2014, ജൂൺ 9, തിങ്കളാഴ്‌ച

ലോകകപ്പ്‌ ഫുട്ബോൾ-2014 ബ്രസീൽ ഒരുങ്ങി,കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം,ആദ്യ റൌണ്ടിൽ 32 ടീമുകൾ 12 വേദികളിൽ മാറ്റുരക്കുന്നു...

ബ്രസീലിൽ ലോകകപ്പ്‌ ഫുട്ബോളിന്റെ കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ ആദ്യ റൌണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ 12 വേദികളിൽ ഏറ്റുമുട്ടും.ഉൽഘാടന മത്സരം സാവോ പോളോയിൽ ജൂണ്‍ 13 ന്  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ്.ഫൈനൽ മത്സരം 2014 ജൂലായ്‌ 14 ന് പുലർച്ചെ 12.30 ന് നടക്കും.പ്രാഥമിക റൌണ്ടിൽ മത്സരിക്കുന്ന ഗൂപ്പുകൾ ഇവയാണ്.
എ.ബ്രസീൽ,ക്രൊയേഷ്യ,മെക്സിക്കോ,കാമറൂണ്‍.ബി.സ്പെയിൻ,ഹോള ണ്ട്,ചിലി,ഓസ്ട്രേലിയ.സി.കൊളംബിയ,ഗ്രീസ്,ഐവറി കോസ്റ്റ്,ജപ്പാൻ.ഡി.ഉറുഗ്വേ,കോസ്റ്റാറിക്ക,ഇംഗ്ലണ്ട്,ഇറ്റലി.ഇ.സ്വിറ്റ്സർ ലാന്ഡ്,ഇക്വഡോർ,ഫ്രാൻസ്,ഹോണ്ടൂറാസ്.എഫ്.അർജന്റീന,ബോസ്നിയ,ഇറാൻ,നൈജീരിയ.ജി.ജർമ്മനി,പോർച്ചുഗൽ,ഘാന,അമേരിക്ക.എച്ച്.ബെൽജിയം,അൾജീരിയ,റഷ്യ,ദക്ഷിണ കൊറിയ. കളിക്കാരേയും കാണികളേയും വരവേൽക്കാൻ ഫുട് ബോളിന്റെ സ്വന്തം നാടായ ബ്രസീൽ ഉത്സാഹപൂർവ്വം ഒരുങ്ങിക്കഴിഞ്ഞു.സാവോ പോളോയിൽ നിന്നുള്ള ആദ്യത്തെ വിസിൽ കേൾക്കാൻ ലോകമെമ്പാടുമുള്ള സോക്കർ പ്രേമികളും കാതോർക്കുകയായി...

2014, ജൂൺ 8, ഞായറാഴ്‌ച

'സാവോ പോളോയി'ൽ സാംബതാളം മുറുകുമ്പോൾ,മറക്കാനാവുമോ 'മാറക്കാന'യിലെ മുറിവുകൾ..?

ബ്രസീൽ സോക്കർ ലഹരിയിൽ അമർന്നു കഴിഞ്ഞു...അല്ലെങ്കിലും ബ്രസീലുകാർക്ക് കാൽപന്തുകളിയിൽ നിന്നും വേറിട്ടൊരു ജീവിതമില്ലല്ലൊ...നീണ്ട അറുപത്തിനാല് വർഷങ്ങൾക്ക് ശേഷം ലോക ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കി കാത്തിരിക്കുമ്പോൾ,1950 ൽ
'മാറക്കാന'യിൽ ഉറുഗ്വയോട് അടിയറവ് പറഞ്ഞ് ലോകകപ്പ്‌ കൈവിട്ടു പോയതിന്റെ മുറിവുണങ്ങാതെ കളിക്കളത്തിലിറങ്ങാൻ ജേഴ്സിയണിയുകയാണ് ബ്രസീലിന്റെ ചുണക്കുട്ടികൾ.സ്വന്തം തട്ടകത്തിൽ വെച്ചുണ്ടായ തോൽവിക്ക് ശേഷം അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടിട്ടും,ഇന്നേവരെ എല്ലാ ലോകകപ്പ്‌ മത്സരങ്ങളിലേക്കും യോഗ്യത നേടിയ ഏക ടീമായി മാറിയിട്ടും,ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ നാട്ടുകാരായ 10000 ത്തി ലേറെ കളിക്കാർ ബൂട്ടണിഞ്ഞിട്ടും മാറക്കനയിലെ പരാജയത്തിന്റെ ചൂടാറിയിട്ടില്ല..! അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തന്നെ  ഫുട്ബോൾ കളി ബ്രസീലിൽ എത്തിയെങ്കിലും   തദ്ദേശീയർക്ക് അത് വിലക്കപ്പെട്ട കനിയായി തന്നെ തുടർന്നു.വെളുത്ത വർഗ്ഗക്കാരുടെ ഈ വിനോദം ഒന്ന് ആസ്വദിക്കാൻ പോലും കറുപ്പന്മാരെ അന്ന് അനുവദിച്ചില്ല.കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി തെരുവോരങ്ങളിലും ഫവേലകളിലും കളിക്കാനേ അവർക്ക് കഴിഞ്ഞുള്ളു...നാട് നീളെ രൂപപ്പെട്ട ക്ലബ്ബുകളിലും കളിക്കളങ്ങളിലും അവർക്ക് പ്രവേശനമുണ്ടായിരുന്നില്ല...ഫുട്ബോൾ മാന്ത്രികനായ പെലെയ്ക്ക് പോലും വളരെക്കാലത്തെ കാത്തിരിപ്പിന്‌ ശേഷമാണ് ഒരു ക്ലബ്ബിൽ കളിക്കാൻ അവസരമുണ്ടായത്.ക്രമേണ ഈ അവസ്ഥ മാറുകയും സോക്കർ രംഗത്തെ അതികായന്മാരായി ബ്രസീലിയൻ കളിക്കാർ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.പെലെയെ കൂടാതെ ഗരിഞ്ച,റൊണാൾഡിഞ്ഞോ തുടങ്ങിയ അതികായന്മാരെയും ബ്രസീീൽ സോക്കർ ലോകത്തിന്‌ മുമ്പിൽ അവതരിപ്പിച്ചു. വർത്തമാനകാലത്ത് കാൽപന്തുകളി ബ്രസീലുകാർക്ക് അവരുടെ ജീവനും ജീവന്റെ അപ്പവുമാണ്..!ബ്രസീലിൽ ഒരാണ്‍കുഞ്ഞ് പിറന്നാൽ, പിറന്നാൾ സമ്മാനമായി നൽകുന്നത് ഇഷ്ട്ടപ്പെട്ട കളിക്കാരന്റെ നമ്പറിലുള്ള ജേഴ്സി യാണെന്ന് കേട്ടിട്ടുണ്ട്... ജൂണ്‍ 13 ന് ഇന്ത്യൻ സമയം പുലർച്ചേ 1.30 ന് സാവോപോളോയിലെ കളിക്കളത്തിൽ സാംബാ താളത്തിന്റെ അകമ്പടിയോടെ അരങ്ങേറുന്ന  ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നു,ലോകത്തെമ്പാടുമുള്ള സോക്കർ പ്രേമികൾ...