2014, ജൂലൈ 25, വെള്ളിയാഴ്‌ച

ലോകഫുട്ബോൾ മാമാങ്കത്തിലെ ലാറ്റിനമേരിക്കൻ ദുരന്തം..!


2014 ജൂലായ് 14 ന് പുലർച്ചെ മാറക്കാനയിൽ തിങ്ങിനിറഞ്ഞ കാണികളേയും മിനിസ്ക്രീന് മുന്നിൽ കളി കണ്ടുകൊണ്ടിരുന്ന ലോകമെമ്പാടുമുള്ള കാൽപന്താസ്വാദകാരേയും സാക്ഷി നിർത്തി ഫുട് ബോൾ മാന്ത്രികൻ മാറഡോണയുടെ പിന്മുറക്കാരായ അർജന്റീനയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി നീണ്ട 24 വർഷങ്ങൾക്ക് ശേഷം ജർമ്മനി ഫിഫ ലോകകപ്പിൽ മുത്തമിട്ടു.മുഴുവൻ സമയം കഴിഞ്ഞിട്ടും കളി തീരുമാനമാകാതെ വന്നപ്പോൾ അനുവദിച്ച അധികസമയത്ത് ടീമിൽ പകരക്കാരനായി ഇറങ്ങിയ 22 കാരനായ ഗോട്സെ നേടിയ അതീവ മനോരമായ ഒരുഗോളിനാണ് മെസ്സിയുടെ ചുണക്കുട്ടികളെ മുള്ളറുടെ സിംഹക്കുട്ടികൾ അടിയറവ് പറയിച്ചത്.സെമി ഫൈനലിൽ ഒന്നിനെതിരെ ഏഴ് ഗോളുകൾക്ക് ആതിഥേയരായ ബ്രസീലിന്‌ ജർമ്മനി നൽകിയ കനത്ത പരാജയവും,ഫൈനലിൽ അർജന്റീനയ്ക്ക് സംഭവിച്ച തോൽവിയും കൂടി ചേർത്ത് വായിച്ചാൽ ഇത്തവണത്തെ ലോക ഫുട്ബോൾ മാമാങ്കം ഒരു ലാറ്റിനമേരിക്കൻ ദുരന്തമായിട്ടാണ് കലാശിച്ചത്.അർജന്റീനയുടെ ഉയിർത്തെഴുന്നേൽപ്പ് ആശാവഹമെങ്കിലും ബ്രസീലിന്റെ നാണം കെട്ട തോൽവി വളരെക്കാലം ബ്രസീലിയൻ ആരാധകരുടെ ഉറക്കം കെടുത്തും.അറുപത്തിനാല് മത്സരങ്ങളിൽ നിന്നും ആറ്റിക്കുറുക്കി കലാശക്കളിയിൽ ലാറ്റിനമേരിക്കൻ-യൂറോപ്യൻ ഫുട്ബോൾ
ശൈലികൾ തമ്മിലുള്ള ഏറ്റുമുട്ടലിൽ നല്ല ഫുട്ബോളിന്റെ വക്താക്കളായ ജർമ്മനിയ്ക്കുണ്ടായ തിളക്കമാർന്ന വിജയം അവർ കളിച്ചു നേടിയതാണെന്നതിൽ തർക്കമില്ല.യൂറോപ്യൻ ഫുട്ബാളിന്റെ അധീശത്വം തെളിഞ്ഞ്‌ കണ്ട ഈ ലോകകപ്പ്‌ ഫുട്ബോളിലെ  കളിയനുഭവങ്ങൾ  ഏഷ്യൻ,ആഫ്രിക്കൻ,ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ കളിക്കാർക്ക്‌ പാഠമായിരിക്കട്ടെ..!കണ്ണീരും പുഞ്ചിരിയും ഇടകലർന്ന മത്സരങ്ങൾക്കൊടുവിൽ 2018 ലെ ലോകകപ്പിന് റഷ്യയിൽ വീണ്ടും കണ്ടുമുട്ടാൻ വേണ്ടി കളിക്കാർ ബ്രസീലിൽ നിന്നും വിടവാങ്ങി.

അഭിപ്രായങ്ങളൊന്നുമില്ല: