2009, ഏപ്രിൽ 10, വെള്ളിയാഴ്‌ച

പീഡാനുഭവ സ്മരണകളുമായി ദുഃഖവെള്ളി

ലോകമെങ്ങുമുള്ള ക്രൈസ്തവര്‍, ക്രിസ്തു കുരിശിലേറ്റപ്പെട്ടതിന്‍റെ ഓര്‍മ്മ പുതുക്കുന്നതിന് ദുഃഖവെള്ളി ആചരിക്കുന്നു.പള്ളികളില്‍ പീഡാനുഭവങ്ങളെ സ്മരിക്കുന്ന പ്രത്യേക ശുശ്രൂഷകള്‍ നടക്കും.കുരിശുമായി ഗാഗുല്‍താമലയിലേക്കു യേശുക്രിസ്തു നടന്നുകയറിയ സംഭവം ഓര്‍മ്മിപ്പുക്കുന്ന കുരിശിന്റെ വഴി എന്ന ചടങ്ങില്‍ പതിനായിരക്കണക്കിനു വിശ്വാസികള്‍ അണിചേരും.ഭക്തി നിര്‍ഭരമായ അന്തരീക്ഷത്തില്‍ പള്ളികളില്‍ പെസഹാ പ്രമാണിച്ചു കാല്‍കഴുകല്‍ ശുശ്രൂഷ നടന്നു.അഭിവന്ദ്യ ബിഷപ്പുമാര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.ഞായറാഴ്ച പുലര്‍ച്ചെ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥന കഴിഞ്ഞു സ്വന്തം വീടുകളിലെത്തുന്ന വിശ്വാസികള്‍ 50 ദിവസത്തെ നോമ്പ് അവസാനിപ്പിച്ചു വിഭവസമൃദ്ധമായ ഭക്ഷണം പങ്കു വെക്കും.അനാഥര്‍ക്കും പട്ടിണിപ്പാവങ്ങള്‍ക്കും ഇതോടനുബന്ധിച്ച് ആഹാരം വിളമ്പും. നന്മയേയും നീതിയേയും ഉന്മൂലനം ചെയ്തു തിന്മകള്‍ക്കു ഒരിയ്ക്കലും നിലനില്‍ക്കാനാവില്ലെന്ന ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ സന്ദേശമാണ് ഈസ്റ്റര്‍ ആഘോഷങ്ങള്‍ നമ്മളിലെത്തിക്കുന്നത്.

2009, ഏപ്രിൽ 5, ഞായറാഴ്‌ച

മഅദിന്‍ എന്‍കൌമിയം മലപ്പുറത്ത്

മലബാറിലെ പ്രശസ്ത വിദ്യാഭ്യാസ സമുച്ചയമായ മലപ്പുറത്തെ മഅദിന്‍ സഖാഫത്തുല്‍ ഇസ്ലാമിയ്യയില്‍ നടത്തപ്പെടുന്ന എന്‍കൌമിയം പരിപാടികള്‍ക്ക് ഇന്നു തുടക്കം.ഇരുപതോളം രാജ്യങ്ങളില്‍ നിന്നുള്ള മതപണ്ഡിതന്‍മാര്‍ ഇവിടെ നടക്കുന്ന വിവിധ പരിപാടികളില്‍ പന്കെടുക്കും. ഇന്നു ഏപ്രില്‍ 5 നു മഅദിന്‍ കാമ്പസ്സില്‍ അഖിലേന്ത്യാ എക്സ്പോ ആരംഭിക്കും. പരിപാടിയുടെ ഭാഗമായി നടത്തപ്പെടുന്ന രാഷ്ട്രീയ സമ്മേളനം സച്ചാര്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റീസ് രജീന്ദര്‍ സച്ചാര്‍ ഏപ്രില്‍ 7 നു ഉല്‍ഘാടനം ചെയ്യുന്നതാണ്.പിന്നോക്ക ന്യൂനപക്ഷ കമ്മീഷന്‍ അംഗം ഡോ.അബ്ദുല്‍ അലി അസീസ്‌ (ഡല്‍ഹി ),
ടി കെ ഹംസ എംപി,പന്ന്യന്‍ രവീന്ദ്രന്‍ എംപി ,ഡോ.കെ ടി ജലീല്‍ എം എല്‍ എ,ആര്യാടന്‍ മുഹമ്മദ് എം എല്‍ എ,പ്രൊഫ.എ പി അബ്ദുല്‍ വഹാബ്,മുള്ളൂര്‍ക്കര മുഹമ്മദലി സഖാഫി തുടങ്ങിയവരും രാഷ്ട്രീയ സമ്മേളനത്തില്‍ പ്രംഗിക്കും.ഏഴിന് വൈകീട്ട് സൌഹൃദ സമ്മേളനം ഡോ.സുകുമാര്‍ അഴീക്കോട് ഉല്‍ഘാടനം ചെയ്യും.ഏപ്രില്‍ 9,10,11,12 തിയ്യതികളില്‍ സമാപന സമ്മേളനങ്ങള്‍ മലപ്പുറം സ്വലാത്ത് നഗറിലാണ് നടക്കുക.പ്രമുഖ ഇസ്ലാമിക പണ്ഡിതന്‍ അഷ്റഫ് മുനീബ് (അമേരിക്ക)സമാപന സമ്മേളനത്തിന്റെ ഉല്‍ഘാടനം നിര്‍വ്വഹിക്കും.സ്വലാത്ത് നഗറില്‍ പുതുതായി നിര്മ്മിച്ച മസ്ജിദും ഇതോടനുബന്ധിച്ച് ഉല്‍ഘാടനം ചെയ്യപ്പെടും.വിവിധ സമ്മേളനങ്ങളില്‍ ഡോ.കെ കെ എന്‍ കുറുപ്പ്,കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ല്യാര്‍,കെ ഇ എന്‍ കുഞ്ഞഹമ്മദ്,ഡോ.ഹുസൈന്‍ രണ്ടത്താണി എന്നിവര്‍ സംസാരിക്കും.പരിപാടികള്‍ വിശദീകരിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി ,സയ്യിദ് അലി ബാഫഖി തങ്ങള്‍,കുറ്റന്‍ബാറ അബ്ദുറഹിമാന്‍,പി എം മുസ്തഫ കോഡൂര്‍, പി പി ബാപ്പു ഹാജി തുടങ്ങിയ സ്വാഗത സംഘം ഭാരവാഹികള്‍ പങ്കെടുത്തു.

2009, ഏപ്രിൽ 4, ശനിയാഴ്‌ച

അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി


അറബ് രാജ്യങ്ങളും ലാറ്റിനമേരിക്കയും തമ്മിലുള്ള സഹകരണം വിപുലമാക്കാന്‍ ഈയിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടിയില്‍ തീരുമാനമായി.22 അംഗ അറബ് ലീഗ് രാഷ്ട്രവും 12 അംഗ ലാറ്റിനമേരിക്കന്‍ രാജ്യവുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.അറബ് ഉച്ചകോടിയുടെ സമാപനമായിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചത്‌.ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ വെന്വുസലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്,ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡാ സില്‍വ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാരും സംബന്ധിച്ചു. അറബ് ലോകവും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും തമ്മില്‍ ഒരുപാടു സമാനതകളുന്ടെന്നും സമാന പ്രതിസന്ധികളെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്നും ആമുഖ പ്രസംഗത്തില്‍ അമീര്‍ നിര്‍ദ്ദേശിച്ചു.അറബ് ലോകവുമായി വെറും വാണിജ്യ ബന്ധം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും സമ്പന്ന രാജ്യങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും മോചിതമാകുന്ന രാഷ്ട്രീയ സാംസ്കാരിക ബന്ധം കൂടിയാണെന്നും ബ്രസീല്‍ പ്രസിഡണ്ട്‌ ലുലാ ഡാ സില്‍വ അഭിപ്രായപ്പെട്ടു.ഏകധ്രുവ ലോകക്രമത്തില്‍ നിന്നു ബഹുധ്രുവ ലോകക്രമത്തിലേക്കുള്ള മാറ്റത്തെ ലാറ്റിനമേരിക്കയിലെ മറ്റു ഭരണത്തലവന്മാരും അനുകൂലിച്ചു.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍ എണ്ണയുല്‍പ്പാദന രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങല്‍ക്കൊപ്പം ഒപെക് രാജ്യങ്ങളായ വെന്വേസുല ഉള്‍പ്പടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഡോളറിനു പകരം പെട്രോകറന്‍സി ഏര്‍പ്പെടുത്തണമെന്ന ഷാവേസിന്റെ നിര്‍ദ്ദേശത്തിനു ഇത്തരുണത്തില്‍ പ്രസക്തി കൂടുന്നു.പാലസ്തീന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അറബ് ലോകത്തിന്റെ പോരാട്ടങ്ങള്‍ക്കും സമാധാനശ്രമങ്ങള്‍ക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ലുലയും ഷാവേസും ഉച്ചകോടിയില്‍ അറിയിച്ചു.അറബ് രാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് രണ്ടാമത് അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി ദോഹയില്‍ സമാപിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അവസാന പതനം ആസന്നമായെന്നു ഉച്ചകോടിക്കിടെ അല്‍ ജസീറാ ചാനലുമായുള്ള അഭിമുഖത്തില്‍ ഷാവേസ് പറഞ്ഞു.സുഡാന്‍ പ്രസിടന്റ്റ് ഉമാറുല്‍ ബാഷിറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ട് ജുഡിഷ്യല്‍ ടെററിസമാണെന്നും അദ്ദേഹം തുറന്നടിച്ചു.മൂന്നാം ലോകത്തെ പേടിപ്പിച്ചു വരുതിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഷാവേസ് പറഞ്ഞു.ബാഷിറിനെതിരെയല്ല കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നല്കിയ ബുഷിനും, ഇസ്രായേല്‍ പ്രസിടന്റ്റ് ഷിമോണ്‍ പെരസിനുമെതിരെയാണ് അറസ്റ്റ്വാറന്‍റ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വംശഹത്യാ നിലപാടുകളില്‍ നിന്നും പിന്മാറുന്നത് വരെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കില്ലെന്നും ഷാവേസ് തറപ്പിച്ചു പറഞ്ഞു.ലാറ്റിനമേരിക്കയില്‍ 2 കോടിയിലേറെ അറബ് വംശജരുണ്ട്.പെറുവും കൊളംബിയയും ഒഴികെ തെക്കേ അമേരിക്കയിലെ 12 രാജ്യങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴിലാണ്.അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരെ നിലകൊള്ളു‌ന്ന ഈ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങളും ഒന്നിച്ചാല്‍ അത് ഒരു പുതിയ ലോകത്തിന്റെ പിറവിക്കു കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.

























2009, ഏപ്രിൽ 3, വെള്ളിയാഴ്‌ച

ബിജെപി പ്രകടനപത്രിക പ്രകാശനം ചെയ്തു

ലോകസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപി പ്രകടനപത്രിക ഡല്‍ഹിയില്‍ പ്രകാശനം ചെയ്തു.പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ താഴെ പറയുന്നവ നടപ്പിലാക്കുമെന്ന് പത്രിക വാഗ്ദാനം ചെയ്യുന്നു.
1.ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് കിലോഗ്രാമിന് 2 രൂപ നിരക്കില്‍ അരി വിതരണം ചെയ്യും.2.മുഴുവന്‍ കാര്‍ഷിക കടങ്ങളും എഴുതിത്തള്ളും,കര്‍ഷകര്‍ക്ക് 4%പലിശ നിരക്കില്‍ വായ്പ ലഭ്യമാക്കും.3.ഗ്രാമങ്ങളില്‍ അടിസ്ഥാന സൌകര്യങ്ങള്‍ കൂട്ടും.ഗ്രാമീണ റോഡുകള്‍ വികസിപ്പിക്കും.ഗ്രാമീണ ഐ ടി മേഖലയില്‍ 1.2 കോടി തൊഴിലവസരങ്ങള്‍ ഉണ്ടാക്കും.നദീസംയോജനം നടപ്പിലാക്കും.4.ഇന്ത്യക്കാര്‍ക്ക് വിദേശ ബേന്കുകളിലുള്ള അനധികൃത സമ്പാദ്യം തിരിച്ചു കൊണ്ടുവരാന്‍ നപടികള്‍ സ്വീകരിക്കും.5.ആദായ നികുതി പരിധി 3ലക്ഷം രൂപയായി വര്‍ദ്ധിപ്പിക്കും.6.അയോദ്ധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണ്.ക്ഷേത്ര നിര്‍മ്മാണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ ആരായും.രാമസേതു തകര്‍ക്കാന്‍ അനുവദിയ്ക്കില്ല.7.തീവ്രവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ പോട്ട പോലുള്ള നിയമങ്ങള്‍ നടപ്പാക്കും.കാശ്മീരിന് പ്രത്യേക ഭരണഘടനാപദവി ഉണ്ടാവില്ല.4000 കിലോമീറ്റര്‍ തീരദേശത്തിന് പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തും.8.പാര്‍ലിമെന്റില്‍ വനിതാ സംവരണം നടപ്പാക്കും .9.രാജ്യത്തെ എല്ലാ പൌരന്മാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡുകള്‍ വിതരണം ചെയ്യും.
പാര്‍ട്ടി അധ്യക്ഷന്‍ രാജ്നാഥ് സിങ്ങും പ്രതിപക്ഷ നേതാവും, ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയുമായ എല്‍ കെ അദ്വാനിയും ചേര്‍ന്നാണ് പ്രകടന പത്രിക പ്രകാശനം ചെയ്തത്.