2010, സെപ്റ്റംബർ 24, വെള്ളിയാഴ്‌ച

ഒ എന്‍ വിയ്ക്ക് ജ്ഞാനപീഠം അവാര്‍ഡ്

മലയാളത്തിന്‍റെ മഹാകവി ഒ എന്‍ വി കുറുപ്പിന് 2007 ലെ ജ്ഞാനപീഠം അവാര്‍ഡ് നല്‍കാന്‍ അവാര്‍ഡ് നിര്‍ണ്ണയ സമിതി തീരുമാനിച്ചു.കവിത,നാടകം,ചലച്ചിത്രം തുടങ്ങിയവയിലെല്ലാം, തൊട്ടതെല്ലാം പൊന്നാക്കിയ ജനകീയ കവി കൂടിയാണ് മലയാളികള്‍ നെഞ്ചേറ്റിയ ഈ മഹാപ്രതിഭ.1931 ല്‍ കൊല്ലം ജില്ലയിലെ ചവറയില്‍ ഒ എം കൃഷ്ണകുറുപ്പിന്റെയും ലക്ഷ്മിക്കുട്ടി അമ്മയുടെയും പുത്രനായി ജനിച്ച ഒ എന്‍ വി സാമ്പത്തിക ശാസ്ത്രത്തിലാണ് ബിരുദമെടുത്തതെന്കിലും മലയാളത്തെ ജീവന് തുല്യം സ്നേഹിക്കുന്ന അദ്ദേഹം മലയാള ഭാഷയിലാണ് ബിരുദാനന്തര ബിരുദം നേടിയത്.1957 ല്‍ എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം 1958 മുതല്‍ 25 വര്‍ഷം കേരളത്തിലെ വിവിധ കോളേജുകളിലും സര്‍വ്വകലാശാലകളിലും സേവനമനുഷ്ടിച്ചു.ജോലിയില്‍ നിന്നും വിരമിച്ച ശേഷം കോഴിക്കോട് സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസ്സറുമായിരുന്നു.കേന്ദ്രസാഹിത്യ അക്കാദമി അംഗമായും, കേരളകലാമണ്ഡലം ചെയര്‍മാനായും ഒ എന്‍ വി പ്രവര്‍ത്തിച്ചിട്ടുണ്ട്.താന്‍ ജനിച്ചു വളര്‍ന്ന ഭൂമിയേയും, തനിക്കു ചുറ്റും ജീവിക്കുന്ന ജനനങ്ങളെയും ഇത്രമാത്രം ഇഷ്ടപ്പെട്ട മറ്റൊരു കവി മലയാളത്തില്‍ ഉണ്ടായിട്ടില്ല.വിദ്യാര്‍ഥിയായിയിരിക്കുമ്പോള്‍ തന്നെ ഇടതുപക്ഷ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും,നിരവധി സമരപോരാട്ടങ്ങള്‍ക്ക് ഊര്‍ജ്ജം പകരുകയും ചെയ്ത ഒ എന്‍ വി കേരളത്തിന്‍റെ സാംസ്കാരിക നവോത്ഥാനത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ കവിയാണ്‌.1949 ല്‍ പ്രസ്ദ്ധീകരിച്ച 'പൊരുതുന്ന സൌന്ദര്യം' എന്ന കവിതാസമാഹാരമാണ് ആദ്യകൃതി.ദാഹിക്കുന്ന പാനപാത്രം,ഭൂമിക്കൊരു ചരമഗീതം,ഉപ്പ്,തുടങ്ങിയ ഈടുറ്റ കൃതികള്‍ ഒ എന്‍ വി രചിച്ചിട്ടുണ്ട്.കേരള സാഹിത്യ അക്കാദമി,കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡുകള്‍,ആശാന്‍ പുരസ്കാരം,എഴുത്തഛന്‍ പുരസ്കാരം,വയലാര്‍ അവാര്‍ഡ്,ഓടക്കുഴല്‍ അവാര്‍ഡ് തുടങ്ങിയ അനേകം പുരസ്കാരങ്ങളും മലയാളത്തിന്‍റെ ഈ പ്രിയപ്പെട്ട കവിയെ തേടിയെത്തി.1998 ല്‍ ഭാരത സര്‍ക്കാരിന്‍റെ പദ്മശ്രീ ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചു.നാടക-ചലച്ചിത്ര രംഗങ്ങളിലെ സംഭാവാനകളെ മുന്‍ നിര്‍ത്തിയും നിരവധി തവണ അദ്ദേഹം പുരസ്കാരങ്ങള്‍ ഏറ്റു വാങ്ങുകയുണ്ടായി.ഇപ്പോള്‍ അര്‍ഹാനായിട്ടുള്ള പരമോന്നത ബഹുമതിയില്‍ മഹാകവിയെ നമുക്ക് മനം നിറയെ അനുമോദിക്കാം.

അഭിപ്രായങ്ങളൊന്നുമില്ല: