2011, ജനുവരി 23, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് വീണ്ടും കിരീടം ചൂടി

കോട്ടയത്ത് സമാപിച്ച സ്കൂള്‍ കലോത്സവത്തില്‍ കോഴിക്കോട് തുടര്‍ച്ചയായി അഞ്ചാം തവണയും കലാകിരീടം ചൂടി.ആകെ 819 പോയിന്റുകള്‍ നേടിയാണ്‌ കോഴിക്കോട് പന്ത്രണ്ടാം പ്രാവശ്യം നൂറ്റിപ്പതിനേഴര പവന്റെ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിടുന്നത്.776 പോയിന്റുമായി തൃശൂര്‍ രണ്ടാം സ്ഥാനത്തും 767 പോയിന്റുമായി കണ്ണൂര്‍ മൂന്നാം സ്ഥാനത്തും നിലയുറപ്പിച്ചു.പോലീസ് പരേഡ് ഗ്രൌണ്ടിലെ പ്രധാന വേദിയായ പൊന്‍കുന്നം വര്‍ക്കി നഗറില്‍ തടിച്ചു കൂടിയ വന്‍ ജനാവലിയെ സാക്ഷി നിര്‍ത്തി ഗാനഗന്ധര്‍വന്‍ പദ്മഭൂഷന്‍ ഡോ.കെ ജെ യേശുദാസ് സ്വര്‍ണ്ണക്കപ്പ് കോഴിക്കോട്ടെ ചുണക്കുട്ടികള്‍ക്ക് സമ്മാനിച്ചു.സമാപന സമ്മേളനം മുഖ്യമന്ത്രി വി എസ് അച്ചുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.വിദ്യാഭ്യാസ മന്ത്രി എം എ ബേബി അദ്ധ്യക്ഷത വഹിച്ച സമാപന ചടങ്ങില്‍ വി എന്‍ വാസവന്‍ എം എല്‍ എ സ്വാഗതം ആശംസിച്ചു.നേരത്തെ നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച വര്‍ണ്ണാഭമായ സാംസ്കാരിക ഘോഷയാത്ര നഗരം ചുറ്റി പോലീസ് പരേഡ് ഗ്രൗണ്ടില്‍ സമാപിച്ചു.ഘോഷയാത്ര വീക്ഷിക്കുന്നതിനു പതിനായിരങ്ങള്‍ പാതയോരങ്ങളില്‍ കാത്തു നിന്നിരുന്നു.അക്ഷര നഗരിയിലെ ആറ് ദിനരാത്രങ്ങള്‍ കൌമാര കലയുടെ ചിലമ്പൊലി നാദത്താല്‍ മുഖരിതമാക്കിയ കലാമാമാങ്കത്തിന് അങ്ങിനെ തിരശ്ശീല വീണു.അടുത്ത വര്‍ഷം കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരില്‍ വീണ്ടും കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ കലാപ്രിതഭകള്‍ കോട്ടയത്ത് നിന്നും വിടവാങ്ങി.

2011, ജനുവരി 18, ചൊവ്വാഴ്ച

സ്കൂള്‍ കലോത്സവത്തിന് പ്രൌഢോജ്വലമായ തുടക്കം


' അക്ഷര നഗരിയിലുത്സവമായ്......'അന്പത്തിയൊന്നു നര്‍ത്തകിമാരുടെ ചുവടുകള്‍ക്കൊപ്പം, പൊന്‍കുന്നം വര്‍ക്കി നഗറിലെ പ്രധാന വേദിയില്‍ മുഴങ്ങിക്കേട്ട അഭിവാദന ഗാനത്തിന്റെ അകമ്പടിയോടെ, അന്പത്തിയൊന്നാം സ്കൂള്‍ കലോത്സവത്തിന് കോട്ടയത്ത് പ്രൌഢോജ്വലമായ തുടക്കമായി.ഇനി വരുന്ന ആറു ദിനരാത്രങ്ങള്‍ കൌമാര പ്രതിഭകളുടെ കലാവിരുന്നില്‍ അക്ഷരനഗരി പുളകമണിയും.നേരത്തെ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് പതാക ഉയര്‍ത്തിയതോടെ ചടങ്ങുകള്‍ ആരംഭിച്ചു.ജില്ലയിലെ എം പി മാര്‍,എം എല്‍ എ മാര്‍,മറ്റു ജനപ്രതിനിധികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബി ഭദ്രദീപം കൊളുത്തി കലോത്സവത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ മുഖ്യാതിഥിയായി പങ്കെടുത്തു.വി എന്‍ വാസവന്‍ എം എല്‍ എ അദ്ധ്യക്ഷനായിരുന്ന ഉദ്ഘാടന സമ്മേളനത്തില്‍ പൊതു വിദ്യാഭ്യാസ ഡയരക്ടര്‍ എ പി എം മുഹമ്മദ്‌ ഹനീഷ് സ്വാഗതവും എച്ച് എച്ച് എസ് ഡയരക്ടര്‍ ഡോ.വി എം സുനന്ദകുമാരി നന്ദിയും പറഞ്ഞു.തുടര്‍ന്ന് 17 വേദികളില്‍ കലാമത്സരങ്ങള്‍ അരങ്ങേറി.

2011, ജനുവരി 16, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം ചൊവ്വാഴ്ചത്തേക്ക് മാറ്റി

ശബരിമല പുല്ലുമേട് ദുരന്തത്തെ തുടര്‍ന്ന് തിങ്കളാഴ്ച ആരംഭിക്കാനിരുന്ന അന്പത്തിയൊന്നാമത് കേരള സ്കൂള്‍ കലോസവം 2011 ജനുവരി 18ചൊവ്വാഴ്ച മുതല്‍ 23 ഞായറാഴ്ച വരെയായി പുനഃക്രമീകരിച്ചു.പുതുക്കിയ സമയക്രമം ചുവടെ കൊടുക്കുന്നു-
രജിസ്ട്രേ്ഷന്‍-17 /01 /2011/ 10 AM
പതാക ഉയര്‍ത്തല്‍ -18/01 /2011 8 AM
ഉത്ഘാടനം -18 /01/2011/ 10 AM
ഘോഷയാത്ര -23/01/2011 2.30 PM
സമാപന സമ്മേളനം -23/01/2011 4 PM
17 ന് നടത്താനിരുന്ന മത്സര ഇനങ്ങള്‍ 18 മുതല്‍ 23 വരെ നടത്തുന്നതാണ്.താമസ സൗകര്യം,ഭക്ഷണം എന്നിവ 17 ന് തിങ്കളാഴ്ച മുതല്‍ ലഭ്യമാണ്.

2011, ജനുവരി 14, വെള്ളിയാഴ്‌ച

സ്കൂള്‍ കലോത്സവത്തിന് തിങ്കളാഴ്ച തിരി തെളിയും

ഏഷ്യയിലെ ഏറ്റവും വലിയ കലാമാമാങ്കമായ കേരള സ്കൂള്‍ കലോത്സവത്തിന് 2011 ജനുവരി 17 ന് തിങ്കളാഴ്ച കോട്ടയത്ത്‌ തിരി തെളിയും.ജനുവരി 17 മുതല്‍ 23 വരെ കോട്ടയത്തുകാര്‍ക്ക് ഉത്സവലഹരിയില്‍ ആറാടാം.മുന്‍പ് 6 തവണ കലോത്സവത്തിന് വേദിയായ കോട്ടയം ഏറ്റവുമൊടുവില്‍ 1996 ലാണ് ആതിഥ്യം വഹിച്ചത്.അന്‍പത്തിയൊന്നാമത് കലോത്സവം ചരിത്ര സംഭവമാക്കാന്‍ അക്ഷരനഗരിയില്‍ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.9000 പ്രതിഭകള്‍ 17 വേദികളിലാണ് മാറ്റുരക്കുന്നത്.പോലീസ് പരേഡ് ഗ്രൌണ്ടാണ് പ്രധാന വേദി.മാമ്മന്‍ മാപ്പിള ഹാള്‍,തിരുനക്കര മൈതാനം,കെ പി എസ് മേനോന്‍ ഹാള്‍,നഗരത്തിലെ വിവിധ സ്കൂളുകള്‍ എന്നിവിടങ്ങളിലാണ് മറ്റു വേദികള്‍ ഒരുക്കിയിരിക്കുന്നത്.നെഹ്‌റു സ്റ്റേഡിയത്തിലാണ് ഭക്ഷണപ്പന്തല്‍.17 ന് രാവിലെ 10 മണിമുതല്‍ റയില്‍വെ സ്റ്റേഷന് സമീപമുള്ള എം ടി സെമിനാരി ഹയര്‍ സെക്കന്ഡറി സ്കൂളിലാണ് രജിസ്ട്രേഷന്‍.കലോത്സവത്തിന്റെ മുന്നോടിയായി നിറപ്പകിട്ടാര്‍ന്ന സാംസ്കാരിക ഘോഷയാത്രയും ഉണ്ടാവും.ഉച്ചയ്ക്ക് 2 മണിക്ക് നാഗമ്പടം ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനത്തില്‍ നിന്നും പുറപ്പെടുന്ന ഘോഷയാത്ര ശാസ്ത്രി റോഡ്‌,വൈഎംസിഎ റോഡ്‌,സെന്‍ട്രല്‍ ജങ്ക്ഷന്‍ എന്നിവ പിന്നിട്ട് കെ കെ റോഡ്‌ വഴി കലക്ട്രറേറ്റ് ജന്കഷനിലെത്തി, പോലീസ് ഗ്രൗണ്ടില്‍ പ്രവേശിക്കും.കലോത്സവത്തിന്റെ ഭാഗ്യചിന്ഹമായ കണ്മണി മയില്‍ ,അന്പത്തിയൊന്നാമത് കലോല്സവത്തെ ഓര്‍മ്മിപ്പിച്ചു കൊണ്ട് 51 വിദ്യാര്‍ത്ഥികളുടെ റോളര്‍ സ്കേറ്റിങ്ങ്, പഞ്ചവാദ്യം എന്നിവയാണ് മുന്‍ നിരയില്‍ നീങ്ങുക.സംഘാടക സമിതി ഭാരവാഹികള്‍,സാംസ്കാരിക നായകര്‍,ജനപ്രതിനിധികള്‍,അധ്യാപകര്‍ എന്നിവര്‍ നയിക്കുന്ന ഘോഷയാത്രയില്‍ 5000 ത്തിലേറെ വിദ്യാര്‍ഥികള്‍ അണിനിരക്കും.നാടന്‍ കലാരൂപങ്ങള്‍,നിരവധി നിശ്ചല ദൃശ്യങ്ങള്‍എന്‍ സി സി,സ്കൌട്ട് എന്നിവ ഘോഷയാത്രയ്ക്ക് മിഴിവേകും.
17 ന് വൈകീട്ട് 4 മണിക്ക് ഉല്‍ഘാടന ചടങ്ങുകള്‍ ആരംഭിക്കും.സ്വാഗതഗാനത്തോടൊപ്പം നൃത്താവിഷ്കാരവും അരങ്ങേറും.വിദ്യാഭ്യാസ-സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയുടെ അദ്ധ്യക്ഷതയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ കലോത്സവത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.പ്രതിപക്ഷ നേതാവ് ഉമ്മന്ചാണ്‍ടി മുഖ്യപ്രഭാഷണം നടത്തും.കഥകളി ആചാര്യന്‍ മാത്തൂര്‍ ഗോവിന്ദന്‍ കുട്ടി ചടങ്ങില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കും.ഉല്‍ഘാടനത്തിനു ശേഷം വേദികളില്‍ മത്സര ഇനങ്ങള്‍ക്ക് തിരശ്ശീല ഉയരും.

2011, ജനുവരി 4, ചൊവ്വാഴ്ച

അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ് സമാപിച്ചു

കേരളത്തിന്റെ സമഗ്ര വികസനത്തിന്‌ പുതിയ ദിശാബോധം നല്‍കി മൂന്നാം അന്താരാഷ്‌ട്ര കേരള പഠനകോണ്‍ഗ്രസ് തിരുവനന്തപുരത്ത് സമാപിച്ചു.വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പടെ വിദഗ്ദര്‍ പങ്കെടുത്ത വിവിധ വിഷയങ്ങളില്‍ നടന്ന സെഷനുകളില്‍ രൂപം കൊണ്ട നിര്‍ദ്ദേശങ്ങള്‍ കേരളത്തിന്റെ പുരോഗതിക്കു മുതല്‍ക്കൂട്ടാവും.എ കെ ജി ഹാളില്‍ നടന്ന സമാപന സമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ മന്ത്രി എം എ ബേബി അധ്യക്ഷനായി.സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ സമാപന പ്രസംഗം നടത്തി.ചര്‍ച്ചകളുടെ ക്രോഡീകരണവും പഠനകോണ്‍ഗ്രസ്സിന്റെ നിര്‍ദ്ദേശങ്ങളും അക്കാദമിക് സമിതി സെക്രട്ടി മന്ത്രി ഡോ.തോമസ്‌ ഐസക് അവതരിപ്പിച്ചു.സി പി ഐ സംസ്ഥാന സെക്രട്ടറി സി കെ ചന്ദ്രപ്പന്‍,സിപിഐ എം സംസ്ഥാന സെക്രട്ടരിയേറ്റ് അംഗം എം വി ഗോവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.സി പി നാരായണന്‍ സ്വാഗതവും പുത്തലത്ത് ദിനേശന്‍ നന്ദിയും പറഞ്ഞു.

2011, ജനുവരി 1, ശനിയാഴ്‌ച

കേരള പഠനകോണ്ഗ്രസ്സിന് തുടക്കമായി

മൂന്നാമത് അന്താരാഷ്‌ട്ര കേരള പഠന കോണ്‍ഗ്രസ്സിന് തിരുവനന്തപുരത്ത് ഗംഭീരമായ തുടക്കം.എ കെ ജി പഠന ഗവേഷണ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള പഠന കോണ്‍ഗ്രസ് ഇന്ന് രാവിലെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ അദ്ധ്യക്ഷതയില്‍ പ്രകാശ് കാരാട്ട് ഉല്‍ഘാടനം ചെയ്തു.ലോകം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ടപ്പോള്‍ കേരളത്തെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്‌ എല്‍ ഡി എഫിന്റെ ബദല്‍ നയങ്ങളാണെന്ന് അദ്ദേഹം തന്റെ ഉല്‍ഘാടനപ്രസംഗത്തില്‍ ഓര്‍മ്മിപ്പിച്ചു.എ കെ ജി ഹാളില്‍ നടന്ന ചടങ്ങില്‍ പഠന കോണ്‍ഗ്രസ് രേഖയുടെ പ്രകാശനം പിണറായി വിജയനും, ഇ എം എസ് കൃതികളുടെ നൂറാം സഞ്ചികയുടെ പ്രകാശനം എസ് രാമചന്ദ്രന്‍ പിള്ളയും,സമീപന രേഖയുടെ അവതരണം ടി എം തോമസ്‌ ഐസക്കും നിര്‍വ്വഹിച്ചു.രാഷ്ട്രീയ-സാംസ്കാരിക നായകന്മാര്‍ ആശംസകള്‍ നേര്‍ന്ന ചടങ്ങില്‍ എം എ ബേബി സ്വാഗതവും കടകംപള്ളി സുരേന്ദ്രന്‍ നന്ദിയും പറഞ്ഞു.കേരള വികസനത്തില്‍ കഴിഞ്ഞ കാല അനുഭവങ്ങള്‍ വിലയിരുത്തി ഭാവിയിലെ വികസന പരിപ്രേക്ഷ്യം രൂപപ്പെടുത്തുന്നതില്‍ ഈ പഠന കോണ്‍ഗ്രസ് ഏറെ സാഹായകമാവും.3000 ത്തിലേറെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പഠന കോണ്‍ഗ്രസ്സില്‍ 9 സിമ്പോസിയങ്ങള്‍, 77 ടെക്നിക്കല്‍ സെഷനുകള്‍ എന്നിവയുണ്ടാവും.വിദേശ രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ദര്‍ പങ്കെടുക്കുന്ന വിവിധ സെഷനുകളില്‍ 600 ലേറെ പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടും.പഠന കോണ്‍ഗ്രസ്സിന്റെ ഭാഗമായി വി ജെ ടി ഹാളില്‍ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.പഠന കോണ്‍ഗ്രസ് ജനവരി 3 ന് സമാപിക്കുന്നതാണ്.