2012, ജൂലൈ 28, ശനിയാഴ്‌ച

ലണ്ടനില്‍ ഒളിമ്പിക് ദീപം തെളിഞ്ഞു,തുടക്കം ഗംഭീരം..!

ലോകചരിത്രത്തിന്റെ ദിശ നിര്‍ണ്ണയിച്ച തൈംസ് നദിക്കരയില്‍ പണിതുയര്‍ത്തിയ സ്ട്രാഫോര്‍ഡ് സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ   അറുപതിനായിരം കാണികളെയും,ലോകത്തെങ്ങുമുള്ള നൂറു കോടി ടെലിവിഷന്‍ പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി മുപ്പതാം ഒളിമ്പിക്സിന് ലണ്ടനില്‍ ഗംഭീരമായ തുടക്കം ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയം1.30 ന് എലിസബത്ത് രാജ്ഞി ഒളിമ്പിക്സിന്റെ തുടക്കം കുറിച്ചുള്ള പ്രഖ്യാപനം നടത്തി. അന്താരാഷ്‌ട്ര ഒളിമ്പിക് കമ്മറ്റി മേധാവി ജാക്സ് റോഗെ സ്റ്റേഡിയം കവാടത്തില്‍ രാജ്ഞിയെ സ്വീകരിച്ചാനയിച്ചു.തുടര്‍ന്ന് 204 രാജ്യങ്ങളിലെ 10500 ലേറെ കായികതാരങ്ങള്‍ ഗ്രൗണ്ടില്‍  പ്രവേശിച്ചു.മാര്‍ച്ച്പാസ്റ്റ് കഴിഞ്ഞ്‌ സംഘാടകസമിതി ചെയര്‍മാന്‍ സെബ്കോയും ജാക്സ് റോഗേയും താരങ്ങളെ അഭിവാദ്യം ചെയ്തു.തുടര്‍ന്ന് എലിസബത്ത് രാജ്ഞി ഒളിമ്പിക്സ് തുടങ്ങിയതായി പ്രഖ്യാപിച്ചു.ബ്രിട്ടീഷ് ദേശീയഗാനം ആലപിക്കവേ ഒളിമ്പിക് പതാക ഉയര്‍ത്തപ്പെട്ടു.പിന്നീട് കഴിഞ്ഞ 69 നാളുകളായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ ദീപശിഖ ഒളിമ്പ്യാഡില്‍ സ്ഥാപിക്കപ്പെട്ടു.ഹോളി വുഡ് സംവിധായകനും സ്ലംഡോഗ് മില്യനെയര്‍ എന്ന സിനിമയിലൂടെ ഓസ്കാര്‍ അവാര്‍ഡ് നേടിയ ഡാനി ബെയ്ല്‍ ഒരുക്കിയ 'അത്ഭുതദ്വീപ്'എന്ന കലാപ്രകടനം അരങ്ങേറി.വെടിക്കട്ടുകള്‍ തീര്‍ത്ത വര്‍ണ്ണവിസ്മയം ചടങ്ങിന്‌ കൊഴുപ്പേകി.ഞായറാഴ്ച ട്രാക്കുകള്‍ ഉണരുന്നതോടെ ലോകത്തിന്റെ കണ്ണും കാതും ലണ്ടനിലേക്ക് ലക്‌ഷ്യം വെക്കും.സമാപന ദിവസമായ ആഗസ്ത് 12 വരെ ഇനി കായിക പ്രേമികള്‍ക്ക് ഉറക്കമില്ലാത്ത രാത്രികളായിരിക്കും.

2012, ജൂലൈ 19, വ്യാഴാഴ്‌ച

ലണ്ടന്‍ ഒളിമ്പിക്സ് ലഹരിയില്‍,തിരി തെളിയാന്‍ ഇനി ഏഴ് നാളുകള്‍ മാത്രം...

ഒരിക്കല്‍ സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ തസ്ഥാനനഗരമായിരുന്ന ലണ്ടനില്‍ ലോകത്തിലെ ഏറ്റവും വലിയ കായിക മാമാങ്കത്തിന് വേദിയാകാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.അഞ്ചു വന്‍കരകളിലെ ഇരുനൂറിലേറെ രാഷ്ട്രങ്ങളില്‍ നിന്നും കായികപ്രതിഭകള്‍ ലണ്ടനില്‍ എത്തിക്കൊണ്ടിരിക്കുന്നു.ജൂലായ്‌ 27 മുതല്‍ ആഗസ്ത് 12 വരെ നടക്കുന്ന മുപ്പതാമത് ഒളിമ്പിക്സില്‍ 39 ഇനങ്ങളിലായി മത്സരങ്ങള്‍ അരങ്ങേറും.ഈ വര്‍ഷം വനിതാ ബോക്സിംഗ് പുതുതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്.2012 ജൂലായ്‌ 27 നു ഒളിമ്പിക് സ്റ്റേഡിയത്തില്‍ എലിസബത്ത്‌ രാജ്ഞി മത്സരങ്ങളുടെ ആരംഭം കുറിച്ച് കൊണ്ടുള്ള പ്രഖ്യാപനം നടത്തുന്നതോടെ ഒളിമ്പിക്സിനു തുടക്കമാവും.വര്‍ണ്ണശഭളമായ ഉത്ഘാടനചടങ്ങില്‍ ലോകപ്രശസ്തരായ പ്രതിഭകള്‍ അണിനിരക്കുന്ന നാല് മണിക്കൂര്‍ നീളുന്ന കലാവിരുന്നും ഒരുക്കിയിട്ടുണ്ട്.ലോകത്തെങ്ങുമുള്ള 100 കോടി ജനങ്ങള്‍ ടിവിയിലൂടെ ഉത്ഘാടന ചടങ്ങുകള്‍ വീക്ഷിക്കും. 2008 ലെ ബീജിംഗ് ഒളിമ്പിക്സില്‍ നഷ്ടപ്പെട്ട ആധിപത്യം തിരിച്ചു പിടിക്കാന്‍ അമേരിക്ക രംഗത്തുണ്ട്.എന്നാല്‍ മെഡല്‍ വേട്ടയില്‍ ഇത്തവണയും വിട്ടുകൊടുക്കില്ല എന്ന ഉറപ്പുമായി ചൈനയും ലണ്ടനിലെത്തും.
ട്രാക്കില്‍ അത്ഭുതം രചിക്കുന്ന പറക്കും മനുഷ്യന്‍ ഉസൈന്‍ ബോള്‍ട്ടും,ഫുഡ്‌ബോള്‍ മന്ത്രികരായ ബ്രസീലും അണിനിരക്കുന്ന മത്സരങ്ങളും ലോകം ഉറ്റുനോക്കുന്നു.ഷൂട്ടിംഗ്,ഹോക്കി തുടങ്ങിയ ഇനങ്ങളില്‍ ഇന്ത്യ പ്രതീക്ഷ വച്ചുപുലര്‍ത്തുന്നു.20 കിലോമീറ്റര്‍ നടത്തത്തില്‍ കേരളത്തിന്റെ ഇര്‍ഫാനും,ഹോക്കിയില്‍ ഗോള്‍ മുഖത്തിന്റെ കാവല്‍ക്കാരനായ പി ആര്‍ ശ്രീജേഷും ഇന്ത്യയുടെ അഭിമാനമായി മാറും.ലോകത്തെമ്പാടുമുള്ള സ്പോര്‍ട്സ് പ്രേമികളുടെ കണ്ണും കാതും ഇനി ലണ്ടനിലേക്ക്...ഇന്ത്യയില്‍ ലണ്ടന്‍ ഒളിംപിക്സിന്റെ സംപ്രേക്ഷണാവകാശം ഇ എസ് പി എന്‍,സ്റ്റാര്‍ സ്പോര്‍ട്സ് എന്നീ ചാനലുകള്‍ക്കാണ്.ഇന്ത്യ പങ്കെടുക്കുന്ന ഇനങ്ങള്‍ ജൂലായ്‌ 27 മുതല്‍ ആഗസ്ത് 12 വരെ, എല്ലാ ദിവസസങ്ങളിലും ഉച്ചയ്ക്ക് 12 .30 മുതല്‍ പുലര്‍ച്ചെ 4 .30 വരെ ഇ എസ്‌ പി എനും മറ്റു ഇനങ്ങള്‍ ഉച്ചയ്ക്ക് 1 .30 മുതല്‍ സ്റ്റാര്‍ സ്പോര്‍ട്സും സംപ്രേക്ഷണം ചെയ്യുന്നതാണ്.