2009, മാർച്ച് 25, ബുധനാഴ്‌ച

കോണ്‍ഗ്രസ് പ്രകടനപത്രിക പുറത്തിറക്കി

കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് പ്രകടനപത്രിക പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗും യുപിഎ അദ്ധ്യക്ഷ ശ്രീമതി സോണിയ ഗാന്ധിയും ചേര്ന്നു ഡല്‍ഹിയില്‍ പുറത്തിറക്കി.യുപിഎ യുടെ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിംഗ് തന്നെയായിരിക്കുമെന്ന് സോണിയ ഗാന്ധി വ്യക്തമാക്കി.കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ വന്നാല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ പ്രകടന പത്രികയില്‍ അക്കമിട്ടു നിരത്തിയിട്ടുണ്ട്.വാഗ്ദാനങ്ങള്‍ ചുവടെ കൊടുക്കുന്നു.
1.ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 3 രൂപ നിരക്കില്‍ പ്രതിമാസം 25 കിലോ അരിയോ ഗോതമ്പോ നല്കും.2.ഭവന രഹിതര്‍ക്കും കുടിയേറ്റക്കാര്‍ക്കും പ്രധാന നഗരങ്ങളില്‍ സാമ്പത്തിക ആനുകൂല്യങ്ങളോടെ പൊതു അടുക്കളകള്‍ സ്ഥാപിക്കും.3.ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ പുനരുജ്ജീവിപ്പിക്കുകയും വളര്‍ച്ചാനിരക്ക് യുപിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ആദ്യ നാല് വര്‍ഷമുണ്ടായിരുന്ന നിരക്കിലേക്ക് കൊണ്ടുവരുകയും ചെയ്യും.4.എല്ലാ പൌരന്മാര്‍ക്കും സുരക്ഷ ഉറപ്പാക്കുകയും,ഭക്ഷൃ സുരക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടുവരികയും ചെയ്യും5 .കൃഷി ലാഭകരമായ തൊഴിലാക്കും.ചെറുകിട കര്‍ഷകര്‍ക്ക് കുറഞ്ഞ പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.വായ്പ മുടക്കം കൂടാതെ തിരിച്ചടയ്ക്കുന്നവര്‍ക്ക് പലിശയില്‍ ഇളവ് നല്കും.6 .അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് ആവിശ്യാനുസരണം വായ്പകള്‍ ലഭ്യമാക്കും.ആദിവാസികള്‍ക്ക് എല്ലാതലങ്ങളിലും വിട്യാഭ്യാസം സൗജന്യമാക്കും.7.സ്ത്രീകള്‍ക്ക് ലോകസഭയിലും നിയമ സഭകളിലും 33 % സവരണം ഏര്‍പ്പെടുത്തുന്നതിന് പതിനഞ്ചാം ലോകസഭയില്‍ തന്നെ നിയമം കൊണ്ടുവരും.കേന്ദ്രസര്‍ക്കാര്‍ നിയമനങ്ങളില്‍ മൂന്നിലൊന്നു സ്ത്രീകള്‍ക്ക് നീക്കിവയ്ക്കും.പെണ്‍കുട്ടികള്‍ക്ക് പ്രത്യേകം സാമ്പത്തിക സഹായം നടപ്പിലാക്കും.

2009, മാർച്ച് 23, തിങ്കളാഴ്‌ച

കോണ്ഗ്രസ്സിന്‍റെ ഒറ്റപ്പെടല്‍ പൂര്‍ണ്ണതയിലേക്ക്

തെരഞ്ഞെടുപ്പ് തിയ്യതി അടുത്തുവരുമ്പോള്‍ ദേശീയതലത്തില്‍ യുപിഎ ഘടക കക്ഷികളില്‍ നിന്നും കോണ്ഗ്രസ് കൂടുതല്‍ ഒറ്റപ്പെടുന്ന ചിത്രമാണ് സംസ്ഥാനങ്ങളില്‍ തെളിഞ്ഞു വരുന്നത്.തുടക്കത്തില്‍ ഒരു പാര്‍ട്ടിയുമായും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ സഖ്യം ആവശ്യമില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ്സിനു സംസ്ഥാനങ്ങളില്‍ കൂട്ടുകെട്ടിന് ശ്രമം നടത്തേണ്ടിവന്നു.ഏതോ ഒരു വിദേശ ഏജന്‍സി നടത്തിയ സര്‍വ്വേയില്‍ നേരിയമുന്തൂക്കം ലഭിക്കുമെന്ന് കണ്ടതിലുള്ള അമിതമായ ആത്മവിശ്വാസം കോണ്‍ഗ്രസ്സിനെ വഴി തെറ്റിക്കുകയായിരുന്നു.ഏറ്റവും കൂടുതല്‍ എംപി മാരെ ലോക്സഭയിലേക്കു പറഞ്ഞയക്കുന്ന യുപി യില്‍ മുലായം സിംഗ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയുമായി കൂട്ട് കൂടാനുള്ള കോണ്‍ഗ്രസ്സിന്റെ ശ്രമം പൊളിഞ്ഞു. നാല്‍പ്പത് സീറ്റുകളുള്ള ബീഹാറില്‍ സ്ഥിതി കൂടുതല്‍ പരുങ്ങലിലാണ്.യുപിഎ സര്‍ക്കാരില്‍ അംഗങ്ങളായ ലാലുവും പാസ്വാനും ചേര്‍ന്ന്‌ കോണ്‍ഗ്രസ്സിനെ ഒതുക്കുകയായിരുന്നു.വെറും മൂന്നു സീറ്റുമാത്രം അനുവദിച്ചതില്‍ പ്രതിഷേധിച്ച് ലാലുവും പാസ്വാനും മല്‍സരിക്കുന്ന മണ്ഡലങ്ങളിലൊഴികെ മറ്റെല്ലാ സീറ്റുകളിലും സ്വന്തമായി സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്.യുപിഎ യുടെ വേറൊരു ഘടക കക്ഷിയായ ഝാര്‍ക്കണ്ഡിലെ ജെഎംഎം കോണ്‍ഗ്രസ്സുമായി തെറ്റി എല്ലാ സീറ്റുകളിലും മല്‍സരിക്കുമെന്ന് ഷിബു സോറന്‍റെ മകന്‍ ദുര്‍ഗ്ഗ സോറന്‍ പ്രഖ്യാപിച്ചു.മഹാരാഷ്ട്റയില്‍ എന്‍സിപി-കോണ്‍ഗ്രസ് കൂട്ടുകെട്ട് നിലവില്‍ വന്നെന്കിലും മുന്നണിയെ പിന്താങ്ങുന്ന ആര്‍പിഐ ക്ക് ആര് സീറ്റ് നല്കും എന്നതിനെ ചൊല്ലി തര്‍ക്കം തുടരുന്നു.
തമിഴ് നാട്ടില്‍ പി എം കെ (പട്ടാളി മക്കള്‍ കക്ഷി)ഡിഎംകെ മുന്നണി വിട്ടു ജയലളിതയുടെ കൂടെ ചേരാന്‍ ഒരുങ്ങുന്നു.തെരഞ്ഞെടുപ്പ് ദിവസമെത്തുന്പോള്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്നു കാണാം.

2009, മാർച്ച് 21, ശനിയാഴ്‌ച

കെ.ടി അനുസ്മരണ പരിപാടികള്‍ നാളെ തുടങ്ങും


നാടകാചാര്യന്‍ കെ ടി മുഹമ്മദിന്റെ ഒന്നാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് നാല്‌ ദിവസമായി നടത്തപ്പെടുന്ന വിവിധ പരിപാടികള്‍ക്ക് നാളെ
തുടക്കമാവും.കോഴിക്കോടിന്റെ വിവിധ ഭാഗങ്ങളിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.
പരിപാടികളുടെ ഉല്‍ഘാടനം ഞായറാഴ്ച വൈകുന്നേരം 5 മണിക്ക് മാനാഞ്ചിറയിലെ ഓപ്പണ്‍ സ്റ്റേജില്‍ കേരള സാഹിത്യ അക്കാദമി സെക്രട്ടറി പുരുഷന്‍ കടലുണ്ടി നിര്‍വ്വഹിക്കും.തുടര്‍ന്ന് കെ ടി യുടെ ഇതു ഭൂമിയാണ്‌ നാടകത്തിന്റെ എകപാത്ര ആവിഷ്ക്കാരം സ്കൂള്‍ ഓഫ് ഡ്രാമയിലെ വിജേഷ് അവതരിപ്പിക്കും.
തിങ്കളാഴ്ച പുതിയങ്ങാടിയില്‍ നടക്കുന്ന പരിപാടിയില്‍ എ പ്രദീപ് കുമാര്‍ എം എല്‍ എ ,ഇബ്രാഹിം വേങ്ങര,എ കെ അബ്ദുള്ള എന്നിവര്‍ സംബന്ധിക്കും.അന്ന് സൃഷ്ടി നാടകം അരങ്ങേറും.
ചൊവ്വാഴ്ച പകല്‍ 3 മണിക്ക് കെ ടി യുടെ നാടകചിത്രങ്ങളുടെ പ്രദര്‍ശനം ലളിതകല അക്കാദമി ഹാളില്‍ എ കെ രമേഷ് ഉല്‍ഘാടനം ചെയ്യും.വൈകീട്ട് 5 നു കുറ്റിച്ചിറയില്‍ എം എന്‍ കാരശ്ശേരി കെ ടി അനുസ്മരണ പ്രഭാഷണം നടത്തും.തുടര്‍ന്ന് കലിംഗാ തിയേറ്റേഴ്സിന്‍റെ ഇതു ഭൂമിയാണ്‌ നാടകം അവതരിപ്പിക്കും.
ബുധനാഴ്ച പകല്‍ 2 നു ടൌണ്‍ ഹാളില്‍ കെ ടി സഹപ്രവര്‍ത്തകരുടെ ഓര്‍മ്മകളില്‍ എന്ന പരിപാടി പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന പ്രസിഡന്‍റ് യു എ ഖാദര്‍ ഉല്‍ഘാടനം ചെയ്യും.അനുസ്മരണ സമ്മേളനത്തിന്റെ ഉല്‍ഘാടനം കേരള സാഹിത്യഅക്കാദമി പ്രസിഡന്‍റ് എം മുകുന്ദന്‍ നിര്‍വ്വഹിക്കും.പ്രമോദ് പയ്യന്നൂര്‍ സംവിധാനം ചെയ്ത കെ ടി യെ കുറിച്ചുള്ള ഡോക്യുമെന്‍ററി ,കെ ടി യുടെ വെള്ളപ്പൊക്കം നാടകം എന്നിവ അവതരിപ്പിക്കും.

2009, മാർച്ച് 20, വെള്ളിയാഴ്‌ച

കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

കേരളത്തില്‍നിന്നും ലോകസഭയിലേക്ക് മല്‍സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുവിവരം ഹൈക്കമാന്ഡ് പുറത്തിറക്കി.മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും താഴെ-
തിരുവനന്തപുരം-ശശി തരൂര്‍,ആറ്റിങ്ങല്‍-ജി.ബാലചന്ദ്രന്‍,കൊല്ലം-പീതാംബരക്കുരുപ്പ്,ആലപ്പുഴ-കെ.സി.വേണുഗോപാല്‍,മാവേലിക്കര.കൊടിക്കുന്നില്‍ സുരേഷ്,പത്തനംതിട്ട -ആന്‍റോ ആന്‍റണി,ഇടുക്കി-പി.ടി.തോമസ്,എറണാകുളം-കെ.വി.തോമസ്,ചാലക്കുടി-കെ.പി.ധനപാലന്‍,തൃശ്ശൂര്‍-പി.സി.ചാക്കോ,ആലത്തൂര്‍-എന്‍.കെ .സുധീര്‍,പാലക്കാട്-സതീശന്‍ പാച്ചേനി,കോഴിക്കോട്-എം.കെ.രാഘവന്‍,വയനാട്-എം.ഐ.ഷാനവാസ്,കണ്ണൂര്‍-കെ.സുധാകരന്‍,കാസര്‍കോട്-ഷാനിമോള്‍ ഉസ്മാന്‍.
വടകരയിലെ സ്ഥാനാര്‍ഥിയെ പിന്നീട് പ്രഖ്യാപിക്കും.
യുഡിഎഫ് ഘടകകക്ഷികള്‍ക്ക് അനുവദിച്ച സീറ്റുകളില്‍ മലപ്പുറത്ത് മുസ്ലിം ലീഗിലെ ഇ.അഹമ്മദും പൊന്നാനിയില്‍ ഇ.ടി.മുഹമ്മദ് ബഷീറും മല്‍സരിക്കും.കോട്ടയത്ത് കേരള കോണ്‍ഗ്രസ്(എം)ലെ ജോസ് കെ മാണി യായിരിക്കും മല്‍സരിക്കുന്നത്.
കാസര്‍ഗോഡ്‌ മണ്ഡലം സ്ഥാനാര്‍ഥിയായിരുന്ന ഷാനിമോള്‍ ഉസ്മാന്‍ മത്സരിക്കാതിരുന്നതിനാല്‍ പകരം ഷാഹിദാ കമാലിനേയും,വടകരയില്‍ മുല്ലപ്പള്ളി രാമചന്ദ്രനെയും തീരുമാനിച്ചു.

2009, മാർച്ച് 16, തിങ്കളാഴ്‌ച

സിപിഐഎം പ്രകടനപത്രിക പുറത്തിറക്കി

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകനപത്രിക സിപിഐഎം പുറത്തിറക്കി.പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനില്‍ വലിയൊരു മാധ്യമപ്പടയുടെ സാന്നിധ്യത്തില്‍ സിപിഐഎം ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട്,പിബി അംഗങ്ങളായ സീതാറാം യെച്ചൂരി,എംകെ പാന്ഥെ,വൃന്ദ കാരാട്ട്,മുഹമ്മദ് അമീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രകടനപത്രിക പുറത്തിറക്കിയത്.പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ അമേരിക്കയുമായുള്ള തന്ത്രപ്രധാനമായ കരാര്‍ റദ്ദാക്കുമെന്നും,ആണവക്കരാര്‍ പുനഃപരിശോധിക്കുമെന്നും പത്രികയില്‍ പറയുന്നു.പത്രികയില്‍ മുന്നോട്ടു വച്ചിട്ടുള്ള വാഗ്ദാനങ്ങളില്‍ ചിലത് ചുവടെ കൊടുക്കുന്നു.
പെട്രോളിന്റെയും ഡീസലിന്റെയും വിലകള്‍ കുറക്കും. ഭൂപരിഷ്ക്കരണത്തിന് സമഗ്രമായ നിയമം കൊണ്ടു വരും.മൊത്തം അഭ്യന്തരോല്‍പ്പാദനത്തിന്‍റെ 10%പദ്ധതി വിഹിതമായി നല്കും.ഇപ്പോള്‍ ഇത് 5% മാണ്.
ന്യൂനപക്ഷസംരക്ഷണത്തിന് തുല്യാവകാശ കമ്മീഷനെ നിയമിക്കും.വര്‍ഗീയ കലാപങ്ങല്‍ക്കിരയാവുന്നവര്‍ക്ക് നഷ്ടപരിഹാരം ലഭ്യമാക്കും.വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടാക്കുന്നവരെ കര്‍ശനമായി നേരിടും.പാഠപുസ്തകങ്ങളില്‍ നിന്നും വര്‍ഗ്ഗീയത പ്രോല്‍സാഹിപ്പിക്കുന്ന ഭാഗങ്ങള്‍ നീക്കം ചെയ്യും.കാര്‍ഷിക മേഖലയില്‍ നിക്ഷേപം വര്‍ദ്ധിപ്പിക്കും തൊഴില്‍ ശാലകള്‍ അടച്ചുപൂട്ടുന്നതും തൊഴിലാളികളെ പിരിച്ചു വിടുന്നതും നിര്‍ത്തലാക്കും.വേതനത്തില്‍ കുറവ് വരുത്തുന്നത് അവസാനിപ്പിക്കും.കള്ളപ്പണം കണ്ടെത്തും.അതിസന്ബന്നരുടെ വരുമാന നികുതി വര്‍ദ്ധിപ്പിക്കും.സ്വതന്ത്ര വിദേശനയം നടപ്പിലാക്കും.തീവ്രവാദത്തെ ചെറുക്കാന്‍ ഫലപ്രദമായ നിയമം കൊണ്ടുവരും.
യുപിഎ സര്‍ക്കാര്‍ ധനികരെ കൂടുതല്‍ ധനികരാക്കുന്ന നയമാണ് നടപ്പിലാക്കിയതെന്നും ഇതു ആവര്‍ത്തിക്കാന്‍ പാടില്ലെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.മൂന്നാം മുന്നണി അധികാരത്തില്‍ വരികയാണെന്കില്‍ പാര്‍ട്ടി അതില്‍ ചേരുന്ന കാര്യം ആലോചിക്കുമെന്നും അദ്ദേഹം അറിയിച്ചു.

മൂന്നാംബദല്‍ യാഥാര്‍ഥ്യമായി

വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുവാനും, കേന്ദ്രത്തില്‍ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കുവാനുമുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്ജിതപ്പെടുത്തുവാനും ഒന്‍പതു പാര്‍ട്ടികളുടെ കൂട്ടായ്മയായ മൂന്നാംബദല്‍ ദില്ലിയില്‍ യോഗം ചേര്ന്നു തീരുമാനിച്ചു.സിപിഐഎം,സിപിഐ,ആര്‍എസ് പി,ഫോര്‍വേഡ്ബ്ളോക്ക് എന്നീ ഇടതുപക്ഷ പാര്ട്ടികളുടേയും,ഐഐഎഡിഎംകെ,ജനതാദള്‍(എസ് ),ബിജുജനതാദള്‍,തെലുങ്ക് ദേശം,തെലുന്കാന രാഷ്ട്രസമിതി തുടങ്ങിയ പാര്‍ട്ടികളുടെയും നേതാക്കളാണ് സിപിഐഎം ആസ്ഥാനമായ എകെജി ഭവനില്‍ ചേര്‍ന്ന സംയുക്ത യോഗത്തില്‍ പന്കെടുത്തത്. ലോകസഭാ തെരഞ്ഞെടുപ്പില്‍ യോജിച്ചു മല്‍സരിക്കാനും യോഗം തീരുമാനിച്ചു.തെരഞ്ഞെടുപ്പിനു മുന്പ് ഒരു പാര്‍ട്ടിയുമായും സഖ്യത്തില്‍ ഏര്‍പ്പെടില്ലെന്കിലും കോണ്‍ഗ്രസിനെയും ബിജെപിയെയും പരാജയപ്പെടുത്തുമെന്നും,തെരഞ്ഞെടുപ്പിനു ശേഷം മൂന്നാംബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സഹകരിക്കാമെന്നും ബിഎസ്പി നേതാവ് കുമാരി മായാവതി ഉറപ്പ് നല്കി.മൂന്നാം ബദലുമായി സഹകരിക്കാന്‍ മറ്റു മതേതര പാര്‍ട്ടികളോട് നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

2009, മാർച്ച് 12, വ്യാഴാഴ്‌ച

നബിദിനം നാടെങ്ങും ആഘോഷിച്ചു

പ്രവാചകന്‍ മുഹമ്മദ് നബി (സ.അ)യുടെ ജന്മദിനമായ റബീഉല്‍ അവ്വല്‍ 12, വിശ്വാസികള്‍ ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ ലോകത്തിലെ ഇതര ഭാഗങ്ങളോടൊപ്പം കേരളത്തിലും നബിദിനമായി ആഘോഷിച്ചു.തെക്കന്‍ കേരളത്തില്‍ മാര്‍ച്ച് 9 നും വടക്കന്‍ കേരളത്തില്‍ മാര്‍ച്ച് 10 നുമായിരുന്നു നബിദിനം കൊണ്ടാടിയത്.മുസ്ലിം മതസംഘടനകളുടെ ആഭിമുഖ്യത്തില്‍ മദ്രസകള്‍,മഹല്ലുകള്‍,പള്ളികള്‍ എന്നിവ കേന്ദ്രീകരിച്ച് നബിദിന റാലികള്‍,മൌലൂദ് പാരായണം,പ്രഭാഷണങ്ങള്‍,മറ്റ് സാംസ്കാരിക പരിപാടികള്‍ എന്നിവ സംഘടിപ്പിച്ചിരുന്നു.
ആഘോഷപരിപാടികളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കെടുത്തു.കേന്ദ്ര-സംസ്ഥാന സര്‍ക്കാരാപ്പീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ മുതലായവയ്ക്ക് മിലാദ് ശരീഫ് പ്രമാണിച്ചു അവധി നല്‍കിയിരുന്നു.നൂറ്റാണ്ടുകള്‍ക്കു മുമ്പ്‌ അറേബ്യയിലെ മക്കയില്‍ ഖുറൈഷി ഗോത്രത്തിലെ അബ്ദുല്‍ മുത്തലിബിന്റെ മകനായ അബ്ദുള്ളയുടെയും ആമിനാബീവിയുടെയും മകനായി റബീഉല്‍ അവ്വല്‍ 12 നാണ് പ്രവാചകന്‍ ജനിച്ചത്‌.റസൂല്‍ ഗര്‍ഭസ്ഥശിശുവായിരിക്കുന്പോള്‍ തന്നെ പിതാവായ അബ്ദുള്ള മരണപ്പെട്ടു പോയതിനാല്‍ പിതാമഹനായ അബ്ദുല്മുത്തലിബിന്റെയും അദ്ദേഹത്തിന്റെ മരണശേഷം പിതൃസഹോദരനായ അബൂതാലിബിന്റെയും സംരക്ഷണത്തില്‍ വളര്‍ന്നു വന്ന മുഹമ്മദ് മക്കാനിവാസികളുടെ കണ്ണിലുണ്ണിയായി വളരുകയും, വിശ്വസ്തന്‍ എന്ന അര്‍ഥം വരുന്ന അല്‍- അമീന്‍ എന്ന പേരു സന്ബാദിക്കുകയും ചെയ്തു .യുവാവായിരിക്കെ മക്കയിലെ വര്‍ത്തക പ്രമുഖയായ ഖദീജ ബീവിയുടെ കച്ചവടസംഘത്തില്‍ അംഗമാവുകയും താമിസയാതെ ഖദീജ ബീവിയെ വിവാഹം ചെയ്യുകയുമുണ്ടായി.നാല്‍പ്പതാമത്തെ വയസ്സില്‍ പ്രവാചകപദവി ലഭിയ്ക്കുകയും, ഇസ്ലാം മതത്തിന്റെ വളര്‍ച്ചക്ക്‌ മരണം വരെയും തൌഹീദിന്റെ മാര്‍ഗ്ഗത്തില്‍ ചരിക്കുകയും ചെയ്തത് ചരിത്രത്തിന്റെ ഭാഗമായി മാറുകയായിരുന്നു .

2009, മാർച്ച് 11, ബുധനാഴ്‌ച

സിപിഐ(എം) സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു







കേരളത്തില്‍ നിന്നു ലോകസഭയിലേക്ക് മല്‍സരിക്കുന്ന സിപിഐഎം സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു.പുതുമുഖങ്ങള്‍ക്കു പ്രാമുഖ്യമുള്ള ലീസ്റ്റില്‍ സിറ്റിങ്ങ് എംപിമാര്‍ക്കും സ്ഥാനം നല്‍കിയിട്ടുണ്ട്. പാര്‍ട്ടി മല്‍സരിക്കുന്ന 14 സീറ്റുകളില്‍ ജനതാദളുമായി തര്‍ക്കത്തിലുള്ള കോഴിക്കോട് ഒഴികെ 13 സീറ്റുകളിലേക്കാണ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചുട്ടള്ളത്.കോഴിക്കോട് മണ്ഡലത്തിലേക്ക് ഡി വൈ എഫ് ഐ ജില്ലാപ്രസിഡന്‍റ് മുഹമ്മദ് റിയാസിന്‍റെ പേരാണ് തീരുമാനിച്ചിരിക്കുന്നത്.പ്രഖ്യാപനം പിന്നീടുണ്ടാവും.
സ്ഥാനാര്‍ഥികളുടെ മണ്ഡലവും പേരും ചുവടെ:-
കാസര്‍ഗോഡ്-പി.കരുണാകരന്‍,കണ്ണൂര്‍-കെ.കെ.രാഗേഷ്,വടകര-പി.സതീദേവി,മലപ്പുറം-ടി.കെ.ഹംസ,പാലക്കാട്-എം.ബി.രാജേഷ്,ആലത്തൂര്‍-പി.കെ.ബിജു,ചാലക്കുടി-യു.പി.ജോസഫ്,എറണാകുളം-സിന്ധു ജോയ്,ആലപ്പുഴ-കെ.എസ്.മനോജ്,പത്തനംതിട്ട-കെ.അനന്തഗോപന്‍,കോട്ടയം-കെ.സുരേഷ് കുറുപ്പ്,കൊല്ലം-പി.രാജേന്ദ്രന്‍,ആറ്റിങ്ങല്‍-എ.സന്ബത്ത്.
പൊന്നാനിയില്‍ ഡോ.ഹുസ്സൈന്‍ രണ്ടത്താണി എല്‍ ഡി എഫ് സ്വതന്ത്രനായും, കോഴിക്കോട് അഡ്വ.മുഹമ്മദ് റിയാസ് സിപിഐഎം സ്ഥാനാര്‍ഥിയായും മല്‍സരിക്കും.
സിപി ഐ മല്‍സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളും
തിരുവനന്തപുരം-പി.രാമചന്ദ്രന്‍ നായര്‍,മാവേലിക്കര-ആര്‍.എസ്.അനില്‍,തൃശ്ശൂര്‍-സി.എന്‍.ജയദേവന്‍,വയനാട്-അഡ്വ.എം.റഹമത്തുള്ള.
കേരള കോണ്‍ഗ്രസ്സിനു നല്കിയ ഇടുക്കി സീറ്റില്‍ കെ.ഫ്രാന്‍സിസ് ജോര്‍ജ് മല്‍സരിക്കും.
ഇതോടെ എല്‍ഡിഎഫ് മല്‍സരിക്കുന്ന 20 സീറ്റിലേക്കും സ്ഥാനാര്‍ഥികളായി.

























































































































2009, മാർച്ച് 9, തിങ്കളാഴ്‌ച

ബിജെപി കൂടുതല്‍ ഒറ്റപ്പെടുന്നു

അദ്വാനിയെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തിക്കാട്ടി പൊതു തെരഞ്ഞെടുപ്പ് ജയിച്ചു കയറാനുള്ള ബിജെപിയുടെ സ്വപ്നങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചു കൊണ്ടു എന്‍ഡിഎ ഘടകകക്ഷികള്‍ ഓരോന്നായി മുന്നണി വിടുന്നു.2004 ലെ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയോടൊപ്പം നിന്ന ബംഗാളിലെ മമതാബാനര്‍ജിയുടെ തൃണമൂല്‍ കോണ്ഗ്രസ് ,ആന്ധ്രയിലെ ചന്ദ്രബാബു നായിഡുവിന്റെ ടി ഡി പി ,തമിഴ് നാട്ടിലെ ജയലളിതയുടെ എ ഐ ഡി എം കെ എന്നീ പാര്‍ട്ടികളെല്ലാം നേരത്തെ തന്നെ ബിജെപി യെ കയ്യൊഴിഞ്ഞു.ഏറ്റവുമോടുവില്‍ കഴിഞ്ഞ 11 വര്‍ഷമായി ഒറീസയിലെ നവീന്‍ പട്നായിക്കിന്റെ ബിജു ജനതാദളുമായി നിലവിലുണ്ടായിരുന്ന സഖ്യവും പൊളിഞ്ഞു.ചന്ദ്രബാബു നായിഡുവും ജയലളിതയും പട്നായിക്കും മൂന്നാം ചേരിക്കൊപ്പം നിലയുറപ്പിച്ചപ്പോള്‍ മമതയാവട്ടെ കോണ്‍ഗ്രസുമായി സഖ്യത്തിലേര്‍പ്പെടാനുള്ള തയ്യാറെടുപ്പിലുമാണ്.വരും നാളുകളില്‍ കൂടുതല്‍ രാഷ്ട്രീയനാടകങ്ങള്‍ക്ക് നമുക്ക് സാക്ഷികളാവാം.

2009, മാർച്ച് 6, വെള്ളിയാഴ്‌ച

ഒരുക്കങ്ങള്‍ തുടങ്ങി

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള തിയ്യതി തീരുമാനിച്ചതോടെ കേരളത്തിലെ വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ തെയ്യാറെടുപ്പ് തുടങ്ങി.ഏപ്രില്‍ 16 നാണ് കേരളത്തില്‍ വോട്ടെടുപ്പ്.തെരഞ്ഞെടുപ്പ് പോരാട്ടത്തിലെ പ്രധാന എതിരാളികളായ എല്‍ ഡി എഫും യു ഡി എഫും തെരഞ്ഞടുപ്പ് തന്ത്രങ്ങള്‍ക്ക് രൂപം നല്കി തുടങ്ങി.യു ഡി എഫ് സീറ്റ് വിഭജനം നേരത്തെ പൂര്‍ത്തിയാക്കി സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലേക്ക് കടന്നു കഴിഞ്ഞു . എന്നാല്‍ എല്‍ ഡി എഫിലാകട്ടെ പൊന്നാനി,കോഴിക്കോട് സീറ്റുകളെ ചൊല്ലി ചര്‍ച്ചകള്‍ വഴി മുട്ടി. കോണ്ഗ്രസ് മല്‍സരിക്കുന്ന 17 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ സാധ്യതാലിസ്റ്റ് തയ്യാറാക്കുന്നതിന് കെപിസിസി ഉപസമിതിയെ ചുമതലപ്പെടുത്തി.മലപ്പുറം,പൊന്നാനി സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്തികളെ മുസ്ലിം ലീഗ് ഇന്നു പ്രഖ്യാപിക്കും.കോട്ടയത്ത്‌ ജോസ് കെ മാണി മത്സരിക്കാനാണ് സാധ്യത. വടകരയില്‍ പൊതുസ്ഥാനാര്‍ഥിയെ നിര്‍ത്തുന്നതുമായി ബന്ധപ്പെട്ട് യുഡിഎഫിലും അപസ്വരങ്ങള്‍ ഉയര്‍ന്നിരുന്നു.കൂടാതെ സ്ഥാനാര്‍ഥി മോഹികളുടെ ബാഹുല്യം കോണ്ഗ്രസ് നേതൃത്വത്തെ വിഷമിപ്പിക്കുന്നു.എന്നാല്‍ സീറ്റ് വിഭജനം എളുപ്പത്തില്‍ നടത്താറുള്ള എല്‍ഡിഎഫ് ഇത്തവണ പൊന്നാനി സീറ്റിനെ ചൊല്ലി എങ്ങുമെത്താതെ നില്ക്കുന്നു.വിജയ സാധ്യത മുന്‍നിര്‍ത്തി പൊന്നാനിയില്‍ പൊതുസമ്മതനെ നിര്‍ത്താന്‍ ധാരണയായെന്‍കിലും സിപീഐ യുടെ പിടിവാശി കാരണം സി പി എം-സി പി ഐ തര്‍ക്കത്തിന് വഴി മരുന്നിട്ടിരിക്കുന്നു. കോഴിക്കോട് സീറ്റിനെചൊല്ലി ജനതാദളും സി പി എമ്മും തമ്മില്‍ തര്ക്കം നിലവിലുണ്ട്.തെരഞ്ഞെട്‌ുപ്പ് യോഗങ്ങളുടെ ദിവസങ്ങള്‍ തീരുമാനിച്ചെന്കിലും മുന്നണിയിലെ തര്‍ക്കങ്ങള്‍ എല്‍ ഡി എഫിലെ പ്രവര്‍ത്തനങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.ബിജെപി യാവട്ടെ സ്ഥാനാര്‍ഥി പട്ടിക പൂര്‍ണ്ണമാക്കിയിട്ടില്ലെന്‍കിലും സ്ഥാനാര്‍ഥി നിര്‍ണ്ണയം നടന്ന മണ്ഡലങ്ങളില്‍ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു .

2009, മാർച്ച് 2, തിങ്കളാഴ്‌ച

കോഴിക്കോട്ട് കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന് തറക്കല്ലിട്ടു

കോഴിക്കോട്ട് മാവൂര്‍ റോഡില്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റേഷന്‍ കം ഷോപ്പിങ്ങ് കോംപ്ളക്സിന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ തറക്കല്ലിട്ടു.ഇപ്പോഴത്തെ ബസ് സ്റ്റാന്‍ഡ് പൂര്‍ണ്ണമായും പൊളിച്ചു മാറ്റി 52 കോടി രൂപ ചെലവില്‍ പത്തു നില ഇരട്ട ടവറിന്റെ നിമ്മാണം ബി ഓ ടി അടിസ്ഥാനത്തില്‍ ഒന്നര വര്ഷം കൊണ്ടു പൂര്‍ത്തിയാകും.ബസ് സ്റ്റാന്‍ഡ്,ഷോപ്പിങ്ങ് കോംപ്ലക്സ്,ഹോട്ടലുകള്‍,താമസ സോകര്യം എന്നിവ ഈ കെട്ടിട സമുച്ചയത്തില്‍ ഉണ്ടാവും.നാല് ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 110 ഷോപ്പുകളും 58 സ്റ്റാളുകളും വലിയ മാര്‍ക്കറ്റുകളും ഇതിന്റെ ഭാഗമാണ്.പൊതുമേഖലാ സ്ഥാപനമായ കെ ടി ഡി എഫ് സി യ്ക്കാണ് നിര്‍മ്മാണചുമതല.ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി മാത്യു ടി തോമാസ് അദ്ധ്യക്ഷനായി.മേയര്‍ എം ഭാസ്കരന്‍,എം പി വീരേന്ദ്രകുമാര്‍ എം പി,എം എല്‍ എ മാര്‍,ജനപ്രതിനിധികള്‍,രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍,വ്യാപാര പ്രമുഖര്‍ മുതലായവര്‍ സംസാരിച്ചു.പ്രശസ്ത ആര്‍ടിടെക്ട് ആര്‍ കെ രമേഷ്,കെ എസ് ആര്‍ ടി സി എം ഡി സെന്‍ കുമാര്‍,കെ ടി ഡിഎഫ് സി എം ഡി ഡോ.ജേക്കബ് തോമാസ് എന്നിവരും സംസാരിച്ചു.എ പ്രദീപ് കുമാര്‍ എം എല്‍ എ സ്വാഗതവും എസ് ആര്‍ ജെ നവകുമാര്‍ നന്ദിയും പറഞ്ഞു.ബസ് സ്റ്റാന്‍ഡ് രണ്ടാഴ്ചക്കുള്ളില്‍ ദേശീയ പാതയില്‍ പാവങ്ങാട്ടുള്ള പ്രീമോ പൈപ്പ് ഫാക്ടറി വളപ്പിലേക്ക് മാറ്റും.50 ബസ്സുകളാണ് ഇവിടേയ്ക്ക് മാറ്റുന്നത്‌.ബാക്കി വടകര,താമരശ്ശേരി ഡിപ്പോകളിലായിരിക്കും നിര്‍ത്തുക. മാവൂര്‍ റോഡില്‍ കെ എസ് ആര്‍ ടി സി ബസ്സില്‍ കയറാനുള്ള സൌകര്യം ഒരുക്കും.