2010, ജൂലൈ 29, വ്യാഴാഴ്‌ച

ഫാറൂഖ് കോളേജില്‍ ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പ്ലസ് ആഗസ്ത് 1 ന്

ദക്ഷിണേന്ത്യയിലെ അലീഗഡ് എന്ന് വിശേഷിപ്പിക്കാറുള്ള ഫാറൂഖ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ഥി സംഘടനയായ ഫാറൂഖ് കോളേജ് ഓള്‍ഡ്‌ സ്റ്റൂഡന്‍റ്സ് അസോസിയേഷ (ഫോസ)ന്റെ ആഭിമുഖ്യത്തില്‍ 2010 ആഗസ്ത് 1 ന് ഞായറാഴ്ച 1948 മുതല്‍ 2010 വരെയുള്ള പൂര്‍വ്വ വിദ്യാര്‍ത്ഥികളുടേയും പൂര്‍വ്വാധ്യാപകരുടേയും സംഗമം ഫൊസ്റ്റാള്‍ജിയ ഡയമണ്ട് പ്ലസ് സംഘടിപ്പിക്കുന്നു. അന്ന് രാവിലെ 9.30 ന് റജിട്റേഷന്‍ ആരംഭിക്കും.10 മണി മുതല്‍ 1 മണി വരെ ബേച്ച് അടിസ്ഥാനത്തില്‍ ഒത്തുചേര്‍ന്ന് കലാലയ ജീവിതകാലത്തെ അനുഭവങ്ങള്‍ പങ്കിടും.ഫോസയുടെ ജില്ലാകമ്മറ്റികളുടെ രൂപികരണവും നടക്കും.ഇന്‍ഡോര്‍ സ്റ്റേഡിയത്തിലെ ഉച്ചഭക്ഷണത്തിന് ശേഷം പൊതുവായ കൂട്ടായ്മ ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് എ. കെ. ബഷീര്‍ ഉദ്ഘാടനം ചെയ്യും.ചടങ്ങില്‍ പൂര്‍വ്വാധ്യാപകരെ ആദരിക്കും. പൂര്‍വാധ്യാപക അനുസ്മരണം,റാങ്ക് ജേതാക്കളെ അനുമോദിക്കല്‍ ,പൂര്‍വവിദ്യാര്‍ത്ഥികളുടെ വെബ്സൈറ്റ് ഉദ്ഘാടനം എന്നിവയും ഉണ്ടാവും. കൈരളി പട്ടുറുമാല്‍ ഫെയിം അജയ് ഗോപാലും വിദ്യാര്‍ത്ഥികളും അവവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും.

2010, ജൂലൈ 12, തിങ്കളാഴ്‌ച

ലോകകപ്പ്‌-ഡച്ച് പടയെ തുരത്തി സ്പെയിന്‍ കിരീടം ചൂടി

ജോഹനാസ് ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ തിങ്ങി നിറഞ്ഞ കാണികളെ സാക്ഷി നിര്‍ത്തി,ലോകകത്തെങ്ങുമുള്ള കോടിക്കണക്കിന് ടെലിവിഷന്‍ പ്രേക്ഷകരുടെ മനസ്സില്‍ നിലനിന്നിരുന്ന ആകാംക്ഷയുടെ നീര്‍ക്കുമിളകള്‍ പൊട്ടിച്ച്,ലോകകപ്പ്‌ ജേതാക്കളുടെ നിരയിലേക്ക് സ്‌പെയിന്‍ അതിന്‍റെ വിജയ പതാക ഉയര്‍ത്തിക്കെട്ടി ഒരു ചരിത്ര ദൌത്യം പൂര്‍ത്തിയാക്കി.വന്‍കരയ്ക്ക് പുറത്തു വെച്ച് സംഘടിപ്പിക്കപ്പെട്ട ലോകകകപ്പ് ടൂര്‍ണമെന്റില്‍ ട്രോഫി നേടിയ പ്രഥമ യൂറോപ്യന്‍ ടീമെന്ന ബഹുമതിയും സ്പെയിന്‍ സ്വന്തമാക്കി.ഗോള്‍ രഹിത നിശ്ചിത സമയത്തിന് ശേഷം അനുവദിച്ച എക്സ്ട്രാ ടൈമിലെ ഇരുപത്തിയാറാം മിനുട്ടില്‍ ആന്ദ്രെ ഇനിയെസ്റ്റ നേടിയ ഗോള്‍ സ്പെയിനിനെ വിജയകിരീടം ചൂടിക്കുകയായിരുന്നു.ഇനിയെസ്റ്റ തന്നെയാണ് മാന്‍ ഓഫ് ദി മാച്ച്.മികച്ച ഗോള്‍കീപ്പറായി സ്പാനിഷ് ഗോളി ഐകര്‍ കസിയസിനെ തെരഞ്ഞെടുത്തു.ടൂര്‍ണമെന്‍റിലെ മാന്യമായ കളിക്കുള്ള ഫെയര്‍ പ്ലേ സമ്മാനവും സ്പെയിന്‍ കരസ്ഥമാക്കി.ഉറുഗ്വയുടെ ഡീഗോ ഫോര്‍ലാന്‍ സുവര്‍ണ്ണ പന്തിനും, ജര്‍മ്മനിയുടെ തോമസ്‌ മുള്ളര്‍ സുവര്‍ണ്ണപാദുകത്തിനും അര്‍ഹരായി.അങ്ങിനെ ആഫ്രിക്കയില്‍ നിന്നുള്ള ആരവമടങ്ങി,മനസ്സില്‍ ആഹ്ലാദത്തിന്റെ പൂത്തിരികളുമായി സ്പാനിഷ് ചുണക്കുട്ടികള്‍ മടങ്ങി...2014 ല്‍ ബ്രസീലില്‍ വീണ്ടും കാണാന്‍ വേണ്ടി ഒരു താല്‍ക്കാലിക വിടവാങ്ങല്‍...

2010, ജൂലൈ 9, വെള്ളിയാഴ്‌ച

ലോകകപ്പ്‌-ആരവമടങ്ങാന്‍ മണിക്കൂറുകള്‍...ആരാവും കപ്പില്‍ മുത്തമിടുക..?

ദക്ഷിണാഫ്രിക്കയിലെ വിവിധ നഗരങ്ങളില്‍ ഒരുമാസത്തോളമായി നടന്നുവരുന്ന ഫുട്ബോള്‍ മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.വന്‍മരങ്ങള്‍ പലതും കടപുഴകി വീണ ഇത്തവണത്തെ ലോകകപ്പ്‌ മത്സരങ്ങളില്‍ ഞായറാഴ്ച രാത്രി 12 മണിക്ക് നടക്കുന്ന കലാശക്കളിയില്‍,ജോഹാനസ്ബര്‍ഗ്ഗിലെ സോക്കര്‍ സിറ്റി സ്റ്റേഡിയത്തില്‍ പന്തുരുളുമ്പോള്‍ രണ്ട് യൂറോപ്യന്‍ ടീമുകളായ സ്പെയിനും ഹോളണ്ടും മുഖാമുഖം പൊരുതും. ആരാധകരും മാധ്യമങ്ങളും പാടിപ്പുകഴ്ത്തിയ റൂണി , റൊണാള്‍ഡോ,മെസ്സി മുതലായ ഫുട്ബോള്‍ ദൈവങ്ങളും ലാറ്റിനമേരിക്കന്‍ കരുത്തന്മാരായ ബ്രസീല്‍,അര്‍ജന്റീന തുടങ്ങിയ ടീമുകളും മുന്‍കാലങ്ങളില്‍ മികവ് തെളിയിച്ച ജര്‍മ്മനി,ഇറ്റലി,ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളും അപ്പൂപ്പന്‍താടി പോലെ പാറിപ്പോയ 2010 ല്‍ ലോകകപ്പില്‍ ഇടം തേടാനുള്ള ആഫ്രോ-ഏഷ്യന്‍ സ്വപ്നങ്ങളും പൂവണിഞ്ഞില്ല.രണ്ടാം സെമിഫൈനലില്‍ ജര്‍മ്മനിക്കെതിരെ ലാറ്റിനമേരിക്കന്‍ ശൈലിയില്‍ കാണികള്‍ക്ക് ഹരം പകര്‍ന്ന സ്പാനിഷ് കളിക്കാര്‍ ,ഡച്ച് പടയുമായി ഏറ്റുമുട്ടുമ്പോള്‍ ലോകത്തെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്നത് ആരായിരിക്കും സ്വര്‍ണക്കപ്പില്‍ മുത്തമിടുക എന്നതാണ്.സ്പെയിനോ?ഹോളണ്ടോ?ഉത്തരം കിട്ടാന്‍ നമുക്ക് കാത്തിരിക്കാം ഞായറാഴ്ച അര്‍ദ്ധരാത്രി റഫറിയുടെ അവസാന വിസില്‍ മുഴങ്ങുന്നത് വരെ...

2010, ജൂലൈ 2, വെള്ളിയാഴ്‌ച

എം.ജി.രാധാകൃഷ്ണന്‍ അന്തരിച്ചു

പ്രശസ്ത ഗായകനും ചലച്ചിത്ര സംഗീത സംവിധായകനുമായ എം ജി രാധാകൃഷ്ണന്‍ അന്തരിച്ചു.ഇന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.സുപ്രസിദ്ധ സംഗീതജ്ഞനായിരുന്ന മലബാര്‍ ഗോപാലന്‍ നായരുടെ മകനായി ഹര്പ്പാട്ട് ജനിച്ചു.സംഗീതാഭ്യസനത്തിന് ശേഷം ആകാശവാണിയില്‍ ജോലിയില്‍ പ്രവേശിച്ചു.അക്കാലത്ത് എം ജി രാധാകൃഷ്ണന്റെ ലലളിത ഗാനങ്ങള്‍ ഏറെ ജനപ്രിയങ്ങളായി മാറി.അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിനാണ് ആദ്യമായി സംഗീത സംവിധാനം നിര്‍വ്വഹിച്ചത്‌.മണിച്ചിത്രതാഴ് എന്ന സിനിമയിലെ ഗാനങ്ങള്‍ ആസ്വാദകര്‍ ഏറെ ഇഷ്ടപ്പെട്ടു.രണ്ട് തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നേടിയിട്ടുണ്ട്.പ്രശസ്ത ഗായകന്‍ എം ജി ശ്രീകുമാര്‍ സഹോദരനാണ്.മരണവാര്‍ത്തയറിഞ്ഞ് മുഖ്യമന്ത്രി വി എസ് ഉള്‍പ്പടെ നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തി.നാളെ 12 മണിമുതല്‍ സംഗീത കോളേജില്‍ പൊതു ദര്‍ശനത്തിനു വെച്ചതിനു ശേഷം 3 മണിക്ക് തൈക്കാട് ശാന്തി കവാടത്തില്‍ സംസ്കരിക്കും.