2010, മാർച്ച് 23, ചൊവ്വാഴ്ച

നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം

നാടകാചാര്യന്‍ കെ.ടി.മുഹമ്മദിന്റെ രണ്ടാം ചരമവാര്‍ഷികം മാര്‍ച്ച്‌ 24 ,25 തിയ്യതികളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ കോഴിക്കോട്ട് ആചരിക്കും.24 ന് നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ തെരുവ്നാടകങ്ങള്‍ അവതരിപ്പിച്ചു കൊണ്ടാണ് രണ്ട് നാള്‍ നീളുന്ന ദിനാചരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്.25 ന് രാവിലെ 10 മണിക്ക് ടൌണ്‍ഹാളില്‍ നാടക-സിനിമാ രംഗങ്ങളില്‍ കെ.ടിയുടെ സഹപ്രവര്‍ത്തകരായിരുന്നവരുടെ ഒത്തുചേരല്‍ നടക്കുന്നതാണ്.ഉച്ച കഴിഞ്ഞു കെ.ടിയുടെ നാടകങ്ങളിലെയും സിനിമകളിലെയും ഗാനങ്ങളുടെ പുനരാവിഷ്ക്കരണം ഉണ്ടായിരിക്കും.വൈകുന്നേരം കെ.ടി.മുഹമ്മദ്‌ അനുസ്മരണ സമ്മേളനമാണ്‌.തുടര്‍ന്ന് അച്ഛനും ബാപ്പയും എന്ന നാടകം അരങ്ങേറും.മേയര്‍ എം.ഭാസ്കരന്‍ ചെയര്‍മാനും,പി .എം.വി.പണിക്കര്‍ ജനറല്‍ കണ്‍വീനറുമായി രൂപീകരിച്ച സംഘാടകസമിതിയാണ് പരിപാടികളുടെ ചുമതല വഹിക്കുന്നത്.കോഴിക്കോട്ട് കാര്‍ക്ക് ഒരിക്കലും മറക്കാനാവാത്ത കെ.ടിയുടെ സ്മരണ നിലനിര്‍ത്താന്‍ നഗരത്തില്‍ തിയേറ്റര്‍ സമുച്ചയം നിര്‍മ്മിക്കാന്‍ കേരള സര്‍ക്കാര്‍ ഇത്തവണത്തെ ബജറ്റില്‍ തുക വകയിരുത്തിയ അവസരത്തിലാണ് ഈ വര്‍ഷത്തെ ദിനാചരണചടങ്ങുകള്‍ നടക്കുന്നതെന്നത് ഏറെ ശ്രദ്ധേയമാണ്.

2010, മാർച്ച് 12, വെള്ളിയാഴ്‌ച

ഐപിഎല്‍ ക്രിക്കറ്റ്‌ മാമാങ്കത്തിന് ഇന്ന് തുടക്കം


ആറാഴ്ചകള്‍ നീണ്ടുനില്‍ക്കുന്നതും,ആര്‍ഭാടാരവങ്ങളുടേയും പണക്കൊഴുപ്പിന്റേയും മേളയുമായ ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ക്ക് ഇന്ന് മുംബൈയില്‍ തുടക്കമാവും.ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ സീസണ്‍3 ന്റെ ഉദ്ഘാടന മത്സരത്തില്‍ നിലവിലുള്ള ജേതാക്കളായ ഡക്കാന്‍ ചാര്‍ജേഴ്സും ,കഴിഞ്ഞ വര്‍ഷത്തെ അവസാനസ്ഥാനക്കാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിലാണ് ഡിവൈ പാട്ടീല്‍ സ്പോര്‍ട്സ് അക്കാദമി സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടുന്നത്.8 ടീമുകള്‍ തമ്മില്‍ 50 മത്സരങ്ങളാണ് വിവിധ നഗരങ്ങളിലെ വേദികളിലായി ഏപ്രില്‍ 25 വരെ നടക്കുന്നത്.ഏതാനും ദിവസങ്ങള്‍ കഴിഞ്ഞ് വെസ്റ്റ് ഇന്‍ഡീസില്‍ തിരിതെളിയുന്ന ട്വന്റി 20 ലോകകപ്പ്‌ മല്സങ്ങളുടെ തിരനോട്ടം കൂടിയായിരിക്കും ഐ പി എല്‍ പോരാട്ടം.ഗില്‍ ക്രിസ്റ്റിന്റെ നായകത്വത്തില്‍ ആന്‍ഡറൂ സൈമണ്ട്സ് തുടങ്ങിയ പ്രഗല്‍ഭകളിക്കാരെ അണിനിരത്തി വിജയം ഉറപ്പിക്കാനുള്ള ശ്രമത്തിലാണ് ഡെക്കാന്‍.എന്നാല്‍ സൌരവ് ഗാന്ഗുലിയുടെ നേതൃത്വത്തിലുള്ള കൊല്‍ക്കത്തയാവട്ടെ കഴിഞ്ഞ തവണത്തെ നാണക്കേടില്‍ നിന്നും കരകയറാനുള്ള ബദ്ധപ്പാടിലുമാണ്.ഉദ്ഘാടനത്തോടനുബന്ധിച്ചു ലോകപ്രശസ്ത ഗായകര്‍ അണിനിരക്കുന്ന സംഗീതവിരുന്നും വര്‍ണ്ണശഭളമായ കരിമരുന്നു പ്രയോഗവും ഒരുക്കിയിരിക്കുന്നു.രാത്രി 8 മണി മുതല്‍ സെറ്റ് മാക്സ് ടിവിയില്‍ മത്സരത്തിന്റെ തല്‍സമയ സംപ്രേഷണവും ഉണ്ടായിരിക്കുന്നതാണ്.

2010, മാർച്ച് 10, ബുധനാഴ്‌ച

ഇന്ത്യന്‍ സ്ത്രീത്വത്തിന് ഇത് ചരിത്രമുഹൂര്‍ത്തം

നീണ്ട പതിനാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം നിയമനിര്‍മ്മാണ സഭകളില്‍ ഇന്ത്യന്‍ വനിതകള്‍ക്ക് 33 % പ്രാതിനിധ്യം ഉറപ്പാക്കുന്ന ഭരഘടനാ ഭേദഗതി ബില്‍ ,ഇന്ത്യന്‍ ജനാധിപത്യ ചരിത്രത്തില്‍ പുതിയ അദ്ധ്യായം തങ്കലിപികളാല്‍ എഴുതിചേര്‍ത്തുകൊണ്ട് രാജ്യസഭ പാസാക്കി. സഭയ്ക്ക് അകത്തും പുറത്തും ബില്ലിന്റെ അവതരണത്തെ തടയാന്‍ മുലായം-ലാലു-ശരത് യാദവുമാര്‍ നടത്തിയ എതിര്‍പ്പുകളെ തട്ടി മാറ്റി, ബിജെപിയുടേയും ഇടതുപക്ഷ പാര്‍ട്ടികളുടേയും പരിപൂര്‍ണ്ണ പിന്തുണയോടെയാണ് ബില്‍ പാസായത്.യുപി എ ഘടകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രീസ്സിന്റെ മലക്കം മറിച്ചില്‍ എല്ലാവരിലും കൌതുകമുളവാക്കി.സഭയില്‍ ഹാജരായ 190 അംഗങ്ങളില്‍ ഒരാളൊഴികെ മറ്റെല്ലാവരും ബില്ലിന് അനുകൂലമായി വോട്ട് ചെയ്തു. ലോകസഭയുടെ നടപ്പ് സമ്മേളനത്തില്‍ തന്നെ ബില്‍ അവതരിപ്പിക്കുമെന്ന് സര്‍ക്കാര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.ലോകസഭയില്‍ പാസാക്കി കഴിഞ്ഞാല്‍ പകുതിയോളം സംസ്ഥാന നിയമസഭകള്‍ അംഗീകരിക്കുകയും, രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്‌താല്‍ ബില്‍ നിയമമാവും.കക്ഷി രാഷ്ട്രീയ വ്യത്യാസമില്ലാതെ ഇന്ത്യയിലെ എല്ലാ വനിതാ സംഘടനകളുടേയും നിരന്തരമായ പോരാട്ടങ്ങളുടെ ഫലം കൂടിയാണ് വനിതാ സംവരണനിയമം.

2010, മാർച്ച് 4, വ്യാഴാഴ്‌ച

കൈരളി ടവര്‍ നാളെ നാടിന് സമര്‍പ്പിക്കും


മലയാളികളുടെ ആത്മാവിഷ്കാരത്തിന്റെ പ്രതീകമായ കൈരളി ചാനലിന്റെ ആസ്ഥാനമന്ദിരം നാളെ മാര്‍ച്ച്‌ 5 ന് നാടിന് സമര്‍പ്പിക്കും.തിരുവനന്തപുരം പാളയത്ത് 9 നിലകളിലായി 70000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ 12 കോടി രൂപ ചിലവഴിച്ചു നിര്‍മ്മിച്ച ബഹിനില കെട്ടിടം ജനകീയ ടെലിവിഷന്‍ ചാനലായ കൈരളിയുടെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ നാടിന്റെ അഭിമാനമായി മാറുകയാണ്.കേന്ദ്ര പ്രതിരോധ മന്ത്രി എ.കെ. ആന്റണി കൈരളി ടവറിന്റെയും സിപിഐഎം ജനറല്‍ സിക്രട്ടറി പ്രകാശ് കാരാട്ട് സ്റ്റുഡിയോ കോംപ്ളക്സിന്‍റെയും ഉദ്ഘാടനം നിര്‍വ്വഹിക്കും. മുഖ്യമന്ത്രി വി എസ അച്ചുതാനന്ദന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സിപിഐഎം സംസ്ഥാന സിക്രട്ടറി പിണറായി വിജയന്‍,പ്രതിപക്ഷനേതാവ് ഉമ്മന്‍ ചാണ്ടി എന്നിവര്‍ മുഖ്യാതിഥികളായിരിക്കും.മലയാളം കമ്യൂണിക്കേഷന്‍സ് ചെയര്‍മാന്‍ മമ്മൂട്ടി ആമുഖപ്രഭാഷണവും എം ഡി ജോണ്‍ ബ്രിട്ടാസ് സ്വാഗത പ്രസംഗവും നടത്തും.മലയാളം കമ്മ്യൂണിക്കേഷന്‍സിന്‍റെ ആസ്ഥാനവും കൈരളിയുടെ വിവിധ ചാനലുകളുടെ ഓഫീസും സ്റ്റുഡിയോകളും ഇനി ഇവിടെയാരിക്കും പ്രവര്‍ത്തിക്കുക.രണ്ടര ലക്ഷം ഓഹരി ഉടമകളുടെ മനസ്സു കുളിര്‍പ്പിക്കുന്ന വളര്‍ച്ചയുടെ ഒരു പടവ് കൂടി കൈരളി പിന്നിടുകയാണ്.ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ചാനല്‍ ഓഹരി ഉടമകള്‍ക്ക് ലാഭ വിഹിതവും നല്കിതുടങ്ങിയിട്ടുണ്ട്.50 കോടി രൂപ മൂല്യമുള്ള കെട്ടിട സമുച്ചയത്തിന്റെ 5 നിലകള്‍ വ്യാപാരാവശ്യത്തിനായി മാറ്റിവെച്ചിരിക്കുന്നു.25000 ചതുരശ്ര അടി ഭാവിയില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വികസനത്തിനും നീക്കി വെച്ചിട്ടുണ്ട്.ഉദ്ഘാടന ചടങ്ങിനോടനുബന്ധിച്ചു വിവിധ കലാപരിപാടികളും അരങ്ങേറുന്നതാണ്.