2009, ഏപ്രിൽ 4, ശനിയാഴ്‌ച

അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി


അറബ് രാജ്യങ്ങളും ലാറ്റിനമേരിക്കയും തമ്മിലുള്ള സഹകരണം വിപുലമാക്കാന്‍ ഈയിടെ ഖത്തറിന്റെ തലസ്ഥാനമായ ദോഹയില്‍ ചേര്‍ന്ന അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടിയില്‍ തീരുമാനമായി.22 അംഗ അറബ് ലീഗ് രാഷ്ട്രവും 12 അംഗ ലാറ്റിനമേരിക്കന്‍ രാജ്യവുമാണ് ഉച്ചകോടിയില്‍ പങ്കെടുത്തത്.അറബ് ഉച്ചകോടിയുടെ സമാപനമായിട്ടാണ് ഉച്ചകോടി സംഘടിപ്പിച്ചത്‌.ഖത്തര്‍ അമീര്‍ ഷെയ്ക്ക് ഹമദ് ബിന്‍ ഖലീഫ അദ്ധ്യക്ഷത വഹിച്ച ഉച്ചകോടിയില്‍ വെന്വുസലന്‍ പ്രസിഡന്‍റ് ഹ്യൂഗോ ഷാവേസ്,ബ്രസീല്‍ പ്രസിഡന്‍റ് ലുലാ ഡാ സില്‍വ തുടങ്ങിയ ലാറ്റിനമേരിക്കന്‍ രാഷ്ട്രത്തലവന്മാരും സംബന്ധിച്ചു. അറബ് ലോകവും ലാറ്റിനമേരിക്കന്‍ രാഷ്ട്രങ്ങളും തമ്മില്‍ ഒരുപാടു സമാനതകളുന്ടെന്നും സമാന പ്രതിസന്ധികളെ നേരിടാന്‍ ഒരുമിച്ചു നില്‍ക്കണമെന്നും ആമുഖ പ്രസംഗത്തില്‍ അമീര്‍ നിര്‍ദ്ദേശിച്ചു.അറബ് ലോകവുമായി വെറും വാണിജ്യ ബന്ധം മാത്രമല്ല ഉദ്ദേശിക്കുന്നതെന്നും സമ്പന്ന രാജ്യങ്ങളുടെ ബന്ധനങ്ങളില്‍ നിന്നും തീരുമാനങ്ങളില്‍ നിന്നും മോചിതമാകുന്ന രാഷ്ട്രീയ സാംസ്കാരിക ബന്ധം കൂടിയാണെന്നും ബ്രസീല്‍ പ്രസിഡണ്ട്‌ ലുലാ ഡാ സില്‍വ അഭിപ്രായപ്പെട്ടു.ഏകധ്രുവ ലോകക്രമത്തില്‍ നിന്നു ബഹുധ്രുവ ലോകക്രമത്തിലേക്കുള്ള മാറ്റത്തെ ലാറ്റിനമേരിക്കയിലെ മറ്റു ഭരണത്തലവന്മാരും അനുകൂലിച്ചു.ആഗോള സാമ്പത്തിക പ്രതിസന്ധിയുടെ വെളിച്ചത്തില്‍ എണ്ണയുല്‍പ്പാദന രാജ്യങ്ങളായ അറബ് രാഷ്ട്രങ്ങല്‍ക്കൊപ്പം ഒപെക് രാജ്യങ്ങളായ വെന്വേസുല ഉള്‍പ്പടെയുള്ള ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്ക് ഡോളറിനു പകരം പെട്രോകറന്‍സി ഏര്‍പ്പെടുത്തണമെന്ന ഷാവേസിന്റെ നിര്‍ദ്ദേശത്തിനു ഇത്തരുണത്തില്‍ പ്രസക്തി കൂടുന്നു.പാലസ്തീന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള അറബ് ലോകത്തിന്റെ പോരാട്ടങ്ങള്‍ക്കും സമാധാനശ്രമങ്ങള്‍ക്കും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളുടെ പിന്തുണ ലുലയും ഷാവേസും ഉച്ചകോടിയില്‍ അറിയിച്ചു.അറബ് രാഷ്ട്രങ്ങളും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും തമ്മിലുള്ള സഹകരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കാന്‍ തീരുമാനിച്ചുകൊണ്ടാണ് രണ്ടാമത് അറബ്-ലാറ്റിനമേരിക്കന്‍ ഉച്ചകോടി ദോഹയില്‍ സമാപിച്ചത്.
അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ അവസാന പതനം ആസന്നമായെന്നു ഉച്ചകോടിക്കിടെ അല്‍ ജസീറാ ചാനലുമായുള്ള അഭിമുഖത്തില്‍ ഷാവേസ് പറഞ്ഞു.സുഡാന്‍ പ്രസിടന്റ്റ് ഉമാറുല്‍ ബാഷിറിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി പുറപ്പെടുവിച്ച അറസ്റ്റു വാറണ്ട് ജുഡിഷ്യല്‍ ടെററിസമാണെന്നും അദ്ദേഹം തുറന്നടിച്ചു.മൂന്നാം ലോകത്തെ പേടിപ്പിച്ചു വരുതിയില്‍ നിര്‍ത്താനാണ് അമേരിക്ക ശ്രമിക്കുന്നതെന്നും ഷാവേസ് പറഞ്ഞു.ബാഷിറിനെതിരെയല്ല കൂട്ടക്കുരുതിയ്ക്ക് നേതൃത്വം നല്കിയ ബുഷിനും, ഇസ്രായേല്‍ പ്രസിടന്റ്റ് ഷിമോണ്‍ പെരസിനുമെതിരെയാണ് അറസ്റ്റ്വാറന്‍റ് പുറപ്പെടുവിക്കേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.വംശഹത്യാ നിലപാടുകളില്‍ നിന്നും പിന്മാറുന്നത് വരെ ഇസ്രായേലുമായുള്ള നയതന്ത്ര ബന്ധങ്ങള്‍ പുനസ്ഥാപിക്കില്ലെന്നും ഷാവേസ് തറപ്പിച്ചു പറഞ്ഞു.ലാറ്റിനമേരിക്കയില്‍ 2 കോടിയിലേറെ അറബ് വംശജരുണ്ട്.പെറുവും കൊളംബിയയും ഒഴികെ തെക്കേ അമേരിക്കയിലെ 12 രാജ്യങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴിലാണ്.അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരെ നിലകൊള്ളു‌ന്ന ഈ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങളും ഒന്നിച്ചാല്‍ അത് ഒരു പുതിയ ലോകത്തിന്റെ പിറവിക്കു കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.

























1 അഭിപ്രായം:

പാവപ്പെട്ടവൻ പറഞ്ഞു...

പെറുവും കൊളംബിയയും ഒഴികെ തെക്കേ അമേരിക്കയിലെ 12 രാജ്യങ്ങള്‍ ഇപ്പോള്‍ ഇടതുപക്ഷ ഭരണത്തിന്‍ കീഴിലാണ്.അമേരിക്കന്‍ സാമ്രാജ്യത്വ മോഹങ്ങള്‍ക്കെതിരെ നിലകൊള്ളു‌ന്ന ഈ രാജ്യങ്ങളും അറബ് രാഷ്ട്രങ്ങളും ഒന്നിച്ചാല്‍ അത് ഒരു പുതിയ ലോകത്തിന്റെ പിറവിക്കു കാരണമാകുമെന്ന് കണക്കാക്കപ്പെടുന്നു.
വളരെ ശരിയായ വിലയിരുത്തല്‍ . ഒരു പക്ഷെ നാളകളില്‍ ഇതാവിശ്യമായി വന്നേക്കാം .
ആശംസകള്‍