2009 നവംബർ 23, തിങ്കളാഴ്‌ച

കമ്മ്യൂണിസ്റ്റ് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു

കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും വര്‍ക്കേഴ്സ് പാര്‍ട്ടികളുടെയും പതിനൊന്നാമത് സാര്‍വദേശീയ സമ്മേളനം ദില്ലിയില്‍ സമാപിച്ചു.ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും മുതലാളിത്തതിനെതിരെയും വന്‍ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ ആഹ്വാനം ചെയ്തു കൊണ്ടാണ് സമ്മേളനം അവസാനിച്ചത്‌.സി പി ഐ (എം )ഉം സി പി ഐ യും സംയുക്തമായി ആഥിത്യമാരുളിയ സമ്മേളനത്തില്‍ ലോകത്തിലെ 47 രാജ്യങ്ങളില്‍നിന്നായി ൫൫ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെയും തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടികളുടെയും 55 പ്രതി നിധികള്‍ പങ്കെടുത്തു.ആദ്യ ദിവസം സി പി ഐ (എം ) പി ബി മെമ്പര്‍ സീതാറാം യെച്ചൂരി അവതരിപ്പിച്ച ദല്‍ഹി പ്രഖ്യാപനം വിവിധ രാജ്യങ്ങളിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ നിര്‍ദ്ദേശിച്ച 7 ഭേദഗതികളോടെയാണ് അംഗീകരിച്ചത്.'മുതലാളിത്തത്തിന് ബദല്‍ സോഷ്യലിസം' എന്ന അടിസ്ഥാന ലക്ഷൃം നേടാന്‍ വരും നാളുകളില്‍ വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും സമ്മേളനം തീരുമാനിച്ചു.സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ അമേരിക്ക അടക്കമുള്ള മുതലാളിത്ത രാഷ്ട്രങ്ങള്‍ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികള്‍ ഒട്ടും പര്യാപ്തമല്ലെന്നും സമ്മേളനം പ്രഖ്യാപിച്ചു.കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന ബദല്‍ മാര്‍ഗ്ഗങ്ങള്‍ ഇതിനാവശ്യമാണെന്നും അഭിപ്രായമുണര്‍ന്നു .ജനങ്ങള്‍ക്ക്‌ പകരം ലാഭത്തിനു മുന്‍ തൂക്കം നല്കുന്ന ലോകബാങ്ക്,ഐ എം എഫ്,ലോകവ്യാപാര സംഘടനകള്‍ എന്നിവയുടെ നയങ്ങള്‍ ചെറുത്തു തോല്‍പ്പിക്കണം.നാറ്റോയുടെ താവളങ്ങള്‍ സ്ഥാപിക്കുന്നതിനെതിരെയും, അവരുടെ സൈനിക നീക്കങ്ങല്‍ക്കെതിരെയും പ്രതികരിക്കണം.ഫാസിസത്തെ പരാജയപ്പെടുത്തിയതിന്റെ അറുപത്തിയഞ്ചാം വാര്‍ഷികം അടുത്ത വര്‍ഷം ആചരിക്കാനും,നവംബാര്‍ 29 ന് ലോകവ്യാപകമായി ഫലസ്തീന്‍ ഐക്യദാര്‍ഢ്യ ദിനമായി ആചരിക്കാനും തീരുമാനമായി. സി പി ഐ (എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് സമ്മേളനത്തില്‍ പ്രസംഗിച്ചു.കേരളത്തില്‍ നിന്ന് മുഖമന്ത്രി വി എസ്സും, മന്ത്രി സി ദിവാകരനും സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.അടുത്ത വര്‍ഷത്തെ സമ്മേളനം ദക്ഷിണാഫ്രിക്കയില്‍ നടക്കും.

2009 നവംബർ 18, ബുധനാഴ്‌ച

എസ് എഫ് ഐ സംസ്ഥാന സമ്മേളനത്തിന് കോഴിക്കോട്ട് തുടക്കമായി

പൊരുതുന്ന വിദ്യാര്‍ത്ഥി സംഘടനയായ എസ് എഫ് ഐ യുടെ സംസ്ഥാന സമ്മേളനം കോഴിക്കോട്ട് തുടങ്ങി.പതിനായിരങ്ങള്‍ അണിനിരന്ന ഉജ്വലപ്രകടനത്തിന് ശേഷം പൊതുസമ്മേളനം മുതലക്കുളം മൈതാനിയില്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.വര്‍ഗ്ഗീയ ശക്തികള്‍ വിദ്യാര്‍ത്ഥികളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ആ ശ്രമത്തെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ചെറുത്തു തോല്‍പ്പിക്കണമെന്നും പിണറായി ഓര്‍മ്മിപ്പിച്ചു.കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പിലാക്കിയ ജനപക്ഷ വിദ്യാഭ്യാസ പരിഷ്കാരങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.എസ് എഫ് ഐ അഖിലേന്ത്യാ പ്രസിഡന്റ് പി കെ ബിജു എം പി, ജനറല്‍ സെക്രട്ടറി റീത്തബ്രത ബാനര്‍ജി മുതലായവരും പ്രസംഗിച്ചു.മൂന്നു ദിവസം നീണ്ടു നില്ക്കുന്ന പ്രതിനിധി സമ്മേളനം ഇരുപതിന് സമാപിക്കും.സാംസ്കാരിക സമ്മേളനം വ്യാഴാഴ്ച ടൌണ്‍ഹാളില്‍ ഡോ.സുകുമാര്‍ അഴീക്കോട് ഉദ്ഘാടനം ചെയ്യും.

2009 നവംബർ 14, ശനിയാഴ്‌ച

സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം

പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹയായി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ് വിവരം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.മലയാളത്തിന് അവര്‍ നല്കിയ സമഗ്ര സംഭാവനകളും, സാമൂഹ്യരംഗത്ത് അവര്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്.സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെ മകളായി 1934 ജനുവരി 3 ന് തിരുവനന്തപുരത്താണ് സുഗതകുമാരി ജനിച്ചത്‌.തത്വശാസ്ത്രത്തില്‍ ബിരുടാനന്തരബിരുടമുള്ള അവര്‍ സൈലന്റ് വാലി പ്രക്ഷോഭത്തില്‍ വഹിച്ച പങ്കും, അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷപദവി അലങ്കരിച്ച സുഗതകുമാരി ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപല്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്‌.ഭാരതസര്‍ക്കാര്‍ 2006 ല്‍ നല്കിയ പദ്മശ്രീ പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്.മുത്തുച്ചിപ്പി,പാതിരാപ്പൂക്കള്‍,രാത്രിമഴ തുടങ്ങിയ കാവ്യസമാഹാരങ്ങളും സുഗതകുമാരിയുടെ കൃതികളില്‍ പെടുന്നു.