2015, ഫെബ്രുവരി 11, ബുധനാഴ്‌ച

ലോകകപ്പ് ക്രിക്കറ്റ്-ഓവലുകൾ ഒരുങ്ങി,ക്രിക്കറ്റാരാധകർ ആഹ്ലാദത്തിമർപ്പിൽ...




ഇരുപത്തിമൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ലോകകപ്പ് ക്രിക്കറ്റിനെ വരവേൽക്കാൻ ഓസ്ട്രേലിയയിലെയും ന്യൂസീലന്ഡിലെയും ഓവലുകൾ എന്ന് കൂടി വിളിക്കുന്ന ക്രിക്കറ്റ്മൈതാനങ്ങളിലെ പിച്ചുകൾ സജീവമാകാൻ ഇനി മൂന്ന് ദിനരാത്രങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളു...1992 ൽ ഓസ്ട്രേലിയ അവസാനമായി വേദിയായതിന് ശേഷം ക്രിക്കറ്റ് കളിയിലും മത്സരങ്ങളുടെ നടത്തിപ്പിലും സാരമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്.1975 ൽ ജന്മമെടുത്ത ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് നാൽപ്പത് വയസ്സ് പൂർത്തിയാകുമ്പോൾ, അതിന്റെ പത്താമത് പതിപ്പാണ്‌ ഫിബ്രവരി 14 ന് പുലർച്ചെ ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലി ഓവലിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തോടെ ലോകത്തെങ്ങുമുള്ള ക്രിക്കറ്റ് പ്രേമികളുടെ മുമ്പിലെത്തുന്നത്. ഓസ്ട്രേലിയയിൽ ക്രിക്കറ്റ് ദേശീയ വിനോദമായി പ്രഖ്യാപിച്ചിട്ടുണ്ട്.അതുകൊണ്ട് തന്നെ ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കാൻ  അവിടത്തെ പ്രാദേശിക സർക്കാരുകൾ കഴിവതെല്ലാം ചെയ്യുന്നുമുണ്ട്.വർഷങ്ങൾക്ക് മുമ്പ് ക്രിക്കറ്റിന്റെ ഈറ്റില്ലമായ ഇംഗ്ലണ്ടിൽ നിന്നും ഒരു കൂട്ടം കുറ്റവാളികളുമായി സിഡ്നിയിൽ കപ്പലിറങ്ങിയ    ക്യാപ്റ്റൻ ജയിംസ് കുക്ക് ആണ് ഓസ്ട്രേലിയയിൽ ക്രിക്കറ്റ് പറിച്ച് നട്ടത്.ഇന്നിപ്പോൾ ആ കളിയുടെ നെറുകയിൽ വിജയ പതാക വീശി വിരാജിക്കുന്ന ഓസീസിന്റെ കരങ്ങളിൽ മത്സര നടത്തിപ്പ് ഏൽപ്പിച്ചതിൽ ഐ സി സി യ്ക്ക് പിഴവൊന്നും പറ്റിയിട്ടില്ല.ഐസിസി യുടെ ആഭിമുഖ്യത്തിൽ 4 വർഷം കൂടുമ്പോൾ സംഘടിപ്പിക്കുന്ന ലോകകപ്പ്‌ ക്രിക്കറ്റ് ടൂർണമെന്റിൽ ഇത്തവണ പങ്കെടുക്കുന്ന ടീമുകളിൽ കരുത്തരായ ഇന്ത്യ,ഓസ്ട്രേലിയ,ദക്ഷിണാഫ്രിക്ക,ന്യൂസീലാന്ഡ് എന്നീ ടീമുകളും താരതമ്യേന ദുർബലരായ അഫ്ഗാനിസ്ഥാൻ,സ്കോട്ട്ലാന്ഡ്,യു എ ഇ എന്നിവയും ഉൾപ്പെടുന്നു.14 രാജ്യങ്ങളിൽ നിന്നുള്ള 14 ടീമുകൾ ഓസ്ട്രേലിയയിലെയും ന്യൂസീലാന് ഡിലെയും 7 വീതം ഓവലുകളിലാണ് 49 കളികളിലായി  മാറ്റുരയ്ക്കുന്നത്.പ്രാഥമിക റൌണ്ട് മത്സരങ്ങൾക്കായി 14 ടീമുകളെ എ എന്നും ബി എന്നും രണ്ട് പൂളുകളിൽ പെടുത്തിയിരിക്കുന്നു.പൂൾ എ യിൽ ഓസ്ട്രേലിയ,ശ്രീലങ്ക,ഇംഗ്ലണ്ട്,ന്യൂസീലാന്ഡ്,ബംഗ്ലാദേശ്,അഫ്ഗാനിസ്ഥാൻ,സ്കോട്ട്ലാന്ഡ് എന്നീ ടീമുകളും പൂൾ ബിയിൽ ഇന്ത്യ,ദക്ഷിണാഫ്രിക്ക, പാക്കിസ്ഥാൻ,വെസ്റ്റ്‌ ഇൻഡീസ്,സിംബാബ്‌വെ,അയർലാന്ഡ്,യു എ ഇ എന്നീ ടീമുകളും അണിനിരക്കും. പ്രാഥമിക മത്സരങ്ങൾ റൌണ്ട് റോബിൻ ഫോർമാറ്റിൽ നടത്തുന്നത് കൊണ്ട് ഒരു പൂളിലെ എല്ലാ ടീമുകളും പരസ്പരം മത്സരിക്കണം.ഫിബ്രവരി 14 മുതൽ മാർച്ച്‌ 15 വരെ നടക്കുന്ന ഈ മത്സരങ്ങളിൽ ഓരോ പൂളിൽ നിന്നും പോയിന്റ്‌ അടിസ്ഥാനത്തിൽ 4 ടീമുകൾ വീതം  സൂപ്പർ 8 ൽ പ്രവേശിക്കും.ഈ ടീമുകൾ തമ്മിൽ മാർച്ച് 18 മുതൽ 21 വരെ നടക്കുന്ന ക്വാർട്ടർ ഫൈനലുകളിൽ ഏറ്റുമുട്ടും.ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ നോക്ക് ഔട്ട്‌ അടിസ്ഥാനത്തിലാണ്. ഇതിലെ ജേതാക്കൾ മാർച്ച് 24,26 തിയ്യതികളിൽ നടക്കുന്ന സെമിഫൈനലുകളിലേക്ക് യോഗ്യത നേടും.മാർച്ച്‌ 29 ന് രാവിലെ 9 മണിക്ക് ഓസ്ട്രേലിയയിലെ മെൽബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടിൽ ലോക ചാമ്പ്യന്മാരെ തീരുമാനിക്കുന്നതിനുള്ള കലാശപ്പോരാട്ടം നടക്കും.ആദ്യദിവസമായ ഫിബ്രവരി 14 ന് പുലർച്ചെ 3.30 ന് ന്യൂസിലാന്ഡിലെ  ക്രൈസ്റ്റ് ചർച്ചിലെ ഹാഗ്ലിഓവലിൽ നടക്കുന്ന ഉദ്ഘാടനമത്സരം ന്യൂസീലാൻഡും ശ്രീലങ്കയും തമ്മിലാണ്.അന്ന് രാവിലെ ഒരു ലക്ഷം കാണികൾക്ക് കളി കാണാവുന്ന ഓസ്ട്രേലിയയിലെ ചരിത്രപ്രധാനമായ മെൽബണിൽ ഓസ്ട്രേലിയ ഇംഗ്ലണ്ടിനെ എതിരിടും.നിലവിലെ ലോക ചാമ്പ്യന്മാരായ ഇന്ത്യയുടെ ആദ്യമത്സരം പിറ്റേ ദിവസം രാവിലെ 9 മണിക്ക് പാക്കിസ്ഥാനുമായി അഡലെയ്ഡ് ഓവലിലാണ്.കളിയിലെ ജയപരാജയങ്ങളെ കുറിച്ചുള്ള പ്രവചനം ഇപ്പോൾ നടത്തുന്നില്ല.ഈയിടെ ഓസ്ട്രേലിയയിൽ നടന്ന ത്രിരാഷ്ട്രടെസ്റ്റിൽ ഇന്ത്യയുടെ മോശമായ പ്രകടനം വെച്ച് നോക്കുമ്പോൾ കപ്പ് നില നിർത്തുവാൻ ഇന്ത്യ ഏറെ വിയർപ്പൊഴുക്കേണ്ടി വരും.സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന ടൂർണമെന്റിൽ ലോകകപ്പ് ഉയർത്തിപ്പിടിക്കാൻ ഓസീസിന് കഴിയുമോ എന്നതും കാത്തിരുന്ന് കാണാം.ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസമായ സച്ചിൻ ടെണ്ടുല്ക്കർ ഇത്തവണയും ലോകകപ്പ്ക്രിക്കറ്റിന്റെ ബ്രാൻഡ് അംബാസിഡറാണ്. ലോകമെമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകർക്ക് മത്സരങ്ങൾ ലൈവ് ടെലി കാസ്റ്റിങ്ങിലൂടെ അവരുടെ സ്വീകരണ മുറികളിലെത്തിക്കാൻ സംഘാടകർ വിപുലമായ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.ഇ എസ പി എന്നും സ്റ്റാർ സ്പോർട്സും ചേർന്നാണ് ബ്രോഡ്കാസ്റ്റിങ്ങിനുള്ള അവകാശം ഐ സി സി യിൽ നിന്നും വിലയ്ക്ക് വാങ്ങിയിട്ടുള്ളത്.ഇന്ത്യയിൽ സ്റ്റാർ സ്പോർട്സ്‌ ചാനൽ 3 ൽ കളി കാണാവുന്നതാണ്.ഐ സി സി യുടെ വെബ്സൈറ്റിൽ നിന്നും യാഹൂ ക്രിക്കറ്റ്,ഇ എസ് പി എൻ ക്രിസ് ഇൻഫോ എന്നീ സൈറ്റുകളിൽ നിന്നും സ്കോർ നില അപ്പപ്പോൾ ലഭ്യമായിരിക്കും. 

2015, ഫെബ്രുവരി 10, ചൊവ്വാഴ്ച

കോഴിക്കോട്ട് ത്യഗരാജോൽസവം സമാപിച്ചു


കോഴിക്കോട് ത്യാഗരാജാരാധനാ ട്രസ്റ്റ് 'മാതൃഭൂമി'യുടെ സഹകരണത്തോടെ കഴിഞ്ഞ 5 ദിവസമായി പദ്മശ്രീ കല്യാണമണ്ഡപത്തിലെ 'ശെമ്മാങ്കുടിനഗറിൽ' സംഘടിപ്പിച്ച മുപ്പത്തിയഞ്ചാമത് ത്യാഗരാജോൽസവം ഇന്നലെ സമാപിച്ചു.ഫിബ്രവരി 5 ന് ഉദ്ഘാടനം ചെയ്യപ്പെട്ട ത്യാഗരാജോത്സവത്തിൽ തുടർന്നുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിമുതൽ ഉച്ചക്ക് 2 മണിവരെ സംഗീത പ്രതിഭകളുടെ സംഗീതാരാധനയും ആലാപനവും ഉണ്ടായിരുന്നു.വൈകീട്ട് 3 മണിമുതൽ അറിയപ്പെടുന്ന സംഗീതജ്ഞരുടെ കച്ചേരികളും അവതരിപ്പിക്കപ്പെട്ടു.നാലാം ദിവസമായ ഞായറാഴ്ച്ച രാവിലെ 8 മണി മുതൽ നഗരം ചുറ്റിയുള്ള 'ഊഞ്ചാവൃതി' യ്ക്ക് ശേഷം സ്വാതിദാസിന്റെ നാദസ്വരമേളം അരങ്ങേറി.10 മണി മുതൽ പ്രശസ്ത സംഗീതജ്ഞന്മാരായ പാലാ സി കെ രാമചന്ദ്രൻ,ഹരിപ്പാട് കെ പി എൻ പിള്ള എന്നിവരുടെ നേതൃത്വത്തിൽ ത്യാഗരാജസ്വാമികളുടെ പഞ്ചരത്നകൃതികളുടെ ആലാപനവും നിറഞ്ഞ സദസ്സിൽ നടന്നു.അന്ന് വൈകീട്ട് 4 മണിക്ക് സുപ്രസിദ്ധ സംഗീതജ്ഞൻ കൈതപ്രം വിശ്വനാഥൻ നമ്പൂതിരി അവതരിപ്പിച്ച വായ്പ്പാട്ട് ശ്രദ്ധേയമായി.സമാപന ദിവസമായ തിങ്കളാഴ്ച്ച പതിവ് പോലെയുള്ള സംഗീതാരാധനയ്ക്കും കച്ചേരികൾക്കും ശേഷം രാത്രി 9.30 ന് ആഞ്ജനേയുൽസവവും കഴിഞ്ഞ് മംഗളം പാടിയതോടെ ഈ വർഷത്തെ ത്യാഗരാജോൽസവത്തിന് തിരശ്ശീല വീണു.

2014, സെപ്റ്റംബർ 30, ചൊവ്വാഴ്ച

സിപിഐഎം പാർട്ടി സമ്മേളനങ്ങൾക്ക് ഉജ്വലമായ തുടക്കം


2015 ഏപ്രിൽ മാസത്തിൽ സീമാന്ധ്രയിലെ വിശാഖപട്ടണത്ത് നടക്കാനിരിക്കുന്ന സി പി ഐ എം ഇരുപത്തിയൊന്നാം പാർട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സമ്മേളങ്ങൾക്ക് ആവേശകരമായ തുടക്കം.ഇരുപതാം പാർട്ടി കോണ്‍ഗ്രസ്‌ കോഴിക്കോട്ട് അംഗീകരിച്ച ഭരണഘടനാഭേദഗതി അനുസരിച്ചുള്ള ബ്രാഞ്ച് സമ്മേളനങ്ങൾക്കാണ് തുടക്കമായത്.29,841 ബ്രാഞ്ച് സമ്മേളങ്ങൾ 2014 ഒക്ടോബറിലും,2026 ലോക്കൽ സമ്മേളനങ്ങൾ നവംബറിലും,206 ഏരിയ സമ്മേളനങ്ങൾ ഡിസംബറിലും പൂർത്തിയാകും.ജില്ലാസമ്മേളനങ്ങൾ 2015 ജനുവരിയിൽ നടത്താനാണ് തീരുമാനം.സംസ്ഥാനസമ്മേളനം 2015 ഫിബ്രവരി 20 മുതൽ 23 വരെ ആലപ്പുഴയിൽ നടക്കും.കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിന്റെ പതനത്തിന് ശേഷം അധികാരം കയ്യാളുന്ന സംഘപരിവാറിന്റെ വർഗ്ഗീയ അജണ്ടകളേയും കോണ്‍ഗ്രസിന്റെതിനേ ക്കാൾ അറുപിന്തിരിപ്പനായ സാമ്പത്തികനയങ്ങളെയും ചെറുത്തു തോൽപ്പിക്കാൻ ഇന്ത്യയിലെ ഇടതുപക്ഷ-പുരോഗമന-മതനിരപേക്ഷ ശക്തികളുടെ ശക്തമായ ഐക്യനിര ഊട്ടിയുറപ്പിക്കുന്നതിനുള്ള ചർച്ചകളും തീരുമാനങ്ങളും ഈ സമ്മേളനങ്ങളിലും പാർട്ടി കോണ്‍ഗ്രസ്സിലും ഉണ്ടാവും.

2014, ജൂലൈ 25, വെള്ളിയാഴ്‌ച

ലോകഫുട്ബോൾ മാമാങ്കത്തിലെ ലാറ്റിനമേരിക്കൻ ദുരന്തം..!


2014 ജൂലായ് 14 ന് പുലർച്ചെ മാറക്കാനയിൽ തിങ്ങിനിറഞ്ഞ കാണികളേയും മിനിസ്ക്രീന് മുന്നിൽ കളി കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള കാൽപന്താസ്വാദകാരേയും സാക്ഷി നിർത്തി ഫുട് ബോൾ മാന്ത്രികൻ മാറഡോണയുടെ പിന്മുറക്കാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി നീണ്ട 24 വർഷങ്ങൾക്ക് ശേഷം ജർമ്മനി ഫിഫ ലോകകപ്പിൽ മുത്തമിട്ടു.മുഴുവൻ സമയം കഴിഞ്ഞിട്ടും കളി തീരുമാനമാകാതെ വന്നപ്പോൾ അനുവദിച്ച അധികസമയത്ത് ടീമിൽ പകരക്കാരനായി ഇറങ്ങിയ 22 കാരനായ ഗോട്സെ നേടിയ അതീവ മനോരമായ ഒരുഗോളിനാണ് മെസ്സിയുടെ ചുണക്കുട്ടികളെ മുള്ളറുടെ സിംഹക്കുട്ടികൾ അടിയറവ് പറയിച്ചത്.സെമി ഫൈനലിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ ബ്രസീലിന്‌ ജർമ്മനി നൽകിയ കനത്ത പരാജയവും,ഫൈനലിൽ അർജന്റീനയ്ക്ക് സംഭവിച്ച തോൽവിയും കൂടി ചേർത്ത് വായിച്ചാൽ ഇത്തവണത്തെ ലോക ഫുട്ബോൾ മാമാങ്കം ഒരു ലാറ്റിനമേരിക്കൻ ദുരന്തമായിട്ടാണ് കലാശിച്ചത്.അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പ് ആശാവഹമെങ്കിലും ബ്രസീലിന്റെ നാണം കെട്ട തോൽവി വളരെക്കാലം ബ്രസീലിയൻ ആരാധകരുടെ ഉറക്കം കെടുത്തും.അറുപത്തിനാല് മത്സരങ്ങളിൽ നിന്നും ആറ്റിക്കുറുക്കി കലാശക്കളിയിൽ ലാറ്റിനമേരിക്കൻ-യൂറോപ്യൻ ഫുട്ബോൾ
ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നല്ല ഫുട്ബോളിന്റെ വക്താക്കളായ ജർമ്മനിയ്ക്കുണ്ടായ തിളക്കമാർന്ന വിജയം അവർ കളിച്ചു നേടിയതാണെന്നതിൽ തർക്കമില്ല.യൂറോപ്യൻ ഫുട്ബാളിന്റെ അധീശത്വം തെളിഞ്ഞ്‌ കണ്ട ഈ ലോകകപ്പ്‌ ഫുട്ബോളിലെ  കളിയനുഭവങ്ങൾ  ഏഷ്യൻ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കളിക്കാർക്ക്‌ പാഠമായിരിക്കട്ടെ..!കണ്ണീരും പുഞ്ചിരിയും ഇടകലർന്ന മത്സരങ്ങൾക്കൊടുവിൽ 2018 ലെ ലോകകപ്പിന് റഷ്യയിൽ വീണ്ടും കണ്ടുമുട്ടാൻ വേണ്ടി കളിക്കാർ ബ്രസീലിൽ നിന്നും വിടവാങ്ങി.

2014, ജൂൺ 9, തിങ്കളാഴ്‌ച

ലോകകപ്പ്‌ ഫുട്ബോൾ-2014 ബ്രസീൽ ഒരുങ്ങി,കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം,ആദ്യ റൌണ്ടിൽ 32 ടീമുകൾ 12 വേദികളിൽ മാറ്റുരക്കുന്നു...

ബ്രസീലിൽ ലോകകപ്പ്‌ ഫുട്ബോളിന്റെ കിക്കോഫിന് ഇനി മൂന്ന് നാൾ മാത്രം ബാക്കി നിൽക്കെ ആദ്യ റൌണ്ടിൽ 8 ഗ്രൂപ്പുകളിലായി 32 ടീമുകൾ 12 വേദികളിൽ ഏറ്റുമുട്ടും.ഉൽഘാടന മത്സരം സാവോ പോളോയിൽ ജൂണ്‍ 13 ന്  ഇന്ത്യൻ സമയം പുലർച്ചെ 1.30 നാണ്.ഫൈനൽ മത്സരം 2014 ജൂലായ്‌ 14 ന് പുലർച്ചെ 12.30 ന് നടക്കും.പ്രാഥമിക റൌണ്ടിൽ മത്സരിക്കുന്ന ഗൂപ്പുകൾ ഇവയാണ്.
എ.ബ്രസീൽ,ക്രൊയേഷ്യ,മെക്സിക്കോ,കാമറൂണ്‍.ബി.സ്പെയിൻ,ഹോള ണ്ട്,ചിലി,ഓസ്ട്രേലിയ.സി.കൊളംബിയ,ഗ്രീസ്,ഐവറി കോസ്റ്റ്,ജപ്പാൻ.ഡി.ഉറുഗ്വേ,കോസ്റ്റാറിക്ക,ഇംഗ്ലണ്ട്,ഇറ്റലി.ഇ.സ്വിറ്റ്സർ ലാന്ഡ്,ഇക്വഡോർ,ഫ്രാൻസ്,ഹോണ്ടൂറാസ്.എഫ്.അർജന്റീന,ബോസ്നിയ,ഇറാൻ,നൈജീരിയ.ജി.ജർമ്മനി,പോർച്ചുഗൽ,ഘാന,അമേരിക്ക.എച്ച്.ബെൽജിയം,അൾജീരിയ,റഷ്യ,ദക്ഷിണ കൊറിയ. കളിക്കാരേയും കാണികളേയും വരവേൽക്കാൻ ഫുട് ബോളിന്റെ സ്വന്തം നാടായ ബ്രസീൽ ഉത്സാഹപൂർവ്വം ഒരുങ്ങിക്കഴിഞ്ഞു.സാവോ പോളോയിൽ നിന്നുള്ള ആദ്യത്തെ വിസിൽ കേൾക്കാൻ ലോകമെമ്പാടുമുള്ള സോക്കർ പ്രേമികളും കാതോർക്കുകയായി...

2014, ജൂൺ 8, ഞായറാഴ്‌ച

'സാവോ പോളോയി'ൽ സാംബതാളം മുറുകുമ്പോൾ,മറക്കാനാവുമോ 'മാറക്കാന'യിലെ മുറിവുകൾ..?

ബ്രസീൽ സോക്കർ ലഹരിയിൽ അമർന്നു കഴിഞ്ഞു...അല്ലെങ്കിലും ബ്രസീലുകാർക്ക് കാൽപന്തുകളിയിൽ നിന്നും വേറിട്ടൊരു ജീവിതമില്ലല്ലൊ...നീണ്ട അറുപത്തിനാല് വർഷങ്ങൾക്ക് ശേഷം ലോക ഫുട്ബോൾ മാമാങ്കത്തിന് വേദിയൊരുക്കി കാത്തിരിക്കുമ്പോൾ,1950 ൽ
'മാറക്കാന'യിൽ ഉറുഗ്വയോട് അടിയറവ് പറഞ്ഞ് ലോകകപ്പ്‌ കൈവിട്ടു പോയതിന്റെ മുറിവുണങ്ങാതെ കളിക്കളത്തിലിറങ്ങാൻ ജേഴ്സിയണിയുകയാണ് ബ്രസീലിന്റെ ചുണക്കുട്ടികൾ.സ്വന്തം തട്ടകത്തിൽ വെച്ചുണ്ടായ തോൽവിക്ക് ശേഷം അഞ്ച് തവണ ലോകകപ്പിൽ മുത്തമിട്ടിട്ടും,ഇന്നേവരെ എല്ലാ ലോകകപ്പ്‌ മത്സരങ്ങളിലേക്കും യോഗ്യത നേടിയ ഏക ടീമായി മാറിയിട്ടും,ലോകത്തിലെ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ നാട്ടുകാരായ 10000 ത്തി ലേറെ കളിക്കാർ ബൂട്ടണിഞ്ഞിട്ടും മാറക്കനയിലെ പരാജയത്തിന്റെ ചൂടാറിയിട്ടില്ല..! അധിനിവേശത്തിന്റെ ആദ്യനാളുകളിൽ തന്നെ  ഫുട്ബോൾ കളി ബ്രസീലിൽ എത്തിയെങ്കിലും   തദ്ദേശീയർക്ക് അത് വിലക്കപ്പെട്ട കനിയായി തന്നെ തുടർന്നു.വെളുത്ത വർഗ്ഗക്കാരുടെ ഈ വിനോദം ഒന്ന് ആസ്വദിക്കാൻ പോലും കറുപ്പന്മാരെ അന്ന് അനുവദിച്ചില്ല.കടലാസ് ചുരുട്ടിക്കെട്ടി പന്തുണ്ടാക്കി തെരുവോരങ്ങളിലും ഫവേലകളിലും കളിക്കാനേ അവർക്ക് കഴിഞ്ഞുള്ളു...നാട് നീളെ രൂപപ്പെട്ട ക്ലബ്ബുകളിലും കളിക്കളങ്ങളിലും അവർക്ക് പ്രവേശനമുണ്ടായിരുന്നില്ല...ഫുട്ബോൾ മാന്ത്രികനായ പെലെയ്ക്ക് പോലും വളരെക്കാലത്തെ കാത്തിരിപ്പിന്‌ ശേഷമാണ് ഒരു ക്ലബ്ബിൽ കളിക്കാൻ അവസരമുണ്ടായത്.ക്രമേണ ഈ അവസ്ഥ മാറുകയും സോക്കർ രംഗത്തെ അതികായന്മാരായി ബ്രസീലിയൻ കളിക്കാർ ലോകശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.പെലെയെ കൂടാതെ ഗരിഞ്ച,റൊണാൾഡിഞ്ഞോ തുടങ്ങിയ അതികായന്മാരെയും ബ്രസീീൽ സോക്കർ ലോകത്തിന്‌ മുമ്പിൽ അവതരിപ്പിച്ചു. വർത്തമാനകാലത്ത് കാൽപന്തുകളി ബ്രസീലുകാർക്ക് അവരുടെ ജീവനും ജീവന്റെ അപ്പവുമാണ്..!ബ്രസീലിൽ ഒരാണ്‍കുഞ്ഞ് പിറന്നാൽ, പിറന്നാൾ സമ്മാനമായി നൽകുന്നത് ഇഷ്ട്ടപ്പെട്ട കളിക്കാരന്റെ നമ്പറിലുള്ള ജേഴ്സി യാണെന്ന് കേട്ടിട്ടുണ്ട്... ജൂണ്‍ 13 ന് ഇന്ത്യൻ സമയം പുലർച്ചേ 1.30 ന് സാവോപോളോയിലെ കളിക്കളത്തിൽ സാംബാ താളത്തിന്റെ അകമ്പടിയോടെ അരങ്ങേറുന്ന  ബ്രസീലും ക്രൊയേഷ്യയും തമ്മിലുള്ള ഉദ്ഘാടന മത്സരത്തിനായി കണ്ണും കാതും കൂർപ്പിച്ച് കാത്തിരിക്കുന്നു,ലോകത്തെമ്പാടുമുള്ള സോക്കർ പ്രേമികൾ...

2014, ഫെബ്രുവരി 26, ബുധനാഴ്‌ച

കോഴിക്കോട് കടപ്പുറത്ത് ജനസാഗരം തീർത്ത് കേരളരക്ഷാമാർച്ച്‌ സമാപിച്ചു


ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത്,സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച ഇതിഹാസഭൂമിയിൽ,അസ്തമനസൂര്യന്റെ അരുണകിരണങ്ങളും  ചെങ്കൊടികളും ചെന്നിറം ചാർത്തിയ സായംസന്ധ്യയെ സാക്ഷിയാക്കി ജനനായകൻ സ.പിണറായി വിജയൻ അഴിമതിക്കും ഭരണകൂടനെറി കേടുകൾക്കുമെതിരെ നയിച്ച കേരളരക്ഷാ മാർച്ചിന് സമാപനമായി.വിപ്ലവ കേരളത്തിന്റെ ഈറ്റില്ലമായ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ഫിബ്രവരി 1 ന് പ്രയാണം തുടങ്ങി കേരളത്തിലെ നാടും നഗരങ്ങളും ഇളക്കിമറിച്ച്,രാഷ്ട്രീയ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ കേരളരക്ഷാമാർച്ച് 126 സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടിയ ജനസഹസ്രങ്ങളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് കടപ്പുറത്ത് മനുഷ്യസാഗരം തീർത്ത്‌ ഇന്ന് വൈകീട്ട് സമാപിക്കുകയായിരുന്നു.സമാപനദിവസമായ ഇന്ന് അവസാനത്തെ സ്വീകരണകേന്ദ്രമായ കക്കോടിയിൽ നിന്നും ജാഥയെ  മോട്ടോർ സൈക്കളുകളിൽ  നൂറുകണക്കിന് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ നഗരവീഥികളിലേക്ക് ആനയിച്ചു.സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നോർത്ത്, സൌത്ത്,ബേപ്പൂർ,കുന്നമംഗലം നിയമസഭാമണ്ഡലങ്ങളിലെ പാർട്ടിപ്രവർത്തകരും അനുഭാവികളും ചെങ്കൊടികൾ കൈകളിലേന്തി  കുടുംബസമേതം  ചെറുജാഥകളായി കടപ്പുറത്തെ സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തി അറബിക്കടൽതീരത്ത് മറ്റൊരു മനുഷ്യക്കടൽ തീർത്തു.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്‌ മുങ്ങുന്ന കപ്പലാണെന്നും വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.സമാപന സമ്മേളനത്തിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.പിണറായിക്ക് പുറമെ  പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി, ജാഥയിലെ മറ്റംഗങ്ങളായിരുന്ന എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി,എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നിവരും സംസാരിച്ചു.എം ഭാസ്കരൻ സ്വാഗതം പറഞ്ഞു.കലാമണ്ഡലം പൂർവവിദ്യാർഥികളുടെ 'മിഴാവിൽ മേളവും',വി ടി മുരളിയും സംഘവും കെ പി ആർ പണിക്കരുടെ വിപ്ലവ ഗായകസംഘവും അവതരിപ്പിച്ച ഗാനമേളയും സമാപന സമ്മേളന വേദിയിൽ കലാവിരുന്നൊരുക്കി.