2010, ഏപ്രിൽ 26, തിങ്കളാഴ്‌ച

ചെന്നൈ സുപ്പര്‍ കിംഗ്സ് ഐപിഎല്‍ കിരീടം ചൂടി

ഐപിഎല്‍ ഫൈനല്‍ മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 22 റണ്‍സിനു തോല്‍പ്പിച്ചു ചെന്നൈ സുപ്പര്‍ കിംഗ്സ് ചാമ്പ്യന്‍ പദവി കരസ്ഥമാക്കി.ലീഗ് മത്സരങ്ങളില്‍ വലിയ മുന്നേറ്റമുണ്ടാക്കിയ സച്ചിന്‍ ടെണ്ഡുല്‍ക്കറുടെ മുംബൈ ടീമിന് ഫൈനലില്‍ ഇന്ത്യന്‍ ക്യാപ്ടന്‍ എം എസ് ധോണി നയിച്ച ചെന്നൈ ടീമിനോട് അടിയറവു പറയേണ്ടിവന്നു.കഴിഞ്ഞ സീസണില്‍ മുടിനാരിഴക്ക് കൈവിട്ടു പോയ ഐപിഎല്‍ കിരീടം അങ്ങിനെ ചെന്നൈ രാജാക്കന്മാര്‍ സ്വന്തമാക്കി.കാണികള്‍ തിങ്ങി നിറഞ്ഞ നവിമുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ചെന്നൈ 20 ഓവറില്‍ മുംബൈക്ക് 5 വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സിന്റെ വിജയലക്ഷൃം കുറിച്ചു.ഐപിഎല്‍ ഫൈനലിന്റെ ചരിത്രത്തില്‍ ആദ്യമായാണ്‌ ഇത്രയും കൂടുതല്‍ റണ്‍സ് അടിച്ചുകൂട്ടുന്നത്‌.മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ ഇന്ത്യന്‍സിന് ന്ശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.സച്ചിന്‍ ടെണ്ടുല്‍ക്കര്‍,സൌരഭ് തീവാരി എന്നിവര്‍ക്ക് കാര്യമായി ഒന്നുംചെയ്യാന്‍ കഴിഞ്ഞില്ല.എന്നാല്‍ പൊള്ളാര്‍ഡിന്‍റെ പ്രകടനം ഒട്ടും മോശമായില്ല.ചെന്നൈ സുപ്പര്‍ കിംഗ്സിനു വേണ്ടി സുരേഷ് റയിന-എം എസ് ധോണി കൂട്ടുകെട്ട് കരുത്തേകി ടീമിനെ വിജയത്തിലേക്ക് നയിച്ചു.ഫൈനലില്‍ ബാറ്റിങ്ങിലും ബൌളിങ്ങിലും തിളങ്ങാന്‍ കഴിയാതെ പോയ മുംബൈ ടീമിന്‍റെ സ്വാഭാവിക പരിണാമമാണ് ഈ പരാജയം.മുംബൈ ഇന്നിംഗ്സിന്റെ തുടക്കത്തില്‍ തന്നെ അവരുടെ ഓപ്പണര്‍ ബാറ്റ്സ്മാന്‍ ശിഖിര്‍ ധവാന്‍ റണ്ണൊന്നും എടുക്കാനാവാതെ ആദ്യഓവറില്‍ പുറത്തായപ്പോള്‍ മുംബൈ ടീമിന് സംഭവിക്കാന്‍ പോകുന്ന ദുരന്തത്തിന്റെ കേളികൊട്ട് ഉയര്‍ന്നിരുന്നു.മത്സരത്തിന്റെ ഒരുഘട്ടത്തിലും ആവശ്യമായ റണ്‍റേറ്റിന്‍റെ അടുത്തെങ്ങുമെത്താന്‍ അവര്‍ക്ക് കഴിഞ്ഞതുമില്ല.ചെന്നൈയുടെ ബാറ്റ്സ്മാന്‍മാരെ പുറത്താക്കാന്‍ കിട്ടിയ രണ്ട് മൂന്നു അവസരങ്ങള്‍ ക്യാച്ച് എടുക്കാന്‍ കഴിയാതെ അവര്‍ പാഴാക്കുകയും ചെയ്തു.
വിജയികള്‍ക്കുള്ള ട്രോഫി ഐപിഎല്‍ കമ്മീഷണര്‍ ലളിത് മോഡി വിതരണം ചെയ്തു.

അഭിപ്രായങ്ങളൊന്നുമില്ല: