1983 ല്‍ കപില്‍ ദേവിന്റെ കാര്‍മ്മികത്വത്തില്‍ നേടിയ വിജയം ഇന്ത്യ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുമോ?1996 ല്‍ സംഭവിച്ചത് പോലെ ലങ്കന്‍ സിംഹക്കുട്ടികള്‍ കപ്പില്‍ മുത്തമിടുമോ?ഉത്തരം കിട്ടാന്‍ കളി കഴിയുന്നത് വരെ കാത്തിരിക്കാം.മൊഹാലിയിലെ പി സി എ സ്റ്റേഡിയത്തില്‍ തിങ്ങിനിറഞ്ഞ 35000 ത്തില്‍ പരം കാണികളെയും, ടെലിവിഷനിലൂടെ കളി കണ്ട 10 കോടിയിലധികം പ്രേക്ഷകരെയും സാക്ഷി നിര്‍ത്തി ഇന്ത്യ പാകിസ്ഥാനെതിരെ നേടിയ ചരിത്ര വിജയത്തിന്റെ ത്രില്ലിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍.തുടര്‍ച്ചയായ നാലാം കിരീടസ്വപ്നവുമായി പറന്നിറങ്ങിയ ഓസീസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മലര്‍ത്തിയടിച്ചും, സെമിയില്‍ പാക്ക് പച്ചപ്പടയെ തുരത്തിയും ഇന്ത്യ നേടിയ നേട്ടം ആവര്‍ത്തിക്കട്ടെ എന്നാശിക്കാം.ശ്രീലങ്കയാവട്ടെ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടിനെ മുട്ട്കുത്തിച്ചും, സെമിയില്‍ കീവീസിന്റെ ചിറകരിഞ്ഞുമാണ് അവസാന അങ്കത്തിനു മുംബയിലേക്ക് വിമാനം കയറുന്നത്.വിരേന്ദ്ര സെവാഗ്,സച്ചിന്‍ ടെണ്ടുല്‍ക്കര്‍,വിരാട് കൊഹലി ,യുവരാജ് സിങ്ങ്,യുസഫ് പഠാന്‍ തുടങ്ങിയ ബാറ്റ്സ്മാന്‍മാരുടെ ബാറ്റിംഗ് മികവും, ഭാജിയുടെയും മുനാഫ് പട്ടേല്‍ മുതലായവരുടേയും ബൌളിങ്ങും ഒത്തുചേരുമ്പോള്‍ 2011 ലെ ലോകകപ്പ് ഇന്ത്യക്ക് സ്വന്തമാകാന്‍ സാധ്യതകള്‍ ഏറെയാണ്.
2011, മാർച്ച് 31, വ്യാഴാഴ്‌ച
ലോകകപ്പ് ക്രിക്കറ്റ്-അവസാന അങ്കത്തിന് വാംഖഡെ ഒരുങ്ങി,കളത്തില്‍ ഇന്ത്യയും ലങ്കയും
ഒരു മാസത്തിലേറെയായി ഉപഭൂഖണ്ഡത്തിലെ വിവിധ വേദികളില്‍ നടന്നു വരുന്ന ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയിറങ്ങാന്‍ ഇനി മണിക്കൂറുകള്‍ മാത്രം.ഏപ്രില്‍ 2 ന് ഉച്ച കഴിഞ്ഞ്2.30 ന് മുംബയിലെ വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന കലാശക്കളിക്ക് കണ്ണും നാട്ടിരിപ്പാണ് ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ക്രിക്കറ്റ് ആരാധകര്‍.എം എസ് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ചുണക്കുട്ടികളും,കുമാര്‍ സംഗക്കാര നയിക്കുന്ന ലങ്കന്‍ ടീമും ഏറ്റുമുട്ടുന്ന ഫൈനലില്‍ വിജയം ആരുടെ ഭാഗത്ത് നില്‍ക്കും എന്ന് ഇപ്പോള്‍ പറയാനാവില്ല.
2011, മാർച്ച് 27, ഞായറാഴ്‌ച
ലോകകപ്പ് ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ പോരാട്ടം കഴിഞ്ഞു,ഇനി സെമിയില്‍ നേര്‍ക്കുനേര്‍
ലോകകപ്പ് ക്രിക്കറ്റില്‍ നിലവിലുള്ള ജേതാക്കളായ ഓസ്‌ട്രേലിയയടക്കം വമ്പന്മാര്‍ നിലം പൊത്തിയ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ക്ക് സമാപനമായി.ഇന്ത്യ,പാകിസ്ഥാന്‍,ശ്രീലങ്ക,ന്യൂസീലാന്ഡ് എന്നീ ടീമുകള്‍ സെമി ഫൈനലുകളില്‍ കളിക്കാന്‍ യോഗ്യത നേടി.മാര്‍ച്ച് 29 , 30 തിയ്യതികളില്‍ പകല്‍ രാത്രി മത്സരങ്ങളായാണ് സെമി ഫൈനലുകള്‍ നടക്കുന്നത്.ആദ്യ സെമിയില്‍ 29 ന്
ചൊവ്വാഴ്ച ഉച്ചക്ക് 2.30 ന് കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ന്യൂസീലാണ്ടും ഏറ്റുമുട്ടും.പ്രാഥമിക റൌണ്ടില്‍ എ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായിരുന്ന ശ്രീലങ്ക കരുത്തരായ ഇംഗ്ലണ്ടിനെ 10 വിക്കറ്റിന് തകര്‍ത്താണ് സെമി ഫൈനലില്‍ ഇടം നേടിയത്.ന്യൂസീലാണ്ടാവട്ടെ ദക്ഷിണാഫ്രിക്കക്കെതിരെ അട്ടിമറി വിജയം നേടിയാണ് സെമിയിലെത്തുന്നത്.രണ്ടാം സെമി ഫൈനലില്‍ മാറ്റുരക്കുന്ന ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പോരാട്ടമാണ് ലോകം ഉറ്റുനോക്കുന്നത്.മാര്‍ച്ച് 30 ന് ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് പഞ്ചാബിലെ മൊഹാലി പി സി എ സ്റ്റേഡിയത്തിലാണ് ഇരു ടീമുകളും ഏറ്റുമുട്ടുന്നത്.എ ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനക്കാരായി ക്വാര്‍ട്ടറിലെത്തി വിക്കറ്റൊന്നും നഷ്ട്ടപ്പെടാതെ വിന്‍ഡീസിനെ കെട്ടുകെട്ടിച്ച് പാകിസ്ഥാനും, ബി ഗ്രൂപ്പില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്ന് ഓസ്ട്രേലിയയുടെ തുടര്‍ച്ചയായ നാലാം കിരീട മോഹത്തിന് തടയിട്ട് ഇന്ത്യയും സെമി ഫൈനലില്‍ കടന്നു .ഏപ്രില്‍ 2 ന് മുംബൈയിലെ വെങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ആരായിരിക്കും കൊമ്പ് കോര്‍ക്കുക?കാത്തിരിക്കാം,നമുക്ക് മാര്‍ച്ച് 30 ന് കളി തീരുന്നത് വരെ...
2011, മാർച്ച് 21, തിങ്കളാഴ്‌ച
ലോകകപ്പ് ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു
ഒരു മാസമായി ഇന്ത്യ,ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടന്നു വന്ന ലോകകപ്പ് ക്രിക്കറ്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകളെ എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളില്‍ പെടുത്തി ഓരോ ഗ്രൂപ്പിലും പെട്ട ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി, നാല് വീതം ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. പാകിസ്ഥാന്‍,ശ്രീലങ്ക,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ് എന്നീ ടീമുകള്‍ എ ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക,ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ ബി ഗ്രൂപ്പില്‍ നിന്നും അവര്‍ക്ക് കിട്ടിയ പോയിന്റുകളുടെയും റണ്‍ റേറ്റിന്‍റേയും അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു. എ ഗ്രൂപ്പില്‍ നിന്ന് സിംബാബ് വെ,കാനഡ,കെനിയ എന്നീ ടീമുകള്‍ക്കും, ബി ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശ്,അയര്‍ലണ്ട്,ഹോളണ്ട് എന്നീ ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പകല്‍-രാത്രി മത്സരങ്ങളാണ്.
ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മീര്‍ പൂര്‍ ഷേര്‍ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 23 ന് 2.30 ന് പാകിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരം അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലും, മൂന്നാം മത്സരം മീര്‍ പൂര്‍ ശ്രീ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ ന്യൂസീലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലും,നാലാമത്തെ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ഇംഗ്ളണ്ടും തമ്മിലും മാര്‍ച്ച് 24,25,26 തിയ്യതികളില്‍ ഉച്ചക്ക് 2.30 മുതല്‍ നടത്തപ്പെടും.ഈ മത്സരങ്ങള്‍ നോക്ക് ഔട്ട് അടിസ്ഥാനത്തിലാണ്.ഇത്തവണത്തെ പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ അട്ടിമറി വിജയങ്ങള്‍ ഒന്നും ഉണ്ടായില്ല.ആദ്യ റൌണ്ടില്‍ പുറത്തായെങ്കിലും അയര്‍ലണ്ടും ബംഗ്ലാദേശും അവരുടെ കരുത്ത് തെളിയിച്ചു.നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പിന്നോക്കം പോയത് ശ്രദ്ധിക്കപ്പെട്ടു.കളി ക്രിക്കറ്റ് ആയതു കൊണ്ട് തന്നെ സെമിയിലേക്കുള്ള സാധ്യത ഇപ്പോള്‍ പറയാന്‍ കഴിയില്ല.പ്രാഥമിക മത്സരങ്ങളില്‍ ആരാധകരെ അധികമൊന്നും നിരാശപ്പെടുത്താതെ കളിച്ച ഇന്ത്യന്‍ ടീമിനെ കുറിച്ച് പ്രതീക്ഷ വെച്ച് പുലര്‍ത്താം.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് നേരിടാനുള്ളത് ഓസ്ട്രേലിയ ആണെന്നതും,മത്സരം നോക്ക് ഔട്ട് അടിസ്ഥാനത്തില്‍ ആയതു കൊണ്ടും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന പതിവ് സ്വഭാവം ധോണിയും കൂട്ടുകാരും ഉപേക്ഷിച്ചാല്‍ അഭിമാനം രക്ഷിക്കാം. ആദ്യ റൌണ്ടില്‍ കളിച്ച ആറ് കളികളില്‍ നാലില്‍ വിജയം കാണുകയും, ഒന്നില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെടുകയും, മറ്റൊന്നില്‍ ഇംഗ്ളണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യ ഒന്‍പതു പോയിന്റുകളുമായി ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണെന്കിലും സെമിയിലേക്കുള്ള പ്രയാണം പ്രയാസ രഹിതമാവില്ല.എങ്കിലും കപ്പ് നേടുന്നതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)