പതിവു പോലെ തങ്ങളുടെ പ്രിയ ഗായകനെ, അദ്ദേഹത്തിന്റെ ഇരുപത്തൊമ്പതാം ചരമ വാര്‍ഷികത്തില്‍ കോഴിക്കോട്ടെ ആരാധകര്‍ വിവിധ പരിപാടികളോടെ അനുസ്മരിച്ചു.നഗരത്തിലെ കാംപസ്സുകളില്‍ കരോക്കെയുടെ അകമ്പടിയോടെ റാഫിയുടെ അനശ്വര ഗാനങ്ങള്‍ ആലപപിച്ചു കൊണ്ടാണ് വിദ്യാര്‍ഥികള്‍ റാഫി സ്മരണ പുതുക്കിയത്.എം ഇ എസ് വനിതാ കോളേജിലെ വിദ്യാര്‍ഥിനികള്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ റോഡ് ഷോ ആകര്‍ഷകമായി.എം ഇ എസ് പ്രസിഡന്‍റ് ഡോ.ഫസല്‍ ഗഫൂര്‍ ഗാനമാലപിച്ചുകൊണ്ട് റോഡ് ഷോ ഉദ്ഘാടനം ചെയ്തു.സാംസ്കാരിക സഘടനയായ കല ടാഗോര്‍ ഹാളില്‍ സംഘടിപ്പിച്ച റാഫി നൈറ്റില്‍ മുബൈ സ്വദേശി ദേവ് ജ്യോതി ചാറ്റര്‍ജി റാഫിയുടെ ഗാനങ്ങള്‍ അവതരിപ്പിച്ചത് സദസ്സിന്റെ പുളകമായി മാറി.ഓ ദുനിയാ കെ രഖ് വാലെ എന്ന അനശ്വര ഗാനം ഹാളില്‍ മുഴങ്ങിയപ്പോള്‍ സദസ്സ് കാതുകള്‍ കൂര്‍പ്പിച്ചു അതില്‍ ലയിച്ചു.അബ്ദു സമദ് സമദാനി റാഫി അനുസ്മരണ പ്രഭാഷണം നടത്തി.കല പ്രസിഡന്‍റ് സുബൈര്‍ അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ ജയപ്രകാശ് കുളൂര്‍ ,പി വി ഗംഗാധരന്‍ എന്നിവരെ ആദരിച്ചു.നേരത്തെ നടത്തിയ റാഫി ഗാനാലാപന മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനങ്ങള്‍ ഡെപ്യൂട്ടി മേയര്‍ പ്രൊ.പി ടി അബ്ദുല്‍ ലത്തീഫ് വിതരണം ചെയ്തു.റാഫി ഫൌണ്ടേഷന്‍റെ ആഭിമുഖ്യത്തില്‍ ബീച്ച് ഹോട്ടലിലും ,എസ് എ അബൂബക്കറിന്റെ നേതൃത്വത്തില്‍ മാനാഞ്ചിറ സ്പോര്‍ട്സ് കൌണ്‍സില്‍ ഹാളിലും അനുമരണ പരിപാടികളും സംഗീത നിശയും സംഘടിപ്പിച്ചിരുന്നു.