2008, ഒക്‌ടോബർ 27, തിങ്കളാഴ്‌ച

കോഴിക്കോട് ജില്ലയില്‍ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നു

ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ജില്ലയിലെ സ്കൂള്‍ ലൈബ്രറികള്‍ നവീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ത്വരിതഗതിയില്‍ നടന്നു വരുന്നു.ജില്ലയിലെ കോഴിക്കോട്,വടകര,താമരശ്ശേരി വിദ്യാഭ്യാസ ജില്ലകളിലെ ഹൈസ്കൂള്‍ ലൈബ്രറികളാണ് ആദ്യഘട്ടത്തില്‍ നവീകരിക്കുന്നത്.ജനപന്കാളിത്തത്തോടെ
മാതൃകാലൈബ്രറികളായി മാറിയ മേപ്പയൂര്‍ ജി വിഎച്ച് എസ് എസ് ,അത്തോളി ജി വിഎച്ച് എസ് എസ് എന്നീ സ്കൂള്‍ ലൈബ്രറികളില്‍ നിന്നു ആവേശമുള്‍ക്കൊണ്ട് ഡി ഡി ഇ കെ.വി.വിനോദ് ബാബുവിന്റെ മേല്‍നോട്ടത്തില്‍ പി.പി.വേണുഗോപാലന്‍ മാസ്റ്റര്‍ കണ്‍വീനറായ കമ്മറ്റിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌.പുസ്തകങ്ങളെ കഥ,കവിത,നോവല്‍.ജീവചരിത്രം എന്നിങ്ങനെ വിവിധ ഇനങ്ങളായി തരംതിരിക്കുന്ന കാറ്റലോഗിങ്ങാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്.വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമായ പുസ്തകങ്ങള്‍ മിക്ക വിദ്യാലയങ്ങളിലും ഉണ്ടെന്‍കിലും, സ്ഥലപരിമിതിയും സ്ഥിരം ലൈബ്രേറിയന്‍മാരുടെ അഭാവവും കാരണം പുസ്തക വിതരണം പോലും ശരിയായ രീതിയില്‍ നടക്കാറില്ല.കോഴിക്കോട് ജില്ലയിലെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടാല്‍ അത് കേരളത്തിനാകെ മാതൃകയാവുമെന്നതില്‍ തര്‍ക്കമില്ല.

2008, ഒക്‌ടോബർ 11, ശനിയാഴ്‌ച

കോഴിക്കോട് ജില്ലയില്‍ ഇ-മണി ഓര്‍ഡര്‍ നിലവില്‍ വന്നു

കോഴിക്കോട് ജില്ലയില്‍ ഇ -മണിയോര്ഡര്‍ സംവിധാനം നിലവില്‍ വന്നു.വളരെ പെട്ടെന്ന് മണി ഓര്‍ഡര്‍ തുക ലഭ്യമാക്കുന്ന തപാല്‍ വകുപ്പിന്റെ നൂതന സംവിധാനമാണിത്. ഇലക്ട്രോണിക് ട്രാന്സ്മിഷന്‍ ഓഫ് ഡൊമസ്റ്റിക് മണി ഓര്‍ഡേര്‍സ്(ഇ -എംഓ )കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസില്‍ സിറ്റി പോലീസ് കമ്മീഷണര്‍ അനൂപ് കുരുവിള ജോണ്‍ ഉല്‍ഘാടനം ചെയ്തു.ഇവിടെ പ്രത്യേക ഫോറം പൂരിപ്പിച്ചു നല്‍കിയാല്‍ ഇന്റര്‍നെറ്റ് വഴി നിമിഷങ്ങക്കുള്ളില്‍ ബന്ധ്ധപ്പെട്ട പോസ്റ്റ് ഓഫീസില്‍ കിട്ടുന്ന സന്ദേശത്തിന്റെ പ്രിന്‍റ് എടുത്ത് പണം പോസ്റ്മേന്‍ വീട്ടിലെത്തിക്കും.തല്ക്കാലം കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫീസിലും ,സിവില്‍ സ്റ്റേഷന്‍ പോസ്റ്റ് ഓഫീസിലും മാത്രമാണ് ഈ സേവനമുള്ളതെന്‍കിലും താമസിയാതെ കമ്പ്യൂട്ടര്‍ സംവിധാനമുള്ള എല്ലാ പോസ്റ്റ് ഓഫീസുകളിലും ഇത് വ്യാപിപ്പിക്കും.ഇങ്ങനെ പണമയക്കുന്നതിന് പ്രത്യേകം ചാര്‍ജ്ജൊന്നും നല്‍കേണ്ടതില്ല. മണി ഓര്‍ഡര്‍ അയച്ചാല്‍ പണം ലഭിക്കുന്നതിനുള്ള കാലതാമസം ഇതോടെ ഒഴിവാകും.

2008, ഒക്‌ടോബർ 9, വ്യാഴാഴ്‌ച

വിജയദശമി ദിനത്തില്‍ ആയിരക്കണക്കിന് കുട്ടികള്‍ ഹരിശ്രീ കുറിച്ചു

വിജയദശമി നാളില്‍ കേരളത്തിലെ ക്ഷേത്രങ്ങളിലും സാംസ്കാരിക കേന്ദ്രങ്ങളിലും പതിനായിരക്കണക്കിന് കുട്ടികളെ എഴുത്തിനിരുത്തി.വിദ്യാരംഭചടങ്ങുകള്‍ക്ക് സാംസ്കാരിക നായകന്മാരും പ്രശസ്ത സാഹിത്യകാരന്മാരും നേതൃത്വം നല്‍കി.തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ നടന്ന ചടങ്ങുകള്‍ക്ക് എം.ടി.വാസുദേവന്‍ നായരും,തിരുവന്തപുരം വിജെടി ഹാളില്‍ കൈരളി ചാനല്‍ സംഘടിപ്പിച്ച പരിപാടികളില്‍ അടൂര്‍ ഗോപാല കൃഷ്ണനും പ്രധാന കാര്‍മ്മികത്വം വഹിച്ചു. മലയാള മനോരമയുടെ എല്ലാ യുണിറ്റുകളിലും നടന്ന ചടങ്ങുകളില്‍ സാഹിത്യ നായകന്മാരും പ്രമുഖ വ്യക്തികളും ഗുരുക്കന്മാരായി.കണ്ണൂര്‍ മനോരമയില്‍ കഥാകൃത്ത് ടി.പദ്മനാഭന്‍ നേതൃത്വം നല്കി.കൊല്ലൂര്‍ മൂകാംബികാ ക്ഷേത്രത്തിലും,ദക്ഷിണമൂകാംബിക എന്നറിയപ്പെടുന്ന കോട്ടയം പനച്ചിക്കാട് ക്ഷേത്രത്തിലും, ഗുരുവായൂര്‍,ചോറ്റാനിക്കര തുടങ്ങിയ കേരളത്തിലെ ചെറുതും വലുതുമായ നിരവധി ക്ഷേത്രങ്ങളിലും നടന്ന എഴുത്തിനിരുത്തല്‍ ചടങ്ങുകളില്‍ നല്ല തിരക്ക് അനുഭവപ്പെട്ടു.

2008, ഒക്‌ടോബർ 6, തിങ്കളാഴ്‌ച

തുഞ്ചന്‍ സ്മാരക ഭാഷാ മ്യൂസിയം തുറന്നു

മലയാള ഭാഷാ സ്നേഹികള്‍ക്ക് ആഹ്ലാദം പകര്‍ന്ന് കൊണ്ട് തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ തുഞ്ചന്‍ സ്മാരക മലയാള സാഹിത്യ മ്യൂസിയം ആഭ്യന്തര-ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ നാടിനു സമര്‍പ്പിച്ചു.കിളിപ്പാട്ടിലൂടെ മലയാള മാനസ്സുകളില്‍ ഓര്‍മ്മകളായി ഇന്നും നിലനില്ക്കുന്ന ഭഷാ പിതാവിന്റെ മായാത്ത സ്മരണകളുമായി തുഞ്ചന്‍ പറമ്പില്‍ അത്യാധുനിക സാങ്കേതിക സൌകര്യങ്ങളുമായി നിലവില്‍വന്ന ഭാഷാ മ്യൂസിയം വിദേശ മ്യൂസിയങ്ങളോട് കിടപിടിയ്ക്കുന്ന രീതിലാണ് ഒരുക്കിയിരിക്കുന്നത്.കമ്പ്യൂട്ടര്‍ ,മോണിട്ടര്‍ ,ഓഡിയോ വിഷ്വല്‍ ഉപകരണങ്ങള്‍ ,വസ്തുക്കള്‍,ചിത്രങ്ങള്‍,ലിഖിതങ്ങള്‍,ശബ്ദങ്ങള്‍ എന്നിവയുടെ സഹായത്തോടെ ഒരുക്കിയിരിക്കുന്ന മ്യൂസിയം ഭാഷാസ്നേഹികള്‍ക്കെന്ന പോലെ ഗവേഷകര്‍ക്കും അനുഗ്രഹമാവുകയാണ് .ലോകത്തെങ്ങുമുള്ള മലയാളികള്‍ക്കും മലയാള ഭാഷയെയും അതിന്റെ ജനയിതാവായ തുഞ്ചത്താചാരൃനേയും നെഞ്ചിലേറ്റി സ്നേഹിയ്ക്കുന്നവര്‍ക്കും തീര്‍ഥാടന കേന്ദ്രമാവാന്‍ പോകുന്ന മ്യൂസിയം പൈത്രിക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കുമെന്ന് തന്റെ ഉല്‍ഘാടന പ്രസംഗത്തില്‍ കോടിയേരി ഉറപ്പു നല്കി.
ദൈവികതയും മാനവികതയും മറ്റൊരു ഭാഷയിലുമില്ലാത്തവിധം തുഞ്ചന്റെ കൃതികളില്‍ സമ്മേളിച്ചിരിയ്ക്കുന്നുവെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ ഡോ.സുകുമാര്‍ അഴീക്കോട് പറഞ്ഞു.തുഞ്ചന്‍ സ്മാരകം സന്ദര്‍ശിയ്ക്കുന്ന ഇളംതലമുറയെ കാണുന്പോഴാണ് മലയാളഭാഷ നിലനില്ക്കുന്നുവെന്ന തോന്നലുണ്ടാവുന്നതെന്ന് ചടങ്ങില്‍ സംസാരിച്ച എം.ടി.വാസുദേവന്‍ നായര്‍ ഓര്‍മ്മിപ്പിച്ചു.

2008, ഒക്‌ടോബർ 2, വ്യാഴാഴ്‌ച

മുഖ്യമന്ത്രി വിഎസ് വീണ്ടും മൂന്നാറില്‍

മൂന്നാര്‍ ദൌത്യസംഘത്തിന്റെ പ്രവര്ത്തനങ്ങള്‍ വിലയിരുത്തുന്നതിന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്‍ മൂന്നാറിലെത്തി.മന്ത്രിമാരായ ബിനോയ് വിശ്വം,എ.കെ.ബാലന്‍ എന്നിവരും മുഖ്യമന്ത്രിയെ അനുഗമിച്ചു.
5 സെന്റില്‍ കുറവ് ഭൂമിയുള്ള കുടിയേറ്റ കര്‍ഷരുടെ ഭൂമി സര്‍ക്കാര്‍ പിടിച്ചെടുക്കില്ലെന്ന് വിഎസ് പത്രസമ്മേളനത്തില്‍ വെളിപ്പെടുത്തി.ദൌത്യ സംഘം നേരത്തെ ഏറ്റെടുത്ത 12000 ഏക്കര്‍ ഭൂമി പാവപ്പെട്ടവര്‍ക്കും ഭൂരഹിതരായ ആദിവാസികള്‍ക്കും മൂന്ന് മാസത്തിനകം വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.ചെക്കനാട് എസ്റ്റേറ്റില്‍ ടാറ്റ കയ്യേറിയ 90 ഏക്കര്‍ ഭൂമി ഉടനെ തിരിച്ച് പിടിയ്ക്കുമെന്നും വിഎസ് അറിയിച്ചു.ദൌത്യസംഘത്തില്‍ ഐജി
വിന്‍സന്‍റ് പോളിനെയും ഉള്‍പ്പെടുത്തും.ഭൂമി കയ്യേറ്റം നടന്ന ശാന്തമ്പാറ ഗ്ലോറിയ ഫാമും സംഘം സന്ദര്‍ശിച്ചു.
ഈ മാസം ഒമ്പതിന് മൂന്നാറുമായി ബന്ധ്ധപ്പെട്ട മന്ത്രിസഭാ ഉപസമിതി മൂന്നാറില്‍ യോഗം ചേരും.അതിനിടെ നവമൂന്നാര്‍ പദ്ധതിയ്ക്കെതിരെയുള്ള സിപിഐ പ്രാദേശിക നേതാക്കളുടെ എതിര്‍പ്പ് കാര്യമാക്കുന്നില്ലെന്നും, പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്നും റവന്യൂവകുപ്പ് മന്ത്രി കെ.പി.രാജേന്ദ്രന്‍ അറിയിച്ചു.