2014, ഫെബ്രുവരി 26, ബുധനാഴ്‌ച

കോഴിക്കോട് കടപ്പുറത്ത് ജനസാഗരം തീർത്ത് കേരളരക്ഷാമാർച്ച്‌ സമാപിച്ചു


ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്ത്,സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സമരപോരാട്ടങ്ങൾ സംഘടിപ്പിച്ച ഇതിഹാസഭൂമിയിൽ,അസ്തമനസൂര്യന്റെ അരുണകിരണങ്ങളും  ചെങ്കൊടികളും ചെന്നിറം ചാർത്തിയ സായംസന്ധ്യയെ സാക്ഷിയാക്കി ജനനായകൻ സ.പിണറായി വിജയൻ അഴിമതിക്കും ഭരണകൂടനെറി കേടുകൾക്കുമെതിരെ നയിച്ച കേരളരക്ഷാ മാർച്ചിന് സമാപനമായി.വിപ്ലവ കേരളത്തിന്റെ ഈറ്റില്ലമായ പുന്നപ്ര വയലാർ രക്തസാക്ഷിമണ്ഡപത്തിൽ നിന്നും ഫിബ്രവരി 1 ന് പ്രയാണം തുടങ്ങി കേരളത്തിലെ നാടും നഗരങ്ങളും ഇളക്കിമറിച്ച്,രാഷ്ട്രീയ എതിരാളികളുടെ പേടിസ്വപ്നമായി മാറിയ കേരളരക്ഷാമാർച്ച് 126 സ്വീകരണ കേന്ദ്രങ്ങളിൽ തിങ്ങിക്കൂടിയ ജനസഹസ്രങ്ങളുടെ ആശീർവാദങ്ങൾ ഏറ്റുവാങ്ങി കോഴിക്കോട് കടപ്പുറത്ത് മനുഷ്യസാഗരം തീർത്ത്‌ ഇന്ന് വൈകീട്ട് സമാപിക്കുകയായിരുന്നു.സമാപനദിവസമായ ഇന്ന് അവസാനത്തെ സ്വീകരണകേന്ദ്രമായ കക്കോടിയിൽ നിന്നും ജാഥയെ  മോട്ടോർ സൈക്കളുകളിൽ  നൂറുകണക്കിന് റെഡ് വളണ്ടിയർമാരുടെ അകമ്പടിയോടെ നഗരവീഥികളിലേക്ക് ആനയിച്ചു.സമാപന സമ്മേളനത്തിൽ പങ്കെടുക്കാൻ കോഴിക്കോട് നോർത്ത്, സൌത്ത്,ബേപ്പൂർ,കുന്നമംഗലം നിയമസഭാമണ്ഡലങ്ങളിലെ പാർട്ടിപ്രവർത്തകരും അനുഭാവികളും ചെങ്കൊടികൾ കൈകളിലേന്തി  കുടുംബസമേതം  ചെറുജാഥകളായി കടപ്പുറത്തെ സമ്മേളനനഗരിയിലേക്ക് ഒഴുകിയെത്തി അറബിക്കടൽതീരത്ത് മറ്റൊരു മനുഷ്യക്കടൽ തീർത്തു.പാർട്ടി ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.കോണ്‍ഗ്രസ്‌ മുങ്ങുന്ന കപ്പലാണെന്നും വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ന്യൂനപക്ഷങ്ങൾ ഉൾപ്പെടെ ഇടതുപക്ഷത്തോടൊപ്പം നിൽക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.സമാപന സമ്മേളനത്തിൽ പാർട്ടി കോഴിക്കോട് ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണൻ അധ്യക്ഷനായി.പിണറായിക്ക് പുറമെ  പി ബി അംഗങ്ങളായ കോടിയേരി ബാലകൃഷ്ണൻ,എം എ ബേബി, ജാഥയിലെ മറ്റംഗങ്ങളായിരുന്ന എ വിജയരാഘവൻ,ഇ പി ജയരാജൻ,പി കെ ശ്രീമതി,എ കെ ബാലൻ,എം വി ഗോവിന്ദൻ,എളമരം കരീം,ബേബി ജോണ്‍ എന്നിവരും സംസാരിച്ചു.എം ഭാസ്കരൻ സ്വാഗതം പറഞ്ഞു.കലാമണ്ഡലം പൂർവവിദ്യാർഥികളുടെ 'മിഴാവിൽ മേളവും',വി ടി മുരളിയും സംഘവും കെ പി ആർ പണിക്കരുടെ വിപ്ലവ ഗായകസംഘവും അവതരിപ്പിച്ച ഗാനമേളയും സമാപന സമ്മേളന വേദിയിൽ കലാവിരുന്നൊരുക്കി.  

അഭിപ്രായങ്ങളൊന്നുമില്ല: