2013, നവംബർ 23, ശനിയാഴ്‌ച

പ്ലീനത്തെ വരവേൽക്കാൻ വള്ളുവനാട് ചെമ്പട്ടണിഞ്ഞു...


വർഗ്ഗീയ ഫാസിസ്റ്റ് ശക്തികളുടെ കൊലക്കത്തികൾക്കും വലതുപക്ഷ ഭരണകൂടത്തിന്റെ മർദ്ദനമുറകൾക്കും മുന്നിൽ മുട്ട് മടക്കാത്ത തൊഴിലാളി വർഗ്ഗത്തിന്റെ വിപ്ലവപ്രസ്ഥാനമായ സി പി ഐ എമ്മിന്റെ മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സംസ്ഥാന പ്ലീനത്തെ വരവേൽക്കാൻ പാലക്കാട്ടെ നാടും നഗരങ്ങളും ഒരുങ്ങിക്കഴിഞ്ഞു.കല്ലടിക്കോടൻ മലനിരകൾ കടന്നെത്തുന്ന വൃക്ഷികക്കാറ്റിൽ തലയാട്ടി നിൽക്കുന്ന കരിമ്പനകൾക്ക് കീഴെ വള്ളുവനാടിന്റെ ഗ്രാമവീഥികളിൽ  മർദ്ദിത വർഗ്ഗത്തിന്റെ മോചനത്തിന്റെ അടയാളമായ ചെങ്കൊടികൾ പാറിത്തുടങ്ങി...സമ്മേളന വേദിയായ പാലക്കാട് നഗരത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചരിത്രസ്മരണകൾ ഉണർത്തുന്ന സ്ക്വയറുകളും കമാനങ്ങളും ഉയർന്നുകഴിഞ്ഞു.പോസ്റ്ററുകളും വിളംബര ജാഥകളും പാർട്ടിബന്ധുക്കളിലും പ്രവർത്തകരിലും ആവേശമുണർത്തുന്നു.ചിട്ടയായ പ്രവർത്തനങ്ങളിലൂടെ നവംബർ 27,28,29 തിയ്യതികളിൽ നടക്കുന്ന പ്ലീനവും അനുബന്ധ പരിപാടികളും ചരിത്രസംഭവമായി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് എങ്ങും ദൃശ്യമാവുന്നത്. സമാപനദിവസമായ 29 ന് സംഘടിപ്പിക്കുന്ന ബഹുജന റാലിയിൽ ജനലക്ഷങ്ങളെ പങ്കെടുപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നു.കോഴിക്കോട്ട് നടന്ന ഇരുപതാം പാർട്ടി കോണ്‍ഗ്രസ്സിന്  ശേഷം നടക്കുന്ന പ്ലീനം സി പി ഐ എമ്മിന്റെ സംഘടനാശേഷി വിളംബരം ചെയ്യുന്നതായിരിക്കും.പാർട്ടിക്കകത്ത്  മുളപൊട്ടുന്ന സംഘടനാപരമായ ദൌർബല്യങ്ങൾ പരിഹരിച്ച് മുന്നോട്ടു പോകുന്നതിനുള്ള നിർദ്ദേശങ്ങളും തീരുമാനങ്ങളും പ്ലീനത്തിൽ ഉണ്ടാവും.പാർട്ടി  സെക്രട്ടറി യറ്റും സംസ്ഥാന കമ്മറ്റിയും കഴിഞ്ഞ ദിവസങ്ങളിൽ യോഗം ചേർന്ന് പ്ലീനത്തിന്റെ നടപടിക്രമങ്ങൾക്ക് അംഗീകാരം നൽകി.

അഭിപ്രായങ്ങളൊന്നുമില്ല: