2013, ഒക്‌ടോബർ 24, വ്യാഴാഴ്‌ച

മന്നാഡേ വിടവാങ്ങി...



ഇന്ന് പുലർച്ചെ ബംഗലൂരുവിലെ നാരായണ ഹൃദയാലയം ആശുപത്രിയിൽ
അന്തരിച്ച സുപ്രസിദ്ധ ചലച്ചിത്ര പിന്നണി ഗായകൻ മന്നാഡേയുടെ മൃതദേഹം ഹെബ്ബാൾ വൈദ്യുത ശ്മശാനത്തിൽ സംസ്ക്കരിച്ചു.ബംഗലൂരുവിലെ രവീന്ദ്ര കലാക്ഷേത്രത്തിൽ ഭൌതിക ശരീരം പൊതുദർശനത്തിനു വെച്ചിരുന്നു. അദ്ദേഹത്തിന് 94 വസ്സായിരുന്നു.ശ്വാസകോശത്തിലെ അണുബാധയെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.1920 മെയ്‌ 1 ന് പിതാവായ  പൂർണ്ണ ചന്ദ്രയുടേയും മാതാവായ  മഹമയ ഡേയുടേയും പുത്രനായി ബംഗാളിൽ ജനിച്ച മന്നാ ഡേയുടെ യഥാർത്ഥ പേര് പ്രബോധ് ചന്ദ്ര ഡേ എന്നായിരുന്നു.കുട്ടിക്കാലത്ത്
സ്പോർട്സിൽ താൽപര്യമെടുത്തിരുന്ന അദ്ദേഹത്തെ സംഗീത ലോകത്തിലേക്ക് ആനയിച്ചത് അമ്മാവനായ കെ.സി.ഡേ ആണ്.സംഗീതത്തിൽ മന്നാ ഡേയുടെ ഗുരുനാഥന്മാർ കെ. സി. ഡേയും
ഉസ്താദ് ജബീർ ഖാനുമായിരുന്നു.വിദ്യാസാഗർ കോളേജിൽ നിന്നും ബിരുദ പഠനം പൂർത്തിയാക്കിയ അദ്ദേഹം അമ്മാവന്റെ കൂടെ മുബൈയിലേക്ക് പോയി.ഈ യാത്രയാണ് മന്നാ ഡേയെ ഹിന്ദി ചലച്ചിത്ര
ലോകവുമായി ബന്ധപ്പെടുത്തിയത്.തുടക്കത്തിൽ പ്രശസ്ത സംഗീത സംവിധായകൻ എസ് ഡി ബർമ്മന്റെ സഹായിയായി പ്രവർത്തിച്ചു.1942 ൽ 'തമന്ന' എന്ന സിനിമയ്ക്ക് വേണ്ടിയാണ് മന്നാ ഡേ
ആദ്യമായി പാടിയത്.1942-2013 കാലത്ത് 4000 ത്തിൽപരം പാട്ടുകൾ വിവിധ ഭാഷകളിൽ അദ്ദേഹം ആലപിച്ചിട്ടുണ്ട്.'ബൂട്ട് പോളിഷ്','ചോരി ചോരി' തുടങ്ങിയ സിനിമകളിലെ പാട്ടുകൾ അദ്ദേഹത്തെ ശ്രദ്ധേയനാക്കി.
മന്നാ ഡേ ഗസൽ ആലാപനത്തിലും വ്യക്തിമുദ്ര പതിപ്പിച്ചു.ആർ ഡി ബർമ്മൻ,സലീൽ ചൗധരി,ലക്ഷ്മി കാന്ത്-പ്യാരേലാൽ,കല്യാണ്‍ജി-ആനന്ദ്ജി,ശങ്കർ ജയ്‌ക്ശൻ,ജയ് ദേവ് തുടങ്ങിയ പ്രശസ്തരായ  സംഗീത സംവിധായകർക്ക് വേണ്ടിയെല്ലാം മന്നാ ഡേ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.
ബംഗാളി ഉൾപ്പടെയുള്ള 9 ഭാഷാ ചിത്രങ്ങൾക്ക് വേണ്ടി പാടിയ മന്നാ ഡേ
സലീൽ ചൌധരിയുടെ സംഗീത നിർദ്ദേശത്തിൽ മലയാളത്തിലെ ചെമ്മീൻ നെല്ല് എന്നീ ചിത്രങ്ങൾക്ക് വേണ്ടി പാടിയ പാട്ടുകൾ ഹിറ്റാവുകയായിരുന്നു.1971 ൽ പദ്മശ്രീ,2005 ൽ പദ്മഭൂഷൻ,2007 ൽ ദാദാ സാഹിബ് ഫാൽക്കെ അവാർഡ് മുതലായ അനേകം പുരസ്കാരങ്ങൾ നൽകി രാഷ്ട്രം മന്നാ ഡേയെ ആദരിച്ചിട്ടുണ്ട്.1953 ഡിസംബർ 18 ന് മലയാളിയും നാടക പിന്നണി ഗായിക കൂടിയായ കണ്ണൂരിലെ സുലോചന കുമാരനെ അദ്ദേഹം വിവാഹം ചെയ്തു.പിന്നീട് ബംഗലൂരുവിൽ സ്ഥിര താമസമാക്കുകയായിരുന്നു.മന്നാ ഡേയുടെ വേർപാടിൽ സംഗീതലോകം മുഴുവൻ വ്യസനിക്കുന്നു..! 

അഭിപ്രായങ്ങളൊന്നുമില്ല: