2009, നവംബർ 14, ശനിയാഴ്‌ച

സുഗതകുമാരിക്ക് എഴുത്തച്ഛന്‍ പുരസ്കാരം

പ്രശസ്ത കവയിത്രിയും സാമൂഹ്യപ്രവര്‍ത്തകയുമായ സുഗതകുമാരി എഴുത്തച്ഛന്‍ പുരസ്കാരത്തിന് അര്‍ഹയായി.സാംസ്കാരിക വകുപ്പ് മന്ത്രി എം എ ബേബിയാണ് അവാര്‍ഡ് വിവരം തിരുവനന്തപുരത്ത് പ്രഖ്യാപിച്ചത്.ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവുമടങ്ങിയതാണ് പുരസ്കാരം.മലയാളത്തിന് അവര്‍ നല്കിയ സമഗ്ര സംഭാവനകളും, സാമൂഹ്യരംഗത്ത് അവര്‍ നടത്തിയ ഇടപെടലുകളും കണക്കിലെടുത്താണ് അവാര്‍ഡ്‌ നല്‍കിയിരിക്കുന്നത്.പ്രൊഫ.ഒ.എന്‍.വി.കുറുപ്പ് ചെയര്‍മാനായുള്ള സമിതിയാണ് അവാര്‍ഡ്‌ നിര്‍ണ്ണയിച്ചത്.സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍റെ മകളായി 1934 ജനുവരി 3 ന് തിരുവനന്തപുരത്താണ് സുഗതകുമാരി ജനിച്ചത്‌.തത്വശാസ്ത്രത്തില്‍ ബിരുടാനന്തരബിരുടമുള്ള അവര്‍ സൈലന്റ് വാലി പ്രക്ഷോഭത്തില്‍ വഹിച്ച പങ്കും, അഗതികളായ സ്ത്രീകള്‍ക്ക് വേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളും എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റിയിട്ടുണ്ട്.സംസ്ഥാന വനിതാ കമ്മീഷന്‍ അദ്ധ്യക്ഷപദവി അലങ്കരിച്ച സുഗതകുമാരി ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപല്‍ സ്ഥാനവും വഹിച്ചിട്ടുണ്ട്‌.ഭാരതസര്‍ക്കാര്‍ 2006 ല്‍ നല്കിയ പദ്മശ്രീ പുരസ്കാരം ഉള്‍പ്പടെ നിരവധി അവാര്‍ഡുകളും അവര്‍ നേടിയിട്ടുണ്ട്.മുത്തുച്ചിപ്പി,പാതിരാപ്പൂക്കള്‍,രാത്രിമഴ തുടങ്ങിയ കാവ്യസമാഹാരങ്ങളും സുഗതകുമാരിയുടെ കൃതികളില്‍ പെടുന്നു.

അഭിപ്രായങ്ങളൊന്നുമില്ല: