2013, ജനുവരി 20, ഞായറാഴ്‌ച

സ്കൂള്‍ കലോത്സവം കൊടിയിറങ്ങി,സ്വര്‍ണ്ണക്കപ്പ് വീണ്ടും കോഴിക്കോടിന്

നാടിന്റെ കലാപ്പെരുമ വിളംബരം ചെയ്ത്,മലപ്പുറത്തിന്റെ മണ്ണില്‍ കോഴിക്കോട് പതിനേഴരപവന്റെ സ്വര്‍ണ്ണക്കപ്പില്‍ മുത്തമിട്ടു..!ഏഴ് ദിനരാത്രങ്ങള്‍ മലപ്പുറത്തുകാരെ  ഉത്സവലഹരിയില്‍ ആറാടിച്ച സ്കൂള്‍ കലോത്സവം ഇന്ന് കൊടിയിറങ്ങി. ആകെ 912 പോയിന്റുകള്‍ നേടിയാണ്‌ കോഴിക്കോട് ജില്ല ഏഴാം തവണ വിജയക്കൊടി പാറിച്ചത്.കോഴിക്കോടിന് ഹൈസ്കൂള്‍ വിഭാഗത്തില്‍ 414 ഉം ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 498 ഉം പോയിന്റുകളുണ്ട്.സമാപന ചടങ്ങില്‍ വെച്ച് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് കോഴിക്കോടിന് സ്വര്‍ണ്ണക്കപ്പ് സമ്മാനിച്ചു.900  പോയിന്റുകളോടെ തൃശൂര്‍ രണ്ടാം സ്ഥാനവും 881 പോയിന്റുകള്‍ നേടി മലപ്പുറം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.ഹൈസ്കൂള്‍ വിഭാഗത്തില്‍ ആലത്തൂര്‍ ബി എസ് എസ് സ്കൂള്‍ 80 പോയിന്റുകളോടെ ഒന്നാം സ്ഥാനത്തെത്തി.ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ 132 പോയിന്റുകള്‍ നേടിയ കാഞ്ഞങ്ങാട് ദുര്‍ഗ്ഗ ഹയര്‍ സെക്ക.സ്കൂള്‍ മുന്നിലെത്തി.അടുത്ത വര്‍ഷത്തെ സ്കൂള്‍ കലോത്സവത്തിന് പാലക്കാട് വേദിയാകും. കലോത്സവത്തിന് മൂന്നാം തവണ വേദിയൊരുക്കുന്ന പാലക്കാട്ട് ഏറ്റവും ഒടുവില്‍ കലോത്സവം നടന്നത് 2000 ത്തിലാണ്.

അഭിപ്രായങ്ങളൊന്നുമില്ല: