2009, ഫെബ്രുവരി 2, തിങ്കളാഴ്‌ച

ദേശീയ കാര്‍ഷിക സെമിനാര്‍ സമാപിച്ചു

ബദല്‍ കാര്‍ഷിക നയം അംഗീകരിച്ചും,കരട് അവകാശ പത്രികയ്ക്കു രൂപം നല്‍കിയും കഴിഞ്ഞ രണ്ട് ദിവസമായി കല്പറ്റയില്‍ നടന്നു വന്ന കര്‍ഷകകര്‍ഷകതൊഴിലാളി സെമിനാറിന് സമാപനമായി.കര്‍ഷകര്‍ക്ക് ന്യായവിലയും,കര്‍ഷകതൊഴിലാളികള്‍ക്ക് മിനിമംകൂലിയും ഉറപ്പാക്കണമെന്ന് അവകാശ പത്രികയില്‍ ആവശ്യപ്പെടുന്നു.ഈ ആവശ്യങ്ങള്‍ നേടിയെടുക്കുന്നതിനുള്ള പ്രക്ഷോഭപരിപാടികള്‍ക്ക് താമസിയാതെ രൂപം നല്കും.കാര്‍ഷിക -ഗ്രാമീണ മേഖലയുടെ പുരോഗതിക്ക് പൊതുമുതല്‍മുടക്ക് വര്‍ദ്ധിപ്പിക്കണമെന്നും സെമിനാര്‍ അംഗീകരിച്ച 18 ഇന അവകാശപത്രികയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് വിലസ്ഥിരത ഉറപ്പ് വരുത്തുക,ഭകഷ്യസുരക്ഷ ഉറപ്പാക്കാന്‍ പൊതുവിതരണ സമ്പ്രദായം മെച്ചപ്പെടുത്തുക,ഊഹക്കച്ചവടവും അവധി വ്യാപാരവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും കരടു പത്രികയില്‍ ഉന്നയിച്ചിട്ടുണ്ട്.അഖിലേന്ത്യാ കിസാന്‍സഭയുടേയും കര്‍ഷക തൊഴിലാളി യൂണിയന്റെയും സംയുക്താഭിമുഖ്യത്തില്‍ രണ്ട് ദിവസമായി അഞ്ചു സെഷനുകളിലായി നടന്ന ചര്‍ച്ചകളുടെയും സെമിനാറുകളുടേയും അടിസ്ഥാനത്തില്‍ തയ്യാറാക്കിയ കരടു അവകാശപത്രിക കിസാന്‍സഭ ജനറല്‍ സെക്രട്ടറി കെ.വരദരാജനാണ് പുറത്തിറക്കിയത്.കിസാന്‍ സഭാ അഖിലേന്ത്യാ പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള അദ്ധ്യക്ഷത വഹിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: