2010, ജൂൺ 24, വ്യാഴാഴ്‌ച

ഏഷ്യാകപ്പ് ഇന്ത്യക്ക് ചരിത്രവിജയം


ഒന്നര പതിറ്റാണ്ടിന്‍റെ കാത്തിരിപ്പിന് ശേഷം ശ്രീലങ്കയെ അവരുടെ സ്വന്തം നാട്ടില്‍ 81 റണ്‍സിനു തകര്‍ത്ത് ഇന്ത്യ ഏഷ്യകപ്പില്‍ മുത്തമിട്ടു.ലീഗ് മത്സരങ്ങളില്‍ ഇന്ത്യ ഉള്‍പ്പടെ എല്ലാ ടീമുകളെയും പരാജയപ്പെടുത്തി 14 പോയിന്റുകളോടെ ക്രീസിലിറങ്ങിയ ശ്രീലങ്കയ്ക്ക് ഇന്ന് ധാംബുള്ളയില്‍ അടിപതറി.മൂന്ന് തവണ ഫൈനലില്‍ തോല്‍പ്പിച്ചതിനുള്ള മധുരമായ പകരം വീട്ടല്‍ കൂടിയായി ഇന്ന് ഇന്ത്യക്ക്.ടോസ് നേടിയ ഇന്ത്യ ബാറ്റിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.50 ഓവറുകളില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 269 റണ്‍സിന്‍റെ വിജലക്ഷൃം കുറിച്ച് കൊണ്ട് ഇന്ത്യന്‍ ഇന്നിംഗ്സ് അവസാനിച്ചു.എന്നാല്‍ 44.4 ഓവറുകളില്‍ 187 റണ്‍സ് എടുക്കാനെ ശ്രീലങ്കയ്ക്ക് കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ ഇന്നിംഗ്സില്‍ ഓപ്പണര്‍മാരില്‍ ഗൌതം ഗംഭീര്‍ 16 പന്തുകളില്‍ നിന്നും 15 റണ്‍സെടുത്തു റണ്‍ ഔട്ട്‌ ആയെങ്കിലും, ദിനേശ് കാര്‍ത്തിക് 9 ഫോറുകളുമായി 84 പന്തുകളില്‍ നിന്നും അര്‍ദ്ധസെന്ച്വറിയോടെ 66 റണ്സെടുത്ത് ഇന്ത്യയുടെ വിജയത്തിന് അടിത്തറയിട്ടു.തുടര്‍ന്ന് വന്ന ബാറ്റ്സ്മാന്‍മാരില്‍ വിരാട് കൊഹലി 28/34 ,ക്യാപ്ടന്‍ എം എസ് ധോണി 38/50 ,രോഹിത് ശര്‍മ്മ 41/52 ,സുരേഷ് കുമാര്‍ റയ്ന 29/31 ,ജഡേജ 25/27 എന്നിവരെല്ലാം ശ്രീലങ്കയ്ക്കെതിരെയുള്ള ഇന്ത്യന്‍ തേരോട്ടത്തിന് ആക്കം കൂട്ടി.ശ്രീലങ്കന്‍ കളിക്കാരില്‍ റണ്‍ വേട്ടക്കാരായ തിലക രത്നെ ദില്‍ഷന്‍,ആന്ജെലോ മാത്യൂസ് എന്നിവര്‍ക്ക് റണ്ണോന്നും എടുക്കാനാവാതെ മടങ്ങേണ്ടി വന്നു.തുടക്കത്തിലേ ശ്രീലങ്കയുടെ ബാറ്റിങ്ങ് തകര്‍ച്ച കാണാമായിരുന്നു.അവര്‍ക്ക് അല്‍പ്പമെങ്കിലും ആശ്വാസമായത് ചാമര കപുഗടെരയുടെ 88 പന്തില്‍ നിന്നും കിട്ടിയ 55 റണ്ണുകള്‍ മാത്രം.ദിനേശ് കാര്‍ത്തിക് മാന്‍ ഓഫ് ദി മാച്ച് ആയും ,ശഹീദ് അഫ്രീദി മാന്‍ ഓഫ് ദി സീരീസ് ആയും തെരഞ്ഞെടുക്കപ്പെട്ടു.ട്വന്‍റി 20 മത്സരങ്ങളില്‍ നിന്നുണ്ടായ നാണക്കേടില്‍ നിന്നും കരകയറാന്‍ ധോണിക്കും കൂട്ടുകാര്‍ക്കും ഏഷ്യകപ്പ് ടൂര്‍ണമെന്‍റിലെ ഈ ഐതിഹാസിക വിജയം തുണയാകുമെന്നു പ്രതീക്ഷിക്കാം.

2010, ജൂൺ 16, ബുധനാഴ്‌ച

ഏഷ്യാകപ്പ് ക്രിക്കറ്റിനു ശ്രീലങ്കയില്‍ തുടക്കമായി

ഏഷ്യാകപ്പ് 2010 ന് വേണ്ടിയുള്ള ക്രിക്കറ്റ് മത്സരങ്ങള്‍ക്ക് ശ്രീലങ്കയിലെ ധാംബുള്ളയില്‍ തുടക്കമായി.ഇന്ത്യ,പാക്കിസ്ഥാന്‍,ശ്രീലങ്ക,ബംഗ്ലാദേശ് എന്നീ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്‍റ് ജൂണ്‍ 24 വരെ നീണ്ടു നില്ക്കും.ശ്രീലങ്കയും പാക്കിസ്ഥാനും തമ്മില്‍ നടന്ന ഉദ്ഘാടന മത്സരത്തില്‍ ശ്രീലങ്ക പാക്കിസ്ഥാനെ 16 റണ്‍സിനു പരാജയപ്പെടുത്തി.ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ശ്രീലങ്ക 50 ഓവറുകളില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 242 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ പാക്കിസ്ഥാന് 47 ഓവറുകളില്‍ 226 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.76 പന്തില്‍ നിന്നും മികച്ച സെഞ്ച്വറിയോടെ 109 റണ്ണുകള്‍ വാരിക്കൂട്ടിയ പാക്കിസ്ഥാന്‍റെ ശഹീദ് അഫ്രീദിയാണ് മാന്‍ ഓഫ് ദി മാച്ച്. ശ്രീലങ്കയുടെ ലസിത് മലിംഗ 5 വിക്കറ്റുകള്‍ വീഴ്ത്തി.ഇന്ത്യയടെ ആദ്യമല്‍സരം 16 ന് ബുധനാഴ്ച ഉച്ചക്ക് 2.30 ന് ബംഗ്ലാദേശുമായി നടക്കും.


2010, ജൂൺ 11, വെള്ളിയാഴ്‌ച

ഇ എം എസിന്‍റെ ലോകം ദേശീയ സെമിനാര്‍ നാളെ മുതല്‍

ഇ എം എസ് ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തോടനുബന്ധിച്ച് കാലിക്കറ്റ്‌ സര്‍വകലാശാല ഓഡിറ്റോറിയത്തില്‍ ജൂണ്‍ 12 ,13 തിയ്യതികളില്‍ ഇ എം എസിന്‍റെ ലോകം എന്ന ദേശീയ സെമിനാര്‍ നടക്കുന്നതാണ്.ശനിയാഴ്ച രാവിലെ 10 മണിക്ക് മന്ത്രി പാലോളി മുഹമ്മദ്‌ കുട്ടിയുടെ അദ്ധ്യക്ഷതയില്‍ സി പി ഐ (എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നതാണ്.ഉച്ചയ്ക്ക് 1.30 ന് 'ജാതി-മത രാഷ്ട്രീയത്തിന്റെ വര്‍ത്തമാനം'എന്ന സെഷന്‍ വിദ്യാഭ്യാസമന്ത്രി എം എ ബേബി ഉദ്ഘാടനം ചെയ്യും.സി പി ഐ (എം)കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം എ വിജയരാഘവന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന സെഷനില്‍ കേരള കലാമണ്ഡലം വൈസ് ചാന്‍സലര്‍ ഡോ.കെ ജി പൗലോസ്‌,പ്രൊഫ.ഹമീദ് ചേന്നമംഗലൂര്‍,പ്രൊഫ.എം എം നാരായണന്‍ തുടങ്ങിയവര്‍ വിവിധ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.ഞായറാഴ്ച രാവിലെ 9.30 ന് കേന്ദ്ര സംസ്ഥാന ബന്ധങ്ങളെ കുറിച്ചുള്ള സെഷനില്‍ സി പി ഐ (എം) പി ബി അംഗം എസ് രാമചന്ദ്രന്‍ പിള്ള ,മന്ത്രി ഡോ.ടി എം തോമസ്‌ ഐസക്ക്, കെ ടി കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.വൈകുന്നേരം 5 മണിക്ക് സി പി ഐ (എം) മലപ്പുറം ജില്ലാ സെക്രട്ടറി കെ ഉമ്മറിന്‍റെ അദ്ധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ ഇ എന്‍ മോഹന്‍ദാസ്,വേലായുധന്‍ വള്ളിക്കുന്ന്,എം കൃഷ്ണന്‍ എന്നിവര്‍ സെമിനാറിന്‍റെ ഒരുക്കങ്ങളെ പറ്റി വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.

ലോകകപ്പ് ഫുട്ബോള്‍ കിക്കോഫിന് മണിക്കൂറുകള്‍ മാത്രം

ദക്ഷിണാഫ്രിക്കയിലെ സുവര്‍ണനഗരിയായ ജോഹനസ്ബര്‍ഗ്ഗിലെ സോക്കര്‍സിറ്റി സ്റ്റേഡിയത്തില്‍ ലോക ഫുട്ബാള്‍ മാമാങ്കത്തിന് തുടക്കം കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.ലോകപ്രശസ്ത പോപ്‌ ഗായിക ഷക്കീറയുടേയും സംഘത്തിന്‍റേയുംയും സംഗീത നൃത്ത വിരുന്നിന്‍റെ ലഹരി തീരും മുമ്പേ,വിശ്വവിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ നാട്ടില്‍ 30 നാളുകള്‍ നീണ്ടുനില്‍ക്കുന്ന മത്സരങ്ങളുടെ കിക്ക് ഓഫ് ലോകത്തെങ്ങുമുള്ള 200 കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ ഒരുലക്ഷം കാണികളെയും സാക്ഷി നിര്‍ത്തി നടക്കും.ഇന്ത്യന്‍ സമയം രാത്രി 7.30 ന് ഉല്‍ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്ക മെക്സിക്കോയെ നേരിടും.രാത്രി 12 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ ഉറുഗ്വേ ഫ്രാന്‍സുമായി ഏറ്റുമുട്ടും.