വ്രതാനുഷ്ടാനത്തിന്റെ ദിനരാത്രങ്ങളുമായി പരിശുദ്ധ റമളാൻ പടിവാതിൽക്കൽ എത്തി നില്ക്കുന്നു...പശ്ചിമാകാശത്തിൽ മാസപ്പിറവി കണ്ടതോടെ മുസ്ലിമീങ്ങൾക്ക് ത്യാഗത്തിന്റെയും ആരാധനകളുടെയും രാപ്പകലുകൾ വരവായി..നൂറ്റാണ്ടുകൾക്ക് മുന്നേ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അടക്കി വാണിരുന്ന അറേബ്യയിൽ അന്ത്യപ്രാവാചകനായ മുഹമ്മദ് നബി (സ.അ) തൗഹീദിന്റെ തൂവെളിച്ചവുമായി കടന്നു വന്നു...ഇസ്ലാം അനുശാസിക്കുന്ന നിർബന്ധ കർമ്മങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് റമളാൻ മാസത്തിലെ നോമ്പ്.പ്രഭാതം മുതൽ പ്രദോഷം വരെ ഭക്ഷണപാനീയങ്ങൾ വെടിഞ്ഞ് ശരീരത്തെയും മനസ്സിനേയും ശുദ്ധീകരിക്കാൻ വിശ്വാസികൾക്ക് കൈവന്ന സുവർണാവസരമാണ് ഈ പുണ്യമാസം...വിശ്വാസികൾ വ്രതാനുഷ്ടാനത്തോടൊപ്പം പള്ളികളിലും വീടുകളിലും ഇബാദത്തിൽ മുഴുകി സർവ്വശക്തനായ അല്ലാഹുവിൽ അഭയം തേടുന്നു.പകൽ ആഹാരനീഹാരാദികൾ വെടിഞ്ഞതു കൊണ്ട് മാത്രം റമളാനിന്റെ ലക്ഷ്യങ്ങൾ പൂർണമാവുന്നില്ല.മനസാ വാചാ കർമ്മണാ എല്ലാ പാപങ്ങളിൽ നിന്നും അകന്നു നില്ക്കാനാണ് അല്ലാഹു കല്പ്പിക്കുന്നത്.
ശരീരത്തിന്റെയും മനസ്സിന്റെയും എല്ലാ പ്രലോഭനങ്ങളിൽ നിന്നും മുക്തി നേടിയാൽ മാത്രമേ വ്രതാനുഷ്ടാനത്തിന്റെ സത്ത സംരക്ഷിക്കപ്പെടുകയുള്ളൂ...ദാന ധർമ്മാദികൾ ചെയ്യുന്നതിനുള്ള ഏറ്റവും അനുയോജ്യമായ മാസവും ഇത് തന്നെ.ലോകത്തിനു വഴികാട്ടിയായി തീർന്ന പരിശുദ്ധ ഖൂർ ആൻ അവതരിക്കപ്പെട്ടതും ഈ പുണ്യമാസത്തിലാണ്.അവിശ്വാസികൾക്ക് എതിരെ വിശ്വാസികൾ ഐതിഹാസിക വിജയം നേടിയ ബദർ ദിനവും റമളാനിലാണ്. ആയിരം രാവുകളേക്കാൾ പുണ്യമുള്ള ലൈലത്തുൽ ഖദിർ ഈ മാസത്തിലെ ഇരുപത്തിയേഴാം രാവാണ്................. രാത്രി കാലങ്ങളിലെ തറാവീഹ് നമസ്കാരവും ഖുർ ആൻ പാരായണവും അവസാനത്തെ പത്തു നാളുകളിൽ പള്ളികളിൽ ഇ ഇത്തിക്കാഫ് ഇരിക്കലും ഈ മാസത്തിലെ പുണ്യകർമ്മങ്ങളിൽ ചിലത് മാത്രം...റമളാ നിലും തുടർന്നും അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ എല്ലാവരിലും ഉണ്ടാവട്ടെ...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ