2009, ജനുവരി 25, ഞായറാഴ്‌ച

ദുബായില്‍ ഡി സി ബുക്സ് ഷോറൂം തുറന്നു

വിദേശത്ത് ഷോറൂം തുറക്കുന്ന ഇന്ത്യയിലെ ആദ്യത്തെ പുസ്തക പ്രസാധകരെന്ന ബഹുമതി സ്വന്തമാക്കി ഡി സി ബുക്സിന്റെ ഷോറൂം ദുബായിലെ കരാമയില്‍ തുടങ്ങി.മണലാരണ്യത്തിന്‍റെ നാട്ടിലും മാലയാളിക്ക് പ്രിയപ്പെട്ട പ്രസാധകരുടെ പുസ്തകങ്ങള്‍ ഇനി കൈയ്യെത്തുംദൂരത്ത്‌ ലഭിക്കും.നിരവധി മാധ്യമ പ്രവര്‍ത്തകര്‍,അക്ഷരസ്നേഹികള്‍,അഭ്യുദയകാംക്ഷികള്‍ മുതലായവരെ സാക്ഷി നിര്‍ത്തി പ്രശസ്ത സാഹിത്യകാരന്‍ എം.മുകുന്ദന്‍ ഷോറൂം ഉല്‍ഘാടനം ചെയ്തു.രവി ഡി സി യും സന്നിഹിതനായിരുന്നു.കരാമയിലെ ഡേ ടു ഡേ സെന്ററിനു പിന്‍ വശമുള്ള ഷെയ്ഖ് മുഹമ്മദ് ബിന്‍ ഹ്യുമാനിറ്റേറിയന്‍ ചാരിറ്റി ഫണ്ട് ബില്‍ഡിങ്ങില്‍ ഷോപ്പ് നമ്പര്‍ 14 ലാണ് ഷോറൂം ആരംഭിച്ചിരിക്കുന്നത്.മലയാളം-ഇംഗ്ലീഷ് ഭാഷകളിലെ ഏറ്റവും പുതിയവ ഉള്‍പ്പെടെ വിപുലമായ ഒരു പുസ്തകശേഖരമാണ് ഷോറൂമില്‍ ഒരുക്കിയിരിക്കുന്നത്.ബന്ധപ്പെടാനുള്ള നമ്പറുകള്‍-04-3979467, 0501669547,0558918292,04-3979468.

2009, ജനുവരി 5, തിങ്കളാഴ്‌ച

സ്കൂള്‍കലോല്‍സവം-സ്വര്‍ണ്ണക്കപ്പ് കോഴിക്കോട്ടേക്ക്

മല്‍സര വേദികളുണര്‍ന്നത് മുതല്‍ പോയിന്റ് നിലയില്‍ ആധിപത്യം പുലര്‍ത്തിപ്പോന്ന കോഴിക്കോട് ജില്ല,പതിനേഴരപ്പവന്‍റെ സ്വര്‍ണക്കപ്പ് വീണ്ടും നേടുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുന്നു.കലോല്‍സവം അവസാനിക്കാന്‍ ഏതാനും മണിക്കൂറുകളും ഒന്പതിനങ്ങളും ബാക്കി നില്‍ക്കെ കോഴിക്കോട് ജില്ല മൊത്തം 712 പോയിന്റുമായി വിജയത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്നു.ഹൈസ്കൂള്‍ വിഭാഗത്തില്‍ 332 ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 380 ഉം പോയിന്‍റുകളുമാണ് ജില്ല സ്വന്തമാക്കിയിരിക്കുന്നത്.682 പോയിന്റുമായി തൃശ്ശൂരും 663 പോയിന്റുമായി കണ്ണൂരും രണ്ടും മൂന്നും സ്ഥാനങ്ങളില്‍ നിലയുറപ്പിച്ചിട്ടുണ്ട്.ഹൈസ്കൂള്‍ വിഭാഗത്തില്‍ 71 പോയിന്റ് നേടി കണ്ണൂര്‍ സെന്റ് തെരേസസ് ഒന്നാം സ്ഥാനത്തും, 57 പോയിന്റുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ് എസ് രണ്ടാം സ്ഥാനത്തുമാണ്.ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ കുമാരമംഗലം എംകെഎന്‍എംഎച്ച്എസ്എസ് 91 പൊയിന്‍റുമായി ഒന്നാം സ്ഥാനത്തും,77 പോയിന്‍റുമായി കാഞ്ഞങ്ങാട് ദുര്‍ഗ്ഗ എച്ച്എസ്എസ് രണ്ടാം സ്ഥാനത്തുമാണ്.സംസ്കൃതോല്‍സവത്തില്‍ 89 പോയിന്‍റ് നേടി തൃശ്ശൂരും,അറബിക് കലോല്‍സവത്തില്‍ 90 പോയിന്‍റ് നേടി മലപ്പുറവും കിരീടം ചൂടി.അടുത്ത വര്ഷത്തെ സ്കൂള്‍ കലോല്‍സവം 2010 ജനുവരി 4 മുതല്‍ 10 വരെ കോഴിക്കോട്ട് നടത്താന്‍ തീരുമാനമായി.

2009, ജനുവരി 3, ശനിയാഴ്‌ച

കിളിനോച്ചി കീഴടക്കി

തമിഴ് പുലികള്‍ക്ക് കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് എല്‍ടിടിഇ ഭരണസിരാകേന്ദ്രം ശ്രീലങ്കന്‍ സൈന്യം പിടിച്ചടക്കി.കാല്‍നൂറ്റാണ്ട് കാലത്തെ പോരാട്ടത്തിനിടെ ജാഫ്നയുടെ പതനത്തിന് ശേഷം പുലികള്‍ക്കേറ്റ വലിയ പരാജയമാണിത്.പ്രഭാകരനടക്കമുള്ള പുലി നേതാക്കള്‍ എവിടെയാണെന്നറിയില്ല.ഇപ്പോഴും എല്‍ ടി ടി ഇ നിയന്ത്രണത്തിലുള്ള മുല്ലത്തീവിനടുത്തുള്ള ഏതെങ്കിലും പ്രദേശങ്ങളിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്ന് സൈന്യം കരുതുന്നു.കൊളൊംബോവിന് 330 കിലോമീറ്റര്‍ അകലെയുള്ള കിളിനോച്ചി കേന്ദ്രീകരിച്ചായിരുന്നു ഇതുവരെ പുലികള്‍ സമാന്തര സര്‍ക്കാരിനെ നിയന്തിച്ചിരുന്നത്‌.മാസങ്ങള്‍ നീണ്ടു നിന്ന സൈനിക നീക്കത്തിനൊടുവില്‍,വെള്ളിയാഴ്ച്ച മൂന്നു ഭാഗത്ത് കൂടിയുള്ള ആക്രമണത്തിലൂടെ ശ്രീലങ്കന്‍ സേന കിളിനോച്ചിയിലേക്ക് ഇരച്ചു കയറുകയായിരുന്നു.റയില്‍വേസ്റ്റേഷന്‍ അടക്കമുള്ള കിളിനോച്ചിയിലെ പ്രധാന കേന്ദ്രങ്ങളെല്ലാം ശ്രീലങ്കന്‍ സൈന്യത്തിന്‍റെ നിയന്ത്രണത്തിലാണ്.എല്‍ടിടിഇ കമാന്ഡര്‍ ഇളംപെരിയനും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.അതിനിടെ കൊളൊംബോയിലെ വ്യോമസേനാ ആസ്ഥാനതിനടുത്തു നടന്ന ചാവേറാക്റമണത്തില്‍ 2 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.കിളിനോച്ചി കീഴടക്കിയാലും ഗറില്ലാ യുദ്ധം തുടരുമെന്ന് പുലികള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.