2013, മാർച്ച് 11, തിങ്കളാഴ്‌ച

എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് കോഴിക്കോട്ട് നാളെ തുടക്കമാവും

കേരള സാഹിത്യ അക്കാദമി,എസ് കെ പൊറ്റെക്കാട്ട് സാംസ്കാരിക കേന്ദ്രത്തിന്റെ സഹകരണത്തോടെ  കോഴിക്കോട്ട് സംഘടിപ്പിക്കുന്ന എസ് കെ പൊറ്റെക്കാട്ട് ജന്മശതാബ്ദി ആഘോഷങ്ങള്‍ക്ക് ടാഗോര്‍  ഹാളില്‍ നാളെ തുടക്കമാവും.കഥയുടെ രാജശില്‍പിയും  കോഴിക്കോടിന്റെ ഹൃദയം തൊട്ടറിഞ്ഞ കഥാകാരനുമായ വിശ്വസാഹിത്യകാരന്‍ എസ് കെ പൊറ്റെക്കാട്ടിനെ
അനുസ്മരിക്കുന്ന  വിവിധ പരിപാടികള്‍ 12,13,14 തിയ്യതികളില്‍ നടക്കുന്നു. നാളെ പകല്‍ 11 മണിക്ക് എം ടി വാസുദേവന്‍ നായര്‍ ആഘോഷപരിപാടികള്‍ ഉദ്ഘാടനം
ചെയ്യുന്നതാണ്.   തുടര്‍ന്ന് സാംസ്കാരിക പ്രദര്‍ശനം മന്ത്രി എം കെ മുനീറും, 'പൊറ്റെക്കാട്ടും സഞ്ചാരസാഹിത്യവും' എന്ന സെമിനാര്‍ എം പി അബ്ദുസ്സമദ് സമദാനി എം എല്‍ എ യും  ഉദ്ഘാടനം ചെയ്യും. വൈകീട്ട് വി ടി മുരളിയും
സംഘവും 'ചന്ദ്രബിംബം നെഞ്ചിലേറ്റും'എന്ന സംഗീത പരിപാടി അവതരിപ്പിക്കും.13 ന് രാവിലെ 9 മണിക്ക് പൊറ്റെക്കാട്ടിന്റെ വസതിയായിരുന്ന
'ചന്ദ്രകാന്തം' സന്ദര്‍ശിച്ച് കാവ്യാഞ്ജലി അര്‍പ്പിക്കുന്നതാണ്.പകല്‍ 11 ന് 'ഓര്‍മ്മയിലെ പൊറ്റെക്കാട്ട്'
എന്ന അനുസ്മരണ സമ്മേളനവും,രണ്ടരയ്ക്ക് പ്രതിഭാസംഗമവും,അഞ്ചരയ്ക്ക് കവിയരങ്ങും ഉണ്ടായിരിക്കും.
തുടര്‍ന്ന് പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി ഗസലുകള്‍ അവതരിപ്പിക്കും.14 ന് രാവിലെ 10 ന്
'പൊറ്റെക്കാട്ടിന്റെ സര്‍ഗജീവിതത്തിലൂടെ എന്ന സെമിനാര്‍ ഡോ. പുനത്തില്‍ കുഞ്ഞബ്ദുള്ള
ഉദ്ഘാടനം ചെയ്യും. വൈകീട്ട് അഞ്ചരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം സാംസ്കാരിക വകുപ്പ്
മന്ത്രി കെ സി ജോസഫ് ഉദ്ഘാടനം ചെയ്യുന്നതാണ്.പരിപാടികളെ സംബന്ധിച്ച്  കേരള  സാഹിത്യ അക്കദമി
വൈസ് പ്രസിഡന്റ്  അക്ബര്‍ കക്കട്ടിലും, കോഴിക്കോട്  ജില്ലാ കളക്ടര്‍ കെ വി മോഹന്‍ കുമാറും വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചു.  

2013, മാർച്ച് 2, ശനിയാഴ്‌ച

സിഐടിയു അഖിലേന്ത്യാ സമ്മേളനം ഏപ്രില്‍ 4 മുതല്‍ 8 വരെ കണ്ണൂരില്‍...

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കേരളാഘടകം പിറന്നു വീണ പിണറായി ഗ്രാമം സ്ഥിതിചെയ്യുന്ന ജില്ല,കയ്യൂര്‍ സഖാക്കള്‍ നെഞ്ചില്‍ നിന്നും ചുടുചോര വാര്‍ന്നു നല്‍കി ചുവപ്പിച്ച മണ്ണ്,പാവങ്ങളുടെ പടത്തലവന്‍ എകെജി യും,  മലയാളിമനസ്സുകളില്‍ ഇന്നും ജീവിക്കുന്ന ജനനായകന്‍ ഇ കെ നായനാരും തങ്ങളുടെ കര്‍മ്മരംഗമായി ആദ്യം  തെരഞ്ഞെടുത്ത പ്രദേശം ,തെയ്യവും തിറയും ചരിത്രം കുറിച്ച കോലത്തുനാട്- കണ്ണൂര്‍. ആ ഇതിഹാസഭൂമിയിതാ  ഇന്ത്യന്‍ തൊഴിലാളിവര്‍ഗ്ഗം നെഞ്ചേറ്റിയ സിഐടിയു വിന്റെ പതിനാലാം അഖിലേന്ത്യാ സമ്മേളനത്തിനു വേദിയാകുന്നു. 2013 ഏപ്രില്‍ 4 മുതല്‍ 8 വരെ തിയ്യതികളില്‍ നടക്കാനിരിക്കുന്ന മഹാസമ്മേളനത്തിന്റെ കേളികൊട്ട് എങ്ങും മുഴങ്ങി തുടങ്ങി..... സമ്മേളനവും  അനുബന്ധ പരിപാടികളും വന്‍ വിജയമാക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സംഘാടകസമിതിയും പാര്‍ട്ടിപ്രവര്‍ത്തകരും. സ്വാഗതസംഘം ആപ്പീസ്  സ്വാഗതസംഘം ചെയര്‍മാന്‍ കൂടിയായ സിപിഐഎം പി ബി അംഗം കോടിയേരി ബാലകൃഷ്ണനും,സമ്മേളന വെബ്സൈറ്റ് പാര്‍ട്ടി കേന്ദ്രകമ്മറ്റി മെമ്പര്‍ ഇ പി ജയരാജനും ഉദ്ഘാടനം ചെയ്തു. www.cituconference.org എന്നതാണ് വെബ്സൈറ്റ് മേല്‍വിലാസം. സമ്മേളനം സംബന്ധിച്ച വിശദവിരങ്ങള്‍ വെബ്സൈറ്റില്‍  നിന്നും ലഭ്യമാണ്.