2012, ഓഗസ്റ്റ് 13, തിങ്കളാഴ്‌ച

ലണ്ടന്‍ ഒളിമ്പിക്സ് കൊടിയിറങ്ങി;ഓവറോള്‍ കിരീടം അമേരിക്ക നേടി...

കായികലോകത്ത് അമേരിക്കയുടെ കരുത്ത് അരക്കിട്ടുറപ്പിച്ച് ലണ്ടന്‍ ഒളിമ്പിക്സ് കൊടിയിറങ്ങി.നാല് വര്‍ഷങ്ങള്‍ക്കു മുമ്പ് സ്വന്തം തട്ടകത്തില്‍ നേടിയ മെഡല്‍ വേട്ട ലണ്ടനില്‍ ആവര്‍ത്തിക്കാന്‍ ചൈനക്ക് സാധിക്കാതെ പോയി.46 സ്വര്‍ണ്ണം 29 വെള്ളി 29 വെങ്കലം എന്നിങ്ങനെ മൊത്തം 104 മെഡലുകള്‍ വാരിക്കൂട്ടി ലണ്ടന്‍ ഒളിമ്പിക്സില്‍ അമേരിക്ക ഓവറോള്‍ കിരീടം ചൂടി.നിലവിലുള്ള ചാമ്പ്യന്‍മാരായ ചൈനക്ക് 38 സ്വര്‍ണ്ണവും 27 വെള്ളിയും 22 വെങ്കലവുമടക്കം 87 മെഡലുകള്‍ നേടാന്‍ മാത്രമേ  കഴിഞ്ഞുള്ളൂ.ആതിഥേയരായ ബ്രിട്ടനാവട്ടെ മെഡല്‍വേട്ടയില്‍ ഒരു കുതിച്ചുചാട്ടം തന്നെ നടത്തി 29 സ്വര്‍ണ്ണവും 17 വെള്ളിയും 19 വെങ്കലവും നേടി മൂന്നാംസ്ഥാനത്ത് നിലയുറപ്പിച്ചു.ഏറെ പ്രതീക്ഷകളുമായി വിമാനം കയറിയ ഇന്ത്യന്‍ കായികതാരങ്ങള്‍ക്ക് രാജ്യത്തിന്റെ സുവര്‍ണ്ണസ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ കഴിഞ്ഞില്ല
മുന്‍ കാലങ്ങളില്‍ നേടിയതിനേക്കാള്‍ കൂടുതല്‍ മെഡലുകള്‍ ഇന്ത്യക്ക് കിട്ടി.2 വെള്ളിയും 4 വെങ്കലവും കൂടി 6 മെഡലുകള്‍. 
.ഷൂട്ടിങ്ങില്‍ വിജയ്‌ കുമാറും ഗഗന്‍ നാരംഗും,ഗുസ്തിയില്‍ സുശീല്‍ കുമാറും യോഗേശ്വര്‍ ദത്തും,ബാഡ്മിന്ടനില്‍ സൈനാ നെഹ്വാളും ഇന്തയുടെ മാനം കാത്തു. ഇന്ന് പുലര്‍ച്ചെ 1 .30 നു പ്രധാന വേദിയായ ഒളിമ്പിക് സ്റ്റേഡിയത്തില്‍ അരങ്ങേറിയ നിറപ്പകിട്ടാര്‍ന്ന സമാപനചടങ്ങുകള്‍ ഒരു ലക്ഷത്തോളം കാണികളും ലോകത്തെങ്ങുമുള്ള കോടിക്കണക്കിനു ടിവി പ്രേക്ഷകരും ആവേശപൂര്‍വ്വം വീക്ഷിച്ചു.'എ സിംഫണി ഓഫ് ബ്രിട്ടീഷ് മ്യൂസിക്‌' എന്ന സംഗീത പരിപാടി സ്പ്പൈസ് ഗേള്‍സും സംഘവും അവതരിപ്പിച്ചു.അടുത്ത ഒളിംപിക്സിന്റെ വേദിയായ ബ്രസീലിലെ റിയോ ഡി ജനീറക്ക്‌ ഒളിമ്പിക് ബാറ്റന്‍ കൈമാറി.2016 ആഗസ്ത് 5 മുതല്‍ 21 വരെയാണ് മുപ്പത്തിയൊന്നാം ഒളിമ്പിക്സ് നടക്കുന്നത്.പല ദേശക്കാര്‍,ഭാഷക്കാര്‍,വേഷക്കാര്‍ ലോകത്തിന്റെ നാനാഭാഗത്തു നിന്നും ഒത്തുകൂടി ഇന്ന് വേര്‍പിരിയുന്നു...നീന്തല്‍ക്കുളത്തില്‍ സ്വര്‍ണ്ണക്കൊയ്ത്ത് നടത്തി അത്ഭുതം വിരചിച്ച അമേരിക്കന്‍ നീന്തല്‍ താരം മൈക്കേല്‍ ഫെല്പ്സും,ട്രാക്കില്‍ മിന്നല്‍പ്പിണരുകള്‍
പോലെ ഓടി ഫിനിഷ് ചെയ്ത  
 ജമൈക്കന്‍ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടും  സ്വര്‍ണ്ണമെഡലുകള്‍ വാരിക്കൂട്ടിയ ചൈനയിലെ ചുണക്കുട്ടികളും അക്കൂട്ടത്തിലുണ്ട്...
അവരെല്ലാം നാല് വര്‍ഷങ്ങള്‍ കഴിഞ്ഞു ബ്രസീലിലെ റിയോ ഡി ജനീറയില്‍ കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെ ലണ്ടന്‍ നഗരത്തില്‍ നിന്നും വിടവാങ്ങി...കൂടുതല്‍ ദൂരങ്ങളും ഉയരങ്ങളും കീഴടക്കാന്‍...അടുത്ത ഒളിമ്പിക്സിലേക്ക്... 

അഭിപ്രായങ്ങളൊന്നുമില്ല: