2010, ഏപ്രിൽ 23, വെള്ളിയാഴ്‌ച

ഐപിഎല്‍ ഫൈനല്‍ മുംബൈ-ചെന്നൈ മത്സരം ഞായറാഴ്ച

ഐപിഎല്‍ ട്വന്റി 20 മത്സരങ്ങള്‍ അവസാനിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ഏപ്രില്‍ 25 ന് ഞായറാഴ്ച രാത്രി 8 മണിക്ക് നവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഏറ്റുമുട്ടുന്നത് ലീഗ് മത്സരങ്ങളില്‍ 14 ല്‍ 10 ഉം ജയിച്ച് 20 പോയിന്റുമായി ഒന്നാം സ്ഥാനം കരസ്ഥമാക്കിയ മുബൈ ഇന്ത്യന്‍സും, 7 ജയവും 7 പരാജയവും ഏറ്റുവാങ്ങി 14 പോയിന്റോടെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടുപോയ ചെന്നൈ സുപ്പര്‍ കിംഗ്സുമാണ്. ബുധനാഴ്ച നടന്ന ആദ്യ സെമിഫൈനലില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന മുംബൈ ടീം കഴിഞ്ഞ സീസണിലെ റണ്ണര്‍അപ്പായ ബാംഗളൂര്‍ റോയല്‍ ചാലന്ജേര്‍സിനെ 35 റണ്‍സിനു തകര്‍ത്താണ് ഫൈനലില്‍ ഇടം കണ്ടത്.ഈ മത്സരത്തില്‍ 2 ഓവര്‍ തികയ്ക്കും മുമ്പേ നായകന്‍ സച്ചിന്‍ 9 റണ്‍സുമായി മടങ്ങിയെങ്കിലും സൌരഭ് തീവാരി,പൊള്ളാര്‍ഡ് തുടങ്ങിയ കളിക്കാരുടെ മികച്ച പ്രകടനത്തില്‍ ടീം രക്ഷപ്പെടുകയായിരുന്നു.വ്യാഴാഴ്ച നടന്ന രണ്ടാം സെമിയിലാവട്ടെ നിലവിലെ ചാമ്പ്യന്‍മാരായ ഡെക്കാന്‍ ചാര്‍ജേര്‍സിനെ 38 റണ്‍സിനു തോല്‍പ്പിച്ചാണ് എം എസ് ധോനിയുടെ നേതൃത്വത്തിലുള്ള ചെന്നൈ രാജാക്കന്മാര്‍ ഫൈനലില്‍ കടന്നത്‌. ഫൈനല്‍ മത്സരങ്ങള്‍ക്ക് ക്രീസുണരുന്പോള്‍ മുംബൈയോ? ചെന്നൈയോ? ആരാണ് കീരീടം ചൂടുക എന്നതാണ് ക്രിക്കറ്റ് പ്രേമികള്‍ ഉറ്റു നോക്കുന്നത്.

അഭിപ്രായങ്ങളൊന്നുമില്ല: