2011, മാർച്ച് 21, തിങ്കളാഴ്‌ച

ലോകകപ്പ്‌ ക്രിക്കറ്റ്-ക്വാര്‍ട്ടര്‍ ഫൈനല്‍ ചിത്രം തെളിഞ്ഞു

ഒരു മാസമായി ഇന്ത്യ,ബംഗ്ലാദേശ്,ശ്രീലങ്ക എന്നീ രാജ്യങ്ങളിലെ വിവിധ സ്റ്റേഡിയങ്ങളില്‍ നടന്നു വന്ന ലോകകപ്പ് ക്രിക്കറ്റിന്റെ പ്രാഥമിക റൌണ്ട് മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. 14 രാഷ്ട്രങ്ങളില്‍ നിന്നുള്ള ടീമുകളെ എ, ബി എന്നീ രണ്ട് ഗ്രൂപ്പുകളില്‍ പെടുത്തി ഓരോ ഗ്രൂപ്പിലും പെട്ട ടീമുകള്‍ തമ്മില്‍ ഏറ്റുമുട്ടി, നാല് വീതം ടീമുകളാണ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിക്കാന്‍ യോഗ്യത നേടിയത്. പാകിസ്ഥാന്‍,ശ്രീലങ്ക,ഓസ്‌ട്രേലിയ,ന്യൂസീലാന്‍ഡ്‌ എന്നീ ടീമുകള്‍ എ ഗ്രൂപ്പില്‍ നിന്നും ദക്ഷിണാഫ്രിക്ക,ഇന്ത്യ,ഇംഗ്ലണ്ട്,വെസ്റ്റിന്‍ഡീസ് എന്നീ ടീമുകള്‍ ബി ഗ്രൂപ്പില്‍ നിന്നും അവര്‍ക്ക് കിട്ടിയ പോയിന്റുകളുടെയും റണ്‍ റേറ്റിന്‍റേയും അടിസ്ഥാനത്തില്‍ ക്വാര്‍ട്ടറില്‍ കടന്നു. എ ഗ്രൂപ്പില്‍ നിന്ന് സിംബാബ് വെ,കാനഡ,കെനിയ എന്നീ ടീമുകള്‍ക്കും, ബി ഗ്രൂപ്പില്‍ നിന്ന് ബംഗ്ലാദേശ്,അയര്‍ലണ്ട്,ഹോളണ്ട്‌ എന്നീ ടീമുകള്‍ക്കും ക്വാര്‍ട്ടറില്‍ കടക്കാന്‍ കഴിയാതെ മടങ്ങേണ്ടി വന്നു.ക്വാര്‍ട്ടര്‍ ഫൈനലുകള്‍ പകല്‍-രാത്രി മത്സരങ്ങളാണ്.
ഒന്നാം ക്വാര്‍ട്ടര്‍ ഫൈനല്‍ മീര്‍ പൂര്‍ ഷേര്‍ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച്‌ 23 ന് 2.30 ന് പാകിസ്ഥാനും വെസ്റ്റിന്‍ഡീസും തമ്മില്‍ നടക്കും. ക്വാര്‍ട്ടര്‍ ഫൈനലിലെ രണ്ടാം മത്സരം അഹമ്മദാബാദിലെ സര്‍ദാര്‍ പട്ടേല്‍ സ്റ്റേഡിയത്തില്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലും, മൂന്നാം മത്സരം മീര്‍ പൂര്‍ ശ്രീ ബംഗ്ലാ നേഷനല്‍ സ്റ്റേഡിയത്തില്‍ ന്യൂസീലണ്ടും ദക്ഷിണാഫ്രിക്കയും തമ്മിലും,നാലാമത്തെ മത്സരം കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ ശ്രീലങ്കയും ഇംഗ്ളണ്ടും തമ്മിലും മാര്‍ച്ച്‌ 24,25,26 തിയ്യതികളില്‍ ഉച്ചക്ക് 2.30 മുതല്‍ നടത്തപ്പെടും.ഈ മത്സരങ്ങള്‍ നോക്ക് ഔട്ട്‌ അടിസ്ഥാനത്തിലാണ്.ഇത്തവണത്തെ പ്രാഥമിക റൌണ്ട് മത്സരങ്ങളില്‍ അട്ടിമറി വിജയങ്ങള്‍ ഒന്നും ഉണ്ടായില്ല.ആദ്യ റൌണ്ടില്‍ പുറത്തായെങ്കിലും അയര്‍ലണ്ടും ബംഗ്ലാദേശും അവരുടെ കരുത്ത് തെളിയിച്ചു.നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ പിന്നോക്കം പോയത് ശ്രദ്ധിക്കപ്പെട്ടു.കളി ക്രിക്കറ്റ് ആയതു കൊണ്ട് തന്നെ സെമിയിലേക്കുള്ള സാധ്യത ഇപ്പോള്‍ പറയാന്‍ കഴിയില്ല.പ്രാഥമിക മത്സരങ്ങളില്‍ ആരാധകരെ അധികമൊന്നും നിരാശപ്പെടുത്താതെ കളിച്ച ഇന്ത്യന്‍ ടീമിനെ കുറിച്ച് പ്രതീക്ഷ വെച്ച് പുലര്‍ത്താം.ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യക്ക് നേരിടാനുള്ളത് ഓസ്ട്രേലിയ ആണെന്നതും,മത്സരം നോക്ക് ഔട്ട്‌ അടിസ്ഥാനത്തില്‍ ആയതു കൊണ്ടും അവസാന ഓവറുകളില്‍ വിക്കറ്റുകള്‍ വലിച്ചെറിയുന്ന പതിവ് സ്വഭാവം ധോണിയും കൂട്ടുകാരും ഉപേക്ഷിച്ചാല്‍ അഭിമാനം രക്ഷിക്കാം. ആദ്യ റൌണ്ടില്‍ കളിച്ച ആറ് കളികളില്‍ നാലില്‍ വിജയം കാണുകയും, ഒന്നില്‍ ദക്ഷിണാഫ്രിക്കയോട് ദയനീയമായി പരാജയപ്പെടുകയും, മറ്റൊന്നില്‍ ഇംഗ്ളണ്ടിനോട് സമനില വഴങ്ങുകയും ചെയ്ത ഇന്ത്യ ഒന്‍പതു പോയിന്റുകളുമായി ബി ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണെന്കിലും സെമിയിലേക്കുള്ള പ്രയാണം പ്രയാസ രഹിതമാവില്ല.എങ്കിലും കപ്പ് നേടുന്നതിനുള്ള സാധ്യത തള്ളിക്കളയാനും കഴിയില്ല.

അഭിപ്രായങ്ങളൊന്നുമില്ല: