,മങ്ങാട് നടേശന്‍,അരൂര്‍ പി കെ മനോഹരന്‍,മധു ബാലകൃഷ്ണന്‍,രംഗനാഥ ശര്‍മ,ഡോ.അരുന്ധതി,ഡോ.ഭാവന രാധാകൃഷ്ണന്‍,തിരുവൈയാര്‍ ബി വി ജയശ്രി,അഭിഷേക് രഘുറാം തുടങ്ങിയ സംഗീതജ്ഞര്‍ പങ്കെടുക്കുന്നതാണ്.