2008, നവംബർ 11, ചൊവ്വാഴ്ച

മഹാരഥന്‍മാര്‍ ക്രീസ് വിടുന്നു

ഇന്ത്യന്‍ ക്രിക്കറ്റിലെ മഹാരഥന്മാരായ സൌരവ് ഗാംഗുലിയും അനില്‍ കുംബ്ലെയും രാജ്യാന്തര മല്‍സരങ്ങളില്‍
നിന്നും വിടവാങ്ങി.ആസ്ട്രെലിയയുമായുള്ള മൂന്നാം ടെസ്റ്റിന്റെ വേളയിലാണ് വളരെ അപ്രതീക്ഷിതമായി തന്റെ വിരമിക്കല്‍ തീരുമാനം കുംബ്ലെ അറിയിച്ചത്.എന്നാല്‍ ഗാംഗുലി വിടവാങ്ങല്‍ തീരുമാനം ടെസ്റ്റ് നടക്കുമ്പോള്‍ തന്നെ അറിയിച്ചിരുന്നു.
ഇന്നലെ ആസ്ട്രേലിയയ്ക്കെതിരെ പരമ്പര സ്വന്തമാക്കിയ ആഹ്ലാദതിമര്‍പ്പിനിടയില്‍ മുന്‍ ക്യാപ്ടന്മാരായ രണ്ടു പേര്‍ക്കും നാഗ്പൂരിലെ വിദര്‍ഭക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടീമംഗങ്ങളും ആരാധകരും രാജകീയമായ യാത്രയയപ്പ് നല്കി.നാലാം ടെസ്റ്റിന്റെ അവസാന മൂന്നു ഓവറുകളില്‍ ഗാംഗുലിക്ക് കാപ്ട്യന്‍ സ്ഥാനം തിരിച്ച് നകിയും,ബോര്‍ഡര്‍ഗവാസ്കര്‍ ട്രോഫി ഏറ്റുവാങ്ങാന്‍ കുംബ്ലയെ അധികാരപ്പെടുത്തിയും ഇപ്പോഴത്തെ കാപ്ട്യന്‍ മഹേന്ദ്രസിംഗ് ധോണി മുന്‍ കാപ്ട്യന്‍മാരോട് ആദരവ് പ്രകടിപ്പിച്ചു.വിരമിച്ച അതികായന്മാര്‍ക്ക് പകരക്കാരില്ലെന്നും ധോണി പറഞ്ഞു.തങ്ങളുടെ ദാദയായ കല്‍ക്കത്തയുടെ രാജകുമാരന്‍ ഗാംഗുലിയെ തോളിലേറ്റിയാണ് ആരാധകര്‍ സ്റ്റേഡിയത്തിന് പുറത്തേക്ക് കൊണ്ടുവന്നത്.
വിടവാങ്ങലിനെ പറ്റി ഗാംഗുലി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ-
"ലോകത്തിലെ ഏറ്റവും മികച്ച ടീമിനെതിരെ ടെസ്റ്റ് വിജയിച്ചതിന്റെ ചരിതാര്‍ഥ്യത്തോടെയാണ്
ഞാന്‍ കളി നിര്‍ത്തുന്നത്.2000 മുതല്‍ 2005 വരെയുള്ള കാലത്തും പിന്നീടിപ്പോഴും ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖഛായയ്ക്ക് തിളക്കമേറെയുണ്ട്.സ്വന്തം നാട്ടിലും വിദേശത്തും നാമിപ്പോള്‍ ശക്തരായിക്കഴിഞ്ഞു."
മുതിര്ന്ന തലമുറയില്‍ പെട്ട കളിക്കാരായ സച്ചിന്‍,സൌരവ്,ദ്രാവിഡ്,കുംബ്ലെ,ലക്ഷ്മണ്‍ എന്നിവരുടെ കൂട്ടത്തില്‍ നിന്നും കുംബ്ലെയും സൌരവും വിരമിക്കുമ്പോള്‍ മറ്റു കളിക്കാരുടെ ഭാവിയും ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങി.ഇന്ത്യന്‍ ടീമിനെ ഉന്നതിയിലെത്തിക്കുന്നതീല്‍ പ്രധാന പങ്കു വഹിച്ച കളിക്കാര്‍ക്ക്‌ പകരം വെക്കാന്‍ എത്രയും വേഗം ചുണക്കുട്ടികള്‍ ക്രീസിലേക്ക് വരട്ടെയെന്ന് മാത്രം തല്‍ക്കാലം ആശിക്കാം.
റിക്കാര്‍ഡുകള്‍-ഗാംഗുലി
1972 ജൂലൈ 8 നു കല്‍ക്കത്തയില്‍ ജനനം.1996 നവംബര്‍ 20 നു ഇംഗ്ളണ്ടിനെതിരെ ലോര്‍ഡ്സില്‍ നടന്ന ആദ്യ ടെസ്റ്റില്‍ സെഞ്ചുറിയോടെ കരിയറിന് തുടക്കം.113 ടെസ്റ്റുകളില്‍ 42 രണ്സിലേറെ ശരാശരി.ആകെ 7212 റണ്‍സ് 16 സെഞ്ചുറിയും 35 അര്‍ദ്ധസെഞ്ചുറിയും.പാക്കിസ്ഥാന് എതിരെ നേടിയ 239 റണ്‍സാണ് കൂടിയ സ്കോര്‍.ഏകദിന മത്സരങ്ങളില്‍ 11363 റണ്‍സ് സ്വന്തം.311 മത്സരങ്ങള്‍.ശരാശരി 41.02 റണ്‍സ്.ശ്രീലങ്കയ്ക്കെതിരെ 1999 ലെ 183 റണ്‍സാണ് ഉയര്ന്ന സ്കോര്‍.
അനില്‍ കുംബ്ലെ-ആകെ ടെസ്റ്റുകള്‍ 132. 18355 റണ്‍സ്.619 വിക്കറ്റുകള്‍.
ഏകദിന മത്സരങ്ങള്‍-271 .10412 റണ്‍സ്.337 വിക്കറ്റുകള്‍.ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍.ടീമിനെ വിജയിപ്പിക്കുന്നതില്‍ അസാധാരണ വൈഭവമുള്ള കളിക്കാരന്‍.

2008, നവംബർ 10, തിങ്കളാഴ്‌ച

ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫി ഇന്ത്യ നേടി

നാഗ്പൂര്‍ ടെസ്റ്റില്‍ ഓസീസിനെ തറപറ്റിച്ച്‌ ടെസ്റ്റ് പരമ്പര (2-0) ഇന്ത്യ സ്വന്തമാക്കി.ഇന്നു നടന്ന നാലാമത്തെ ടെസ്റ്റില്‍ 172 റണ്‍സിനു തോല്‍പ്പിച്ച് കൊണ്ടാണ് ക്രിക്കറ്റിലെ അതികായന്മാരായ ആസ്ട്രേലിയന്‍ ടീമിനെ ഇന്ത്യ അടിയറവ് പറയിച്ചത്.ജയിക്കാന്‍ 382 റണ്‍സ് വേണ്ടിയിരുന്ന ഒസീസിസിനു 209 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.ഇന്ത്യന്‍ ബൌളര്‍മാരുടെ കരുത്തില്‍ ആസ്ട്രേലിയ പതറുകയായിരുന്നു.ഇതോടെ ടെസ്റ്റ് ജേതാക്കളുടെ കൂട്ടത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പരമ്പരയില്‍ മൊത്തം 15 വിക്കെറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ഇഷാന്ത് ശര്‍മ്മയെ മാന്‍ ഓഫ് ദി സീരീസായും,ടെസ്റ്റില്‍ 12 വിക്കെറ്റ് എടുത്ത ആസ്ട്രേലിയയുടെ ഓഫ് സ്പിന്നെറും നവാഗതനുമായ ജെയ്സന്‍ ക്രേസയെ മാന്‍ ഓഫ് ദി മാച്ചായും തെരഞ്ഞെടുത്തു.ഇന്ത്യയുടെ ഈ ചരിത്ര വിജയം മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ സൌരവ് ഗാംഗുലിക്കുള്ള വിടവാങ്ങല്‍ സമ്മാനവും കൂടിയായി.

2008, നവംബർ 9, ഞായറാഴ്‌ച

സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാന്‍ ഒന്നിക്കാം-ഒബാമ

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുറിച്ചുകടക്കാന്‍ തെരഞ്ഞെടുപ്പ് കാലത്തെ അഭിപ്രായവ്യത്യാസങ്ങള്‍ മാറ്റിവെച്ച്‌ അമേരിക്കന്‍ ജനതയാകെ ഒരുമിച്ച് നില്‍ക്കണമെന്ന് നിയുക്ത പ്രസി ഡന്‍റ് ബാറക് ഒബാമ അഭ്യര്‍ത്ഥിച്ചു. തെരഞ്ഞെടുപ്പിനു ശേഷം ആദ്യമായി ഡമോക്റാറ്റിക് പാര്‍ട്ടിയുടെ പ്രതിവാര റേഡിയോ പ്രസംഗത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. ഇടത്തരക്കാരുടെയും സാധാരണക്കാരുടെയും സാമ്പത്തിക പ്രയാസങ്ങള്‍ക്ക് എത്രയും വേഗം പരിഹാരം കാണണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തൊഴില്‍ നഷ്ട്ടപ്പെട്ടവര്‍ക്കും,വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാതെ വീട് ഒഴിയേണ്ടി വരുന്നവര്‍ക്കും വളരെ പെട്ടെന്ന് ആശ്വാസം നല്‍കണം .സാമ്പത്തിക മാന്ദ്യം പരിഹരിക്കുന്നതിനുള്ള പാക്കേജ് തന്റെ അധികാരകൈമാറ്റത്തിന് മുന്പേ തന്നെ അമേരിക്കന്‍ കോണ്ഗ്രസ്സില്‍ അവതരിപ്പിച്ച് അംഗീകാരം നേടണമെന്നും ഒബാമ ഓര്‍മ്മിച്ചു. തന്റെ ഉപദേശ്ടാക്കളുമായും പാര്‍ട്ടിനേതാക്കള്‍ ,വ്യവസായപ്രമുഖര്‍ എന്നിവരുമായും അദ്ദേഹം നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു.ബുഷും ഭാര്യയും തന്നെയും ഭാര്യയേയും വൈറ്റ്ഹൌസ് സന്ദര്‍ശിക്കാന്‍ ക്ഷണിച്ചിട്ടുണ്ടെന്നും ഒബാമ അറിയിച്ചു.അധികാരകൈമാറ്റം എളുപ്പമാക്കാന്‍ ബുഷ് എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിനു ശേഷം അമേരിക്ക ഒറ്റക്കെട്ടാണെന്നതിന്‍റെ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

2008, നവംബർ 7, വെള്ളിയാഴ്‌ച

ഭാഷാ ഇന്‍സ്ടിട്യൂട്ട് പുസ്തകമേളയ്ക്ക് തുടക്കമായി

കേരള ഭാഷാ ഇന്‍സ്ടിട്യൂട്ടിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര പുസ്തക മേളയ്ക്കും സര്ഗ്ഗോത്സവത്തിനും കോഴിക്കോട്ട് തുടക്കമായി.ഇന്ത്യക്കകത്തും പുറത്തുമുള്ള 130 പുസ്തക പ്രസാധകര്‍ പന്കെടുക്കുന്ന മേള സ്റ്റേഡിയം പരിസരത്ത് ഡോ.സുകുമാര്‍ അഴീക്കോട്‌ ഉല്‍ഘാടനം ചെയ്തു.ചടങ്ങില്‍ മേയര്‍ എം.ഭാസ്കരന്‍ അധ്യക്ഷനായി.കേന്ദ്രസാഹിത്യ അക്കാദമി വൈസ്പ്രസിഡന്ട് ഡോ.സുജീന്ദര്സിങ്നൂര്‍,എംഎല്‍എ മാരായ എ.പ്രദീപ്കുമാര്‍,പിഎംഎ സലാം എന്നിവരും കെ ഇ എന്‍ ,പി.കെ .ഗോപി തുടങ്ങിയവരും സംസാരിച്ചു.ഭാഷാ ഇന്സ്ടിട്യൂട്ട് ഡയരക്ടര്‍ ഡോ.പി.കെ.പോക്കര്‍ സ്വാഗതവും പി .എം .ശ്രീധരന്‍ നന്ദിയും പറഞ്ഞു.മേളയുടെ ഭാഗമായി എല്ലാദിവസവും പ്രഭാഷണങ്ങള്‍,സര്‍ഗ്ഗസംവാദങ്ങള്‍,കവിസമ്മേളനം,കലാപരിപാടികള്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്.പുസ്തക പ്രകാശനവും മേളയോടനുബന്ധിച്ച് നടത്തപ്പെടുന്നുണ്ട്.മേള നവംബര്‍ 16ന് സമാപിക്കുന്നതാണ്.